Top

ഭീമ കോറിഗാവ് കേസുകള്‍ പിന്‍വലിക്കും - മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഉറപ്പ്

ഭീമ കോറിഗാവ് കേസുകള്‍ പിന്‍വലിക്കും - മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഉറപ്പ്

ഭീമ കോറിഗാവ് സംഭവവുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉറപ്പ് നല്‍കിയതായി മഹാരാഷ്ട്രയിലെ എന്‍സിപി നേതാക്കള്‍. മന്ത്രിമാരായ ജയന്ത് പാട്ടീലും ഛഗന്‍ ഭുജ്ബലും അടങ്ങുന്ന എന്‍സിപി പ്രതിനിധി സംഘത്തിനാണ് ഉദ്ധവ് താക്കറെ ഇക്കാര്യം ഉറപ്പ് നല്‍കിയത്. ഭീമ കോറിഗാവില്‍ 2018 ജനുവരി ഒന്നിന് ദലിത് വിഭാഗക്കാര്‍ക്ക് നേരെയുണ്ടായ അക്രമങ്ങള്‍ക്ക് പിന്നാലെ ജനുവരി രണ്ടിനും മൂന്നിനുമുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ദലിത് ആക്ടിവിസ്റ്റുകള്‍ അടക്കമുള്ളവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. മുംബയ് ആരേ കോളനിയിലെ മരം മുറിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ കേസുകള് പിന്‍ലിക്കാന്‍ നവംബര്‍ 28ന് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ഉദ്ധവ് താക്കറെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഭീമ കോറിഗാവുമായി ബന്ധപ്പെട്ടും ഇന്ദു മില്‍ സമരവുമായി ബന്ധപ്പെട്ടും എടുത്ത കേസുകള്‍ വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കെട്ടിച്ചമച്ചതാണ് എന്നും ഇതുകൊണ്ട് എത്രയും പെട്ടെന്ന് കേസുകള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത് എന്നും എന്‍സിപി എംഎല്‍എ പ്രകാശ് ഗജ്ഭിയെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അതേസമയം 2017 ഡിസംബര്‍ 31ലെ ഭീമ കോറിഗാവില്‍ എല്‍ഗാര്‍ പരിഷദുമായി ബന്ധപ്പെട്ട് പൂനെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, പി വരാവര റാവു തുടങ്ങിയ പൊതുപ്രവര്‍ത്തകര്‍ ജയിലില്‍ തുടരുകയാണ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ഭീമ കോറിഗാവ് അക്രമങ്ങളില്‍ പങ്കുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതായും പൂനെ പൊലീസ് ആരോപിച്ചിരുന്നു.

ഭീമ കോറിഗാവിലുണ്ടായതും അതിന് ശേഷം മുംബയ് അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നതുമായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 152 പേര്‍ക്കെതിരെ 58 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. അക്രമങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ 2018 ഫെബ്രുവരി ഒമ്പതിന് ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജിയായ ജസ്റ്റിസ് ജെ എന്‍ പട്ടേലിന്റെ നേതൃത്വത്തില്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ബിജെപി നേതാവ് മിലിന്ദ് ഏക്‌ബൊതെ, സംഘപരിവാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ശിവ് പ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ നേതാവ് സംഭാജി ഭിഡെ എന്നിവരാണ് ഭീമ കോറിഗാവിലെ ദലിതുകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് പിന്നില്‍ എന്ന ആരോപണമുയര്‍ന്നു. ഏക്‌ബോതെ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ജാമ്യം ലഭിച്ചു. ഭിഡെയെ അറസ്റ്റ് ചെയ്തതുമില്ല.


Next Story

Related Stories