TopTop
Begin typing your search above and press return to search.

നിരവധി പേർ ഞങ്ങളെ ആശ്രയിച്ച് ജീവിക്കുന്നു, ചൈനയ്ക്ക് ഒന്നും ചോര്‍ത്തിനല്‍കിയിട്ടില്ല - പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ടിക്ക് ടോക്ക്

നിരവധി പേർ ഞങ്ങളെ ആശ്രയിച്ച് ജീവിക്കുന്നു, ചൈനയ്ക്ക് ഒന്നും ചോര്‍ത്തിനല്‍കിയിട്ടില്ല - പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ടിക്ക് ടോക്ക്

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കണമെന്നും പ്രവർത്തിക്കാൻ അനുവദിക്കണമെന്നുമുള്ള അഭ്യർത്ഥനയുമായി ടിക്ക് ടോക്ക്. നിലപാടുകൾ വിശദീകരിക്കാൻ തങ്ങൾക്ക് സർക്കാർ അവസരം തന്നിട്ടുണ്ടെന്നം ടിക്ക് ടോക്ക് വിശദീകരണത്തിൽ പറയുന്നു. തങ്ങൾ ഇൻ്റർനെറ്റിനെ ജനാധിപത്യവത്കരിച്ചതായും 14 ഇന്ത്യൻ ഭാഷകളിലൂടെ സാർവത്രികമായി വിവിധ മേഖലയിലെ ജനങ്ങൾക്ക് അവരുടെ ആവിഷ്കാരങ്ങൾക്ക് പ്ളാറ്റ് ഫോം ഒരുക്കിയതായും ടിക്ക് ടോക്ക് ഇന്ത്യ ഹെഡ് നിഖിൽ ഗാന്ധി വിശദീകരണത്തിൽ പറയുന്നു.

ഇന്ത്യൻ നിയമം അനുശാസിക്കും വിധം ഡാറ്റ പ്രൈവസിയും സെക്യൂരിറ്റിയും ഉറപ്പാക്കിക്കൊണ്ടാണ് ടിക്ക് ടോക്കിന്റെ പ്രവർത്തനമെന്ന് നിഖിൽ ഗാന്ധി അവകാശപ്പെട്ടു. ചൈനീസ് ഗവൺമെന്റിനോ മറ്റേതെങ്കിലും വിദേശ ഗവൺമെന്റുകൾക്കോ ഇന്ത്യക്കാരുടെ യാതൊരു വിവരവും ടിക്ക് ടോക്ക് കൈമാറിയിട്ടില്ല. ഒരിക്കലും ഇത്തരത്തിൽ ചെയ്യുകയുമില്ല. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഞങ്ങൾ എല്ലായ്പോഴും പ്രാധാന്യം നൽകുന്നു - ടിക്ക് ടോക്ക് വിശദീകരണക്കുറിപ്പിൽ പറയുന്നു. ദശലക്ഷക്കണക്കിനാളുകള്‍ - കലാകാരന്മാരും കഥ പറയുന്നവരും വിദ്യാഭ്യാസ രംഗത്തുള്ളവരും മറ്റും അവരുടെ ഉപജീവനത്തിനായി ടിക്ക് ടോക്കിനെ ഉപയോഗിക്കുന്നു. ഇതില്‍ പലരും ആദ്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്നും ടിക്ക് ടോക്ക് പറയുന്നു.

ടിക്ക് ടോക്കും യു സി ബ്രൗസറും വീ ചാറ്റുമടക്കം 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ക്കാണ് ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഈ ആപ്പുകള്‍ ഭീഷണി സൃഷ്ടിക്കുന്നതായി സര്‍ക്കാര്‍ പറയുന്നു. അതേസമയം ഇടക്കാല നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ടിക്ക് ടോക്കിൻ്റെ ഏറ്റവും വലിയ അന്താരാഷ്ട്ര മാർക്കറ്റ് ഇന്ത്യയിലാണുള്ളത്. 12 കോടിയിലേറെ ഇന്ത്യക്കാർ ടിക്ക് ടോക്ക് ഉപയോഗിക്കുന്നുണ്ട്.





Next Story

Related Stories