TopTop
Begin typing your search above and press return to search.

"കാശ്മീരിൽ യൂറോപ്യൻമാർക്ക് പ്രവേശിക്കാം, ഇന്ത്യാക്കാർക്ക് പാടില്ല": ചോദ്യങ്ങളുമായി കോൺഗ്രസ്

"കാശ്മീരിൽ യൂറോപ്യൻമാർക്ക് പ്രവേശിക്കാം, ഇന്ത്യാക്കാർക്ക് പാടില്ല": ചോദ്യങ്ങളുമായി കോൺഗ്രസ്

ജമ്മു കാശ്മീരിൽ യൂറോപ്യൻ യൂണിയൻ പ്രതിനിധികൾക്ക് സന്ദർശനം നടത്താൻ അനുമതി നൽകിയ കേന്ദ്ര സർക്കാർ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെ തടയുന്നത് എന്താണെന്ന ചോദ്യവുമായി കോൺഗ്രസ് രംഗത്ത്. ചൊവ്വാഴ്ച യൂറോപ്യൻ യൂണിയന്റെ പ്രതിനിധി സംഘം കാശ്മീരിലെ സ്ഥിതിഗതികൾ നേരിട്ടറിയാൻ സന്ദർശനം നടത്തുന്നുണ്ട്. ഈ സംഘം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

നേരത്തെ പ്രതിപക്ഷ നേതാക്കൾ കാശ്മീരിലെത്തിയ ഘട്ടത്തിലെല്ലാം അവരെ നിർബന്ധിതമായി തിരിച്ചയയ്ക്കുകയായിരുന്നു സർക്കാർ. ഇതുവരെ പ്രതിപക്ഷത്തിന് കാശ്മീരിലെ ജനങ്ങളുമായി സംവദിക്കാൻ അവസരമുണ്ടായിട്ടില്ല. സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ നേതാക്കളെല്ലാം തടവിലാക്കപ്പെട്ടിരിക്കുകയുമാണ്.

ദേശീയതയുടെ തീവ്രവക്താവായ നേതാവ് എന്തുകൊണ്ടാണ് ഒരു വിദേശ സംഘത്തെ കാശ്മീർ സന്ദർശിക്കാൻ അനുവദിച്ചതെന്ന് മോദിയെ ലാക്കാക്കി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ചോദിച്ചു. ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളെ വിലക്കുകയും യൂറോപ്യൻ രാഷ്ട്രീയ നേതാക്കളെ അനുവദിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ പാർലമെന്റിനെയും ജനാധിപത്യത്തെയും അവഹേളിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് വക്താവ് ജയ്വീർ ഷെർഗിളും കേന്ദ്രത്തിന്റെ ഈ നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തി. യൂറോപ്യൻ പ്രതിനിധി സംഘത്തെ കാശ്മീരിൽ അനുവദിക്കാമെങ്കിൽ എന്തുകൊണ്ട് ഇന്ത്യൻ പ്രതിപക്ഷത്തെ അവിടെ അനുവദിച്ചുകൂടാ എന്നദ്ദേഹം ചോദിച്ചു. ഇന്ത്യാക്കാർക്ക് കാശ്മീരിൽ പോകണമെങ്കിൽ സുപ്രീംകോടതിയിൽ പോകേണ്ട അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജമ്മു കാശ്മീർ സന്ദർശിക്കാനെത്തിയ യൂറോപ്യൻ പ്രതിനിധി സംഘം ഇന്ന രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ആർട്ടിക്കിൾ 370 നീക്കം ചെയ്ത ശേഷം ഇതാദ്യമായാണ് സംസ്ഥാനത്തിനു പുറത്തു നിന്നുള്ള ഏതെങ്കിലുമൊരു സർക്കാരിതര സംഘം ജമ്മു കാശ്മീർ സന്ദർശിക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കാശ്മീരിലെ സ്ഥിതിഗതികൾ അദ്ദേഹം വിശദീകരിക്കുകയുണ്ടായെന്നും എങ്കിലും കാര്യങ്ങളെ തങ്ങൾക്ക് നേരിട്ട് കാണേണ്ടതുണ്ടെന്നും സംഘത്തിലെ അംഗമായ ബിഎസ് ഡന്നിന്റെ വാക്കുകൾ വാർത്താ ഏജൻസിയായ എഎൻഐ ഉദ്ധരിക്കുന്നു. സ്ഥലത്തെത്തി സാധാരണക്കാരുമായി തങ്ങൾക്ക് സംസാരിക്കണമെന്നും സമാധാനം എല്ലായിടത്തും പുലരണമെന്നതു മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

അതിർത്തി കടന്ന് പാകിസ്താൻ നടത്തുന്ന ഭീകരവാദം സംബന്ധിച്ച് ഈ പ്രതിനിധി സംഘത്തിന് പ്രധാനമന്ത്രി വിവരണം നൽകിയതായാണ് അറിയുന്നത്. ജമ്മുവിലും കാശ്മീരിലും ലഡാക്കിലും പുലരുന്ന മതപരവും സാംസ്കാരികവുമായ വൈവിധ്യം മനസ്സിലാക്കാൻ പ്രതിനിധി സംഘത്തിന് സാധിക്കട്ടേയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പറഞ്ഞു. മേഖലയിലെ വികസനപ്രവർത്തനങ്ങളെ സംബന്ധിച്ചും ഒരുൾക്കാഴ്ച അവർക്കുണ്ടാക്കാൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി അറിയിക്കുന്നു.

ഭീകരവാദത്തോട് അൽപ്പം പോലും സഹിഷ്ണുതയുണ്ടാകാൻ പാടില്ലെന്ന് പ്രതിനിധി സംഘത്തോട് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ഭീകരതയെ രാജ്യത്തിന്റെ നയം തന്നെയാക്കി മാറ്റിയവർക്കെതിരെ അടിയന്തിര നടപടി ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ യുഎസ് സെനറ്ററായ ക്രിസ് വാൻ ഹോലൻ കാശ്മീര്‍ സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ‌ അനുമതി നിഷേധിക്കപ്പെട്ടു. എന്താണ് അവിടെ നടക്കുന്നതെന്ന് പുറംലോകം അറിയരുതെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നാണ് തോന്നുന്നതെന്ന് അദ്ദേഹം പറയുകയുണ്ടായി.


Next Story

Related Stories