TopTop
Begin typing your search above and press return to search.

11 വര്‍ഷങ്ങള്‍; നീതിക്ക് വേണ്ടി പൊരുതിയ ഒരു ബലാത്സംഗ ഇരയുടെ ജീവിതം

11 വര്‍ഷങ്ങള്‍; നീതിക്ക് വേണ്ടി പൊരുതിയ ഒരു ബലാത്സംഗ ഇരയുടെ ജീവിതം

ആനി ഗോവന്‍
(വാഷിംഗ്ടന്‍ പോസ്റ്റ്)

വെറുമൊരു ടീനേജറായിരുന്ന പ്രായത്തിലാണ് ഒരിക്കല്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ അവളെ ബലമായി ഒരു കാറില്‍ കയറ്റിക്കൊണ്ടു പോയി ഉപദ്രവിച്ചതും കൂട്ട ബലാത്സംഗം ചെയ്തതും.

ഇന്നവള്‍ ശാന്തയായ വിദ്യാര്‍ത്ഥിയാണ്; പക്ഷേ ഈ കാലത്തിനിടയ്ക്ക് മൂന്ന് ഡസനിലധികം പ്രാവശ്യമാണ് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരായത്. ആറ് പ്രത്യേക വിചാരണകള്‍, അവസാനിക്കാത്ത നിയമ നടപടികള്‍.

പണവും അധികാരവുമുള്ള കുടുംബത്തിലെ അംഗമായിരുന്നു പ്രതികളിലെ അവസാനത്തെയാള്‍. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് അയാളും ശിക്ഷിക്കപ്പെട്ടു; കുറ്റം നടന്ന് 11 വര്‍ഷങ്ങള്‍ക്കു ശേഷം. ഈ ദുരിതകാലത്തിനിടയില്‍ അവള്‍ക്ക് സ്കൂളില്‍ പോക്ക് അവസാനിപ്പിക്കേണ്ടി വന്നു. വീടുകളില്‍ നിന്ന് ഓടിപ്പോയ പെണ്‍കുട്ടികളെ പാര്‍പ്പിക്കുന്ന സങ്കേതത്തില്‍ കഴിയേണ്ടി വന്നു. ഇപ്പോഴും പ്രതികളുടെ ഭാഗത്തു നിന്ന് പ്രതികാര നടപടികള്‍ ഉണ്ടായേക്കാം എന്നു ഭയന്ന് പോലീസ് സംരക്ഷണത്തിലാണ് കഴിയുന്നത്.

മനോധൈര്യം തകര്‍ക്കുന്ന നിയമയുദ്ധത്തെ അസാധാരണമായ ധൈര്യത്തോടെ നേരിട്ടു എന്നാണ് അവളെക്കുറിച്ച് ഒപ്പമുള്ളവര്‍ പറയുന്നത്.

"എനിക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, നീതി കിട്ടുക എന്നതു മാത്രം. അത് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു," നിരക്ഷരനായ ഒരു ആക്രിക്കച്ചവടക്കാരന്‍റെ മകളായ ആ പെണ്‍കുട്ടി പറയുന്നു.

കഴിഞ്ഞ പത്തു വര്‍ഷങ്ങളിലെ കണക്കെടുത്താല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമങ്ങളും ബലാല്‍സംഗങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണ്- മണിക്കൂറില്‍ രണ്ടിലധികം ബലാത്സംഗങ്ങള്‍ ഈ രാജ്യത്ത് നടക്കുന്നു എന്ന് ഒരു പഠനം കാണിക്കുന്നു- എന്നിട്ടും ആക്റ്റിവിസ്റ്റുകളും അഭിഭാഷകരും ഉദ്യോഗസ്ഥരും പറയുന്നത് ഇരകളായ സ്ത്രീകള്‍ രാജ്യത്തെ കോടതികളില്‍ വളരെയധികം തടസങ്ങളും പ്രശ്നങ്ങളും നേരിടുന്നുണ്ട് എന്നാണ്. വേണ്ട പരിശീലനം കിട്ടിയിട്ടില്ലാത്ത ഡോക്ടര്‍മാര്‍, നിര്‍ദ്ദയരായ പോലീസുകാര്‍, ഫോറന്‍സിക് നടപടികളിലെ പിഴവുകള്‍, ഇന്ത്യന്‍ നിയമവ്യവസ്ഥയിലെ കാലതാമസം എന്നിവയൊക്കെ അവര്‍ നേരിടുന്ന വെല്ലുവിളികളാണ്. പ്രത്യേകിച്ച് കോടതി നടപടികളിലെ മെല്ലെപ്പോക്കു കാരണം ആക്രമണങ്ങള്‍ക്കിരയായ സ്ത്രീകള്‍ പലപ്പോഴും മാനസികമായി തളരുകയോ അല്ലെങ്കില്‍ പ്രതികളുടെ കുടുംബങ്ങളുമായി ഒത്തുതീര്‍പ്പിലെത്തുകയോ ചെയ്യുന്നു.

ഈയടുത്ത വര്‍ഷങ്ങളില്‍ ബലാത്സംഗത്തിനെതിരെ നിയമം ശക്തിപ്പെടുത്തിയും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളിലെ നടപടികള്‍ വേഗത്തിലാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിച്ചും ഇന്ത്യ ഇതിനോട് പ്രതികരിച്ചുവെങ്കിലും ഈ കോടതികളിലും അതിന്‍റേതായ താമസമുണ്ട്. പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതിന്‍റെ നിരക്ക് ചില സംസ്ഥാനങ്ങളില്‍ ഞെട്ടിപ്പിക്കുന്നത്രയും കുറവാണ്.

കേസിലെ അവസാന പ്രതി ഇക്കഴിഞ്ഞ ഏപ്രിലില്‍ 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതോടെ പിങ്ക് സാരിയണിഞ്ഞും പോരാട്ടത്തില്‍ ഒപ്പം നിന്ന കുടുംബാംഗങ്ങള്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കുമൊപ്പം മധുരം പങ്കിട്ടും ആ പെണ്‍കുട്ടി ആഘോഷിച്ചു. പക്ഷേ ഒന്നും ഇവിടെ അവസാനിക്കുന്നില്ല.

"എന്തിന് അവരിത് ചെയ്തു എന്നു ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട്. എങ്ങനെ എന്‍റെ ജീവിതം നശിപ്പിക്കാന്‍ അവര്‍ക്കായി, ഞാന്‍ പാവപ്പെട്ടവളും അവര്‍ പണക്കാരുമായതു കൊണ്ടോ?" ഈയിടെ ആ ചെറുപ്പക്കാരി ചോദിച്ചു.തട്ടിക്കൊണ്ടു പോയത് തെരുവില്‍ നിന്ന്
അന്ന് 13 വയസ്സു മാത്രമുണ്ടായിരുന്ന പെണ്‍കുട്ടി താന്‍ വേലക്കാരി ആയി ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്ന് അനിയനോടൊപ്പം മടങ്ങുമ്പോഴാണ് കറുത്ത ചില്ലുള്ള ഒരു കാര്‍ അടുത്തു വന്നു നിന്നത്. 2005ലെ മഴ പെയ്തിരുന്ന ആ രാത്രി 17 മുതല്‍ 19 വയസ്സു വരെ പ്രായമുണ്ടായിരുന്ന നാലു ചെറുപ്പക്കാര്‍ മദ്യപിച്ച് ഒരു പെണ്ണിനെ തിരക്കി നടക്കുകയായിരുന്നു എന്ന് അവര്‍ പിന്നീട് പോലീസിനോട് സമ്മതിച്ചു. രണ്ടു പേര്‍ പുറത്തിറങ്ങി പെണ്‍കുട്ടിയെ ബലമായി കാറില്‍ പിടിച്ചു കയറ്റി, പേടിച്ചു കരയുന്ന സഹോദരനെ അവഗണിച്ച് അവര്‍ വണ്ടി ഓടിച്ചു പോയി.

സിഗരറ്റ് ലൈറ്റര്‍ കൊണ്ടു പൊള്ളിച്ചും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയും അവര്‍ പല മണിക്കൂറുകള്‍ ഉപദ്രവിച്ചതായി പെണ്‍കുട്ടി ഓര്‍ക്കുന്നു. ദൂരെയുള്ള ഒരു ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ മറ്റുള്ളവരും ചേര്‍ന്നു. യൂക്കാലിപ്റ്റസ് മരങ്ങള്‍ കൊണ്ടു ചുറ്റപ്പെട്ട, പൊടി പിടിച്ചു കിടന്നിരുന്ന ഒരു വര്‍ക്ക്ഷോപ്പില്‍ മരപ്പലകയില്‍ കിടത്തി അവളെ ബലാത്സംഗം ചെയ്തു. സംഭവസ്ഥലത്തു നിന്ന് പിന്നീട് പെണ്‍കുട്ടിയുടെ മുടിയിഴകളും പാന്‍റീസും ചെരിപ്പുകളും പോലീസ് കണ്ടെടുത്തു. ആ കൂട്ടത്തിന്‍റെ ലീഡറായിരുന്ന ഗൌരവ് ശുക്ലയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലമായിരുന്നു അത്. ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളവരായിരുന്നു അവര്‍.

ഈ സംഭവം നടന്നത് ഉത്തര്‍പ്രദേശിലാണ്. 20 കോടിയിലധികമാണ് അവിടത്തെ ജനസംഖ്യ; ഏതാണ്ട് ബ്രസീലിനൊപ്പം. ദരിദ്ര സംസ്ഥാനമാണ്. ഇവിടത്തെ പുരുഷാധിപത്യ സ്വഭാവമുള്ള സാമൂഹ്യവ്യവസ്ഥയും രാഷ്ട്രീയ രംഗത്തെ ഗുണ്ടാവിളയാട്ടവും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന റേപ് കേസുകളുടെ എണ്ണം ഇന്ത്യയിലെ മറ്റു ഭാഗങ്ങളെക്കാള്‍ അടുത്ത കാലത്തായി ഇവിടെ കൂടുതലാണ്. 2014നും 2015നുമിടയ്ക്ക് ഇത്തരം കേസുകളുടെ എണ്ണത്തില്‍ ഇരട്ടിയിലധികമാണ് വര്‍ദ്ധനവുണ്ടായത്. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ നേതാവായ മുലായം സിങ് യാദവ് ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത് വിവാദമായിരുന്നു. "പയ്യന്മാരല്ലേ, അവര്‍ക്ക് തെറ്റു പറ്റും," എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.

ശുക്ലയ്ക്ക് അന്ന് 18 വയസ്സായിരുന്നു. അഹങ്കാരി, "പണക്കാരനായ അച്ഛന്‍റെ മുടിയനായ പുത്രന്‍," എന്നാണ് അയാളെ പറ്റി അയല്‍ക്കാരിലൊരാള്‍ പറഞ്ഞത്. കുറ്റകൃത്യത്തില്‍ ശുക്ല ഉള്‍പ്പെട്ടിട്ടില്ല എന്നാണ് അയാളുടെ വക്കീല്‍ പറയുന്നത്; ഗൂഢാലോചനയ്ക്കും കൊലപാതകശ്രമത്തിനും ശുക്ലയ്ക്കെതിരെ ചാര്‍ജ്ജുകള്‍ ഉണ്ടെന്നും "ഗാങ്സ്റ്റര്‍ കോര്‍ട്ട്" എന്നറിയപ്പെടുന്ന കോടതിയില്‍ ഇയാള്‍ക്കെതിരെ കേസുണ്ടെന്നും വക്കീല്‍ സമ്മതിക്കുന്നുണ്ട്.

അഭിഭാഷകന്‍ കൂടിയായ ശുക്ലയുടെ സഹോദരന്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ചു.

പീഡനത്തിനു ശേഷം പെണ്‍കുട്ടിയെ റോഡരികില്‍ ഇറക്കിവിട്ട സംഘം ഒരു ഇരുപതു രൂപ നോട്ട് എറിഞ്ഞു കൊടുത്തശേഷം വണ്ടിയോടിച്ചു പോയി. ശരിക്ക് നടക്കാന്‍ പോലും വയ്യാതിരുന്ന ആ കുട്ടി ഗ്രാമത്തിലെ ചില സ്ത്രീകളെ കണ്ടപ്പോള്‍ സഹായം ചോദിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ദയനീയ രൂപം കണ്ട ആ സ്ത്രീകള്‍ ആദ്യം പ്രേതമാണെന്ന് കരുതിയത്രെ.

"പ്രേതമല്ല, ഞാന്‍ മനുഷ്യസ്ത്രീ തന്നെയാണ്, എന്നെ സഹായിക്കൂ," എന്ന് ഞാന്‍ അവരോട് അഭ്യര്‍ത്ഥിച്ചു.

ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് രക്തമൊലിപ്പിച്ച്, നടക്കാന്‍ വയ്യാതെ പോലീസ് സ്റ്റേഷനിലെത്തിക്കപ്പെട്ട ആ കുട്ടിയുടെ രൂപം താന്‍ മറക്കില്ലെന്ന് ലഖ്നൌ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആര്‍.കെ.എസ് റാഥോഡ് പറയുന്നു.

"ക്രൂരമായ പീഢനം നടന്നുവെന്നത് വ്യക്തമായിരുന്നു," റാഥോഡ് പറയുന്നു.

തുടക്കം മുതലേ പോലീസിന്‍റെയും സ്വന്തം പിതാവിന്‍റെയും പിന്തുണ പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നു. ആക്രിക്കച്ചവടക്കാരനായ സബ്രുദീന്‍ തന്‍റെ മകള്‍ക്കുണ്ടായ ദുരനുഭവം കണ്ട് ദേഷ്യം സഹിക്കാതെ പൊട്ടിത്തെറിച്ചു.

അക്കാര്യത്തില്‍ അവള്‍ക്കു ഭാഗ്യമുണ്ടായിരുന്നു: മാനക്കേട് ഭയന്നു പല കുടുംബങ്ങളും ഇത്തരം കുറ്റങ്ങള്‍ക്കെതിരെ പരാതിപ്പെടാറില്ല. കുറ്റകൃത്യങ്ങളുടെ എണ്ണം കുറച്ചു കാണിക്കാന്‍ വേണ്ടിയും താല്‍പ്പര്യമില്ലായ്മ കൊണ്ടുമൊക്കെ പോലീസും പരാതി നല്‍കുന്നതില്‍ നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കാറുണ്ട്. ഈ പ്രവണതകള്‍ പുതിയ നിയമങ്ങള്‍ വന്നതോടെ കുറഞ്ഞിട്ടുണ്ട്.

അടുത്തുള്ള എമര്‍ജന്‍സി റൂമില്‍ പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ മുറിവുകളും പോറലും കണ്ടപ്പോള്‍ റേപ്പ് നടന്നിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനയ്ക്കായി വനിതാ ഡോക്ടര്‍ക്ക് റെഫര്‍ ചെയ്തു.

സംഭവം നടന്നതിന്‍റെ പിറ്റേന്ന് അമിതമായ രക്തസ്രാവത്തെ തുടര്‍ന്നു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. ആഴ്ചകളോളം ബ്ലീഡിങ് നീണ്ടു നില്‍ക്കുകയും ചെയ്തു. എന്നിട്ടും ആ വനിതാ ഡോക്ടര്‍ ബ്ലീഡിങ് ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ടില്‍ എഴുതിയത്. പോലീസും കുടുംബാംഗങ്ങളും വ്യക്തമായി കണ്ട പൊള്ളലിന്‍റെ പാടുകളും അവര്‍ രേഖപ്പെടുത്തിയില്ല. പെണ്‍കുട്ടിയുടെ കന്യാചര്‍മ്മത്തിന് ഭംഗമേറ്റിട്ടുണ്ടെങ്കിലും ബലാത്സംഗം നടന്നോ എന്നതിനെ പറ്റി "വ്യക്തമായ അഭിപ്രായം പറയാന്‍ നിര്‍വ്വാഹമില്ലെ"ന്നായിരുന്നു അവരുടെ നിഗമനം.

ശരിയായ പരിശീലമില്ലാത്ത ഡോക്ടര്‍മാര്‍, അശ്രദ്ധമായ തെളിവുശേഖരണം, ഫോറന്‍സിക് ലാബുകളുടെ അഭാവം എന്നിവയൊക്കെ പല ബലാത്സംഗക്കേസുകളിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. 2014ല്‍ മാത്രമാണ് ലൈംഗികാതിക്രമ കുറ്റങ്ങളിലെ പരിശോധനയില്‍ ഡോക്ടര്‍മാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവില്‍ വന്നത്.

ഒരുകാലത്ത് റേപ്പ് കേസുകളിലെ പരിശോധനാ രീതിയായിരുന്ന 'ടു ഫിംഗര്‍ ടെസ്റ്റും' ആ ഡോക്ടര്‍ നടത്തുകയുണ്ടായി. കന്യാചര്‍മ്മത്തിന്‍റെ അവസ്ഥ പരിശോധിക്കാനായി രണ്ടു വിരലുകള്‍ ഉപയോഗിക്കുന്ന രീതിയാണിത്. ബലാത്സംഗത്തിനിരയായ സ്ത്രീ മുന്‍പ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നു തെളിയിക്കാന്‍ പ്രതിഭാഗം അഭിഭാഷകര്‍ സ്ഥിരം പ്രയോഗിച്ചിരുന്ന വാദമാണിത്. എന്നാല്‍ ഈ പരിശോധനാഫലത്തിന് പ്രസക്തിയില്ലെന്ന് കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. "ഇരയില്‍ കുറ്റമാരോപിക്കുന്ന" ഇത്തരം മനോഭാവത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നും എതിര്‍ത്തു പോന്നിട്ടുണ്ട്.

ഡോക്ടര്‍മാര്‍ക്കുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ നിന്ന് ടു ഫിംഗര്‍ ടെസ്ട് എടുത്തു കളയുകയും സുപ്രീം കോടതി 2013ല്‍ ഇത് നിയമവിരുദ്ധമാക്കുകയും ചെയ്തിട്ടുപോലും "ഇപ്പോഴും അത് ചെയ്യുന്നു"ണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ലളിത കുമാരമംഗലം പറയുന്നു.

കുടുംബത്തിനു മേല്‍ സമ്മര്‍ദ്ദം
ഈയിടെ ഒരു ദിവസം വൈകുന്നേരം ഞങ്ങള്‍ സംസാരിച്ചു. ലഖ്നൌവിലെ താഴ്ന്ന വരുമാനക്കാര്‍ താമസിക്കുന്ന പ്രദേശത്തെ തങ്ങളുടെ ചെറിയ കോണ്‍ക്രീറ്റ് വീടിന്‍റെ മുന്‍വശത്തെ മുറിയിലിരുന്നു ചായ കുടിച്ച്, ചൂടുള്ള ജിലേബി തിന്നുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. അടുത്തുള്ള റെയില്‍പ്പാതയിലൂടെ വല്ലപ്പോഴും ട്രെയിന്‍ കടന്നു പോകുന്ന ശബ്ദം കേള്‍ക്കാം. ഇരുട്ടു വീണു, ഒരൊറ്റ ബള്‍ബ് മുറിയില്‍ പ്രകാശിച്ചു കൊണ്ടിരുന്നു.

"കഴിഞ്ഞ 11 വര്‍ഷങ്ങളില്‍ ഒരു ദിവസം പോലും ഞങ്ങള്‍ സന്തോഷത്തോടെ കഴിച്ചു കൂട്ടിയിട്ടില്ല," ആ അമ്മ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ചതിനെ തുടര്‍ന്നു ഈ നഗരത്തിലേയ്ക്ക് കുടിയേറുന്നതു വരെ ആ കുടുംബം കിഴക്കന്‍ സംസ്ഥാനമായ അസാമിലായിരുന്നു ജീവിച്ചിരുന്നത്; ഇപ്പോഴും ആ പ്രദേശത്തെ ഭാഷയാണ് അമ്മ സംസാരിക്കുന്നത്.

ആ സംഭവത്തിനു ശേഷമുള്ള ദിവസങ്ങളെപ്പറ്റി ഇപ്പോഴും കണ്ണീരോടെയല്ലാതെ അവര്‍ക്ക് സംസാരിക്കാവുന്നില്ല. ശുക്ലയുടെ ആള്‍ക്കാര്‍ വന്ന് കേസ് പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നത്, സംരക്ഷണം നല്‍കുന്നതിനായി മകളെ തന്നില്‍നിന്നു മാറ്റി പാര്‍പ്പിച്ചത്, 18 മാസത്തോളം വീടുകളില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളെ താമസിപ്പിക്കുന്ന കേന്ദ്രത്തിലാക്കിയത്, മാസത്തില്‍ ഏതാനും തവണകള്‍ മാത്രം അവളെ കാണാന്‍ അനുവദിച്ചിരുന്നത്.

രഹസ്യ വിവരങ്ങളുടെയും മൊബൈല്‍ കോള്‍ റെക്കോഡുകളുടെയും അടിസ്ഥാനത്തില്‍ താമസിയാതെ തന്നെ ശുക്ലയെയും അഞ്ചു കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തതായി റാഥോഡ് പറയുന്നു. 200-ല്‍ രണ്ടു പേരെയും 2013ല്‍ ഒരാളെയും ഈ കേസില്‍ കോടതി ശിക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പ്രതികള്‍ തടവു ശിക്ഷ അനുഭവിച്ച ശേഷം രണ്ട് വ്യത്യസ്ത റോഡപകടങ്ങളില്‍ മരണമടഞ്ഞു.

അതേസമയം കുറ്റകൃത്യം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് തെളിയിക്കാന്‍ ശുക്ലയും അയാളുടെ അഭിഭാഷകരും നീണ്ട നിയമപോരാട്ടത്തില്‍ തന്നെ ഏര്‍പ്പെട്ടു; വര്‍ഷങ്ങള്‍ കടന്നു പോയി. അസുഖവും മറ്റ് കാരണങ്ങളും കാണിച്ച് ഹാജരാകാതെയിരിക്കുന്നതിന് കോടതി തുടര്‍ച്ചയായി അവരെ ശാസിച്ചു.

ലഖ്നൌവിലെ അഭിഭാഷകയും ലീഗല്‍ എഴുത്തുകാരിയുമായ പദ്മ കീര്‍ത്തി പറയുന്നത് തങ്ങളുടെ കക്ഷികള്‍ക്ക് ജയില്‍ ശിക്ഷ ഒഴിവാക്കാന്‍ വിചാരണ നീട്ടി നീട്ടി കൊണ്ടുപോകുന്ന പ്രതിഭാഗം അഭിഭാഷകന്‍മാരുണ്ടെന്നാണ്. സമരങ്ങളില്‍ പങ്കെടുത്തും മതപരമായ ചെറിയ ഉല്‍സവങ്ങളില്‍ വരെ അവധിയെടുത്തും ബാര്‍ അസോസിയേഷനും കാലതാമസം ഉണ്ടാക്കുന്നു. കനത്ത ഫീസ് നല്‍കി അഭിഭാഷകരെ ഏര്‍പ്പാടാക്കാന്‍ കഴിവുള്ളവരെ മാത്രമാണ് ഈ നാട്ടിലെ വ്യവസ്ഥ തുണയ്ക്കുന്നത്. അതേസമയം പെണ്‍കുട്ടിയുടെ കുടുംബം കേസിന്‍റെ ചെലവുകള്‍ക്കായി ഉണ്ടായിരുന്ന രണ്ട് എരുമകളെ വിറ്റു; കൂടാതെ ധനസഹായം അഭ്യര്‍ത്ഥിക്കേണ്ടതായും വന്നു. നീതിക്കു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പില്‍ അവള്‍ ഒറ്റയ്ക്കായിരുന്നില്ല.

ഇന്ത്യയിലെ നിയമവ്യവസ്ഥ വിശകലനം ചെയ്യുന്ന ബാംഗ്ലൂരിലെ സിവില്‍ സൊസൈറ്റി സംഘടനയായ ദക്ഷ് പറയുന്നത് കീഴ്ക്കോടതി വിചാരണകള്‍ ശരാശരി ആറു വര്‍ഷങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാകുന്നത് എന്നാണ്. ഹൈക്കോടതി, സുപ്രീം കോടതി അപ്പീലുകളിലൂടെ ഈ കാലയളവ് ഇനിയും നീളാം. വിവിധ പഠനങ്ങള്‍ കാണിക്കുന്നത് യു‌എസ് സ്റ്റേറ്റ് കോടതികളില്‍ അറസ്റ്റിനും മുഴുവന്‍ പ്രതികളുടെയും വിധി നിര്‍ണ്ണയത്തിനും ഇടയിലുള്ള സമയം 110 ദിവസങ്ങളാണെന്നാണ്; ബലാല്‍സംഗ കേസുകളില്‍ 250 ദിവസവും.

പെണ്‍മക്കള്‍ ഒളിച്ചോടി പോകുമ്പോള്‍ മുഖം രക്ഷിക്കാന്‍ വേണ്ടി കുടുംബങ്ങള്‍ ഫയല്‍ ചെയ്യുന്ന ബലാത്സംഗ കേസുകളും ആണുങ്ങള്‍ വിവാഹ വാഗ്ദാനം ലംഘിക്കുമ്പോള്‍ പ്രതികാരമായി കൊടുക്കുന്ന കേസുകളുമൊക്കെ കൂടി ഇന്ത്യയിലെ വ്യവസ്ഥയെ സ്തംഭിപ്പിക്കുകയാണ്. ഇത് യഥാര്‍ത്ഥ ഇരകളുടെ സമയവും പണവും നഷ്ടമാക്കുന്നു.നിലച്ചു പോയ ജീവിതം
കേസ് മുന്നോട്ടു പോകേ, ഇന്ത്യയും മാറുകയായിരുന്നു. വളരുന്ന സമ്പദ് വ്യവസ്ഥയില്‍ ലക്ഷക്കണക്കിനു പെണ്‍കുട്ടികള്‍ പുതിയ തൊഴിലുകളിലേര്‍പ്പെട്ടു. അവര്‍ മൊബൈല്‍ ഫോണുകള്‍ സ്വന്തമാക്കി, സോഷ്യല്‍ മീഡിയയില്‍ സജീവമായി. ഉള്ളിലടക്കിയിരുന്ന വിക്ഷോഭങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ഇന്ത്യയെ പിന്നോട്ടടിച്ചിരുന്ന ലിംഗവിവേചനത്തിനും പുരുഷാധിപത്യത്തിനുമെതിരെ സ്ത്രീകള്‍ ആഞ്ഞടിച്ചു.

തന്‍റെ ജീവിതം നിലച്ചു പോയതു പോലെയായിരുന്നു എന്ന് ആ പെണ്‍കുട്ടി പറയുന്നു. എന്നാണ് അവള്‍ക്കിനി സാധാരണ പോലെ സ്കൂളില്‍ പോകാനാകുക? മാര്‍ക്കറ്റില്‍ പോകാനും തെരുവോരത്തെ കടകളില്‍ നിന്നു ഭക്ഷണം കഴിക്കാനും കൂട്ടുകാരികളോട് തമാശ പറഞ്ഞു പൊട്ടിച്ചിരിക്കാനും സാധിക്കുക? ഇതിനിടയ്ക്ക് ശുക്ലയുടെ വിവാഹം ആഡംബരപൂര്‍വ്വം നടന്നു; അയാള്‍ക്കൊരു മകനുണ്ടായി.

"എന്‍റെ അയല്‍പക്കക്കാര്‍ക്കും എല്ലാവര്‍ക്കും കേസിനെ കുറിച്ചറിയാം. എനിക്കാണ് അഭിമാനം നഷ്ടമായത്, എന്‍റെ കുട്ടിക്കാലം നഷ്ടമായത്. അയാള്‍ വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കുന്നു," അവള്‍ പറയുന്നു.

അങ്ങനെയിരിക്കെയാണ് 2012-ല്‍ ന്യൂഡല്‍ഹിയില്‍ ഒരു കോളേജ് പെണ്‍കുട്ടി ബസ്സില്‍ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. തുടര്‍ന്ന് ലോകമെമ്പാടും അലയടിച്ച പ്രതിഷേധവും രോഷവും രാജ്യത്തു വ്യാപിച്ചിരിക്കുന്ന ലൈംഗിക അതിക്രമങ്ങളെ നേരിടാന്‍ ഇന്ത്യയെ നിര്‍ബന്ധിതമാക്കി. ബലാത്സംഗം, ലൈംഗികപീഢനം, മനുഷ്യക്കടത്ത് എന്നിവയ്ക്കെതിരെയുള്ള നിയമങ്ങള്‍ ശക്തമാക്കിയ ഇന്ത്യ 289 മില്ല്യണ്‍ ഡോളറാണ് റേപ്പ് ക്രൈസിസ് സെന്‍ററുകള്‍ക്കും ഹെല്‍പ്പ് ലൈനുകള്‍ക്കും പ്രത്യേക അന്വേഷകര്‍ക്കുമായി നീക്കി വച്ചത്. ഒരു ഗവണ്‍മെന്‍റ് റിപ്പോര്‍ട്ടനുസരിച്ച് അതിന്‍റെ നാലിലൊന്നു പോലും ഇതുവരെ ചെലവഴിക്കപ്പെട്ടിട്ടില്ല.

പ്രതിഷേധങ്ങള്‍ തുടര്‍ന്നു; ഒരു വര്‍ഷത്തിനു ശേഷം സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ നൂറുകണക്കിനു സ്ത്രീകളാണ് ലഖ്നൌ തെരുവുകളില്‍ ഇറങ്ങിയത്. അവര്‍ ഫാസ്റ്റ് ട്രാക്ക് കോടതികളും ശുക്ല കേസില്‍ വിചാരണയും ആവശ്യപ്പെട്ടു.രാജ്യമെങ്ങും ആരംഭിച്ച 400 അതിവേഗ വിചാരണ കോടതികളില്‍ ഒന്നിലേയ്ക്ക് 2015 ജനുവരിയില്‍ ഈ കേസ് റെഫര്‍ ചെയ്യപ്പെട്ടു.

എന്നിട്ടും നടപടികള്‍ സുഗമമായിരുന്നില്ല. ശുക്ലയുടെ അഭിഭാഷകര്‍ ഹിയറിങ്ങുകള്‍ക്ക് ഹാജരായില്ല. ബാര്‍ അസോസിയേഷന്‍ സമരം മൂലം രണ്ടു തവണ വിചാരണ മാറ്റേണ്ടതായി വന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ കേസ് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അടങ്ങിയ ഫയല്‍ ദുരൂഹമായ രീതിയില്‍ കാണാതായി; മാസങ്ങള്‍ക്കു ശേഷം അത് തിരികെ ലഭിച്ചു.

"ഫാസ്റ്റ് ട്രാക്ക് കോടതി നടപടികളും പതുക്കെയാണ് നീങ്ങുന്നത്. സാധാരണ കോടതികളെക്കാള്‍ ഫലപ്രദമാണവ. എന്നാല്‍ വ്യവസ്ഥയില്‍ ആകമാനം ഉള്ള പ്രശ്നങ്ങളാല്‍ ഇപ്പോഴും കാലതാമസം ഉണ്ടാകുന്നു," ഉത്തര്‍പ്രദേശ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ബുള്‍ബുള്‍ ഗോദിയാല്‍ പറഞ്ഞു.

സംസ്ഥാനത്തെ ലീഗല്‍ സര്‍വ്വീസ് അഥോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ഈ കോടതികളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതിന്‍റെ നിരക്ക് വളരെ കുറവാണ്; 5 മുതല്‍ 10 ശതമാനം വരെ മാത്രം. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റങ്ങളില്‍ ഇത് ദേശീയ തലത്തിലെ ശിക്ഷാ നിരക്കിന്‍റെ പകുതിയാണ്.

അവസാനം വിചാരണ തുടങ്ങിയതോടെ വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ ഡിസംബറില്‍ അവള്‍ തന്നെ ആക്രമിച്ചയാളെ കോടതിയില്‍ മുഖാമുഖം കണ്ടു. അയാള്‍ മീശ വച്ചിരുന്നു, തടിച്ച് ഒത്ത മനുഷ്യനായിരിക്കുന്നു.

ഏതാനും ആഴ്ചകള്‍ക്കു ശേഷം മൊഴി നല്‍കുമ്പോള്‍ അവള്‍ വികാരവിക്ഷോഭം മൂലം അസ്വസ്ഥയായി, ഛര്‍ദ്ദിച്ചു. അന്ന് താല്‍ക്കാലികമായി കോടതി പിരിഞ്ഞു.

വീണ്ടും തുടങ്ങുന്നു
കേസില്‍ സഹകരിച്ചിരുന്ന വനിതാ അഭിഭാഷകരുടെ സഹായത്തോടെ മറ്റൊരു സ്കൂളില്‍ പഠനം തുടര്‍ന്ന ആ പെണ്‍കുട്ടി ഇപ്പോള്‍ പതിനൊന്നാം ഗ്രേഡ് പൂര്‍ത്തിയാക്കിയിരിക്കുന്നു.

സാധാരണ സ്കൂളില്‍ ഒന്‍പതാം ഗ്രേഡില്‍ പഠനമാരംഭിച്ചിരുന്നുവെങ്കിലും കുട്ടികള്‍ അവളെ തുറിച്ചു നോക്കാനും ചൂണ്ടിക്കാട്ടി 'ബലാത്സംഗത്തിനിരയായവള്‍' എന്നു വിളിക്കാനുമൊക്കെ തുടങ്ങിയതോടെ നാണക്കേടു മൂലം അവിടെ പോകാതെയായി. അതില്‍ നിന്നൊക്കെയുള്ള സ്വാതന്ത്ര്യമാണ് ഇന്നവള്‍ ആഗ്രഹിക്കുന്നത്; തന്‍റെ ജീവിതത്തിന്‍റെ പകുതി കവര്‍ന്നെടുത്ത കേസില്‍ നിന്നുള്ള മുക്തി.

20-കളുടെ മദ്ധ്യത്തിലെത്തിയ അവള്‍ ഇപ്പോള്‍ പന്ത്രണ്ടാം ഗ്രേഡിലാണ്. ഒരു ജഡ്ജിയാവണമെന്നും ആസാമില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരനെ വിവാഹം കഴിക്കണമെന്നുമൊക്കെയാണ് അവളുടെ ഇപ്പോഴത്തെ സ്വപ്നങ്ങള്‍.

"എന്‍റെ കാര്യങ്ങള്‍ എല്ലാം അറിഞ്ഞ് സ്വീകരിക്കുന്ന ഒരാള്‍, പിന്നെ അതിനെ പറ്റി പറഞ്ഞ് എന്നെ വിഷമിപ്പിക്കാത്ത ആള്‍," അവള്‍ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

കേസില്‍ സഹായിച്ചു കൊണ്ടിരുന്ന ആ നാട്ടിലെ ഒരു വക്കീല്‍ പറഞ്ഞത് ഇതിനിടെ ഒരിക്കലും ആ കുട്ടി ധൈര്യം കൈവെടിഞ്ഞില്ല എന്നാണ്.

"അവളെ സമ്മതിച്ചേ തീരൂ. കേസ് ഇത്രയൊക്കെ നീണ്ടു പോയപ്പോഴും അവളുടെ ശക്തിയും ഉറച്ച മനസ്സുമാണ് ജയിക്കാന്‍ ഞങ്ങളെ സഹായിച്ചത്," ലഖ്നൌവിലെ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകയായ മധു ഗാര്‍ഗ് പറഞ്ഞു.

അടുത്തുള്ള ഒരു ഷോപ്പിനു മുന്നില്‍ ദിവസേന നടത്തുന്ന കമ്പ്യൂട്ടര്‍ ക്ലാസ്സുകളാണ് ഇന്നവളുടെ ആശ്വാസം. അവിടെ ഈ കാര്യങ്ങള്‍ ആര്‍ക്കുമറിയില്ല, അതങ്ങനെ തന്നെ ആയിരിക്കാന്‍ വേണ്ടി സംരക്ഷണത്തിനു കൂടെയുള്ള പൊലീസുകാരെ പോലും അവിടെ പോകുമ്പോള്‍ ഒഴിവാക്കുന്നു.

"ആ സംഭവത്തിനു ശേഷം എനിക്ക് ആണ്‍കുട്ടികളെ പേടിയായിരുന്നു. പക്ഷേ എന്‍റെ കൂടെ പഠിക്കുന്ന ആണ്‍കുട്ടികള്‍ മര്യാദയോടെയാണ് പെരുമാറുന്നത്. അവര്‍ കാണുമ്പോള്‍ 'ഹായ്', 'ഹലോ' ഒക്കെ പറയും. ഇംഗ്ലീഷില്‍ പറയുന്നതെന്തെങ്കിലും എനിക്കു മനസിലാവാതെ വരുമ്പോള്‍ സഹായിക്കും," അവള്‍ പറയുന്നു.

അവിടത്തെ പെണ്‍കുട്ടികള്‍ തമാശകള്‍ പറഞ്ഞു ചിരിക്കുന്നതു കാണാം. ഇപ്പോള്‍ അവരോടൊന്നും കൂട്ടു കൂടാറില്ലെങ്കിലും താമസിയാതെ അക്കൂട്ടത്തിലൊരാളാവാം എന്ന് ആഗ്രഹിക്കുന്നു. "മനസ്സിലെ ഭാരം കുറെ കുറഞ്ഞത് പോലെ തോന്നുന്നുണ്ട്," അവള്‍ പറഞ്ഞു.കോടതി വിധി
കോടതി വിചാരണ ഈ വര്‍ഷം ഫെബ്രുവരിയില്‍ പൂര്‍ത്തിയായി, ഏപ്രില്‍ 13നു ശുക്ലയുടെ ശിക്ഷ പ്രസ്താവിച്ചു. കുറ്റം നടക്കുന്ന സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല എന്നു കാണിക്കാന്‍ വ്യാജ ഹൈസ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് ഏതാനും ദിവസങ്ങള്‍ക്കകം അയാള്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്യപ്പെട്ടു.

ഡിസൈനര്‍ സണ്‍ഗ്ലാസ്സുകളും ബ്ലേസറുകളും അണിഞ്ഞ് കോടതിയിലെത്തുന്ന ശുക്ല അവിടെയുള്ളവര്‍ക്ക് പരിചിതമായ കാഴ്ചയാണ്; ഗവണ്‍മെന്‍റ് കാറിലാണ് സഞ്ചാരം. സഹായികള്‍ എപ്പോഴും കൂടെക്കാണും. കുറ്റക്കാരനാണെന്ന് കോടതി വിധി പറഞ്ഞ ദിവസം പക്ഷേ വിയര്‍ത്തും അസ്വസ്ഥനായും കാണപ്പെട്ട അയാള്‍ വെള്ള ടവല്‍ കൊണ്ട് മുഖം മറച്ചു.

പെണ്‍കുട്ടിയുടെ മൊഴിയില്‍ മാത്രം ഊന്നിയാണ് പ്രോസിക്യൂഷന്‍ വാദിച്ചതെന്നും തന്‍റെ കക്ഷിക്കെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ വിധിക്കെതിരായി അപ്പീല്‍ കൊടുക്കുമെന്നും ശുക്ലയുടെ വക്കീലായ ഗോപാല്‍ നരേയ്ന്‍ മിശ്ര പറഞ്ഞു.

"തെറ്റായ ആരോപണവും നിലനില്‍ക്കാത്ത കേസുമാണിത്, ഗൌരവ് ശുക്ലയ്ക്ക് ഇതിലൊരു പങ്കുമില്ല," മിശ്ര കൂട്ടിച്ചേര്‍ത്തു.

ആ പെണ്‍കുട്ടിക്ക് ശുക്ലയുടെ ശിക്ഷാവിധി നല്‍കിയ ആശ്വാസം ചെറുതല്ല.

"ഇത്രയും വര്‍ഷങ്ങളായുള്ള എന്‍റെ കാത്തിരിപ്പ് അവസാനിച്ചു," അവള്‍ പറയുന്നു.

അപ്പീലിന് അപേക്ഷിച്ച് ശുക്ലയ്ക്ക് ഇനിയും ജാമ്യത്തിലിറങ്ങാം, കേസ് ഇനിയും വര്‍ഷങ്ങള്‍ നീളാം.

(ഫര്‍ഹീന്‍ ഫാത്തിമ, അല്‍ക പാണ്ഡേ, പ്രഗ്യ കൃഷ്ണന്‍ എന്നിവര്‍ ഈ റിപ്പോര്‍ട്ടില്‍ സഹകരിച്ചിട്ടുണ്ട്.)


Next Story

Related Stories