അഴിമുഖം പ്രതിനിധി
ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രാമധ്യേ കാണാതായ ഇന്ത്യന്‍ വ്യോമസേന വിമാനം വിശാഖപട്ടണത്തിന് സമീപം കാട്ടില്‍ തകര്‍ന്നുവീണതായി സംശയം.
നാഥാവരം മണ്ഡലിന് സമീപത്തെ സുരുഗുഡു റിസര്‍വ് വനമേഖലയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരില്‍ ചിലര്‍ വിമാനം തകര്‍ന്നുവീഴുന്നത് കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ സംശയം ഉയര്‍ന്നത്. വിമാനം കാണാതായ ജൂലൈ 22ന് ഗ്രാമത്തിലെ ചിലര്‍ വലിയ ശബ്ദം കേട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
വ്യോമസേനാംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്. സൂര്യലങ്ക വ്യോമസേന കേന്ദ്രത്തില്‍ നിന്ന് ലഭിച്ച നിര്‍ദേശ പ്രകാരം ആദിവാസികളോടൊപ്പം സുരുഗുഡു വനമേഖലയില്‍ തിരച്ചില്‍ ആരംഭിച്ചതായി ഡിഎഫ്ഒ നരസിപട്ടണം ശേഖര്‍ ബാബു അറിയിച്ചു. അഞ്ച് ഉദ്യോഗസ്ഥര്‍ വീതമടങ്ങുന്ന രണ്ട് സംഘമാണ് തിരച്ചിലിലേര്‍പ്പെട്ടിരിക്കുന്നത്. ഇവരെ സഹായിക്കാനായി ആദിവാസികളും സംഘത്തിലുണ്ട്.
എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണമുണ്ടായിട്ടില്ല. വിമാനത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
കാണാതായ വിമാനത്തില്‍ ഉണ്ടായിരുന്ന വ്യോമസേന ഓഫിസര്‍ രഘുവീര്‍ വര്‍മയുടെ മൊബൈല്‍ ഫോണ്‍ സംഭവത്തിന് ആറു ദിവസത്തിന് ശേഷവും പ്രവര്‍ത്തനക്ഷമമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു.
28-ാം തീയതി രാവിലെ ഫോണ്‍ റിംഗ് ചെയ്തതായാണ് ബന്ധുക്കള്‍ അധികൃതരെ അറിയിച്ചത്.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി രഖുവീര്‍ വര്‍മയുടെ എയര്‍ടെല്‍ നമ്പറിലേക്ക് ബന്ധുക്കള്‍ നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായാണ് വ്യാഴായ്ച രാവിലെ ഏതാനും സമയത്തേക്ക് ഫോണ്‍ റിംഗ് ചെയ്തത്.
ഇതു കൂടാതെ വിമാനം കാണാതായി നാല് ദിവസത്തിന് ശേഷം രഘുവീറിന്റെ ഫോണിലെ ഡാറ്റ കണക്ഷന് ഓണ്‍ ചെയ്യപ്പെട്ടിരുന്നു എന്ന് സുഹൃത്തും വെളിപ്പെടുത്തിയിരുന്നു. ഇതിന് തെളിവായി ഫോണിലെ മെസന്‍ജര്‍ ആപ്ലിക്കേഷന്‍ അവസാന ഉപയോഗിച്ചത് ജൂലൈ 26 രാവിലെ കാണിച്ചതും അവര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.