TopTop
Begin typing your search above and press return to search.

ടിവി ചാനല്‍ മാറ്റുന്നതിലെ തര്‍ക്കം; മൂന്ന് വയസുകാരിയെ കൊലപ്പെടുത്തി ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍

ടിവി ചാനല്‍ മാറ്റുന്നതിലെ തര്‍ക്കം; മൂന്ന് വയസുകാരിയെ കൊലപ്പെടുത്തി ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍

ടിവി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് മൂന്ന് വയസുള്ള മകളെ കൊന്ന് ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍. ബംഗളൂരു മല്ലതഹള്ളിയില്‍ താമസിക്കുന്ന 26കാരിയായ സുധയാണ് അറസ്റ്റിലായത്. ഭര്‍ത്താവ് ഈരണ്ണ വാര്‍ത്ത കാണുന്നതിനായി ചാനല്‍ മാറ്റിയപ്പോള്‍ മകള്‍ വിനുത അദ്ദേഹത്തിന്റെ പക്ഷം നിന്നതാണ് സുധയെ പ്രകോപിപ്പിച്ചത്. നിയന്ത്രണംവിട്ട സുധ കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് സുധ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കുട്ടിയുടെ ശരീരം കണ്ടെടുത്തതിനു പിന്നാലെ ഇരുവരെയും ചോദ്യം ചെയ്തതോടെയാണ് സുധ കുറ്റം സമ്മതിച്ചത്. മകള്‍ക്ക് പിതാവിനോടായിരുന്നു കൂടുതല്‍ ഇഷ്ടമെന്നും അതാണ് കൊലപ്പെടുത്താന്‍ കാരണമെന്നും സുധ വെളിപ്പെടുത്തി.

ചൊവാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ ഈരണ്ണ ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ വിനുത ടിവി കാണുകയായിരുന്നു. വാര്‍ത്ത കാണുന്നതിനായി ഈരണ്ണ ചാനല്‍ മാറ്റി. ഇത് ഇഷ്ടപ്പെടാതിരുന്ന സുധ ബഹളമുണ്ടാക്കി. എന്നാല്‍ മകള്‍ പിതാവിന്റെ പക്ഷം ചേരുകയും അമ്മയോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ സുധയുടെ ദേഷ്യം ഇരട്ടിച്ചു. അന്ന് രാത്രിയോടെ സുധ മകളെ ശ്വാസംമുട്ടിച്ച് കൊന്നു. എന്നാല്‍ രാവിലെ ആറിന് ജോലിക്കുപോകുന്ന ഈരണ്ണ ഇക്കാര്യം അറിഞ്ഞില്ല. ബുധനാഴ്ച രാവിലെ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് സുധ പൊലീസില്‍ പരാതി നല്‍കി. കടയില്‍ ഒപ്പംവന്ന മകളെ ബില്ലടക്കുന്ന തിരക്കിനിടെ കാണാതായെന്നായിരുന്നു പരാതി. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തുമ്പൊന്നും ലഭിച്ചില്ല. എന്നാല്‍ സുധയുടെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നി. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പിന്നാലെ. ബംഗളൂരു ബിഡിഎ ലേഔട്ടിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍നിന്ന് കുട്ടിയുടെ ശരീരം കണ്ടെടുത്തു. ബുധനാഴ്ച രാവിലെയോടെയാണ് മൃതദേഹം അവിടെ ഉപേക്ഷിച്ചതെന്നും സുധ പൊലീസിനോട് പറഞ്ഞു.

വ്യാപാര സ്ഥാപനത്തിലെ തൂപ്പുകാരിയായിരുന്നു സുധ. ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് മിക്കപ്പോഴും സുധ മകളെയും കൊണ്ടുപോകുമായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ അവിടെ നടക്കുന്ന സംഭവങ്ങളെല്ലാം പിതാവിനോട് വിവരിക്കുന്ന മകളുടെ ശീലവും സുധയ്ക്ക് ഇഷ്ടമല്ലായിരുന്നു. ഇക്കാര്യത്തില്‍ പലപ്പോഴും സുധ ദേഷ്യപ്പെട്ടിരുന്നു. ഇതെല്ലാം കൊലപാതകത്തിന് കാരണമായെന്നാണ് പൊലീസ് പറയുന്നത്.


Next Story

Related Stories