TopTop
Begin typing your search above and press return to search.

അജിത് പവാര്‍, അമ്മാവനെ വെട്ടിയത് കൂര്‍മ ബുദ്ധിയോ, അമിത് ഷായുടെ 'ഇ.ഡി വാളിന്' മുന്നിലെ കീഴടങ്ങലോ

അജിത് പവാര്‍, അമ്മാവനെ വെട്ടിയത് കൂര്‍മ ബുദ്ധിയോ, അമിത് ഷായുടെ ഇ.ഡി വാളിന് മുന്നിലെ കീഴടങ്ങലോ

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത അട്ടിമറിക്കാണ് മഹാരാഷ്ട്ര ഇന്ന് പുലര്‍ച്ച സാക്ഷ്യം വഹിച്ചത്. മന്ത്രിസഭ രൂപീകരണത്തിന് ശിവസേന-എന്‍സിപി- കോണ്‍ഗ്രസ് സഖ്യം ഗവര്‍ണറെ കാണാനിരിക്കെയാണ് എല്ലാവരെയും അമ്പരപ്പിച്ച് ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും അധികാരമേറ്റെടുത്തത്. നിര്‍ണായകമായത് അജിത് പവാറിന്റെ നീക്കങ്ങള്‍. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കൂര്‍മ ബുദ്ധിയായ ശരത് പവാറിനെ വെട്ടിയാണ് പാര്‍ട്ടിയുടെ പിന്തുണ ബിജെപിയിലേക്ക് അജിത് പവാര്‍ എത്തിച്ചത്. എന്താണ് ഈ നീക്കത്തിന് പിന്നിലെ കണക്കുകൂട്ടലുകള്‍ എന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഇനിയും തുടരും. അമ്മാവന്റെടുത്ത് നിന്ന് പഠിച്ച രാഷ്ട്രീയ കൗശല്യമാണോ അതോ ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസ് കാണിച്ചുള്ള അമിത് ഷായുടെ ഭീഷണിയ്ക്ക് മുന്നില്‍ കീഴടങ്ങിയതോ?. എന്തായാലും അജിത് പവാര്‍ അമ്മാവന്റെ ചിറകില്‍ കീഴില്‍നിന്നും പറന്നകന്നിരിക്കുന്നു.

ശരത് പവാറിന്റെ മൂത്ത ചേട്ടന്റെ മകനാണ് അജിത് പവാര്‍. ശരത്പവാറിന് ശേഷം ആ കുടുംബത്തില്‍നിന്നും രാഷ്ട്രീയത്തിലെത്തിയ നേതാവ്. അമ്മാവനെ പോലെ സഹകരണ സംഘങ്ങളില്‍ പ്രവര്‍ത്തിച്ചുള്ള അനുഭവമാണ് രാഷ്ട്രീയ പ്രയോഗത്തിലെ കൈമുതല്‍. എന്‍സിപിയുടെ രൂപികരണം മുതല്‍ ശരത് പവാറിനൊപ്പം. അന്ന് മുതല്‍ ശരത് പവാറിന്റെ പിന്‍ഗാമിയാകുമെന്ന അഭ്യൂഹവും. 2009 ല്‍ ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലേ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വന്നതോടെ പിന്‍ഗാമി സ്ഥാനത്തുനിന്ന് അജിത്ത് പവാര്‍ നീക്കം ചെയ്യപ്പെടുമോ എന്ന അഭ്യൂഹങ്ങള്‍ വാര്‍ത്തകളായി നിറഞ്ഞു. എന്നാല്‍ സുപ്രിയയും അജിത്തും ഇത് തള്ളുകയായിരുന്നു. എന്നാല്‍ അസ്വസ്ഥനായിരുന്നു അജിത്ത്. പ്രത്യേകിച്ചും ശരത് പവാറിന്റെ ചെറുമരുമകന്‍ റോഹിത്ത് പവാറിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം അദ്ദേഹത്തെ അലോസരപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മല്‍സരിച്ചതോടെ അജിത്തിന്റെ ആശങ്കകളും അസ്വസ്ഥതകളും കൂടി. എന്നാല്‍ ഇതൊന്നും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കേസുമായി വരുന്നതുവരെ. മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് 25000 കോടി രൂപയുടെ പണം തട്ടിപ്പുമായി ബന്ധപ്പെട്ട് അജിത് പവാറിനും ശരത് പവാറിനുമെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കേസെടുത്തത്. മഹാരാഷ്ട്ര സഹകരണ ബാങ്കില്‍നിന്ന് 25000 രൂപയുടെ വെട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്. ഇതേ തുടര്‍ന്ന് സെപ്റ്റംബറില്‍ അജിത് പവാര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു.അമ്മാവന്‍ ശരത് പവാറിനെ തന്നെ മുന്‍നിര്‍ത്തി അപമാനിക്കുകയാണെന്നും ഇതിന് അവസരം ഒരുക്കാതിരിക്കാനാണ് രാജിയെന്നുമായിരുന്നു വിശദീകരണം.

രാജി ഒരു രാഷ്ട്രീയായുധമായി അജിത് പവാര്‍ പ്രയോഗിക്കുന്നത് ഇതാദ്യമായിട്ടല്ല. 2012 ല്‍ കോണ്‍ഗ്രസ് മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനമാണ് ഇദ്ദേഹം രാജിവെച്ചത്. ജലവിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളാണ് രാജിക്ക് കാരണമായത്. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിസന്ധിയിലായി. അമ്മാവന്‍ ഇടപെട്ടാണ് അന്ന് കൂട്ടുകക്ഷി സര്‍ക്കാറിനെ രക്ഷിച്ചത്. 2004 ല്‍ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് നല്‍കാനുള്ള ശരത് പവാറിന്റെ തീരുമാനത്തിലും അജിത് പവാറിന് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും ഒരു കുടുംബ കലാപം നയിക്കാനുള്ള ശേഷിയോ സാഹചര്യമോ ഭീഷണിയോ അജിത് പവാറിനുണ്ടായിരുന്നില്ല. വിവാദങ്ങളുടെയും കൂട്ടുകാരനാണ് അജിത്പവാര്‍. മഹാരാഷ്ട്ര കടുത്ത വരള്‍ച്ച നേരിടുമ്പോള്‍ അണക്കെട്ട് നിറയാന്‍ എല്ലാവരും അവിടെ മുത്രമൊഴിച്ചാല്‍ മതിയെന്ന പ്രസ്തവന അജിത് പവാറിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ വിഷയവുമാക്കിയിരുന്നു. അതെല്ലാം ഇനി പഴയ കഥ മഹാരാഷ്ട്രയില്‍ ശരത് പവാര്‍ രൂപികരിച്ച പാര്‍ട്ടിയില്‍ അദ്ദേഹം അറിയാതെ ഒരു ആഭ്യന്തര അട്ടിമറി നടത്താനുള്ള ശേഷി അജിത് പവാറിനുണ്ടോ എന്നതാണ് ഇപ്പോഴും പലരും ഉന്നയിക്കുന്ന ചോദ്യം. ഇന്‍ഫോഴ്‌സ്‌മെന്റ് കേസില്‍നിന്നും രക്ഷപെടാനുള്ള ഇനിയുള്ള ഏക പോംവഴി അമിത് ഷായ്ക്ക് മുന്നില്‍ കീഴടങ്ങുകയാണെന്ന അജിത്തിന്റെ നിസ്സാഹയതയ്ക്ക് ശരത് പവാറിന്റെ മൗനാനുവാദം ഉണ്ടായിരുന്നുവോ? മോദിയുമായി കഴിഞ്ഞദിവസം ശരത്പവാര്‍ കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നുവോ? അതോ കിംങ് മേക്കറായി അരങ്ങുവാണിരുന്ന അമ്മാവനെ രാഷ്ട്രീയ വനവാസത്തിനയക്കാനുള്ള കൗശലം ഇതിനകം അജിത്ത ആര്‍ജ്ജിച്ചുകഴിഞ്ഞുവോ? എന്‍സിപിയുടെ 54 എം എല്‍എമാരില്‍ എത്രപേരെ അജിത് പവാറിന് അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞുവെന്നറിയുമ്പോഴാണ് ഈ ചോദ്യത്തിന് ഉത്തരമാകുക


Next Story

Related Stories