TopTop

വിഐപികള്‍ക്ക് പട്ടിയെ നടത്താനും ബ്യൂട്ടീഷ്യനെ വരുത്താനും പാസ് വേണം; ബുദ്ധിമുട്ടിക്കരുതെന്ന അപേക്ഷയുമായി ചണ്ഡിഗഢ് അധികൃതര്‍

വിഐപികള്‍ക്ക് പട്ടിയെ നടത്താനും ബ്യൂട്ടീഷ്യനെ വരുത്താനും പാസ് വേണം; ബുദ്ധിമുട്ടിക്കരുതെന്ന അപേക്ഷയുമായി ചണ്ഡിഗഢ് അധികൃതര്‍

കൊറോണ വൈറസ് പകര്‍ച്ചയെ തടുക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ചില സേവനങ്ങള്‍ക്ക് മാത്രമാണ് ഇളവ് നല്‍കിയിട്ടുള്ളത്. ഇത്തരം സേവനങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്ക് പൊലീസ് പാസ് അനുവദിച്ചിക്കുന്നുണ്ട്. കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ പറയുന്നത് ഈ പാസ് സംവിധാനം ദുരുപയോഗം ചെയ്യാന്‍ വിഐപികള്‍ ശ്രമിക്കുന്നുവെന്നാണ്.

വിഐപികള്‍ തങ്ങളുടെ ചിലയാളുകള്‍ക്ക് പാസുകള്‍ കിട്ടാനായി സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് വിവരം. ഇവര്‍ക്ക് ഫ്രൂട്ട് ജ്യൂസ് കൊണ്ടു വരാന്‍ പുറത്തു പോകാനും, ബ്യൂട്ടീഷ്യന്‍മാര്‍ക്കും, ബാര്‍ബര്‍മാര്‍ക്കുമെല്ലാം പാസ് ആവശ്യപ്പെടുകയാണ്. ഇതുകൂടാതെ പട്ടിയെ നടത്താന്‍ കൊണ്ടുപോകുന്ന ജോലിക്കാരനും വൈകീട്ട് നടക്കാന്‍ പോകുന്ന തങ്ങള്‍ക്കു തന്നെയും പാസ് ആവശ്യപ്പെടുകയാണ് ഇക്കൂട്ടര്‍.

മാര്‍ച്ച് 24 മുതല്‍ നഗരത്തില്‍ കര്‍ഫ്യൂ നിലവിലുണ്ട്. ഏഴ് പേര്‍ക്ക് ഇതിനകം തന്നെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അടിയന്തിര സേവനങ്ങളിലുള്ളവര്‍ക്ക് മാത്രമേ പാസുകള്‍ നല്‍കൂ എന്ന് അധികാരികള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.

സ്ഥിതി ഏറെ ഗുരുതരമാണെന്നത് പലരും മനസ്സിലാക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അമ്മയ്ക്ക് ഫ്രഷ് ജ്യൂസ് വാങ്ങാന്‍ പുറത്തുപോകണമെന്നും മറ്റും പറഞ്ഞ് തനിക്ക് വിഐപികളായ ചിലരുടെ കോളുകള്‍ വരുന്നതായും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. മുടി വെട്ടാന്‍ വരുന്നയാള്‍ക്ക് പാസ് കൊടുക്കണമെന്ന് ആവശ്യപ്പെടുന്നതിലും വലിയ ഉപദ്രവം ഈ സന്ദര്‍ഭത്തില്‍ വരാനില്ലെന്ന് യുണിയന്‍ ടെറിട്ടറി അഡ്വൈസര്‍ മനോജ് പരിദ പറയുന്നു. പരിദ ഈ പ്രശ്നം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്യുകയുമുണ്ടായി. ജനജീവിതം ഏത്ര സുഖകരമാക്കി എന്നതിന്റെ പരീക്ഷണമല്ല ഇപ്പോള്‍ നടക്കുന്നത്. എത്ര ജനങ്ങളുടെ ജീവന്‍ രക്ഷിച്ചു എന്നതിനെ ആസ്പദമാക്കിയായിരിക്കും അഡ്മിനിസ്ട്രേഷന്റെ മികവ് വിലയിരുത്തപ്പെടുക. ഇപ്പോള്‍ തന്നെ കുറ്റപ്പെടുത്തുന്നവര്‍ പിന്നീട് നന്ദി പറയുമെന്നും അനാവശ്യമായി പാസ്സുകള്‍ക്കു വേണ്ടി അപേക്ഷിച്ച് തന്നെ വിളിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.


Next Story

Related Stories