തങ്ങളുടേത് 'തുറന്നതും സുതാര്യമായതും കക്ഷിരാഷ്ട്രീയമില്ലാത്തതുമായ പ്ലാറ്റ്ഫോം' ആണെന്ന് പ്രസ്താവിച്ച് ഫേസ്ബുക്ക് രംഗത്ത്. ജനങ്ങള്‍ക്ക് തങ്ങള്‍ക്ക് പറയാനുള്ളത് തുറന്ന് പ്രകടിപ്പിക്കാന്‍ തങ്ങള്‍ സാഹചര്യമൊരുക്കുന്നുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. വിദ്വേഷ പ്രചാരണം നടത്തുന്ന പോസ്റ്റുകളെയും വ്യക്തികളെയും നീക്കം ചെയ്യുന്ന കാര്യത്തില്‍ ഫേസ്ബുക്ക് വന്‍ അഴിമതി നടത്തുന്നുണ്ടെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ ഈ അവകാശവാദങ്ങള്‍ ഫേസ്ബുക്ക് നിരത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ പ്രീണിപ്പിക്കുന്ന വിധത്തില്‍ തങ്ങളുടെ കമ്യൂണിറ്റി ചട്ടങ്ങളില്‍ ഫേസ്ബുക്ക് വന്‍ വിട്ടുവീഴ്ചകള്‍ ചെയ്തെന്നാണ് ഉദാഹരണങ്ങള്‍ സഹിതം റിപ്പോര്‍ട്ട് വന്നത്. ഇന്ത്യയില്‍ ഫേസ്ബുക്കിനെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥര്‍ സംഘപരിവാര്‍ ബന്ധമുള്ളവരാണെന്ന കണ്ടെത്തലും പിന്നാലെ വന്നിരുന്നു.
അതെസമയം, വിവരസാങ്കേതികത സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി ഫേസ്ബുക്ക് പ്രതിനിധികളുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. സെപ്തംബര്‍ 2നാണ് വാദം കേള്‍ക്കുക. ശശി തരൂരാണ് ഈ സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ തലവന്‍.
തങ്ങളുടെ പ്ലാറ്റ്ഫോമില്‍ വിദ്വേഷപ്രചാരണത്തിന് സ്ഥാനമില്ലെന്ന് ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡണ്ട് അജിത് മോഹന്‍ അവകാശപ്പെടുന്നു. തങ്ങളുടെ കമ്യൂണിറ്റി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വളരെ ശക്തമായ ഭരണസംവിധാനത്തില്‍ കീഴിലാണ് തങ്ങളുള്ളതെന്നും ഒരാളുടെയും രാഷ്ട്രീയം നോക്കാതെ ലോകത്തെമ്പാടും പ്രസ്തുത മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ തങ്ങളുടെ വിദ്വേഷ പ്രചാരണം സംബന്ധിച്ച മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന നേതാക്കളുടെ പോസ്റ്റുകള്‍ നീക്കം ചെയ്യാറുണ്ടെന്നും ഇപ്പോഴും നീക്കം ചെയ്തു കൊണ്ടിരിക്കുകയാണെന്നും അജിത് മോഹന്‍ പറയുന്നു. അതെസമയം, വിദ്വേഷ പോസ്റ്റുകളിട്ടതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയവരെ തിരിച്ചെടുത്ത വിഷയം സംബന്ധിച്ച് അജിത് മോഹന്‍ ഒന്നും പറയുന്നില്ല. ബിജെപി നേതാക്കള്‍ക്കെതിരെ നീക്കങ്ങളുണ്ടാകുന്നത് ഇന്ത്യയിലെ ബിസിനസ്സിനെ ബാധിക്കുമെന്ന് ഫേസ്ബുക്ക് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയെന്നും വാള്‍സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ട് ആരോപിച്ചിരുന്നു. ഫേസ്ബുക്ക് ഇന്ത്യയുടെ പോളിസി എക്സിക്യുട്ടീവായ അഖി ദാസാണ് ഇത്തരമൊരു നിലപാടെടുത്തതെന്നാണ് വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി വര്‍ഗീയ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന തെലങ്കാനയിലെ ബിജെപി എംഎല്‍എയെ വിലക്കുന്നതിനെതിരെ ഇവര്‍ നിലപാടെടുക്കുകയുണ്ടായി. അഖി ദാസിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണവും നിലവിലുണ്ട്.