TopTop
Begin typing your search above and press return to search.

കുതിരകച്ചവടക്കളിയില്‍ കോടതിയില്‍ തോല്‍ക്കുന്ന ബിജെപിയ്ക്ക് ഇനി മഹാരാഷ്ട്രയില്‍ എന്താണ് ബാക്കി

കുതിരകച്ചവടക്കളിയില്‍ കോടതിയില്‍ തോല്‍ക്കുന്ന ബിജെപിയ്ക്ക് ഇനി മഹാരാഷ്ട്രയില്‍ എന്താണ് ബാക്കി

സുപ്രീം കോടതിയില്‍ ഇന്ന് തനിയാവര്‍ത്തനമായിരുന്നു. കഴിഞ്ഞവര്‍ഷം കര്‍ണാടകത്തില്‍ നടന്നതിന്റെ ആവര്‍ത്തനം. ബിജെപിയും മഹാരാഷ്ട്ര സര്‍ക്കാരും മുന്നോട്ടുവെച്ച എല്ലാ വാദങ്ങളും കോടതി തള്ളി. വിശ്വാസ വോട്ട് തേടാൻ 14 ദിവസം വേണമെന്നും വോട്ടെടുപ്പ് എങ്ങനെ നടത്തണമെന്നത് സ്പീക്കറുടെയും ഗവർണറുടെയും വിവേചനാധികാരമാണെന്നതുമുള്ള വാദങ്ങളാണ് കോടതി തള്ളിയത്. ഇതൊടൊപ്പം വിശ്വാസവോട്ടെടുപ്പ് തല്‍സമയം സംപ്രേഷണം ചെയ്യണമെന്നും രഹസ്യബാലറ്റ് പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി സുപ്രീം കോടതിയില്‍ സാങ്കേതികത്വങ്ങള്‍ ഉയര്‍ത്തിയുള്ള വാദങ്ങളാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസും ഉയര്‍ത്തിയത്. ഗവര്‍ണറുടെയും സ്പീക്കറുടെയും അധികാരത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നായിരുന്നു ഈ വാദങ്ങളുടെ കാതല്‍. എന്നാല്‍ ഈ സാങ്കേതികത്വത്തിലേക്ക് കോടതി കടന്നില്ല. മറിച്ച് ജനാധിപത്യത്തിന്റെ അന്തഃസത്തയ്ക്ക് നിരയ്ക്കാത്ത കാര്യങ്ങള്‍ നടക്കുന്നത് തടയാന്‍ കോടതി ഇടപെടുകയും ചെയ്തു. ഇതാണ് 24 മണിക്കൂറിനകം വിശ്വാസ വോട്ട് തേടണമെന്ന നിര്‍ദ്ദേശത്തിലൂടെ തെളിഞ്ഞത്. പ്രോ ടേം സ്പീക്കറായിരിക്കും വിശ്വാസ വോട്ട് നടത്തുക. ഇതില്‍ പ്രധാനമായത് ഗവര്‍ണറുടെ തീരുമാനത്തെകുറിച്ച് പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു എന്നതാണ്. ഗവര്‍ണറുടെ തീരുമാനത്തെ നിയമപരമായ പരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ട കക്ഷികളോട് എട്ട് ആഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഫഡ്‌നാവിസിനെ മന്ത്രിസഭ രൂപികരിക്കാന്‍ ക്ഷണിച്ചതിനെ ചോദ്യം ചെയ്തത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി പിന്നീട് തീരുമാനമെടുക്കുക. കര്‍ണാടകയില്‍ സമാന സാഹചര്യമായിരുന്നു. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസും ജനതാദള്‍ എസ്സും സംയുക്തമായി സര്‍ക്കാര്‍ രൂപികരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അവരുടെ അവകാശ വാദം പരിഗണിക്കാതെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബിജെപിയിലെ ബിഎസ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു ഗവർണർ ചെയ്തത്. വിശ്വാസ വോട്ട് തേടാന്‍ 15 ദിവസത്തെ സമയവും നല്‍കി. ഇതിനെതിരെയാണ് കോണ്‍ഗ്രസും ജനതാദള്‍ എസ്സും കോടതിയെ സമീപിച്ചത്. വിശ്വാസ വോട്ട് തേടാനുള്ള സമയം 24 മണിക്കൂറാക്കി ചുരുക്കിയ കോടതി നടപടി തല്‍സമയം സംപ്രേഷണം ചെയ്യാനും നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസില്‍നിന്നും ജനതാദള്‍ എസ്സില്‍നിന്നും അംഗങ്ങളെ ചാക്കിട്ടുപിടിച്ച് സര്‍ക്കാര്‍ രൂപികരിക്കാനും നിലനിര്‍ത്താനുമുള്ള ശ്രമത്തില്‍ രണ്ടാം ഘട്ടം പരാജയപ്പെട്ടത് അങ്ങനെയായിരുന്നു. അവസാന നിമിഷം വരെ വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്ന അവകാശപ്പെട്ട യെദ്യുരപ്പയ്ക്ക് രാജിവെച്ച് പോകേണ്ടിയും വന്നു. ജനഹിതത്തെ മറ്റ് പല രീതികളിലൂടെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇതോടെ പാളി. ഒരു വർഷത്തിനിപ്പുറം ഇതേ രീതിയൽ ബിജെപി അധികാരത്തിലെത്തിയെന്നത് മറ്റൊരു കാര്യം.

എന്നാല്‍ കര്‍ണാടകയിലെ കോടതി അനുഭവം ബിജെപിയെ തളര്‍ത്തിയില്ലെന്നാണ് മഹാരാഷ്ട്ര തെളിയിക്കുന്നത്. എതിര്‍പാര്‍ട്ടിയിലെ നിയമസഭാ കക്ഷി നേതാവിനെതന്നെ അടര്‍ത്തി മാറ്റി സര്‍ക്കാര്‍ രൂപികരിക്കാനാണ് ഇവിടെ ശ്രമിച്ചത്. ഇതിനായി അജിത്ത പവാറിനെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്ത രേഖ ബിജെപിയ്ക്കുള്ള പിന്തുണയാണെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് നല്‍കുക പോലും ചെയ്തു. ഇക്കാര്യത്തില്‍ സുപ്രീം കോടതി പ്രത്യേകിച്ച് നിലപാടൊന്നും പറഞ്ഞില്ലെങ്കിലും ഗവര്‍ണറുടെ തീരുമാനം പരിശോധിക്കപെടുമ്പോള്‍ ഇക്കാര്യവുും ഉയര്‍ന്നു വന്നേക്കും. ഇങ്ങനെ രണ്ട് തിരിച്ചടികളാണ് ബിജെപിയ്ക്ക് അവരുടെ ചാണക്യ തന്ത്രങ്ങൾ സമ്മാനിച്ചത്. ഇങ്ങനെ തിരിച്ചടി നേരിട്ട ബിജെപിയ്ക്ക് മുന്നില്‍ ഇനി മഹാരാഷ്ട്രയില്‍ എന്തെങ്കിലും വഴികള്‍ അവശേഷിച്ചിട്ടുണ്ടോ എന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. നിലവിലുള്ള കക്ഷി നിലയിൽ സ്വതന്ത്രരെ മുഴുവൻ കൂടെ കൂട്ടിയാലും ബിജെപിയ്ക്ക് ആവശ്യമായ സംഖ്യ കിട്ടില്ല. 29 സ്വതന്ത്രരിൽ 18 പേർ പ്രതിപക്ഷത്തോടൊപ്പമാണെന്നാണ് റിപ്പോർട്ട്. 288 അംഗ സഭയിൽ ബിജെപിയ്ക്ക് ഇപ്പോഴുള്ളത് 105 സീറ്റും. ഈ സാഹചര്യത്തിലാണ് പ്രോം ടേം സ്പീക്കറെ ഉപയോഗപ്പെടുത്തിയുള്ള കളിയ്ക്കുള്ള സാധ്യത ശേഷിക്കുന്നത്.

പ്രോം ടേം സ്പീക്കറാണ് വിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പ് നടത്തുക. മുതിര്‍ന്ന അംഗത്തെ പ്രോടേം സ്പീക്കറാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കര്‍ണാടകത്തില്‍ ചെയ്തത് പോലെ ബിജെപിയ്ക്ക് താല്‍പര്യമുള്ള ഒരാളെ പ്രോ ടേം സ്പീക്കറായി നിയമിക്കാന്‍ സാധ്യത ഏറെയാണ്. എന്‍സിപി പാര്‍ലെമന്ററി പാര്‍ട്ടി നേതാവ് താനാണെന്ന് അജിത്ത് പവാറിന്റെ വാദം പ്രോടേം സ്പീക്കര്‍ അംഗീകരിക്കുകയും അദ്ദേഹം വിപ്പ് നല്‍കുകയും ചെയ്താല്‍ മഹാരാഷ്ട്ര വീണ്ടും സങ്കീര്‍ണമാകും. എൻസിപി അംഗങ്ങളെ അയോഗ്യരാക്കുന്ന നടപടികളിലേക്ക് കൂടി അത് കടക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ബിജെപിയുടെ ചാണക്യ തന്ത്രങ്ങളുടെ പോക്ക് സാമാന്യബുദ്ധിക്കപ്പുറമാണ്.

പ്രതിപക്ഷ മുക്ത ഭാരതത്തിന് കൊണ്ടു പിടിച്ച് ശ്രമിക്കുന്ന മോദിയുടെയും അമിത് ഷായുടെയും ബുദ്ധിയില്‍ അത്തരം കാര്യങ്ങള്‍ കൂടി തെളിയുകയെന്നത് ഒരു അംസഭവ്യതയല്ല. ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 70 -ാം വാര്‍ഷിക വേളയില്‍ ഇന്ത്യന്‍ ജനാധിപത്യം ആ പരീക്ഷണം കൂടി നേരിടേണ്ടി വരുമോ എന്നതാണ് ഇനി അറിയേണ്ടത്.


Next Story

Related Stories