കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ ഉച്ചഭക്ഷണം നിരസിച്ച് കര്‍ഷക സംഘടന പ്രതിനിധികള്‍. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ യോഗം വിളിച്ചത്. വിജ്ഞാന് ഭവനില്‍ ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാണ് ചര്‍ച്ച തുടങ്ങിയത്. എല്ലാവര്ക്കും ഭക്ഷണം ഒരുക്കിയിരുന്നു. എന്നാല്‍ ഉച്ച ഭക്ഷണത്തിനായുള്ള ക്ഷണം കര്‍ഷക പ്രതിനിധികള്‍ നിരസിച്ചു. തുടര്‍ന്ന് സമരസ്ഥലത്തുനിന്ന് കൊണ്ടുവന്ന ഭക്ഷണം എല്ലാവരും പങ്കിട്ടു കഴിക്കുകയായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവാഴ്ച നടന്ന ചര്‍ച്ചക്കിടെ നല്കിയ ചായയും കര്‍ഷകര്‍ നിരസിച്ചിരുന്നു.
'അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണം വാഗ്ദാനം ചെയ്തു. എന്നാല്‍, ഞങ്ങളത് നിരസിച്ചു. ഞങ്ങള്‍ കൊണ്ടുവന്ന ഭക്ഷണം കഴിച്ചു' കര്‍ഷക നേതാവിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ നല്കുന്ന ഭക്ഷണമോ, ചായയോ കഴിക്കില്ല. ഭക്ഷണം തങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് എന്നായിരുന്നു മറ്റൊരു നേതാവിന്റെ വാക്കുകള്‍. സമരസ്ഥലത്ത് പാകം ചെയ്ത ഭക്ഷണം പൊതികളാക്കി ആംബുലന്‍സിലാണ് വിജ്ഞാന് ഭവനില്‍ എത്തിച്ചത്. കര്‍ഷക പ്രതിനിധികള്‍ ഭക്ഷണം പങ്കിട്ടുകഴിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വൈറലായിട്ടുണ്ട്. പൊതിഞ്ഞു കൊണ്ടുവന്ന ഭക്ഷണം ഡിസ്പോസിബിള്‍ പാത്രങ്ങളില്‍, നിന്നുകൊണ്ടും നിലത്തിരുന്നും കഴിക്കുന്നവരെ ദൃശ്യങ്ങളില്‍ കാണാം.