TopTop

'We Are 162'; മുംബൈയിലെ ഹോട്ടലില്‍ ത്രികക്ഷി സഖ്യത്തിന്റെ ശക്തിപ്രകടനം; കാണാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് ക്ഷണം

വിശ്വാസ വോട്ട് തേടാനൊരുങ്ങുന്ന ബിജെപിക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യത്തിലെ എംഎല്‍എമാരുടെ ശക്തിപ്രകടനം. മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് എംഎല്‍എമാര്‍ ശക്തിപ്രകടനം നടത്തുന്നത്.

ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയില്‍ നാളെ രാവിലെ 10.30ന് സുപ്രിംകോടതി വിധി പറയാനിരിക്കെയാണ് മുംബൈയില്‍ എംഎല്‍എമാര്‍ ഇന്ന് ശക്തിപ്രകടനം നടത്തുന്നത്. ഇത് കാണാനായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഗവര്‍ണര്‍ ഭഗത് സിംഗ് കൊശ്യാരിയെ ക്ഷണിച്ചിരിക്കുകയാണ്. 'ഞങ്ങളെല്ലാവരും ഒറ്റക്കെട്ടാണ്. ഏഴ് മണിയോടെ ഞങ്ങള്‍ 162 പേരുടെ ശക്തികാണാം. വന്ന് നേരില്‍ കാണൂ' എന്നായിരുന്നു റാവത്തിന്റെ ഗവര്‍ണര്‍ക്കുള്ള ട്വീറ്റ്. ഒരു മണിക്കൂര്‍ മുമ്പ് എന്‍സിപി നേതാവ് ശരദ് പവാറും മകള്‍ സുപ്രിയ സോളും ഈ പ്രകടനത്തോടൊപ്പം ചേര്‍ന്നു.

അതേസമയം ബിജെപിയ്ക്ക് വിശ്വാസവോട്ട് തേടാന്‍ ഒരു ദിവസം കൂടി നീട്ടിക്കിട്ടിയിരിക്കുകയാണ്. ശനിയാഴ്ച അപ്രതീക്ഷിതമായി ദേവേന്ദ്ര ഫട്‌നാവിസും അജിത് പവാറും ചേര്‍ന്ന് രൂപീകരിച്ച സര്‍ക്കാരിനെതിരെ നല്‍കിയ ഹര്‍ജിയില്‍ എണ്‍പത് മിനിറ്റോളം വാദം കേട്ട കോടതി വിധി പറയുന്നത് നാളത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. അജിത് പവാറിന്റെ എന്‍സിപിയിലുള്ള 54 എംഎല്‍എമാര്‍ ഉള്‍പ്പെടെ 170 പേരുടെ പിന്തുണ കത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ഫട്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചതെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

എന്നാല്‍ ശിവസേന-എന്‍സിപി സഖ്യം 154 എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് സുപ്രിംകോടതിയില്‍ ഹാജരാക്കുകയും എത്രയും വേഗം വിശ്വാസ വോട്ട് തേടണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു.


Next Story

Related Stories