Top

"ഞങ്ങളുടെ നിരുപാധികമായ പിന്തുണ ബിജെപിക്ക്": ഹരിയാനയിലെ സ്വതന്ത്രർ

ഞങ്ങളുടെ നിരുപാധികമായ പിന്തുണ ബിജെപിക്ക്: ഹരിയാനയിലെ സ്വതന്ത്രർ

ഹരിയാനയിൽ ബിജെപി അധികാരത്തിൽ തുടരുന്നതിന് സാധ്യതയേറുന്നു. ഏഴ് സ്വതന്ത്ര എംഎൽഎമാരുടെ നിരുപാധികമായ പിന്തുണ സംഘടിപ്പിക്കാൻ ബിജെപിക്ക് സാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞദിവസം മുതൽ സ്വതന്ത്രരുമായി ബിജെപി നടത്തിവന്ന ചർച്ചകൾ ഫലവത്തായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. "ഞങ്ങൾ നിരുപാധികമായി ബിജെപിക്ക് പിന്തുണ നൽകും. എന്റെ പിതാന് ആർഎസ്എസ്സുകാരനായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളും ആർ‌എസ്എസ് പരിവാറിൽ പെട്ടവരാണ്. ബിജെപിക്ക് പിന്തുണ നൽകാമെന്ന് ഞങ്ങൾ സമ്മതിച്ചു," ഹരിനായ ലോക്ഹിത് പാർട്ടി എംഎൽഎയായ ഗോപാൽ കാന്ദ പറയുന്നു.

സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന കാര്യത്തിൽ താൻ ശുഭാപ്തി വിശ്വാസം പുലർത്തുന്നതായി മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ പറയുന്നു. ഇന്ന് രാവിലെ അദ്ദേഹം ഡൽഹിയില്‍ ചെന്ന് കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുകയുണ്ടായി. ബിജെപിക്ക് 40 സീറ്റുകളിലാണ് ഇത്തവണ വിജയിക്കാൻ കഴിഞ്ഞത്. കേവലഭൂരിപക്ഷത്തിലേക്ക് ഇനി 6 എംഎൽഎമാരുടെ പിന്തുണ കൂടി സംഘടിപ്പിച്ചാൽ മതിയാകും. സ്വതന്ത്ര എംഎൽഎമാരിൽ അഞ്ചുപേർ ബിജെപിയിൽ നിന്നും പുറത്തുപോയ വിമതരാണ്.

അതെസമയം ജൻനായക് ജനതാ പാർട്ടി (ജെജെപി) തങ്ങൾക്കു പിന്തുണ നൽകുമെന്ന പ്രതീക്ഷയിൽ അവരെ ചര്‍ച്ചയ്ക്കായി സമീപിച്ചിട്ടുണ്ട് കോൺഗ്രസ്. 10 എംഎൽഎമാരാണ് ജെജെപിക്കുള്ളത്. എന്നാൽ 31 സീറ്റുകളില്‍ മാത്രം ജയിച്ച കോൺഗ്രസ്സിന് സ്വതന്ത്രരുടെ കൂടി പിന്തുണയുണ്ടെങ്കിലേ സർക്കാർ രൂപീകരിക്കാൻ കഴിയൂ.

അതെസമയം ഗോപാൽ കാന്ദയുടെ ക്രിമിനൽ പശ്ചാത്തലം ബിജെപിക്ക് തലവേദനയാകുന്നുണ്ട്. ബിജെപിയുടെ മുതിർന്ന നേതാവ് ഉമാഭാരതി തന്നെ കാന്ദയ്ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ വിജയിച്ചു എന്ന ഒറ്റക്കാരണത്താൽ കാന്ദ കുറ്റവാളിയല്ലാതാകുന്നില്ലെന്ന് സൂചിപ്പിച്ച ഉമാഭാരതി പാർട്ടി അതിന്റെ 'ധാർമിക അടിത്തറ'യെ മറക്കരുതെന്നും പറയുകയുണ്ടായി.

തന്റെ വിമാനക്കമ്പനിയിലെ ജീവനക്കാരിയായിരുന്ന ഗീതിക ശർമ എന്ന പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗോപാൽ കാന്ദയുടെ പേര് ഉയർന്നു വന്നിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ഇദ്ദേഹത്തിനെതിരെ കേസ്സെടുക്കുകയുമുണ്ടായി. ഒരു വർഷത്തോളം ജയിലിൽ കിടക്കുകയുമുണ്ടായി.


Next Story

Related Stories