പ്രവാസം

അമേരിക്കയില്‍ സാമ്പത്തിക തട്ടിപ്പ്; ഇന്ത്യന്‍ വംശജന് 15 വര്‍ഷം തടവ്

നൂറ് നിക്ഷേപകരില്‍ നിന്നായി 33 ദശലക്ഷം ഡോളറാണ് പിരിച്ചത്

അമേരിക്കയില്‍ നൂറ് നിക്ഷേപകരില്‍ നിന്നായി 33 ദശലക്ഷം ഡോളര്‍ തട്ടിയ ഇന്ത്യന്‍ വംശജന് കോടതി 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഫ്‌ളോറിഡയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ നവീന്‍ ശങ്കര്‍ സുബ്രഹ്മണ്യം സേവിയര്‍ എന്നയാളാണ് ശിക്ഷയ്ക്ക് വിധേയനായതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എസെക്‌സ് ഹോള്‍ഡിംഗ്‌സ് എന്ന കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു ഇയാള്‍. മിയാമി ജില്ല ജഡ്ജി ഡാരിന്‍ ഗെയില്‍സ് ആണ് ശിക്ഷ വിധിച്ചത്.

രണ്ട് പദ്ധതികളിലായാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 2010 മാര്‍ച്ച് മുതല്‍ 2014 മേയ് വരെ മിയാമിയില്‍ എസെക്‌സ് ഹോള്‍ഡിംഗ്‌സിന്റെ ഓഫീസ് നടത്തിയിരുന്ന ഇയാള്‍ നൂറ് നിക്ഷേപകരില്‍ നിന്നായി 30 ദശലക്ഷം ഡോളറാണ് പിരിച്ചത്. ചിലിയില്‍ പഞ്ചസാര ഗതാഗതം, ഷിപ്പിംഗ്, ഇരുമ്പയിര് ഖനനം എന്നീ മേഖലകളില്‍ നിക്ഷേപം നടത്താം എന്ന് കാണിച്ചായിരുന്നു സേവിയര്‍ പണം പിരിച്ചത്. ആളുകളെ കമ്പനിയില്‍ പണം നിക്ഷേപിപ്പിക്കുന്നതിനായി ഇയാള്‍ തെറ്റായ ധനകാര്യ സ്റ്റേറ്റ്‌മെന്റുകളും വ്യാജരേഖകളും ചമയ്ക്കുകയും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തതായി കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പറയുന്നു. ഇയാളും ഭാര്യയും ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നും വിലയേറിയ ആഭരണങ്ങളും വാഹനങ്ങളും മറ്റും വാങ്ങാനാണ് പണം ധൂര്‍ത്തടിച്ചതെന്നും തെളിഞ്ഞു. ഈ തട്ടിപ്പില്‍ മാത്രം നിക്ഷേപകര്‍ക്ക് 29 ദശലക്ഷം ഡോളറിലേറെ നഷ്ടമുണ്ടായി.

സാമ്പത്തിക വികസനത്തിനായി സൗത്ത് കരോലിന കോ-ഓര്‍ഡിനേറ്റിംഗ് കൗണ്‍സിലില്‍ നിന്നും എസെക്‌സ് ഹോള്‍ഡിംഗിന്റെ പേരുപയോഗിച്ച് 1.2 ദശലക്ഷം ഡോളറും ഏകദേശം 1.5 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന വ്യാവസായിക ഭൂമിയും തട്ടിയെന്നാണ് രണ്ടാമത്തെ കേസ്. സൗത്ത് കരോലിന സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ കിടന്ന ഉപയോഗശൂന്യമായ വ്യാവസായിക ഭൂമി ഡയപര്‍ നിര്‍മ്മാണശാലയ്ക്കും അരി പാക്കിംഗ് സംവിധാനത്തിനും ഉപയോഗിക്കും എന്നായിരുന്നു വാഗ്ദാനം. ഈ കരാര്‍ സ്വന്തമാക്കാനും ഇയാള്‍ വ്യാജ രേഖകളാണ് ഹാജരാക്കിയതെന്ന് തെളിഞ്ഞു. ആദ്യം വ്യാജ ധനയിടപാട് രേഖകള്‍ ഹാജരാക്കിയ ഇയാള്‍ പിന്നെ വ്യാജ ഇന്‍വോയിസുകളും ബാങ്ക് സ്‌റ്റേറ്റ്‌മെന്റും സമര്‍പ്പിച്ചു. ഭൂമി വികസനഫണ്ടില്‍ നിന്നും ഭൂരിഭാഗം തുകയും സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും മിച്ചമുള്ള തുക വിദേശത്തേക്ക് അയയ്ക്കുകയുമായിരുന്നുവെന്ന് തെളിഞ്ഞു. ഈ രണ്ട് കേസുകളിലുമായാണ് ഇയാളെ 15 വര്‍ഷം തടവിന് ശിക്ഷിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍