TopTop
Begin typing your search above and press return to search.

പുതിയ സ്വകാര്യതാനയം പ്രാബല്യത്തില്‍ വന്നു, മാറ്റത്തിന് തയ്യാറല്ലെന്ന് വാട്‌സാപ്പ്; വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി

പുതിയ സ്വകാര്യതാനയം പ്രാബല്യത്തില്‍ വന്നു, മാറ്റത്തിന് തയ്യാറല്ലെന്ന് വാട്‌സാപ്പ്; വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി

മെയ് 15 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ സ്വകാര്യത നയത്തില്‍ മാറ്റം വരുത്താനാകില്ലെന്ന് വാട്‌സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴിലുള്ള സ്വകാര്യത അവകാശം ലംഘിക്കുന്നതാണ് വാട്‌സാപ്പ് നയമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ചിനെ ഇക്കാര്യം അറിയിച്ചത്.

അതേസമയം പുതിയ സ്വകാര്യത നയത്തില്‍ കേന്ദ്രത്തോടും വാട്‌സാപ്പിനോടും ഡല്‍ഹി ഹൈക്കോടതി വിശദീകരണം തേടി. കമ്പനിയുടെ പുതിയ നയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റ്, 2000, ചട്ടങ്ങള്‍ എന്നിവ ലംഘിക്കുന്നതായി ആശങ്കയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ കോടതിയെ അറിയിച്ചു. കമ്പനിയുടെ സിഇഒയ്ക്ക് കേന്ദ്രം കത്തെഴുതിയതായും മറുപടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യില്ലെന്നും വാട്‌സാപ്പ് വ്യക്തമാക്കി. തങ്ങളുടെ പുതിയ സ്വകാര്യതാ നയം ഐടി നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്ന് വളരെ വ്യക്തമായി പറയാന്‍ കഴിയുമെന്നും നിയമപ്രകാരമാണ് മുന്നോട്ട് പോകുന്നതെന്നും വാട്‌സാപ്പ് വ്യക്തമാക്കി. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനായി ജൂണ്‍ മൂന്നിലേക്ക് മാറ്റി.

പുതിയ വാട്ട്സ്ആപ്പ് സ്വകാര്യതാ നയത്തിനെതിരെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി ഫെബ്രുവരിയില്‍ നോട്ടീസ് നല്‍കിയിരുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളില്‍ നിന്നും ഓര്‍ഗനൈസേഷനുകളില്‍ നിന്നും പൗരന്മാരുടെ സ്വകാര്യതയും ഡാറ്റയും പരിരക്ഷിക്കുന്നതിന് നിയമങ്ങള്‍ / മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ / ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍ അപേക്ഷകര്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശം തേടിയിരുന്നു.


Next Story

Related Stories