TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ ഫുട്ബോളിനെ രക്ഷിക്കാന്‍ സച്ചിന്‍ മാത്രം പോര- അഭിമുഖം/ടി.എ ജാഫര്‍

ഇന്ത്യന്‍ ഫുട്ബോളിനെ രക്ഷിക്കാന്‍ സച്ചിന്‍ മാത്രം പോര- അഭിമുഖം/ടി.എ ജാഫര്‍

"1,20,000 കുട്ടികളെ പരിശീലിപ്പിക്കുമെന്നാണ് സച്ചിന്‍ ഡിക്ലയര്‍ ചെയ്തത്. എന്തിന്റെ അടിസ്ഥാനത്തിലാണെന്നറിയില്ല. കാരണം 1,20,000 കുട്ടികളെ മോള്‍ഡ് ചെയ്‌തെടുക്കുകയെന്നാല്‍ അത് എത്രമാത്രം സാധ്യമാകും ? ഐഎസ്എല്‍ മാമാങ്കത്തിനിടയില്‍ 1,20,000 കുട്ടികളെ ചോക്കൗട്ട് ചെയ്‌തെടുക്കുന്നതെങ്ങനെ? പിന്നെ സച്ചിനെപോലൊരാള്‍ പറഞ്ഞ സ്ഥിതിക്ക് എെന്തങ്കിലും നടന്നുകിട്ടിയാല്‍ നമ്മുടെ കുട്ടികളുടെ ഭാഗ്യം. ഒന്നാലോചിച്ച് നോക്കൂ... 14 ജില്ലയില്‍ നിന്ന് 1,20,000 കുട്ടികളെ കണ്ടെത്തണം. അതായത് ഒരു ജില്ലയില്‍ നിന്ന് ഏതാണ്ട് 8500-ഓളം കുട്ടികള്‍"...

കാലുകളില്‍ വീണ്ടും പന്തുരുളാന്‍ തുടങ്ങിയിരിക്കുന്നു. ആവേശത്തിന്റെ തിരമാലകള്‍ തീര്‍ത്ത് കൊച്ചിയില്‍ ഐഎസ്എല്ലും, മഞ്ചേരിയില്‍ സന്തോഷ് ട്രോഫി തെക്കന്‍ മേഖലാ യോഗ്യതാ മത്സരങ്ങളും നടന്നു. നെഞ്ചിലേക്ക് തെറിച്ചുവീണ കളിയുടെ കനലുമായി ആയിരങ്ങള്‍ ഗ്രാമങ്ങളിലേക്ക് രാത്രിവണ്ടികള്‍ കയറി. കൃഷിയോഴിഞ്ഞ കൃഷിയിടങ്ങളില്‍, നെഞ്ചിലെ ചൂടുമായി പകല്‍ കായാന്‍ രണ്ടറ്റങ്ങളില്‍ ഗോളി പോസ്റ്റുകളുണ്ട്. ചൂടാറുമ്പോള്‍ പതുക്കെ പന്തുരുളാന്‍ തുടങ്ങും. കുറുകിയുമിറുകിയും നീണ്ടകയ്യടികളുമായി പന്തുകള്‍ ആകാശങ്ങള്‍ തേടി പറന്നുയര്‍ന്ന്.... തെരുവുകളിലേക്കും പന്തുകളുരുളുന്നു. അടുത്ത കാലത്തായി കോര്‍പ്പറേറ്റുകള്‍ പണമെറിഞ്ഞു തുടങ്ങിയതോടെ ഫുട്‌ബോളിന് മാര്‍ക്കറ്റ് വാല്യൂ കൂടിയെന്ന് സംസാരം.

ആദ്യമായി സന്തോഷ് ട്രോഫി നേടിയ 1973 ടീം വൈസ് ക്യാപ്റ്റന്‍, 1991 - 92, 1992 - 93 സന്തോഷ് ട്രോഫി വിജയികളായ കേരളാ ടീം കോച്ച്: ടി.എ.ജാഫര്‍, മട്ടാഞ്ചേരിക്കാരുടെ ജാഫറങ്കിള്‍. അദ്ദേഹവുമായുള്ള കാല്‍പന്തുകളിയുടെ വര്‍ത്തമാനത്തില്‍ നിന്ന്.... ഭാഗം- 1. തയാറാക്കിയത്- കെ.ജി ബാലു

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ എനിക്ക് ഫുട്‌ബോളിനോട് താല്പര്യമുണ്ടായിരുന്നു. സാന്റാക്രൂസ് ഹൈസ്‌കൂള്‍, ഹാജി മൂസാ മെമ്മോറിയല്‍ ഹൈസ്‌കൂള്‍, മട്ടാഞ്ചേരി എന്നിവിടങ്ങളിലായിരുന്നു പഠനം. ആനവാതില്‍ അമ്പല ഗ്രൗണ്ടില്‍ പന്തു തട്ടികൊണ്ടായിരുന്നു ഞാന്‍ ഫുട്‌ബോളിലേക്ക് വരുന്നത്. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോള്‍ ഫോട്ട് കൊച്ചി യങ്‌സ്‌റ്റേഴ്‌സ് സ്‌പോട്‌സ് ക്ലബിലാണ് ആദ്യ പരിശീലനം ലഭിക്കുന്നത്. അബുക്കയായിരുന്നു ആദ്യ കോച്ച്.

അന്ന് പരേഡ് ഗ്രൗണ്ടിന്റ അവസ്ഥയല്ല പ്രൗഢി, ശരിക്കും പറഞ്ഞാല്‍ വെല്‍ കാര്‍പെറ്റ് പോലെ കിടന്ന ഗ്രൗണ്ടായിരുന്നു. എല്ലാവരെയും കളിക്കാനനുവദിക്കില്ല. പ്രധാനപ്പെട്ട ക്ലബുകള്‍ക്ക് ഒരു ദിവസം പ്രാക്റ്റീസിനും കളിക്കാനും അനുവാദമുണ്ട്. എല്ലാ ദിവസവും വൈകീട്ട് അഞ്ചു മണിക്ക് കൊച്ചിന്‍ ക്ലബിലെ കളിക്കാര്‍ (അതിന്റെ ആള്‍ക്കാര്‍ മുഴുവനും അന്ന് ബ്രട്ടീഷുകാരായിരുന്നു) ബൂട്ടും കെട്ടി പ്രാക്റ്റീസ് ചെയ്യും.

അന്നത്തെ സൗത്ത് ഇന്ത്യന്‍ ഹോക്കി ടൂര്‍ണമെന്റായ റീഡാര്‍ ട്രോഫി ഹോക്കി ടൂര്‍ണമെന്റ് പരേഡ് ഗ്രൗണ്ടില്‍ നടന്നിരുന്നു. ട്രിച്ചി, കോവല്‍പെട്ടി, ട്രിവാന്‍ഡ്രം എന്നിവിടങ്ങളിലെ ടീമുകള്‍ കളിച്ചിരുന്ന ടൂര്‍ണമെന്റാണത്. യാതൊരുവിധ മിനുക്കുപണികളുമില്ലാതെ, എങ്ങനെയാണോ ഗ്രൗണ്ടുള്ളത് അതുപോലെ, ആ ഗ്രൗണ്ടില്‍ ഹോക്കി ടൂര്‍ണമെന്റുകള്‍ നടന്നു. അന്ന് അത്ര വെല്‍വെറ്റായിരുന്നു നമ്മുടെ പരേഡ് ഗ്രൗണ്ട്. ഇന്ന് മുക്കാല്‍ ഭാഗവും പുല്ലുപോയി കഷണ്ടികയറിയ പോലെയായി.

ഒരു മാച്ച് ഫിക്‌സ് ചെയ്ത് അഞ്ചു മണിയെന്ന് പറഞ്ഞാല്‍ അഞ്ച് മണി. 5.05 ആയാല്‍ ബ്രിട്ടീഷ് ടീം പ്രാക്റ്റീസ് തുടങ്ങും. പിന്നെ മറ്റ് കളിയില്ല. അത്ര കണിശമായിരുന്നു കാര്യങ്ങള്‍. നമ്മുടെ നാട്ടുകാരുടെ കൈയില്‍ കിട്ടിയ ശേഷമാണ് ഈ ദുരവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയത്. ആര്‍ക്കും എന്തും ചെയ്യാമെന്ന സ്ഥിതിവിശേഷമായി. മറ്റത് അങ്ങനെയായിരുന്നില്ല. ആ ഗ്രൗണ്ടിലെ പുല്ലില്‍ ഒന്ന് തൊടണമെങ്കില്‍ അവരുടെ അനുവാദം വേണം. ഇന്ന് ഒരുവഴിക്ക് ആടുമാടുകള്‍, പശുക്കള്‍, കാര്‍ പാര്‍ക്കിങ്ങ്, ബാക്കി വരുന്നിടത്ത് നൂറു കുട്ടികള്‍, നൂറു കളികള്‍... അന്ന് ഗ്രൗണ്ട് നോക്കാനായിട്ട് രണ്ട് സെക്യൂരിറ്റിമാരുണ്ടാകും. അവര്‍ സദാഗ്രൗണ്ടിനു ചറ്റും നടക്കും. അവരുടെ അനുവാദമില്ലാതെ ഗ്രൗണ്ടില്‍ കടക്കാന്‍ പറ്റില്ല. ഇന്ന് ആടുമാടുകള്‍, പശുക്കള്‍, കാറുകള്‍ എല്ലാം ഗ്രൗണ്ടിലാണ്. ഒരു വിഭാഗം നന്നാക്കാന്‍ നോക്കുമ്പോള്‍ മറു വിഭാഗം അതിനെതിരായി പ്രവര്‍ത്തിക്കും. ആര്‍ക്കും ഫുട്‌ബോളിനോട് താല്പര്യമില്ല. ഫുട്‌ബോളിനോടെന്നെല്ല. ഒന്നിനോടും.

ഇന്ത്യയില്‍ മൊത്തത്തില്‍ സ്‌പോര്‍ട്‌സ് വെറുമൊരു കളിമാത്രമാണ്. പുറം രാജ്യങ്ങളില്‍ അത് ഗൗരവ വിഷയമാണ്. അതിനാവശ്യമായ ട്രീറ്റ്‌മെന്റാണ് അവര്‍ നല്‍കുന്നത്. പ്രാക്റ്റീസായാലും ഡയറ്റായാലും മറ്റെന്തായാലും ഡിസിപ്ലിനായിട്ടാണ് കാര്യങ്ങള്‍. 158 ല്‍ നിന്ന് 170-ാം റാങ്കിലാണ് ഫുട്‌ബോളില്‍ നമ്മളിപ്പോള്‍. അതാണ് നമ്മുടെ ഡിസിപ്ലിന്‍. താഴോട്ടാണ്.

ഇവിടെ കളിയിപ്പോള്‍ കച്ചവടമാണ്. ഐഎസ്എല്ലിനെ കൊണ്ടുള്ള ഒരു പ്രധാനപ്പെട്ട ഉപകാരം ഇവിടുത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒരു വിരുന്നായി. വിരുന്ന് വന്നതു കൊണ്ട് ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ഐഎസ്എല്‍ ഒരു ഇളക്കം സൃഷ്ടിച്ചിട്ടുണ്ട്. ഫുട്‌ബോളിനോടുള്ള താല്പര്യം കൂട്ടി. ഇത് കച്ചവടം എന്ന പ്രോപ്പഗാണ്ട പ്രമോഷന്‍ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയെടുത്തതാണ്. കളികാണത്തവനെയും കാഴ്ച്ചക്കാരനാക്കും. ഐപിഎല്‍ പോലെ ഐഎസ്എല്‍. ഇനിയിപ്പോ കളിയേക്കുറിച്ച് പറയുകയാണെങ്കില്‍ ഐഎസ്എല്ലില്‍ മൂന്നോ നാലോ മാച്ചുകള്‍ നന്നായി നടന്നെന്നല്ലാതെ, ഐ ലീഗിനേക്കാള്‍ കുറച്ചുംകൂടി ബറ്ററായിട്ട് കളി നടത്താന്‍ കഴിഞ്ഞുവെന്നല്ലാതെ കളി നിലവാരം നോക്കിയാല്‍ നല്ല മാച്ചുകള്‍ നടന്നുവെന്ന് പറയാന്‍ പറ്റില്ല.

പുറം രാജ്യങ്ങളില്‍ നിന്നും വരുന്ന കളിക്കാര്‍ക്ക് അവരുടെ ടാലന്റ് ഇന്‍ബോണാണ്. 34, 43 വയസായാലും അവര്‍ക്ക് കളിക്കാന്‍ പറ്റുന്നതും അതുകൊണ്ടാണ്. അവരുടെ പാസിങ്ങും, ട്രാപ്പിങ്ങും, ട്രിബ്ലിങ്ങും വളരെയധികം കണ്‍ട്രോള്‍ഡാണ്. ഇവിടെ എല്ലാവരും പറയുന്നത് ഇന്ത്യന്‍ പ്ലയേഴ്സ്സിന് സ്റ്റാമിന ഇല്ല എന്നാണ്. പക്ഷേ അത് തെറ്റാണ്. കഴിഞ്ഞ ഐഎസ്എല്ലില്‍ തന്നെ നമ്മുടെ പ്ലയേഴ്‌സ് നല്ല സ്റ്റാമിനയോടെയാണ് കളിക്കുന്നത്. എനിക്കു തോന്നുന്നത്, നമ്മുടെ പ്ലയേഴ്‌സിന് സ്റ്റാമിനയില്ലായെന്നു പറയേണ്ടി വരുന്നത് അവരുടെ മിസ് പാസും, മിസ് ട്രാപ്പിങ്ങും മൂലമാണ്. അതായത്, നമ്മള്‍ സ്റ്റാമിന അനാവശ്യമായി വേസ്റ്റ് ചെയ്യുന്നു. ഇപ്പോ സ്ഥിതി മാറിത്തുടങ്ങി, പാസിങ്ങിലും മറ്റും കൂറേകൂടി കൃത്യത വന്നുതുടങ്ങി.

എനിക്കു തോന്നുന്നത് പൈസയെറിഞ്ഞ് പൈസ തിരിച്ചു പിടിക്കുകയെന്നത് കൊണ്ട് ഐഎസ്എല്ലിന്റെ ഇനിയുള്ള സീസണുകളില്‍ കുറേയേറെ ചെറുപ്പക്കാരെ കൊണ്ടുവന്നു കളിപ്പിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇന്ത്യന്‍ ഫുട്‌ബോളിന് മെച്ചമുണ്ടാകുമെന്ന് തോന്നുന്നില്ല. അതിന് നമ്മള്‍ 15 വയസിന് താഴെയുള്ള കുട്ടികളെ ഗ്രൗണ്ടില്‍ കൊണ്ടുപോയി കളി കാണിച്ച്, അതുപോലെ ഡിസിപ്ലിനായി കോച്ചിങ്ങ് കൊടുത്തുകൊണ്ടുവേണം തുടങ്ങാന്‍. എന്നാല്‍ മാത്രമേ ഇന്ത്യന്‍ ഫുട്‌ബോള്‍ വളരൂ. ഇപ്പോഴത്തെ കളിക്കാരുടെ ഒരു സാധ്യത അവര്‍ക്ക് വിദേശ കളിക്കാരുമായി കളിക്കാനുള്ള അവസരമുണ്ടായി. പിന്നെ സാമ്പത്തികയിട്ടുള്ള മെച്ചം. ഇതൊന്നുമില്ലാതെ അവരുടെ ടാലന്റോ സ്റ്റാന്‍ന്റേര്‍ഡോ ഉയര്‍ത്തിയെടുക്കണമെങ്കില്‍ അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വരും ഐഎസ്എല്ലില്‍ സീസണുകളില്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് അവരുടെ പെര്‍ഫോമന്‍സ് ഹൈലവലില്‍ നിലനില്‍ത്തിയാല്‍ മാത്രമേ ടീമില്‍ ഇടമുണ്ടാകൂ. ഇപ്പോഴത്തേതിനേക്കാള്‍ മെച്ചപ്പെട്ട ടാലന്റുള്ള ചെറുപ്പക്കാരായ വിദേശ കളിക്കാരെ ഐഎസ്എല്ലില്‍ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കും. കാരണം ഇത് പണമെറിഞ്ഞുള്ള കളിയാണ്. തിരിച്ചു പിടിക്കേണ്ട പണത്തെക്കുറിച്ചും പൂര്‍ണമായ ബോദ്ധ്യം എറിയുന്നവര്‍ക്കുണ്ടായിരിക്കും.

170-ാം റാങ്കിലുള്ള രാജ്യത്തെ കളിക്കാരും അതേ റാങ്ക് നിലവാരത്തിലായിരിക്കും. യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അതുമായി കിടപിടിക്കാന്‍ പോയിട്ട്, മുമ്പില്‍ നില്‍ക്കാന്‍പറ്റില്ല നമ്മുടെ കളിക്കാര്‍ക്ക്. ഹാഡ് വര്‍ക്കിങ്ങ്, ഡിവോട്ടിങ്ങ്, ഡെഡിക്കേഷന്‍, സെല്‍ഫ് ഡിസിപ്ലിന്‍ ഇതിലെല്ലാം നമ്മള്‍ വളരെ പിന്നിലാണ്. ഇതിനെല്ലാം ഉപരി ദൈവം കൊടുത്തൊരു കഴിവുണ്ട്. എല്ലാ കളിക്കാരും ഈ കഴിവുകൊണ്ടാണ് കളിച്ചു മെച്ചപ്പെടുന്നത്. ഒരു കോച്ചിനും ഒരിക്കലുമൊരു കളിക്കാരനെ ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ല. അവന്റെ ടാലന്റ് പോളിഷ് ചെയ്‌തെടുത്ത് ഹൈലെവലില്‍ കൊണ്ടുവരാമെന്നേയൊള്ളൂ, അല്ലാതെ ഇന്‍ബോണ്‍ ടാലന്റില്ലാത്ത ഒരാളെ പ്ലയറാക്കിയെടുക്കാന്‍ സാധിക്കില്ല.

കാണികളെ സംബന്ധിച്ച് കളിയൊരു ഉത്സവമായി മാറും. ആള്‍ക്കാര്‍ കളികാണും, ഗാലറികള്‍ നിറയും, ടിവിയുടെ മുന്നിലും ആളുകൂടും. കൊട്ടിഘോഷിച്ചുകൊണ്ട് നടത്തുന്നതിനാല്‍ കുട്ടികളും കാണാനുണ്ടാകും. പക്ഷേ അതുകൊണ്ടുമാത്രം കളി നന്നാവില്ല. ആ താല്പര്യം വളര്‍ത്തിയെടുത്താല്‍ മാത്രമേ രാഷ്ട്രത്തിനതുകൊണ്ട് ഗുണമുണ്ടാകൂ.

1,20,000 കുട്ടികളെ പരിശീലിപ്പിക്കുമെന്നാണ് സച്ചിന്‍ ഡിക്ലയര്‍ ചെയ്തത്. എന്തിന്റെ അടിസ്ഥാനത്തിലാണെന്നറിയില്ല. കാരണം 1,20,000 കുട്ടികളെ മോള്‍ഡ് ചെയ്‌തെടുക്കുകയെന്നാല്‍ അത് എത്രമാത്രം സാധ്യമാകും ? ഐഎസ്എല്‍ മാമാങ്കത്തിനിടയില്‍ 1,20,000 കുട്ടികളെ ചോക്കൗട്ട് ചെയ്‌തെടുക്കുന്നതെങ്ങനെ? പിന്നെ സച്ചിനെപോലൊരാള്‍ പറഞ്ഞ സ്ഥിതിക്ക് എെന്തങ്കിലും നടന്നുകിട്ടിയാല്‍ നമ്മുടെ കുട്ടികളുടെ ഭാഗ്യം. ഒന്നാലോചിച്ച് നോക്കൂ... 14 ജില്ലയില്‍ നിന്ന് 1,20,000 കുട്ടികളെ കണ്ടെത്തണം. അതായത് ഒരു ജില്ലയില്‍ നിന്ന് ഏതാണ്ട് 8500-ഓളം കുട്ടികള്‍. ഇവര്‍ക്കു വേണ്ട ഗ്രൗണ്ട്, പരിശീലനം, കോച്ച്, അസിസ്റ്റന്റ് കോച്ച്, മെറ്റീരിയല്‍സ്, കുട്ടികളുടെ വെല്‍ഫെയര്‍, ഇതിനൊക്കെ പുറമേ ഇതിനെല്ലാമാവശ്യമായ തുക. സംഘാടനം... ഇതൊന്നും പെട്ടെന്ന് സാധ്യമാകുന്നതല്ല. ആദ്യം ബെയ്‌സ് ഉണ്ടാക്കിയെടുക്കണം. പിന്നെയല്ലേ മേലോട്ട്. ക്രിക്കറ്റ് നോക്കൂ... ഇന്ന് ഇന്ത്യയിലൊട്ടുക്കും അക്കാദമികളുണ്ട്, ഗ്രൗണ്ടുകളുണ്ട്. പല സ്‌കൂളുകളും ക്രിക്കറ്റിനെ പ്രേത്സാഹിപ്പിക്കാനായി പണം ചെലവഴിക്കുന്നു. അതുകൊണ്ടുതന്നെ ക്രിക്കറ്റിന് ഇന്ത്യയില്‍ ഇനിയും മാര്‍ക്കറ്റുണ്ട്.

ഫിഫ കുറച്ചധികം തുക ഫുട്‌ബോളിനായി ഇന്ത്യയില്‍ ചെലവഴിക്കുന്നുണ്ടെന്നാണറിയുന്നത്. പക്ഷേ അത് താഴെത്തട്ടുവരെയെത്തുന്നുണ്ടോ എന്നാരും അന്വേഷിക്കാറില്ല. ഇവിടെ ഫുട്‌ബോളിനെ സംബന്ധിച്ച് ക്ലബാണ് ഏറ്റവും താഴെ. ആദ്യം ക്ലബുകള്‍ കളിക്കാരെ കണ്ടെത്തി പരിശീലിപ്പിച്ച് ക്ലബ് ടീം രൂപീകരിക്കും. ഇങ്ങനെ രൂപപ്പെടുന്ന ക്ലബുകള്‍ ചേര്‍ന്ന് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ രൂപീകരിക്കും ഡിഎഫ്എ (ഡിസ്ട്രിക്റ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍) ചേര്‍ന്ന് കെഎഫ്എ (കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍). കെഎഫ്എയില്‍ നിന്ന് എഐഎഫ്എഫ് (ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍).

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും താഴെതട്ടിലുള്ള ക്ലബുകള്‍ക്ക് ഫൈനാന്‍ഷ്യല്‍ ബെനഫിറ്റോ മറ്റുകാര്യങ്ങളിലോ ഡിഎഫ്എയോ കെഎഫ്എയോ ഒന്നും ചെയ്യുന്നില്ല. ക്ലബുകള്‍ അവരുടെ കൈയിലെ പൈസ കൊണ്ട് കളിക്കാരെ സംരക്ഷിക്കണം. ലീഗ് കളിക്കാനുള്ള ചെലവുവരെ അവര്‍ കണ്ടെത്തണം. ഇന്ന് ഫുട്‌ബോള്‍ പഴയപോലെയല്ല. വളരെ എക്‌സ്‌പെന്‍സീവാണ്.

കുട്ടികള്‍ക്ക് ഇപ്പോള്‍ ഫുട്‌ബോള്‍ തന്നെവേണം കളിക്കാന്‍. എന്റെ ചെറുപ്പത്തില്‍ ടെന്നീസ് ബോളും റബര്‍ പന്തും മാങ്ങാണ്ടിയും തട്ടിതട്ടിയാണ് പന്ത് തട്ടാന്‍ പഠിച്ചത്. ഇന്നത്തെ കുട്ടികള്‍ക്കറിയില്ല ടെന്നീസും റബര്‍ പന്തുമുപയോഗിച്ച് എങ്ങനെ പന്തുതട്ടാമെന്ന്. ഇന്ന് ഞങ്ങള്‍ കളിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ ഫെസിലിറ്റീസുണ്ട്. എന്നാല്‍ സെല്‍ഫ് ഡിസിപ്പിന്‍ ഇല്ല. ഞങ്ങളുടെ തലമുറയുടെ കാലത്ത് ആറ് മണിയെന്ന് പറഞ്ഞാല്‍ ആറ് മണി. ഇന്ന് ആറ് മണിയെന്ന് പറഞ്ഞാല്‍ ഏഴിന് വരും. ഇന്ന് പത്ത് പേര് പ്രക്ടീസിനു വന്നാല്‍ നാളെ പതിനഞ്ച് പേരുവരും. അതില്‍ തന്നെ പത്ത് പേര് പുതിയ കുട്ടികളാകും. പിന്നെങ്ങനെ പരിശീലനത്തില്‍ സ്ഥിരതവരും. ഇവിടെ ഒരു കോച്ചിന്റെ പ്രശ്‌നം ഏന്തെങ്കിലും പറഞ്ഞു കൊടുക്കാമെന്നു കരുതിയാല്‍ കണ്ടിന്യൂയിറ്റി ഇല്ലാതാകുന്നു. സ്ഥിരം വരുന്നവരെ പോലും ശ്രദ്ധിക്കാന്‍ പറ്റാതാകുന്നു. സെല്‍ഫ് ഡിസിപ്ലിന്‍ ഇല്ലാത്തിടത്തോളം ഫുട്‌ബോള്‍ നന്നാകില്ല. നമ്മള്‍ക്ക് സ്വയം ഒരു മനസില്ലാത്തിടത്തോളം ഫുട്‌ബോള്‍ കളിക്കാന്‍ കഴിയില്ല.

ഐ ലീഗിന്റെ കാര്യമെടുക്കൂ... ഇപ്പോള്‍ പഴയപോലെ സ്റ്റാന്‍ഡേര്‍ഡ് തീരേയില്ല. അതുകൊണ്ടുതന്നെ കാണികളും കുറവ്. കാണികളില്ലാതായതോടെ കളിക്കാരുടെ ഇംപ്രൂവ്‌മെന്റ് കുറഞ്ഞു. കാരണം കാണികളാണ് ആവേശം കൊടുക്കുന്നത്. ആവേശത്തിന്റെ പുറത്ത് ചെറിയതെറ്റുകള്‍ തിരുത്തി കളിമെച്ചപ്പെടുത്താന്‍ കളിക്കാര്‍ ശ്രമിക്കും. അതുകൊണ്ടുതന്നെ 62,000 കാണികള്‍ ഐസ്എല്ലിന്റെ അടുത്ത സീസണുകള്‍ മെച്ചപ്പെടുത്തുന്നതില്‍ പ്രധാനപങ്കുവഹിക്കും. സത്യത്തില്‍ അവരാണ് ഫുട്‌ബോള്‍ ഭ്രന്തന്മാര്‍. എവിടുന്നെല്ലാം കഷ്ടപ്പെട്ട് വരണേന്നറിയാമോ... നഗരം അന്ന് അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിക്കും. ഗാലറിയിലിരുന്ന് കളികാണുകയെന്നാല്‍, ഇന്ന് പഴയപോലെ ആസ്വദിക്കാന്‍ കഴിയില്ല. വളരെ ദൂരെയിരുന്ന് വേണം ഇന്ന് കളികാണാന്‍. ഗാലറിയില്‍ സ്‌ക്രീനീങ്ങുകള്‍ ഉണ്ടാകുമെങ്കിലും, കളിയിന്ന് കാണാന്‍ കൂറേകൂടി സൗകര്യം എനിക്കുതോന്നുന്നത് ടിവിയിലൂടെയാണ്. അതാകുമ്പോള്‍ കൃത്യം റീപ്ലേകള്‍ ഉണ്ടാകും. ഇപ്പോഴത്തെ ഗാലറികളാണെങ്കില്‍ ഇളകിമറിയുകയായിരിക്കും. അതൊരാവേശമാണ്. നമ്മക്ക് കളിമാത്രം കാണാന്‍ പറ്റില്ല. അന്ന് കളി കുറേകൂടി അടുത്ത് നിന്നാണ് കാണുന്നത്. മിക്കവാറും മുള ഗാലറിയും ഗ്രൗണ്ടും തമ്മില്‍ ദൂരം കുറവായിരിക്കും. കൂറേകൂടി അടുത്ത് നിന്ന് കളിക്കാരന്റെ മൂമെന്റുകള്‍ കാണിക്കു നേരിട്ട് മനസിലാക്കാന്‍ പറ്റും.

എന്റെ എക്‌സ്പീരിയന്‍സ് വച്ച് പറയുകയാണെങ്കില്‍, ഞങ്ങള്‍ക്ക് മുമ്പുകളിച്ചിരുന്ന തലമുറ അതായത്, ഒളിമ്പ്യന്‍ റഹ്മാന്‍, പി.കെ.ബാനര്‍ജി, എസ്.മുന്ന, സൈമണ്‍ സുന്ദര്‍രാജ്.... ഇങ്ങനെയുള്ള കളിക്കാരുടെ അന്നത്തെ ടാലന്റ് ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. അവരുടെ അറുപതു ശതമാനം കളിയേ ഞങ്ങള്‍ കളിച്ചിട്ടുള്ളൂ. ഞങ്ങളുടെ ബാച്ചെന്നു പറയുന്നത് പ്രീമിയര്‍ ടയേഴ്‌സ്, ടൈറ്റാനിയം, ഫാക്റ്റ്, കെഎസ്ആര്‍ടിസി, കെഎസ്ഇബി, ഏജീസ് ഓഫീസ്... എല്ലാം നല്ല ടീമാണ്... നല്ല കളിക്കാരുമാണ്... അന്ന് ആ തലമുറയിലുണ്ടായിരുന്ന മിക്കവാറും എല്ലാ കളിക്കാരുടെയും വേറെ ബോട്ട്‌സ് ഓരോ കാണികള്‍ക്കുമറിയാം. ഇന്ത്യന്‍ ടീമില്‍ കളിക്കുന്നവരൊക്കെ മോഹന്‍ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ്, കേരളാ ടീം, പ്രീമിയര്‍ ടയേഴ്‌സ്, ടൈറ്റാനിയം, ഫാക്റ്റ് അങ്ങനെ... ആരെക്കെ ഏതൊക്കെ ടീമിലുണ്ടെന്ന് ഏതൊരുകാണിയോടു ചോദിച്ചാലും പറഞ്ഞുതരും. ഞങ്ങള്‍ക്ക് ശേഷം ഐ.എം.വിജയന്‍, ഷറഫലി, പാപ്പച്ചന്‍, സത്യന്‍ അങ്ങനെ നല്ലൊരു ബാച്ച് വന്നു. അതിനുശേഷം ആരെയും ആര്‍ക്കും അറിയില്ലെന്നതാണ് സത്യം. ഒരു ആസിഫ് സൈയ്ദ്... ഒരു എന്‍.പി.പ്രദീപ്... നമ്മുക്കറിയാവുന്നത് തുച്ചമായ ആള്‍ക്കാരെയാണ്. അതേസമയം ഒരു ടീമില്‍ വേണ്ടത് പതിനൊന്നു പേരെയാണ്. അതില്‍ ഒന്നോരണ്ടോപേരെ മാത്രമേ നമ്മുക്കറിയാവുന്നവരായുള്ളൂ.

(തുടരും)

നാളെ: കളി നടത്തുക ഇനി ഇവന്റ് മാനേജ്മെന്‍റുകാര്‍


Next Story

Related Stories