TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഇപ്പോള്‍ ട്രംപിന് പിന്നാലെയാണ്

ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഇപ്പോള്‍ ട്രംപിന് പിന്നാലെയാണ്

അരി അല്‍സ്റ്റെഡ്റ്റര്‍

മരുന്നുകള്‍ക്ക് വില കുറയ്ക്കുമെന്നും അവയുടെ ഉല്‍പ്പാദനം അമേരിക്കയില്‍ തന്നെ നടക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വാഗ്ദാനം. ഇതില്‍ മരുന്നു വില കുറയ്ക്കുക എന്ന ലക്ഷ്യത്തിന് പ്രാധാന്യം കൊടുക്കാന്‍ ട്രംപിനെ പേരിപ്പിക്കുക എന്നതാണ് ഇന്ത്യയിലെ വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ഇപ്പോഴത്തെ ലക്ഷ്യം.

മരുന്നുകള്‍ ചെലവു കുറച്ച് ഇറക്കുമതി ചെയ്യുന്നതിലൂടെ കിട്ടുന്ന മെച്ചം അവ അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കുന്നതിലൂടെ ഉണ്ടാകുന്ന തൊഴില്‍നേട്ടത്തേക്കാള്‍ കൂടുതലായിരിക്കുമെന്ന് അമേരിക്കയിലെ നിയമനിര്‍മ്മാതാക്കളെയും റെഗുലേറ്റര്‍മാരെയും മാദ്ധ്യമങ്ങളെയും ഇന്ത്യ ബോധ്യപ്പെടുത്തണം എന്ന ആവശ്യം ഇവിടത്തെ 20 സുപ്രധാന ഔഷധ നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ 'ദ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അലയന്‍സ്' (IPA) ഉന്നയിച്ചതായി ബ്ലൂംബെര്‍ഗ് ന്യൂസിനു കിട്ടിയ ഒരു റിപ്പോര്‍ട്ട് പറയുന്നു. ഈ അടുത്തകാലത്ത് ഒരു ഇന്ത്യന്‍ ഗവണ്‍മെന്‍റ് ബോഡിക്ക് അയച്ചതാണ് ഈ റിപ്പോര്‍ട്ട്. നിലവിലുള്ള ഏതെങ്കിലും ബോര്‍ഡര്‍-ടാക്സ് നയത്തിനു കീഴില്‍ ജനറിക് ഔഷധങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയെടുക്കുക എന്നതാകണം ഇന്ത്യയുടെ ഒരു ലക്ഷ്യമെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു.

"ട്രംപ് ഭരണകൂടത്തില്‍ നിന്നു ലഭിക്കുന്ന ആദ്യ സൂചനകള്‍ അത്ര നല്ലതല്ല," നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ ട്രാന്‍സ്ഫോമിങ് ഇന്ത്യ എന്ന ഗവണ്‍മെന്‍റ് ഉപദേശക സമിതിക്കു ഫെബ്രുവരി 28ന് അയച്ച റിപ്പോര്‍ട്ടില്‍ സംഘം പറയുന്നു. അനാവശ്യ വാഗ്വാദങ്ങളൊഴിവാക്കി ഇന്ത്യന്‍ വ്യവസായ മേഖല സ്വന്തം ഭാഗം അവതരിപ്പിക്കണമെന്നാണ് ഇവരുടെ നിര്‍ദ്ദേശം.

വര്‍ഷംതോറും 12.54 ബില്ല്യണ്‍ ഡോളറിന്‍റെ മരുന്നുകള്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ചു യു എസ്സിലെ ആരോഗ്യരംഗത്തെ കുറിച്ചും ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ സംബന്ധിയുമായ ട്രംപിന്‍റെ വിവിധ പ്രഖ്യാപനങ്ങള്‍ ഒരേ സമയം ഭീഷണിയും പ്രതീക്ഷ നല്‍കുന്നവയുമാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ ജനറിക് ഔഷധങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് മരുന്നുവില കുറയ്ക്കാനുള്ള അമേരിക്കന്‍ നീക്കങ്ങളില്‍ നിന്നു നേട്ടമുണ്ടാക്കാനാകും. ബ്രാന്‍ഡഡ് പേരുള്ള മരുന്നിനേക്കാള്‍ 80 ശതമാനത്തോളം വിലക്കുറവാണ് തത്തുല്യ ജനറിക് മരുന്നുകള്‍ക്ക്. അതേസമയം ഇവ വില കുറച്ചു നിര്‍മ്മിക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനെ ട്രംപ് എതിര്‍ക്കുന്നുണ്ട്. ഇന്ത്യയ്ക്ക് ഗുണകരമായ സാഹചര്യം ഇല്ലാതാകുന്നതിന്‍റെ മറ്റൊരു കാരണം യുഎസ്സില്‍ ഉപയോഗിക്കപ്പെടുന്ന സാധനങ്ങള്‍ അവിടെത്തന്നെ നിര്‍മ്മിക്കണമെന്ന നയമാണ്.

റിപ്പബ്ലിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ മുന്നോട്ടു വയ്ക്കുന്ന 'ബോര്‍ഡര്‍ അഡ്ജസ്റ്റ്മെന്‍റ് ടാക്സി'നുള്ള സാദ്ധ്യതയാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു ഭീഷണി. ഇറക്കുമതിക്ക് നികുതിയേര്‍പ്പെടുത്തുകയും നിര്‍മ്മാണ ജോലികള്‍ യുഎസ്സിലേയ്ക്ക് തിരികെയെത്തിക്കാനായി കയറ്റുമതിയെ നികുതിയില്‍ നിന്നൊഴിവാക്കുകയും ചെയ്യുന്ന നയമാണ് ഇത്. ഇത് യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ ജനറിക് മരുന്നുകളുടെ ഇറക്കുമതിയെ നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ ഇന്ത്യ ആവശ്യപ്പെടണമെന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്.

ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നയങ്ങളും പരിപാടികളും രൂപീകരിക്കുന്ന ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ 'think tank' ആയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ ട്രാന്‍സ്ഫോമിങ് ഇന്ത്യ കരുതപ്പെടുന്നത്. ഈ വിഷയത്തില്‍ പ്രതികരണത്തിനായി ശ്രമിച്ചെങ്കിലും ഏജന്‍സിയുടെ പ്രതിനിധിയെ പെട്ടന്നു ബന്ധപ്പെടാനായില്ല.

വ്യവസായവല്‍കൃതമായ പടിഞ്ഞാറന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഔഷധങ്ങളുടെ ഉല്‍പ്പാദനച്ചെലവ് ഇന്ത്യയില്‍ 50 ശതമാനത്തോളം കുറവായതു കൊണ്ട് ജനറിക് മരുന്നുകളുടെ ആഗോള കയറ്റുമതിയുടെ 20 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് താങ്ങാനാകാത്തവരുടെ ആരോഗ്യ പരിരക്ഷയ്ക്കായി തന്‍റെ മുന്‍ഗാമി കൊണ്ടുവന്ന ഹെല്‍ത്ത്-കെയര്‍ പോളിസി പിന്‍വലിച്ചു മാറ്റങ്ങള്‍ വരുത്താനുള്ള ട്രംപിന്‍റെ തീരുമാനത്തെ തുടര്‍ന്നുള്ള "വിടവ്" ഒരവസരമായി കണ്ടു മുതലെടുക്കണമെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന മറ്റൊരു സൂചന.

"ആഗോളതലത്തിലുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്ന വ്യവസായമാണിത്. അതുകൊണ്ടു തന്നെ ഞങ്ങള്‍ നല്‍കിയ വിവരങ്ങളനുസരിച്ച് ഗവണ്‍മെന്‍റ് ആവശ്യമായ തിരുത്തല്‍ നടപടികളെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്," ഈ മേഖലയെ സഹായിക്കാന്‍ ഇന്ത്യ ഗവണ്‍മെന്‍റിന് കൈക്കൊള്ളാനാകുന്ന കാര്യങ്ങളെ സൂചിപ്പിച്ചു കൊണ്ട് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അലയന്‍സിന്‍റെ സെക്രട്ടറി ജനറലായ ദിലീപ്ഷാ ഫോണില്‍ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളായ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ല്യൂപിന്‍ എന്നിവരെല്ലാം IPA അംഗങ്ങളാണ്. ഈ മൂന്നു കമ്പനികളുടെയും വക്താക്കള്‍ അഭിപ്രായം ആരാഞ്ഞു കൊണ്ടുള്ള ഇ-മെയിലുകളോടും ഫോണ്‍ വിളികളോടും പ്രതികരിച്ചില്ല.

കോണ്‍ഗ്രസ്സ് ഉദ്ഘാടന പ്രസംഗത്തിലും ഔഷധങ്ങളുടെ വില കുറയ്ക്കുന്നതിനെ പറ്റി ട്രംപ് എടുത്തു പറഞ്ഞിരുന്നു. മാത്രമല്ല, യു എസ് ഫുഡ് & ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ മരുന്നുകള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടികള്‍ വേഗത്തിലാക്കണമെന്നാണ് തന്‍റെ ആവശ്യമെന്നും ട്രംപ് പറഞ്ഞു.

പിന്തുണയുറപ്പാക്കുന്നതിനായി യു എസ്സിലെ ഇന്ത്യന്‍ കമ്പനികളുടെ ഉയര്‍ന്ന നിക്ഷേപങ്ങള്‍ എടുത്തു കാണിക്കാനാണ് വ്യവസായികള്‍ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടുന്നത്. ഉല്‍പ്പാദന മേഖല വിപുലമാക്കുന്നതിന്‍റെ ഭാഗമായി വന്‍കിട കമ്പനികള്‍ അടുത്ത കാലങ്ങളിലായി അമേരിക്കയില്‍ തങ്ങളുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം IPA അംഗങ്ങളായ കമ്പനികളുടെ അമേരിക്കന്‍ സംരംഭങ്ങളില്‍ 4,000ത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. 2011 മുതലുള്ള കണക്കെടുത്താല്‍ ഏതാണ്ട് 9 ബില്ല്യണ്‍ ഡോളറാണ് അവിടെ നിക്ഷേപിച്ചിട്ടുള്ളത്.

നിര്‍മ്മാണ പ്രക്രിയകളിലെ കുറവുകളും പ്രശ്നങ്ങളും പരിഹരിക്കാന്‍ FDAയുമായി കൂടുതല്‍ സഹകരിക്കണമെന്നതും നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ഈയടുത്ത കാലങ്ങളില്‍ റെഗുലേറ്റര്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളുടെ നിര വില്‍പ്പനയെയും സല്‍പ്പേരിനെയും പ്രതികൂലമായി ബാധിച്ചിരുന്നു.

"ഇന്ത്യന്‍ ഔഷധനിര്‍മ്മാണ കമ്പനികള്‍ മൂലം അമേരിക്കയുടെ ആരോഗ്യ പരിപാലന ചെലവുകളില്‍ ഉണ്ടാകുന്ന കുറവ് പ്രാദേശികമായ തൊഴില്‍ ലാഭത്തേക്കാള്‍ മെച്ചമാണെന്നു കാണിക്കണം," റിപ്പോര്‍ട്ട് പറയുന്നു. "സുരക്ഷിതവും ഗുണമേന്‍മയുള്ളതുമായ മരുന്നുകള്‍ താങ്ങാവുന്ന വിലയ്ക്കു നല്‍കാന്‍ കഴിയുന്ന, വിശ്വസ്തവും ആശ്രയിക്കാവുന്നതുമായ സ്രോതസ്സാണ് ഇന്ത്യയെന്നു സ്ഥാപിക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്."


Next Story

Related Stories