TopTop
Begin typing your search above and press return to search.

നിങ്ങള്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദിയുടെ 8000 കോടിയുടെ വിമാനത്തെക്കുറിച്ച് ചോദിക്കാത്തത്? ട്രാക്ടര്‍ വിവാദങ്ങളില്‍ തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി

നിങ്ങള്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദിയുടെ 8000 കോടിയുടെ വിമാനത്തെക്കുറിച്ച് ചോദിക്കാത്തത്? ട്രാക്ടര്‍ വിവാദങ്ങളില്‍ തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി

കാര്‍ഷിക ബില്ലിനെതിരെ പഞ്ചാബില്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ ഇരിപ്പിടമായി സോഫ ഉപയോഗിച്ചെന്ന വിമര്‍ശനങ്ങളില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സോഫ വെച്ച ട്രാക്ടറില്‍ യാത്ര നടത്തിയതിനെ വിമര്‍ശിക്കുന്ന നിങ്ങള്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദിയുടെ 8000 കോടിയുടെ പുതിയ വിമാനത്തെക്കുറിച്ച് ചോദിക്കാത്തത് എന്നായിരുന്നു രാഹുലിന്റെ ചോദ്യം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനൊപ്പം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.

നികുതിപ്പണം ഉപയോഗിച്ച് എയര്‍ ഇന്ത്യ വണ്‍ വിമാനം വാങ്ങിയ പ്രധാനമന്ത്രിയുടെ നടപടിയെക്കുറിച്ചാണ് രാഹുല്‍ മറുചോദ്യം ഉന്നയിച്ചത്. അതില്‍ വെറുമൊരു സോഫ മാത്രമല്ല, അദ്ദേഹത്തിന്റെ ആവശ്യത്തിനനുസരിച്ചുള്ള നിരവധി ആഡംബര കിടക്കകളുമുണ്ട്. എന്തുകൊണ്ടാണ് നിങ്ങളതിനെ ചോദ്യം ചെയ്യാത്തത്? ട്രാക്ടറില്‍ സോഫ ഉപയോഗിച്ചതിനെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി രാഹുല്‍ ചോദിച്ചു. തന്റെ സുഹൃത്തായ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിമാനം ഉള്ളതുകൊണ്ടാണ് മോദിയും കോടിക്കണക്കിന് രൂപ പാഴാക്കുന്നത്. അതൊന്നും ആരും കാണുന്നതുമില്ല, അതിനെക്കുറിച്ച് ആരും ചോദിക്കുന്നതുമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പുതിയ കാര്‍ഷിക ബില്ലിനെതിരെ നിശ്ചയിച്ചിരിക്കുന്ന ഖേത്തി ബെച്ചാവോ (കൃഷി സംരക്ഷിക്കൂ) യാത്ര ഹരിയാനയിലേക്കു കടക്കുന്നതിനു മുന്നോടിയായാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്.

പഞ്ചാബില്‍ രാഹുല്‍ നടത്തിയ റാലിയെ ബി.ജെ.പി നേതാക്കള്‍ ഒന്നടങ്കം വിമര്‍ശിച്ചിരുന്നു. കാര്‍ഷിക ബില്ലില്‍ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് മുറിവേറ്റവരുടെ പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് തുടക്കമിട്ടതെന്നായിരുന്നു കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ ആരോപണം. സോഫവെച്ച ട്രാക്ടര്‍ യാത്ര ഒരു പ്രതിഷേധമല്ല. ഇത്തരം കെട്ടുക്കാഴ്ചകള്‍ കണ്ടുമനസിലാക്കാന്‍ കഴിയുന്ന വിദ്യാസമ്പന്നരും ബുദ്ധിമാന്മാരുമായ കര്‍ഷകരെ വഴിതെറ്റിക്കാനുള്ള 'പ്രൊട്ടസ്റ്റ് ടൂറിസം' മാത്രമാണ് അതെന്നും മന്ത്രി വിമര്‍ശിച്ചിരുന്നു.

മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് രാഹുലിന്റെ നേതൃത്വത്തില്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ഖേത്തി ബച്ചാവോ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചത്. അടുത്ത ഘട്ടത്തില്‍ ഹരിയാനയിലാണ് റാലി നടക്കുന്നത്. പഞ്ചാബിലും ഹരിയാനയിലുമാണ് കാര്‍ഷിക നിയമത്തിനെതിരെ ഏറ്റവും ശക്തമായ കര്‍ഷക പ്രക്ഷോഭം നടക്കുന്നത്.


Next Story

Related Stories