TopTop

ഇന്ത്യയെക്കുറിച്ച് എന്തെല്ലാമെഴുതാം!

ഇന്ത്യയെക്കുറിച്ച് എന്തെല്ലാമെഴുതാം!

ടീം അഴിമുഖം

ഇതാണ് ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യം. കഥ കീര്‍ത്തി നിറഞ്ഞതും. ലോകത്തെ ഏറ്റവും ആര്‍ദ്രഹൃദയരായ ജനതയത്രേ നമ്മള്‍.

ഇന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ വിദൂര ഫ്രഞ്ച് നഗരമായ നീസിലെ ആക്രമണത്തെക്കുറിച്ച് കേട്ടപ്പോഴേ പ്രധാനമന്ത്രി ദുഃഖം സഹിക്കവയ്യാതെ അനുശോചനം ട്വീറ്റ് ചെയ്തു. എന്നാല്‍ ജമ്മു കാശ്മീരിലെ മരണങ്ങളൊന്നും ആ നിശ്ചയദാര്‍ഢ്യത്തെ ഇളക്കാന്‍ പോന്നതായില്ല.

അങ്ങ് ആഫ്രിക്കയില്‍ വരെ നമ്മുടെ പ്രധാനമന്ത്രി മരങ്ങള്‍ നടുന്നു. പക്ഷേ പാരിസ്ഥിതിക നാശം വരുത്തിയതിന് അദാനി ഗ്രൂപ്പിന് മേല്‍ ചുമത്തിയ പിഴ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുക്കും. വ്യവസായങ്ങളെ സംബന്ധിച്ച പാരിസ്ഥിതിക നിയന്ത്രണങ്ങളില്‍ വെള്ളം ചേര്‍ക്കാനുള്ള അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ ചരിത്രപ്രാധാന്യമുള്ള ശ്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കണം.

ഈ നാട്ടില്‍ നീതി തഴച്ചുവളരുകയാണ്. വിദ്വേഷമോ പക്ഷപാതമോ കൂടാതെ അത് നടപ്പാക്കിക്കൊണ്ടേയിരിക്കുന്നു.

ആയതിനാള്‍ നമ്മള്‍, മുഹമ്മദ് അക്ലാഖ്, അയാളുടെ വൃദ്ധയായ അമ്മ, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെതിരെ ഗോഹത്യക്ക് FIR രേഖപ്പെടുത്തി കുറ്റം ചുമത്തുന്നു. അക്ലാഖ് മരിച്ചതൊന്നും കണക്കിലെടുക്കേണ്ട.

നമ്മുടെ പുരോഗതിയുടെ ഓരോ പടിയിലും നാം ഉത്തേജിതരും പ്രചോദിതരുമാണ്. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് മാത്രമാണ് ഗുല്‍ബെര്‍ഗ് സൊസൈറ്റി കേസില്‍ പ്രത്യേക SIT കോടതി ന്യായമായ വിധി നല്കിയത്. മുന്‍ എം പി എഹ്സാന്‍ ജാഫ്രി തന്റെ കൈത്തോക്കില്‍ നിന്നും ആള്‍ക്കൂട്ടത്തിനുനേരെ വെടിവെച്ചില്ലായിരുന്നു എങ്കില്‍, കൊല്ലപ്പെട്ട ജാഫ്രി അടക്കമുള്ള 69 പേരെ ആള്‍ക്കൂട്ടം കൂട്ടക്കൊല ചെയ്യില്ലായിരുന്നു എന്നാണ് കോടതി പറഞ്ഞത്. സമാധാനപ്രിയരായ ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചതിന് ജാഫ്രിക്ക് അത് കിട്ടേണ്ടത് തന്നെ എന്നാകും.ഇന്ത്യയിലാകെ നിരവധി പേരെ കൊന്ന ഹിന്ദു വര്‍ഗീയ തീവ്രവാദികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (NIA)നടത്തുന്ന കഠിന പ്രയത്നം നിങ്ങള്‍ക്കും അറിയാമായിരിക്കും. ഇതേ NIA ആണ് ഇസ്ലാമിക് സ്റ്റേറ്റിനെ ഇതാ പിടിച്ചേ എന്ന തരത്തിലുള്ള അവകാശവാദങ്ങളുമായി രാജ്യമാകെ ആളുകളെ പിടികൂടലും മോചിപ്പിക്കലുമൊക്കെയായി ആകെ കുഴച്ചുമറിക്കുന്നത്. യഥാര്‍ത്ഥ ഐ എസ് അനുഭാവികള്‍ ടൂറിസ്റ്റ് വിസയില്‍ രാജ്യം വിടുമ്പോഴാണ് എന്‍ ഐ എ വക ഈ അതിസാഹസിക നാടകങ്ങള്‍.

ഇന്ത്യയിലെ മഹത്തായ, വൈവിധ്യം നിറഞ്ഞ, ഈ ബഹുസ്വര ജനാധിപത്യത്തില്‍ നിങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന അത്ഭുതപ്രവര്‍ത്തികള്‍ ഇനിയുമേറെയുണ്ട്. മതേതരവും കരുത്തുറ്റത്തും അഴിമതിരഹിതവുമായ ഒരു പോലീസ് സേനയാണ് നമുക്കുള്ളത്. കുറ്റക്കാരനെന്ന് കണ്ടാല്‍ ചത്തവനെപ്പോലും വെറുതെ വിടാത്ത ഒരു ജനാധിപത്യമാണ് നമ്മുടേത്. നാമവരുടെ ശവക്കുഴി മാന്തും, അവരെ വലിച്ചു പുറത്തിടും, എന്നിട്ട് ശിക്ഷിക്കും.

അത്ര കര്‍ശനമായ ഈ നിയമസംവിധാനത്തോട് കളങ്കമില്ലാത്ത ഭയഭക്തിബഹുമാനമാണ് നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക്. നമ്മുടെ രാജ്യത്തെ വിശുദ്ധ നദികളെപ്പോലെ നിര്‍മലവും വിമലവുമായ സ്ത്രീപുരുഷന്‍മാരുടെ വിശുദ്ധവര്‍ഗമാണവര്‍. നമ്മുടെ ധനിക സുഹൃത്തുക്കള്‍ നിയമം ലംഘിക്കാറെയില്ല. വായ്പകള്‍ സമയത്തിന് തിരിച്ചടയ്ക്കുകയും രാജ്യവികസനത്തിനായി സമയാസമയം നികുതി കൊടുക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ രാജ്യസ്നേഹികളാണവര്‍.

ഈ സുന്ദരദിനത്തില്‍ ഇന്ത്യയെന്ന ജനാധിപത്യ റിപ്പബ്ലിക്കിനെ കുറിച്ച് എന്തെല്ലാമെഴുതാം!


Next Story

Related Stories