വിപണി/സാമ്പത്തികം

ഇന്ത്യ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് മോദിയുടെ സാമ്പത്തിക ഉപേദേശക കൗണ്‍സില്‍ അംഗം

സാമ്പത്തിക മേഖലയില്‍ ഒരു പ്രശ്‌നവുമില്ലെന്ന സര്‍ക്കാര്‍ വാദങ്ങള്‍ക്കിടെയാണ് ഉന്നത ഉദ്യോഗസ്ഥന്റെ മറിച്ചുള്ള അഭിപ്രായ പ്രകടനം

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന സര്‍ക്കാര്‍ വാദങ്ങള്‍ക്കിടെ, വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി മോദിയുടെ സാമ്പത്തിക ഉപേദേശ കൗണ്‍സില്‍ അംഗം റിതിന്‍ റോയ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഫിനാന്‍സ് ആന്റ് പൊളിസി ഡയറക്ടര്‍ കൂടിയാണ് റിതിന്‍ റോയ്.

കഴിഞ്ഞ മാര്‍ച്ചില്‍ ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ സാമ്പത്തിക റിപ്പോര്‍ട്ടില്‍ സാമ്പത്തിക വളര്‍ച്ചയില്‍ നേരിയ കുറവുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗൗരവതരവും സങ്കീര്‍ണവുമാണെന്നാണ് റിതിന്‍ റോയ് പറയുന്നത്. ഉപഭോഗത്തിലുള്ള കുറവാണ് സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

‘ഒരു ഘടനാപരമായ പ്രതിസന്ധിയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്നത്. ഇപ്പോള്‍ അനുഭവപ്പെടുന്നത് ഒരു സുചനയാണ്. 1990 മുതലുള്ള ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുണ്ടായത് സമൂഹത്തിലെ സാമ്പത്തികമായി ഉയര്‍ന്ന വിഭാഗം നടത്തിയ ഉപഭോഗം മുലമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ സാമ്പത്തികമായി ഉന്നതിയിലുള്ള 10 കോടിയോളം പേരുടെ ഉയര്‍ന്ന ഉപഭോഗമാണ് രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ഉയര്‍ത്തിയത്. എന്നാല്‍ ഇപ്പോള്‍ അവരുടെ ഉപഭോഗത്തില്‍ കാര്യമായ മാറ്റമുണ്ടാകുന്നില്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം’ അദ്ദേഹം പറഞ്ഞു.

മിഡില്‍ ഇന്‍കം ട്രാപ്പ് എന്ന സാമ്പത്തിക അവസ്ഥയിലാണ് ഇന്ത്യ എന്നും അദ്ദേഹം വിശദീകരിച്ചു. ചൈനയെ പോലെയോ തെക്കന്‍ കൊറിയയെ പോലെയോ ആവില്ല, മറിച്ച് ബ്രസിലി്‌ന്റെ അവസ്ഥയാണ് ഇന്ത്യയ്ക്കുണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക വളര്‍ച്ച ഘട്ടത്തില്‍ നിന്നും മുന്നോട്ടു പോകാന്‍ കഴിയാത്ത സാമ്പത്തിക അവസ്ഥയാണ് മിഡില്‍ ഇന്‍കം ട്രാപ് എന്നറിയപ്പെടുന്നത്. ‘ ലോകത്തെ ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച ഇപ്പോഴുള്ള രാജ്യം ഇന്ത്യയാണ്. അതിന് കാരണം ചൈനയുടെ വളര്‍ച്ച കുറഞ്ഞതാണ്. എന്നാല്‍ ഉപഭോഗത്തില്‍ ഉണ്ടാകുന്ന കുറവ് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും’ അദ്ദേഹം പറഞ്ഞു.

അഞ്ച് ആറ് വര്‍ഷത്തേക്ക് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5-6 ശതമാനംവരെയായിരിക്കും. അതിന് ശേഷം വളര്‍ച്ച നിലയ്ക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.    ഇതിന് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Read More- ആര്‍എസ്എസില്‍ ‘റെഡി ടു വെയിറ്റ്’, ‘കെ.പി യോഹന്നാന്‍ വിഭാഗ’ങ്ങള്‍ തമ്മില്‍ തെറിവിളിയും പോരും; ശബരിമല യുവതിപ്രവേശനത്തില്‍ പരസ്യ പോര് വിലക്കി നേതൃത്വം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍