കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ചും പാര്‍ട്ടിയുടെ നേതൃത്വം ആര്‍ക്കായിരിക്കണം എന്നത് സംബന്ധിച്ചും ഉള്ള ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്. പ്രസിഡന്റ് സ്ഥാനം താല്‍ക്കാലികമായി സോണിയാഗാന്ധി ഏറ്റെടുത്തിട്ട് വര്‍ഷം ഒന്നായി. ഇപ്പോഴും മുഴു സമയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഈയിടെ ഇറങ്ങിയ പുസ്തകത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസിന് നെഹ്റു ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് പ്രസിഡന്റ് ഉണ്ടാകേണ്ടതുണ്ടെന്ന് പറഞ്ഞത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. എന്നാല്‍ അതിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗാന്ധി കുടുംബത്തെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് അനുവദിക്കുമോ എന്നതാണ് പ്രശ്നം. എന്തായാലും രാഹുല്‍ ഗാന്ധിയ്ക്ക് മോദിയെ നേരിടാന്‍ ആവില്ലെന്നാണ് ചരിത്രകാരനായ രാമചന്ദ്രഗുഹ പറയുന്നത്. അഞ്ച് കാരണങ്ങളാണ് അദ്ദേഹം ഇതിന് തെളിവായി ഹാജരാക്കുന്നത്.
രാഷ്ട്രീയ വിവേകമില്ലായ്മയാണ് രാഹുലിന്റെ ഒരു ന്യുനതയായി പറയുന്നത്. തെറ്റായ മുദ്രാവാക്യങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഇതിന് ഉദാഹരണമായി രാമചന്ദ്ര ഗുഹ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചൗക്കിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം പ്രധാനമായി ഉന്നയിച്ചത് രാഷ്ട്രീയ വിവേകമില്ലായ്മയുടെ തെളിവായിട്ടാണ് അദ്ദേഹം പറയുന്നത്. ബോഫോഴ്സ് അഴിമതി ആരോപണം നേരിട്ട മുന്‍ പ്രധാനമന്ത്രിയുടെ മകന് മോദിക്കെതിരെ ഇത്തരം ആരോപണം ഉന്നയിക്കുമ്പോള്‍ അത് തിരിച്ചടിക്കുമെന്ന കാര്യം ഉറപ്പായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇതിന് പകരം അച്ചേ ദിന് മുദ്രാവാക്യത്തിന് എന്ത് സംഭവിച്ചുവെന്ന ചോദ്യമായിരുന്നു ഉന്നയിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഹിന്ദി ഭാഷയിലെ പ്രാവീണ്യമില്ലായ്മയാണ് മോദിയെ അപേക്ഷിച്ച് രാഹുലിനുള്ള പരിമിതിയായി പറയുന്നത്. ഇത് വടക്കെ ഇന്ത്യയിലെ സാധാരണ ജനങ്ങളില്‍നിന്ന് അദ്ദേഹത്തെ അകറ്റുന്നു എന്നാണ് രാമചന്ദ്ര ഗുഹ പറയുന്നത്. ഭാഷയിലെ പ്രാവീണ്യമില്ലായ്മ അദ്ദേഹത്തെ നിസ്സംഗനായ പ്രാസംഗികനാക്കുന്നുവെന്നും ഗുഹ അഭിപ്രായപ്പെടുന്നു
രാഹുല്‍ ഗാന്ധിയുടെ പരിമിതിയായി പറയുന്ന മൂന്നാമത്തെ കാര്യം ഭരണ പരിചയമില്ലാത്തതാണ്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഏന്തെ്ങ്കിലും തരത്തിലുള്ള ജോലി സ്ഥിരമായി ചെയ്തിട്ടില്ലെന്നും രാമചന്ദ്ര ഗുഹ പറയുന്നു.
സ്ഥിരമായി പൊരുതിനില്ക്കാനുള്ള ശേഷി ഇല്ലായ്മ. മുന്നറിയപ്പും വിശദീകരണവുമില്ലാതെ രാഷ്ട്രീയത്തില്‍നിന്ന് മാറി നില്ക്കുന്നതിനെയാണ് അദ്ദേഹം ഇങ്ങനെ വിശദീകരിച്ചത്. നിരവധി തവണ രാഹുല്‍ ഗാന്ധി ഒരു വിശദീകരണവുമില്ലാതെ പൊതു സ്ഥലത്തുനിന്ന് വിട്ടുനിന്നിരുന്നു
മറ്റൊരു പ്രധാനകാര്യമായി രാമചന്ദ്ര ഗുഹ പറയുന്ന്ത് ഗാന്ധി നെഹ്റു കുടുംബത്തിലെ അഞ്ചാം തലമുറയില്‍പ്പെട്ട ആളാണ് രാഹുല്‍ ഗാന്ധി. 21-ാം നൂറ്റാണ്ടിലെ ഇന്ത്യക്കാരുടെ പരിഗണനിയില്‍ വരുന്ന വിഷയം നേതാക്കള്‍ എന്ത് ചെയ്തുവെന്നതാണ്. അല്ലാതെ അവരുടെ പൂര്‍വികര്‍ എന്ത് ചെയ്തുവെന്നതല്ലെന്നും അദ്ദേഹം പറയുന്നു.
മോദിയുടെ ജനാധിപത്യ വിരുദ്ധതയെന്ന് ആരോപിക്കുമ്പോള്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള മറുചോദ്യങ്ങളാണ് രാഹുല്‍ ഗാ്ന്ധിയ്ക്ക് നേരിടേണ്ടി വരുന്നത്. അതുപോലെ, ചൈനീസ് അതിക്രമത്തെക്കുറിച്ച് പറയുമ്പോള്‍ നെഹ്റുവിന്റെ കാലത്ത് ചൈന നടത്തിയ അധിനിവേശത്തെക്കുറിച്ചുള്ള മറു ചോദ്യവും ഉന്നയിക്കപ്പെടുന്നു.
രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിന് 16 വയസ്സായി. ആ രാഷ്ട്രീയ പ്രവര്‍ത്തനത്തെ നിരീക്ഷിച്ചതില്‍നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമായതെന്നും രാമചന്ദ്ര ഗുഹ പറയുന്നു. 2013 ല്‍ താന്‍ ഇക്കാര്യങ്ങള്‍ രാഹുലുമായി ബന്ധപ്പെടുത്തി പറഞ്ഞതാണ്. അതില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറയുന്നു