TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ വളര്‍ച്ചയുടെ 'ഊഹക്കണക്കുകള്‍'

ഇന്ത്യന്‍ വളര്‍ച്ചയുടെ ഊഹക്കണക്കുകള്‍

കേന്ദ്ര സ്റ്റാറ്റിറ്റിക്സ്‌ കാര്യാലയം (സി എസ് ഒ) 2016 ഒക്ടോബര്‍-ഡിസംബര്‍ കാലത്ത് അതിന്റെ രണ്ടാം മുന്‍കൂര്‍ മൂല്യനിര്‍ണയത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദന (ജി ഡി പി) വളര്‍ച്ച 7 ശതമനമായിരിക്കുമെന്ന് കണക്കാക്കിയിരുന്നു. നോട്ട് പിന്‍വലിക്കലിന്റെ പ്രത്യാഘാതങ്ങളില്‍ കുഴങ്ങുന്ന സമ്പദ് രംഗത്തില്‍ പ്രതീക്ഷിച്ചതിനെക്കാളും കൂടുതലാണിത്. മുഴുവന്‍ വര്‍ഷത്തേക്കുള്ള മതിപ്പ് കണക്കുകള്‍ കൂടി ഉള്‍പ്പെടുന്ന രണ്ടാം മുന്‍കൂര്‍ മൂല്യനിര്‍ണയം 2016-17-ല്‍ ജി ഡി പി 7.1% വളരുമെന്നും പ്രതീക്ഷിക്കുന്നു. ഇത് ഒന്നാംപാദ മുന്‍കൂര്‍ മൂല്യനിര്‍ണയത്തിന് തുല്യമായ നിരക്കാണ്. 2015-16ലേതിനേക്കാള്‍ (7.6%) അര ശതമാനം കുറവ്. എന്നാലിത് CSO-യുടെ കണക്കാക്കല്‍ രീതികളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇന്ത്യയുടെ മുഖ്യ സ്ഥിതിവിവരക്കണക്ക് ഉദ്യോഗസ്ഥന്‍ ടിസി അനന്ത് കുമാര്‍ പോലും സമ്മതിച്ചത് ഈ പുതിയ കണക്കുകളില്‍ നിന്നും നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ച് എന്തെങ്കിലും നിഗമനങ്ങള്‍ താന്‍ ഉണ്ടാക്കില്ല എന്നാണ്. സര്‍ക്കാര്‍ വക്താക്കളാകട്ടെ നോട്ട് നിരോധനം സമ്പദ് രംഗത്തുണ്ടാക്കിയ ആഘാതങ്ങള്‍ പെരുപ്പിച്ചു കാട്ടി എന്നാണ് പുതിയ കണക്കുകള്‍ തെളിയിക്കുന്നതെന്ന് ആവേശഭരിതരായി. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ജാഥകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതീക്ഷിച്ച പോലെ ഈ ‘ഊഹക്കണക്കുകള്‍’ കൊട്ടിഘോഷിച്ചു.

സിഎസ്ഒ രണ്ടു വളര്‍ച്ച കണക്കുകള്‍ പുറത്തുവിട്ടു: വിപണി വിലകളിലുള്ള ജി ഡി പിയും അടിസ്ഥാന വിലകളിലെ മൊത്ത മൂല്യം കൂട്ടിച്ചേര്‍ത്തതും (GVA). ജി വി എ 2016-17-ല്‍ 6.7% വളര്‍ന്ന്, അതായത് 2015-16-നേക്കാള്‍ 1.1% കുറവാണ്. അഥവാ 1.15 ലക്ഷം കോടി രൂപയുടെ കുറവ്. ഈ കണക്കുകള്‍ നോട്ട് നിരോധനത്തിന് ശേഷം അസംഘടിത മേഖലയിലും കുടുംബങ്ങളിലും ഉണ്ടായ തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും പ്രതിഫലിപ്പിക്കുന്നുണ്ട്. അടിസ്ഥാനവിലകളിലെ ജി വി എ പരോക്ഷ നികുതികളെ ഒഴിവാക്കുന്നു. ഇത് സമ്പദ് വ്യവസ്ഥയിലെ യഥാര്‍ത്ഥ വളര്‍ച്ച നിരക്ക് കണക്കാക്കാന്‍ ഉപയോഗിച്ചിരുന്ന factor cost അടിസ്ഥാനമാക്കിയ (പരോക്ഷ നികുതികള്‍ ഒഴിവാക്കി സബ്സിഡികള്‍ കൂട്ടി കണക്കാക്കുന്നത്) ജി ഡി പി കണക്കാക്കല്‍ രീതിയോട് അടുത്ത് നില്ക്കുന്നു. ഈ മുന്‍രീതിക്ക് സാമ്പത്തിക ശാസ്ത്രത്തില്‍ ഉറച്ച അടിത്തറയുണ്ടെന്ന് എന്നതില്‍ സംശയമൊന്നുമില്ല. പുതിയ രീതിയനുസരിച്ചുള്ള ജി ഡി പി മതിപ്പുകണക്ക് പരോക്ഷ നികുതികളും കൂടി കണക്കിലെടുത്താണ്. അധിക നികുതി, അധിക മൂല്യവര്‍ധനാവുണ്ടാക്കുന്ന അധികച്ചെലവിലേക്ക് നയിക്കുമെന്നതിനാല്‍ ഇത് ഇരട്ട കണക്കായി പരിഗണിക്കേണ്ടിവരും.

അടിസ്ഥാന വിലകളിലെ ജി വി എയില്‍ 6.7% വളര്‍ച്ച എന്നു പറയുന്നതു രണ്ടു വര്‍ഷത്തെ തുടര്‍ച്ചയായ വരള്‍ച്ചയ്ക്ക് ശേഷം കാര്‍ഷികോത്പാദനത്തിലെ വര്‍ധനവും (കഴിഞ്ഞ വര്‍ഷത്തെ 0.3%-ത്തെ അപേക്ഷിച്ച് 4.4%) മറ്റ് ഘടകങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിലെ വര്‍ധനവും കാരണമുണ്ടായ പൊതു ഭരണചെലവിലെ ഉയര്‍ന്ന ചെലവും (6.9%-ത്തെ അപേക്ഷിച്ച് 11.2%) ഇതിന് കാരണമാണ്. ഉയര്‍ന്ന റവന്യൂ ചെലവിന് (മൊത്തം പലിശയടവ്) കാരണം വര്‍ധിച്ച പരോക്ഷ നികുതി വരുമാനവും പാര്‍ലമെന്റ് അംഗീകരിച്ച രണ്ടു ഉപധനാഭ്യര്‍ത്ഥനകളും മൂലം സര്‍ക്കാര്‍ ചെലവ് വര്‍ധിച്ചതാണ്. ഇത് വാര്‍ഷിക കണക്കുകളാണ്. 2016-17ലെ മൂന്നാം പാദത്തിനുള്ള (Q3) മതിപ്പുകണക്കുകളില്‍ പോലും കാര്‍ഷിക വളര്‍ച്ചയും പോത്തുചെലവും ഗണ്യമായി കൂടിയിട്ടുണ്ട്.

എന്നാല്‍ മറ്റ് മേഖലകളിലെല്ലാം മുന്‍കൂര്‍ ദേശീയ വരുമാന കണക്കുകള്‍ വാര്‍ഷിക കണക്കുകളിലെ താരതമ്യത്തില്‍ ഭൂരിഭാഗം മേഖലകളിലും ഗണ്യമായ ഇടിവാണ് കാണിക്കുന്നത്. വൈദ്യുതി, കൃഷി, പൊതു ഭരണം എന്നീ ഉയര്‍ന്ന വളര്‍ച്ച മേഖലകളിലൊഴികെ മറ്റ് അഞ്ചു മേഖലകളിലും ഒന്നിച്ചുള്ള വളര്‍ച്ചയെടുത്താലും വലിയ ഇടിവാണ് കാണിക്കുന്നത്. 2016-17ല്‍ 6.4%. 2015-16ല്‍ 9.8% ആയിരുന്നു. ഇതുപോലെ 2016-17-ലെ Q3-ല്‍ വളര്‍ച്ച 5.7%-മായി കുറഞ്ഞു. ഒരു വര്‍ഷം മുമ്പ് അഞ്ചു മേഖലകളും കൂടി രേഖപ്പെടുത്തിയ 10% വളര്‍ച്ചയുടെ പകുതിയായി. ദേശീയ വരുമാനത്തിലെ നഷ്ടം നേരിട്ടു നോട്ട് നിരോധനവുമായി ബന്ധപ്പെട്ടിരിക്കുന്നു. മൂന്നാം പാദത്തിലെ (2016-17) അഞ്ചു മേഖലകളിലെ GVA മതിപ്പുകണക്കുകളും മുഴുവന്‍ കൊല്ലത്തേക്കുള്ള കണക്കുകളും നിര്‍മ്മാണ, സാമ്പത്തികേതര മേഖലകളിലെ അസംഘടിത വിഭാഗത്തെ ഉള്‍ക്കൊള്ളുന്നു.പുതിയ പരമ്പരയിലെ ഈ അസംഘടിത മേഖലകള്‍ക്ക് അതിലുള്ള കാര്യക്ഷമമായ തൊഴില്‍ ശേഷി അടിസ്ഥാനമാക്കുന്ന 2011-12ലെ അടിസ്ഥാന മതിപ്പ് കണക്കുകള്‍ തുടര്‍ന്നുള്ള പുതുക്കിയ കണക്കുകള്‍ക്ക് മാത്രമാണു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഔപചാരിക സമ്പദ് വ്യവ്സ്ഥ സൂചകങ്ങള്‍ അത്ര കൃത്യമല്ലാത്ത ഏറ്റവും അടുത്തായുള്ള മതിപ്പുമൂല്യനിര്‍ണയത്തിന് വരെ ഉപയോഗിക്കുന്നു. എല്ലാ കണക്കുകളും കാണിക്കുന്നത് നോട്ട് നിരോധനം ഏറ്റവും കൂടുതല്‍ ബാധിച്ചത്, സ്വയം തൊഴിലുകാരെയും അസംഘടിത മേഖലയില്‍ ഉള്ളവരെയുമാണ്. ഈ പ്രത്യാഘാതങ്ങള്‍ പുതിയ കണക്കെടുപ്പില്‍ വന്നിട്ടില്ല. അതുകൊണ്ടു GVA മതിപ്പുകണക്കിലെ നഷ്ടം, Q3-ലെ, ഈ കണക്കുകള്‍ കാണിക്കുന്നതിലും എത്രയോ അധികമാകും.

ഒരു കാര്യം വ്യക്തമാണ്, CSO അവതരിപ്പിച്ച തുടര്‍ച്ചയായ മതിപ്പുകണക്കുകള്‍ വളര്‍ച്ചാനിരക്ക് താഴോട്ട് പുതുക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നു. ഈയടുത്ത അനുഭവങ്ങള്‍ വഴികാട്ടിയാണെങ്കില്‍ Q3 വാര്‍ഷിക മതിപ്പുകണക്കും, 2016-17 വര്‍ഷത്തേക്കുള്ള കണക്കുകളും അടുത്ത വട്ടം വീണ്ടും പുതുക്കുമ്പോള്‍ കുറയും. ഇത് denominator കുറയ്ക്കുന്നതുകൊണ്ട് ഭാവിയിലെ ജി ഡി പി വളര്‍ച്ച നിരക്ക് കൂട്ടിക്കാണിക്കും. സമാനമായ അടിത്തറ സ്വാധീനം Q3 മതിപ്പുകണക്കുകളിലും ഉണ്ടായിട്ടുണ്ട്.

CSO-യുടെ മുന്‍കൂര്‍ കണക്കുകള്‍ വെച്ചുകൊണ്ടു നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചില്ല എന്നു സ്ഥാപിക്കാനാണ് ഭരണകക്ഷി ശ്രമിക്കുന്നത്. എന്നാലിത് ഓരോ തവണത്തെയും മൂല്യനിര്‍ണ്ണയ രീതികളെ ചോദ്യം ചെയ്യുന്ന ഒന്നാണ്. അസംഘടിത മേഖലയിലെ കണക്കുകള്‍ക്ക് പകരം ഔപചാരിക മേഖലയിലെ കണക്കുകള്‍ വെച്ച് കണക്കുകൂട്ടുന്ന പരിപാടി തെറ്റായ ഫലങ്ങളിലേക്കാണ് നയിക്കുക. അസംഘടിത മേഖലയിലെ അടിസ്ഥാന മതിപ്പുകണക്കുകളെ അടിസ്ഥാന കാലത്തിനപ്പുറം കൊണ്ടുപോകാവുന്ന കൂടുതല്‍ പ്രത്യക്ഷ സൂചകങ്ങളാണ് വേണ്ടത്. 2016-17ലെ Q3-ലെ മതിപ്പുകണക്കുകള്‍ ഈ പ്രക്രിയയുടെ പരിമിതികള്‍ വെളിപ്പെടുത്തുന്നു. ഇത് വസ്തുനിഷ്ഠമായി സമീപിക്കുന്ന നിരീക്ഷകരെ അമ്പരപ്പിക്കുക മാത്രമല്ല, ഈ സര്‍ക്കാരിന്റെ അപകടകരമായ സാമ്പത്തിക നയങ്ങളെ ന്യായീകരിക്കാന്‍ ഒരവസരം നല്കുകയും ചെയ്യുന്നു. CSO കണക്കുകള്‍ പുന:പരിശോധന നടത്തിയില്ലെങ്കില്‍ അത് സര്‍ക്കാരിനുള്ള പുകമറയാകും എന്നു മാത്രമല്ല, സംശയത്തിന്റെ നിഴലില്‍ തുടരുകയും ചെയ്യും.

(ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധപ്പെടുത്തുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories