TopTop
Begin typing your search above and press return to search.

കൊറോണ വൈറസ്സിനൊപ്പം രാഷ്ട്രീയക്കൊടുങ്കാറ്റുകളോടും പൊരുതും: ഉദ്ധവ് താക്കറെ

കൊറോണ വൈറസ്സിനൊപ്പം രാഷ്ട്രീയക്കൊടുങ്കാറ്റുകളോടും പൊരുതും: ഉദ്ധവ് താക്കറെ

കൊറോണ വൈറസ്സിനൊപ്പം എല്ലാ രാഷ്ട്രീയക്കൊടുങ്കാറ്റുകളോടും താൻ പോരാടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഒരു ടെലിവിഷൻ പ്രഭാഷണത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഉദ്ധവ് താക്കറെ ഈ നിലപാട് വ്യക്തമാക്കിയത്. കോവിഡിനെതിരായ പോരാട്ടത്തിൽ കഴിഞ്ഞദിവസങ്ങളിൽ താൻ ഏറെക്കാര്യങ്ങൾ ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനിയുമേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. ഇതോടൊപ്പം രാഷ്ട്രീയപ്രതിസന്ധികളോടും താൻ പോരാടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സുശാന്ത് രജ്പുത്ത്, കങ്കണ റണാവത്ത് തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾക്കിടയിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന.

അനധികൃത നിർണമാണം ചൂണ്ടിക്കാട്ടി കങ്കണയുടെ മുംബൈയിലെ ഓഫീസ് കെട്ടിടം പൊളിക്കാനുള്ള തദ്ദേശ ഭരണ സ്ഥാപനമായ ബ്രിഹാൻ മുംബൈ കോർപ്പറേഷൻ നടപടിയോട് കോൺഗ്രസ്സും എൻസിപിയും യോജിക്കുന്നില്ല. വിവാദങ്ങൾ സൃഷ്ടിച്ച് ബിജെപി ഉൾപ്പെടെയുള്ള എതിർചേരിക്ക് വിഷയങ്ങൾ നൽകിയെന്ന തരത്തിലുള്ള പ്രതികരണമാണ് ഇപ്പോൾ സഖ്യകക്ഷികൾക്കുള്ളത്. കോർപറേഷൻ തന്റെ വീട്ടിലെ രാമക്ഷേത്രം പോലും വെറുതെ വിട്ടില്ലെന്നും, നടപടിക്കെത്തിയ ഉദ്യോഗസ്ഥരെ ബാബറിന്റെ സേനയെന്നും പരാമർശിച്ച് വർഗീയവൽക്കരിക്കാനും കങ്കണയ്ക്ക് സാധിച്ചു.

തന്നെ ശിവജിയുടെ പിൻമുറക്കാരിയായി ചിത്രീകരിക്കാനാണ് കങ്കണ ശ്രമിക്കുന്നത്. ഇത്തരമൊരു കാർട്ടൂണും അവർ കഴിഞ്ഞദിവസം പങ്കുവെക്കുകയുണ്ടായി. ഉദ്ധവ് താക്കറെയെ കാർട്ടൂണിൽ രാവണനായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഏറ്റവും അടുത്ത സുഹൃത്ത് വിവേക് അഗ്നിഹോത്രി അയച്ചുതന്ന ഈ ചിത്രം എന്നെ വികാരഭരിതയാക്കി എന്ന കുറിപ്പോടെയാണ് കങ്കണ ചിത്രം ട്വീറ്റ് ചെയ്തത്.

പരിക്കേറ്റ് രക്തമൊലിപ്പിച്ചുനില്‍ക്കുന്ന കങ്കണയുടെ കൈകളിലേക്ക് ശിവജി മഹാരാജ് വാള്‍ കൈമാറുന്നതാണ് ചിത്രത്തിലുളളത്. ഇവര്‍ക്ക് പിറകിലായി പത്തുതലകളുളള ഉദ്ധവ് താക്കറെയെയും വരച്ചതായി കാണാം. ചിത്രത്തിനൊപ്പം മറാത്തിയില്‍ ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ' അവര്‍ എന്നെ ഭീഷണിപ്പെടുത്തുകയാണെങ്കില്‍ ലക്ഷ്മിഭായിയുടെയും വീര്‍ ശിവാജിയുടെയും കാലടികള്‍ ഞാന്‍ പിന്തുടരും എന്നാണത്.


Next Story

Related Stories