TopTop
Begin typing your search above and press return to search.

വോഡാഫോൺ-ഐഡിയ 2500 കോടി, ടാറ്റ സർവീസ് 2197 കോടി, എയർടെൽ 10000 കോടി; തവണകളായി പണമടയ്ക്കാൻ ടെലികോം കമ്പനികൾ

വോഡാഫോൺ-ഐഡിയ 2500 കോടി, ടാറ്റ സർവീസ് 2197 കോടി, എയർടെൽ 10000 കോടി; തവണകളായി പണമടയ്ക്കാൻ ടെലികോം കമ്പനികൾ

സുപ്രീം കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ സ്പെക്ട്രം ലൈസൻസ് ഫീസുൾപ്പെടെ ടെലികോം കമ്പനികൾ ഒടുക്കാനുള്ള 1.47 ലക്ഷം കോടി അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ കുടിശികയിലേക്ക് പണമടച്ച് വോഡാഫോൺ-ഐഡിയ, ടാറ്റ സർവീസസ് എന്നീ കമ്പനികളും. ഭാരതി എയർ‌ടെൽ 10,000 കോടി അടച്ചതിന് പിന്നാലെയാണ് ഇരു കമ്പനികൾ കൂടി കുടിശ്ശികയുടെ ഒരു പങ്ക് ഒടുക്കിയത്.

വോഡഫോൺ-ഐഡിയ 2500 കോടിയും, ടാറ്റ സർവീസസ് 2197 കോടി രൂപയുമാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന് നൽകിയതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ 53000 കോടി കുടിശ്ശികയുള്ള വോഡഫോൺ-ഐഡിയ വളരെ ചുരുങ്ങിയ തുകമാത്രമാണ് നൽകിയതെന്നതും ശ്രദ്ധേയമാണ്. 35,586 കോടി രൂപ കുടിശ്ശികയിലേക്കാണ് എയർ‌ടെല്‍ 10,000 കോടി നൽകിയത്.

ബാക്കിവരുന്ന തുക അടയ്ക്കാനുള്ള നടപടികൾ പരിശോധിച്ച് വരികയാണെന്നും ഇക്കാര്യം ബോർഡ് ചർച്ച ചെയ്യുന്നുണ്ട്. ഈ ആഴ്ചാവസാനത്തിനുമുമ്പ് 1,000 കോടി രൂപ കൂടി നൽകുമെന്നും കമ്പനി അറിയിച്ചു. 24,729 കോടി രൂപ സ്‌പെക്ട്രം കുടിശ്ശികയും 28,309 കോടി രൂപ ലൈസൻസ് ഫീസിനത്തിലുമാണ് വോഡാഫോൺ ഐഡിയ നൽകാനുള്ളത്.

അതേസമയം, കുടിശ്ശികയിൽ ബാക്കിയുള്ള തുക മാര്‍ച്ച് 17 ന് മുമ്പ് നല്‍കാമെന്നും എയര്‍ടെല്‍ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ 22 സര്‍ക്കിളില്‍ നിന്നുമുള്ള കുടിശിക കണക്കാക്കാന്‍ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം. തങ്ങള്‍ കണക്കെടുപ്പ് നടത്തിവരികയാണെന്നും അത് പൂര്‍ത്തിയായതിന് ശേഷം സുപ്രീംകോടതി വീണ്ടും വാദം കേള്‍ക്കുന്നതിന് മുമ്പായി ബാക്കി തുക നല്‍കുമെന്നും ഭാരതി എയര്‍ടെല്‍ പറഞ്ഞു. ബാക്കി തുക നല്‍കുമ്പോള്‍ ബന്ധപ്പെട്ട രേഖകള്‍ ഒപ്പം സമര്‍പ്പിക്കുമെന്നും എയര്‍ടെല്‍ വ്യക്തമാക്കുന്നു.

ഭാരതി എയർടെലിനായി (ഭാരതി എയർടെല്ലുമായി ലയിപ്പിച്ച ടെലിനോർ ഇന്ത്യയടക്കം) 9500 കോടി രൂപയും ഭാരതി ഹെക്സകോമിനായി 500 കോടി രൂപയും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന് അടച്ചതെന്നാണ് കമ്പനി അറിയിച്ചത്. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഇതിന് മുൻപ് റിലയന്‍സ് ജിയോ മാത്രമായിരുന്നു 195 കോടി രൂപയുടെ എജിആർ കുടിശ്ശിക അടച്ചത്.

അതേസമയം, വോഡഫോൺ ഐഡിയയുടെ രാജ്യത്തെ പ്രവർത്തനം പോലും പ്രതിസന്ധിയിലാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതി വിഷയത്തിൽ അന്ത്യശാസനം നൽകിയത്. വലിയ തുക ഒടുക്കുന്നതോടെ കമ്പനി ഭീമമായ സാമ്പത്തിക നഷ്ടത്തിലേക്ക് നീങ്ങാനിടയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഘട്ടം ഘട്ടമായി തുക അടയ്ക്കാനുള്ള കമ്പനികളുടെ നീക്കത്തിന് പിന്നിലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ടെലികോം മേഖലയിൽ പ്രതിസന്ധിയാണെന്നും തുടർ പ്രവർത്തനം സാധ്യമല്ലെന്നും കാട്ടി 2017 ഡിസംബറിൽ പ്രവർത്തനം നിർത്തിയ റിലയൻസ് കമ്മ്യൂണിക്കേഷൻസ് രംഗത്തെത്തിയിരുന്നു. കൂടാതെ പിന്നാലെ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ട് അപേക്ഷയും നൽകിയിരുന്നു. പിന്നാലെ പ്രതിസന്ധി വ്യക്തമാക്കി വോഡഫോണും രംഗത്തെത്തി. പണം അടയ്ക്കുന്നതിന് സർക്കാർ ഇടപെട്ട് ആശ്വാസം പ്രഖ്യാപിക്കുകയോ നിയമപരമായ പരിഹാരം കണ്ടെത്തുകയോ ചെയ്തില്ലെങ്കിൽ ഇന്ത്യയിൽ ബിസിനസ്സ് തുടരാനാവില്ലെന്നായിരുന്നു വോഡഫോൺ നേരത്തെ നടത്തിയ പ്രതികരണം.

സ്പെക്ട്രം യൂസേജ് ചാർജും കുടിശ്ശികയും ഉൾ‌പ്പെട്ടെ 1.47 ലക്ഷം കോടിയാണ് രാജ്യത്ത് പ്രവർത്തിക്കുന്ന വിവിധ ടെലികോം കമ്പനികൾ കേന്ദ്ര സർക്കാറിൽ അടയ്ക്കേണ്ടത്. ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർ‌കോം) എന്നിവയിൽ നിന്ന് 92,000 കോടി രൂപയും സ്‌പെക്ട്രം ഉപയോഗ ഫീസായി 41,000 കോടി എന്നിങ്ങനെയായിരുന്നു ടെലികോം വകുപ്പ് ആവശ്യപ്പെട്ടത്. ഇത് പ്രകാരം ഭാരതി എയർടെല്ലിന് 23,000 കോടി രൂപയും വോഡഫോൺ ഐഡിയ 19,823.71 കോടി രൂപ, റിലയൻസ് കമ്മ്യൂണിക്കേഷൻസ് 16,456.47 കോടി രൂപ എന്നിങ്ങനെയായിരുന്നു ഒടുക്കേണ്ടത്.


Next Story

Related Stories