TopTop
Begin typing your search above and press return to search.

കാര്‍ഷിക നിയമങ്ങള്‍ക്ക് സ്‌റ്റേ; പ്രശ്‌നം പഠിക്കാന്‍ വിദഗ്ധ സമിതി, സ്വാഗതം ചെയ്ത് കര്‍ഷകര്‍

കാര്‍ഷിക നിയമങ്ങള്‍ക്ക് സ്‌റ്റേ; പ്രശ്‌നം പഠിക്കാന്‍ വിദഗ്ധ സമിതി, സ്വാഗതം ചെയ്ത് കര്‍ഷകര്‍

കര്‍ഷക സമരം പരിഹരിക്കാന്‍ നിര്‍ണായക നീക്കവുമായി സുപ്രീം കോടതി. മൂന്ന് കാര്‍ഷിക നിയമങ്ങളും നടപ്പാക്കുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമം നടപ്പാക്കാന്‍ പാടില്ല. പ്രശ്‌നം പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും. കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി, ഹസ്രിമ്രത് മന്‍, പ്രമോദ് ജോഷി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് കോടതി രൂപീകരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യം എന്നിവരും ഉള്‍പ്പെടുന്ന ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. സുപ്രീം കോടതി നിര്‍ദേശം കര്‍ഷകര്‍ സ്വാഗതം ചെയ്തു. സമിതിയുമായി സഹകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാരും അറിയിച്ചു.

കര്‍ഷകരുടെ ഭൂമി സംരക്ഷിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു. കരാര്‍ കൃഷിക്കായി കര്‍ഷകരുടെ ഭൂമി വില്‍ക്കാനാവില്ലെന്ന ഇടക്കാല നിയമം പാസാക്കും. കാര്‍ഷിക നിയമങ്ങളുടെ സാധുതയെക്കുറിച്ചും പ്രതിഷേധത്തില്‍ വലയുന്ന പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനെക്കുറിച്ചും ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. പ്രശ്‌ന പരിഹാരത്തിനായാണ് ശ്രമിക്കുന്നത്. ഒരു സമിതി രൂപീകരിക്കും. പ്രശ്‌നം പരിഹരിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ആര്‍ക്കും സമിതി മുമ്പാകെ ചെല്ലാം. സമിതി കോടതിക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യം എന്നിവരും ഉള്‍പ്പെടുന്ന ബെഞ്ചാണ് കാര്‍ഷിക നിയമങ്ങളും സമരങ്ങളുമായും ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത്.

നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്നും സമിതി രൂപീകരണംകൊണ്ട് ഫലമുണ്ടാകില്ലെന്നാണ് കര്‍ഷകരുടെ നിലപാടെന്നും എംഎല്‍ ശര്‍മ കോടതിയെ അറിയിച്ചു. എന്നാല്‍, കര്‍ഷകരുടെ ഭൂമി സംരക്ഷിക്കുമെന്ന നിലപാടാണ് കോടതി മുന്നോട്ടുവെച്ചത്. നിയമനിര്‍മാണം താല്‍ക്കാലികമായി നിര്‍ത്താന്‍ കോടതിക്ക് അധികാരമുണ്ട്. എന്നാല്‍ അതുകൊണ്ട് കാര്യമായ ഫലമില്ല. അതിനാല്‍, ഒരു പ്രത്യേക സമിതി രൂപീകരിക്കും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് സമിതി മുമ്പാകെ വരാം. സമിതി നിങ്ങളെ ശിക്ഷിക്കുകയോ എന്തെങ്കിലും ഉത്തരവിടുകയോ ചെയ്യുകില്ല. സമിതി റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കും. കര്‍ഷക സംഘടനകളുടെ അഭിപ്രായവും തേടാന്‍ പോകുകയാണ്. അടിസ്ഥാന പ്രശ്‌നം എന്തെന്ന് അറിയണം. അതുകൊണ്ടാണ് സമിതി രുപീകരിക്കുന്നത്. കര്‍ഷകര്‍ സമിതി മുമ്പാകെ പോകില്ലെന്ന വാദങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. പ്രതിഷേധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് തുടരാം.

പലരും ചര്‍ച്ചകള്‍ക്ക് തയ്യാറാകുമ്പോഴും പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് വരുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നതെന്ന് എംഎല്‍ ശര്‍മ അറിയിച്ചു. എന്നാല്‍, കേസില്‍ കക്ഷി അല്ലാത്തതിനാല്‍ ചര്‍ച്ചയ്ക്ക് പോകാന്‍ പ്രധാനമന്ത്രിയോട് പറയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം, കേന്ദ്ര കാര്‍ഷിക മന്ത്രി കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്നാല്‍, തീരുമാനം എടുക്കാന്‍ അധികാരമില്ല. തീരുമാനം എടുക്കുന്നത് പ്രധാനമന്ത്രിയാണെന്ന് എംഎല്‍ ശര്‍മ പറഞ്ഞു. എന്നാല്‍, സമിതി രൂപീകരിക്കുന്നതില്‍ വിശ്വാസമുണ്ടെന്നും അതുമായി മുന്നോട്ടുപോകുമെന്നും കോടതി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിനെ അറിയിച്ചു. ജുഡീഷ്യല്‍ നടപടികളുടെ ഭാഗമായിരിക്കും സമിതിയെന്നും കോടതി വ്യക്തമാക്കി.


Next Story

Related Stories