TopTop
Begin typing your search above and press return to search.

മീ ടൂ: 'പതിറ്റാണ്ട് കഴിഞ്ഞാലും സ്ത്രീക്ക് തന്റെ പരാതി പറയാന്‍ അവകാശമുണ്ട്'; പ്രിയ രമണിക്കെതിരായ എംജെ അക്ബറിന്റെ മാനനഷ്ടക്കേസ് തള്ളി

മീ ടൂ: പതിറ്റാണ്ട് കഴിഞ്ഞാലും സ്ത്രീക്ക് തന്റെ പരാതി പറയാന്‍ അവകാശമുണ്ട്; പ്രിയ രമണിക്കെതിരായ എംജെ അക്ബറിന്റെ മാനനഷ്ടക്കേസ് തള്ളി

മീ ടൂ ആരോപണം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മുന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ നല്‍കിയ മാനനഷ്ടകേസ് ഡല്‍ഹി കോടതി തള്ളി. പ്രിയ രമണിയെ കുറ്റവിമുക്തയാക്കിയ കോടതി, ക്രിമിനല്‍ മാനനഷ്ടം നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി. പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും സ്ത്രീക്ക് തന്റെ പരാതി പറയാന്‍ അവകാശമുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സാമൂഹ്യ പദവിയുള്ള ഒരു പുരുഷനും ലൈംഗിക അതിക്രമക്കാരനാകാം. ലൈംഗിക അതിക്രമം സ്ത്രീയുടെ അന്തസും ആത്മവിശ്വാസവും കവര്‍ന്നെടുക്കുന്നു. അവരുടെ അന്തസിന്റെ വിലയില്‍ മറ്റൊരാളുടെ പ്രശസ്തി സംരക്ഷിക്കാനാവില്ല. ലൈംഗിക അതിക്രമവും അവഹേളനവും ഇരയ്ക്കുണ്ടാക്കുന്ന ആഘാതം സമൂഹം മനസിലാക്കണമെന്നും കോടതി പറഞ്ഞു.

ഭരണഘടന ആര്‍ട്ടിക്കിള്‍ 21, സമത്വത്തിനുള്ള അവകാശം എന്നിവ ഉറപ്പുനല്‍കുന്നു. പരാതിക്കാരിക്ക് ഇഷ്ടമുള്ള ഏത് വേദിയിലും കേസ് ഉന്നയിക്കാന്‍ പരിപൂര്‍ണ അവകാശമുണ്ട്. മാനസിക ആഘാതം കാരണം ചിലപ്പോള്‍ വര്‍ഷങ്ങളോളം ഇരകള്‍ക്ക് ലൈംഗിക അതിക്രമത്തെക്കുറിച്ച് സംസാരിക്കാനാവില്ലെന്ന വസ്തുത സമൂഹം തിരിച്ചറിയണം. ലൈംഗിക അതിക്രമത്തിനെതിരെ ശബ്ദം ഉയര്‍ത്തിയതിന്റെ പേരില്‍ ഒരു സ്ത്രീയേയും ശിക്ഷിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രിയ രമണിയുടെയും എം.ജെ അക്ബറിന്റെയും സാന്നിധ്യത്തില്‍ തുറന്ന കോടതിയില്‍ അഡീഷണല്‍ ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്‍ പാണ്ഡെയാണ് വിധി പ്രസ്താവിച്ചത്.

1990കള്‍ മുതല്‍ മാധ്യമരംഗത്തുള്ളയാളാണ് പ്രിയ രമണി. 1994ല്‍ ജോലിക്കുള്ള അഭിമുഖത്തിന് മുംബൈയിലെ ഹോട്ടല്‍മുറിയില്‍ എത്തിയപ്പോള്‍ അക്ബറില്‍നിന്ന് മോശം അനുഭവം നേരിട്ടെന്ന് 2018ലാണ് മീ ടൂ കാമ്പയിനിന്റെ ഭാഗമായി പ്രിയ രമണി വെളിപ്പെടുത്തിയത്. പിന്നാലെ ഇരുപതോളം സ്ത്രീകള്‍ സമാന ആരോപണവുമായി രംഗത്തെത്തി. സംഭവം വിവാദമായതോടെ അക്ബറിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. പിന്നാലെ, പ്രിയ രമണിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും മാനഹാനി ഉണ്ടാക്കിയെന്നും കാണിച്ച് അക്ബര്‍ കോടതിയെ സമീപിച്ചത്. മന്ത്രി എന്ന നിലയില്‍ മാത്രമല്ല, വര്‍ഷങ്ങള്‍കൊണ്ട് ആര്‍ജ്ജിച്ചെടുത്ത കീര്‍ത്തിയും ബഹുമാനവും തന്റെ കുടുംബത്തിനിടയിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നഷ്ടപ്പെടുത്തി. തെറ്റായ ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം. വ്യാജ ആരോപണം ഉന്നയിച്ച പ്രിയയെ വിചാരണ ചെയ്യണമെന്നും അക്ബര്‍ ആവശ്യപ്പെട്ടിരുന്നു.


Next Story

Related Stories