TopTop
Begin typing your search above and press return to search.

പൗരത്വ പ്രശ്നത്തിൽ കോൺഗ്രസ്സിനും രാഹുലിനും നന്ദി പറഞ്ഞ് പ്രശാന്ത് കിഷോർ വീണ്ടും

പൗരത്വ പ്രശ്നത്തിൽ കോൺഗ്രസ്സിനും രാഹുലിനും നന്ദി പറഞ്ഞ് പ്രശാന്ത് കിഷോർ വീണ്ടും

പൗരത്വ നിയമത്തിൽ എൻഡിഎ സഖ്യകക്ഷിയായ ജനതാദൾ യുനൈറ്റഡിന്റെ നിലപാടുകൾക്ക് വിരുദ്ധമായ നിലപാട് വീണ്ടും പ്രഖ്യാപിച്ച് പാർട്ടി വൈസ് പ്രസിഡണ്ട് പ്രശാന്ത് കിഷോർ രംഗത്ത്. പൗരത്വ നിയമത്തെയും പൗരത്വ പട്ടികയെയും അസന്ദിഗ്ധമായി തള്ളിപ്പറഞ്ഞ കോൺഗ്രസ്സിനും രാഹുലിനും പ്രിയങ്കയ്ക്കും നന്ദി അറിയിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. പൗരത്വ നിയമത്തിന്റെ നടപ്പാക്കലിന് മുന്നോടിയെന്ന് വിലയിരുത്തപ്പെടുന്ന ദേശീയ ജനസംഖ്യാ രജിസ്റ്റർ ബിഹാറിൽ നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ മോദി കുറച്ചുദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ ജെഡിയു പിന്തുണയ്ക്കുകയുമുണ്ടായി.

കഴിഞ്ഞദിവസം പ്രവർത്തകസമിതി യോഗത്തിലാണ് കോൺഗ്രസ് തങ്ങളുടെ നിലപാട് വീണ്ടുമുറപ്പിച്ചത്. ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കുന്നതിനെ നിഷ്കളങ്കമായി കാണരുതെന്ന് കോൺഗ്രസ് നേതാക്കളോട് സോണിയാ ഗാന്ധി വ്യക്തമാക്കി. രൂപത്തിലും ഉള്ളടക്കത്തിലും വേഷം മാറിയെത്തുന്ന പൗരത്വ രജിസ്റ്റർ തന്നെയാണ് ജനസംഖ്യാ രജിസ്റ്ററെന്ന് അവർ പറഞ്ഞു. പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ കോൺഗ്രസ് ഒരു പ്രമേയം പാസ്സാക്കുകയുമുണ്ടായി.

കോൺഗ്രസ്സിനകത്ത് പൗരത്വ നിയമങ്ങളെ എതിർക്കരുതെന്ന നിലപാടുള്ള ഒരു വിഭാഗവും ശക്തമാണ്. ഇതിനെതിരെ നേതൃത്വം രംഗത്തു വന്നുവെന്നതാണ് കഴിഞ്ഞദിവസത്തെ പ്രവർത്തക സമിതി യോഗത്തിന്റെ പ്രത്യേകത. പൗരത്വ നിയമങ്ങളെ പിന്തുണയ്ക്കാതിരിക്കുന്നത് ഭൂരിപക്ഷ സമുദായ വോട്ടുകളെ തങ്ങളിൽ നിന്ന് അകറ്റുമെന്ന് കരുതുന്നവരാണ് ഈ കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങൾ പൗരത്വ നിയമത്തിനെതിരെ ഉറച്ച നിലപാടെടുക്കാൻ ഇപ്പോഴും വിമുഖത കാണിക്കുന്നുണ്ട്. ഇത് പാർട്ടിയുടെ മൃദു ഹിന്ദുത്വ മുഖമാണ് കാണിക്കുന്നതെന്ന് വിമർശനമുയരുന്നുണ്ട്.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പൗരത്വ നിയമത്തെ തള്ളിപ്പറയണമെന്ന നിലപാടാണ് പ്രശാന്ത് കിഷോർ തുടക്കം മുതൽ എടുക്കുന്നത്. ഈ വിഷയത്തിൽ പാർട്ടിയുമായി സുഖകരമായ ബന്ധത്തിലല്ല പ്രശാന്ത് കിഷോർ ഇപ്പോഴുള്ളത്.


Next Story

Related Stories