TopTop
Begin typing your search above and press return to search.

ആർഎസ്എസിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ: തലക്കെട്ടാണ്; നമ്പുമോ കേരളം?

ആർഎസ്എസിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ: തലക്കെട്ടാണ്; നമ്പുമോ കേരളം?
ആർഎസ്എസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി എന്ന തലക്കെട്ട് കണ്ടാണ് ഈസ്റ്റ് കോസ്റ്റ് ഡെയ്ലിയിൽ ചെന്ന് നോക്കിയത്. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് 77-ആം സെഷന്റെ ഭാഗമായി കേരള സർവ്വകലാശാലാ സെനറ്റ് ഹോളിൽ നടന്ന മതേതരത്വവും ആധുനിക ഇന്ത്യയും എന്ന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗമാണ് പ്രതിപായം. പ്രസ്തുത റിപ്പോർട്ട് ശരിയാണെങ്കിൽ (http://www.eastcoastdaily.com/2016/12/28/cm-pinarayi-against-rss/)ആ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസിനെതിരേ ഉന്നയിച്ച വിമർശനങ്ങൾ ഒക്കെയും കൃത്യവും പ്രസക്തവുമാണ്. "രാജ്യത്തെ ഒരു പ്രത്യേക രീതിയിൽ വാർത്തെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളെ"യും, "വൈവിധ്യപൂർണ്ണമായ ഇന്ത്യൻ സംസ്കാരത്തെ ഏകമുഖ ഹൈന്ദവ സംസ്കാരമായി രൂപാന്തരപ്പെടുത്താൻ" അവലംബിക്കുന്ന മാർഗ്ഗങ്ങളെയും കുറിച്ചുമൊക്കെ പങ്കുവയ്ക്കുന്ന ഉൾക്കാഴ്ചകൾ പ്രത്യേകിച്ചും.

ഇവയൊക്കെയും നമ്മുടെ സാംസ്കാരിക അന്തരീക്ഷത്തിൽ വർഷങ്ങളായി നിലനിൽക്കുന്നവ തന്നെയാണ്. അതുകൊണ്ടുതന്നെ പിണറായി വിജയന്റെ വാക്കുകൾ നമ്മളെ ഞെട്ടിക്കുന്നൊന്നുമില്ല.ഒരു ഇടതുസർക്കാരിന്റെ അമരക്കാരനിൽ നിന്ന്, മുതിർന്ന ഒരു സിപിഎം സഖാവിൽ നിന്ന് ആരും പ്രതീക്ഷിക്കുന്ന വാക്കുകൾ തന്നെയാണവ. എങ്കിലും ഇന്ന് നിലനിൽക്കുന്ന സവിശേഷ സാമൂഹ്യ-രാഷ്ട്രീയ പരിസരത്തിൽ അതിന് ആശയപരമായ പുതുമയില്ലായ്മയിലും അപ്പുറം ഒരു പ്രാധാന്യം കൈവരുന്നു.

എന്താണാ പ്രാധാന്യം?
അഭിമാനാർഹമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയ പിണറായി സർക്കാർ ആദ്യം നേരിട്ട വെല്ലുവിളി വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ കേന്ദ്രമായ ബന്ധുനിയമന വിവാദമായിരുന്നു. അതിൽ ന്യായമായ നടപടി അമാന്തമില്ലാതെ കൈക്കൊണ്ട് സർക്കാർ അതിന്റെ പ്രതിച്ഛായ നിലനിർത്തി എന്നതും അഭിനന്ദനാർഹം തന്നെ. പക്ഷേ പിന്നീടുണ്ടായ പൊലീസ് നയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അങ്ങനെയല്ല. അത് ഉണ്ടാക്കിയ കേടുപാടുകൾ പര്യാപ്തമാം വണ്ണം പരിഹരിക്കപ്പെട്ടില്ല എന്ന് മാത്രമല്ല, അതുവഴിയുണ്ടായ കോട്ടങ്ങൾ നിലവിലെ സർക്കാർ, സംഘപരിവാറിന്റെ ഒരു ബീ ടീം ആണെന്ന നിലയിലുള്ള തീവ്രവിമർശനങ്ങൾക്ക് വരെ സംവാദബന്ധിയായ ഇടം നൽകി നിലനിൽക്കുകയാണ്. കേവലമായ ഇടതുവിരോധമെന്നോ, സിപിഎം വിരോധമെന്നോ വ്യാഖ്യാനിച്ച് രക്ഷപെടാനാവാത്തവണ്ണം വസ്തുനിഷ്ഠമായ ഒരു പാഠം ഈ വിമർശനത്തിനുണ്ട് എന്നതാണ് പ്രശ്നം.

ഇതിനെ ചോദ്യം ചെയ്യാൻ നിലവിലുള്ള പ്രതിപക്ഷത്തിൽ ആർക്കാണർഹത എന്ന് ചോദിച്ച് രാഷ്ട്രീയ സംവാദങ്ങളിൽ നിന്ന് സർക്കാരിന്റെ വക്താക്കൾക്ക് തടിയൂരാൻ പറ്റുമായിരിക്കും. പക്ഷേ അത്തരം മുട്ടാപ്പോക്ക് സംവാദങ്ങളല്ല ഒരു ഇടതുസർക്കാർ അഭിസംബോധന ചെയ്യേണ്ട അടിയന്തിര പ്രശ്നം. പ്രായോഗിക രാഷ്ട്രീയത്തിന്റെ കണക്കുകൾ തന്നെ എടുത്താൽ ഇടതിന്റെ വോട്ട് ബാങ്ക് എന്ന് പറയുന്നത് ഈഴവരും ദളിതരും ചേരുന്ന സമൂഹത്തെ ഒന്നടങ്കം എണ്ണിയാലും ഏതാണ്ട് 34 ശതമാനമേ വരൂ. പരമ്പരാഗത വലത് അനുഭാവികൾ എന്ന് പറയാവുന്ന ബ്രാഹ്മണ, മുസ്ളിം, ക്രിസ്ത്യൻ, നായർ വിഭാഗങ്ങൾ ചേരുമ്പോൾ ഏതാണ്ട് ജനസംഖ്യയുടെ അറുപത് ശതമാനത്തോളം വരികയും ചെയ്യും. അപ്പോൾ ഇടതുപക്ഷം കേരളത്തിൽ ജയിക്കുമ്പോൾ ഒക്കെയും അത് സാമുദായിക വോട്ടുബാങ്കുകൾക്കപ്പുറം കാലികവും പ്രശ്നാധിഷ്ഠിതവുമായ ഇടത് അനുഭാവം കാണിക്കുന്ന നിർണ്ണായകമായ ഒരു കൂട്ടം മനുഷ്യരുടെ രാഷ്ട്രീയ തീരുമാനത്തിൽ നിന്ന് ഉണ്ടാകുന്നതാണെന്ന് മറ്റാരു മനസിലാക്കിയില്ലെങ്കിലും ഇടതുപക്ഷം മനസിലാക്കേണ്ടതുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈഴവ സാമുദായിക നേതൃത്വം സിപിഎമ്മിൽ നിന്ന് വിട്ട് ഒരു സ്വതന്ത്ര രാഷ്ട്രീയ സംഘടന ഉണ്ടാക്കുകയും ബിജെപി നയിക്കുന്ന എൻഡിഎയുടെ ഭാഗമായി മൽസരിക്കുകയും ചെയ്തു. അത് സിപിഎം വോട്ടുകളിൽ ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ച വിള്ളൽ പ്രതീക്ഷിച്ച് കോൺഗ്രസ്സ് ഒരു ഭരണത്തുടർച്ച സ്വപ്നം കാണുകയും ചെയ്തു. അത് തകർന്നത് അവർ വിചാരിച്ചതുപോലെ ഈഴവ വോട്ടുബാങ്കിൽ വെള്ളാപ്പള്ളി വലിയ വിള്ളൽ ഒന്നും വീഴ്ത്തിയില്ല എന്നതിനാൽ മാത്രമല്ല, മറിച്ച് കോൺഗ്രസ് തങ്ങളുടെ ബാങ്കെന്ന് കരുതിയ ന്യൂനപക്ഷ വോട്ടുകളിൽ അവർ ഭൂരിപക്ഷമല്ലാത്ത ഇടങ്ങളിൽ ഒക്കെയും വൻ ചോർച്ച സംഭവിച്ചു എന്നതിനാലാണ്. അതായത് മുസ്ളീം ലീഗിനോ കേരളാ കോൺഗ്രസ്സിനോ വലിയ പരിക്കൊന്നും പറ്റാത്തപ്പൊഴും കോൺഗ്രസ്സിന് വൻ അടി കിട്ടി.

ഇതിന് കാരണം രാഷ്ട്രീയ തന്ത്രം എന്ന നിലയിൽ കോൺഗ്രസ് പയറ്റിയ മൃദു ഹിന്ദുത്വ സമീപനമാണെന്നത് ഒരു വൻ കണ്ടുപിടിത്തമൊന്നുമല്ല. ശക്തമായ സംഘപരിവാർ വിരുദ്ധ നയം കൈക്കൊണ്ടതിന്റെ ഭാഗമായാണ് ഇന്ന് ഇടതുപക്ഷം ആസ്വദിക്കുന്ന ഈ ഭൂരിപക്ഷം ഉണ്ടായത് എന്നതും. പക്ഷേ അത് സിപിഎം ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ പൊലീസ് നയം മറന്നുവോ എന്നതാണ് ചോദ്യം. അത് തന്നെയാണ് പിണറായി വിജയൻ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സിന്റെ 77-ആം സെഷൻ ഉത്ഘാടനം ചെയ്തുകൊണ്ട് നടത്തിയ ആർഎസ്എസ് വിമർശനങ്ങളുടെ പ്രാധാന്യവും.

മുഖവിലയ്ക്കെടുക്കാമോ വിമർശനങ്ങളെ?
ഈ വിമർശനങ്ങളെ മുഖവിലയ്ക്ക് എടുക്കാമോ എന്ന് ചോദിച്ചാൽ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വച്ച് അത് സാധ്യമല്ല എന്ന് തന്നെയാണ് തോന്നുന്നത്. പിണറായി വിജയൻ ഹിസ്റ്ററി കോൺഗ്രസ്സിന്റെ വേദിയിൽ നടത്തിയ പ്രസംഗത്തിൽ സംഘപരിവാർ തങ്ങൾക്ക് അനുകൂലമായി നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്ന ദേശീയതയെയും അതിന് അവർ ഉപയൊഗിക്കുന്ന പ്രതീകങ്ങളെയും ഒക്കെക്കുറിച്ചുള്ള സൂചനകളെ വായിച്ചെടുക്കാനാവും. എന്നാൽ അവയ്ക്കെതിരേ ഫലപ്രദമായ ഒരു പ്രതിരോധം അദ്ദേഹം നേതൃത്വം കൊടുക്കുന്ന ആഭ്യന്തര വകുപ്പിൽ നിന്ന് ഉണ്ടാകുന്നുമില്ല. ആ നിവൃത്തികെട്ട തിരിച്ചറിവാണ് ഇടത് - സിപിഎം അനുഭാവികളെക്കൊണ്ടും തൽക്കാലമെങ്കിലും ആ പ്രസംഗത്തെ മുഖവിലയ്ക്ക് എടുക്കാനാവില്ലെന്ന് പറയിക്കുന്നത്. എന്നുവച്ചാൽ പാർട്ടി സമൂഹത്തിനായാണ്, മനുഷ്യർക്കായാണ്, തിരിച്ച് മനുഷ്യർ പാർട്ടിക്കായി ഉണ്ടായവരല്ല എന്ന് ഓർമ്മിപ്പിക്കേണ്ടിവരുന്നത്.

തീർച്ചയായും പൊലീസ് തന്നെയാണ് ഇവിടെയും വില്ലൻ. ആ പൊലീസിനെ ആത്മവീര്യമെന്നോ സുപ്രീം കോടതി വിധി എന്നോ ഒന്നും പറഞ്ഞ് വെളുപ്പിക്കാനുമാവില്ല. കാരണം അവരുടെ നിലവിലെ പ്രവർത്തനത്തിൽ എന്ത് സാങ്കേതികത പറഞ്ഞ് മറയ്ക്കാൻ ശ്രമിച്ചാലും സുതാര്യമാകുന്ന പക്ഷപാതമുണ്ട്. അത് സംഘിപാദം ചേർന്നിരിക്കുന്നു. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യത്തിനും പിണറായിയുടെ മേല്‍പ്പറഞ്ഞ പ്രസംഗത്തിൽ തന്നെ പരോക്ഷ ഉത്തരമുണ്ട്. പക്ഷേ അതിനെ അഭിസംബോധന ചെയ്യാനും ആവശ്യമായ നടപടികൾ എടുക്കാനും എന്തുകൊണ്ട് കഴിയുന്നില്ല എന്നതാണ് പ്രശ്നം. അത് ജനാധിപത്യത്തിലെ ഫെഡറൽ സംവിധാനത്തിന്റെ കുഴപ്പമാണോ? വിപ്ളവം നടന്നാലേ ഇനി പോംവഴിയുള്ളോ? അതെ എന്നാണ് ഉത്തരമെങ്കിൽ ഞങ്ങൾ ഈ ജനാധിപത്യ സംവിധാനത്തിലൂടെ ഈ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ അധികാരത്തിൽ എത്തിക്കുന്നതിൽ ഇനിയും സാംഗത്യമുണ്ടോ?വിപ്ളവം നടക്കുംവരെ ഭരണകൂടം ബ്യൂറോക്രസിയാണെന്ന, അതിൽ സാധ്യമായ ഇടപെടലുകൾ പരിമിതമാണെന്ന ഒഴിവുകഴിവ് ചോദ്യം ചെയ്യുന്നത് ജനാധിപത്യവ്യവസ്ഥയിൽ നിലനിൽക്കുന്ന പൗരന്റെ മേധാശക്തിയെയാണ്. സാങ്കേതികമായി തന്നെ ചിന്തിച്ചാൽ 'മാവോയിസ്റ്റ്' എന്ന വിശേഷണത്തോടെ സംഘം ചേരുന്നത് നിരോധിതമാണ്. പക്ഷേ അതിനോടുള്ള ആശയപരമായ അനുഭാവം അല്ല. സായുധ വിപ്ളവം നിയമപരമായി അസാധുവാണ്. എന്നാൽ ആ ആശയമോ അത് അച്ചടിക്കപ്പെട്ട പുസ്തകമോ അല്ല. അല്ലെങ്കിൽ അത് നിയമപരമായി നിരോധിക്കപ്പെട്ട പുസ്തകമായിരിക്കണം. ലേഡി ഷാറ്റെർലീസ് ലവർ എന്നത് നിരോധിക്കപ്പെട്ട ഒരു പുസ്തകമായിരുന്നു. എന്നുവച്ച് അത് കൈവശം വയ്ക്കുന്നവർക്കെതിരേ ദേശദ്രോഹക്കുറ്റം ചുമത്താനാകുമോ?

ദേശീയ ഗാനത്തെ അപമാനിക്കാൻ പാടില്ല എന്ന നിയമമുണ്ട്. എന്നാൽ ജനഗണമനയും കൂട്ടമണിയും ചേരുന്ന സ്കൂൾ അന്തരീക്ഷത്തെ മൂത്രമൊഴിക്കൽ എന്ന ജൈവ ആവശ്യവുമായി ബന്ധപ്പെടുത്തി എന്നതിനെ കുറ്റമായി വ്യാഖ്യാനിച്ച് സ്വയം കേസെടുക്കുന്ന പോലീസ് ബുദ്ധിക്ക്, ആ ഗാനം ദേശീയ ഗാനമാകാനുള്ള യോഗ്യതയേ ഇല്ലാത്ത, ഒരു ബ്രിട്ടീഷ് രാജാവിന്റെ പ്രകീർത്തന കാവ്യമാണെന്ന അവമതിപ്പിനെ (ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ റിപ്പോര്‍ട്ടര്‍ ചനാളിലെ അഭിമുഖത്തില്‍ പറഞ്ഞത്); അത് മേല്‍പ്പറഞ്ഞ പരമാർശത്തേക്കാള്‍ എന്തുകൊണ്ടും പ്രശസ്തവും സർവ്വ വ്യാപിയും ആണെന്നിരിക്കെ പോലും കാണാനോ കേസെടുക്കാനോ കഴിയാത്തവണ്ണം സ്ഥാപനവത്ക്കരിക്കപ്പെട്ട അന്ധതയെ എന്തുകൊണ്ട് കാണാൻ പറ്റുന്നില്ല? ഇതിൽ അസ്വാഭാവികമായ ഒന്നുമില്ലേ? പൊലീസിന്റെ പ്രവർത്തനത്തിൽ പാർട്ടി പ്രത്യക്ഷത്തിൽ തുറന്നുതന്നെ വിമർശനം രേഖപ്പെടുത്തിയിട്ടും മുഖ്യമന്ത്രി അങ്ങനെ വിട്ടൊന്നും പറഞ്ഞിട്ടില്ല ഇതുവരെ. കാര്യങ്ങൾ അങ്ങനെയിരിക്കെയാണ് വിമർശനങ്ങളുടെ അന്ത:സത്ത ഉൾക്കൊണ്ട് പൊലീസിൽ അടിമുടി അഴിച്ചുപണി ഉണ്ടാവും എന്ന വാർത്ത പ്രചാരത്തിൽ നിൽക്കെ പുതിയ 'യോഗ' വിവാദം വരുന്നത്!

യോഗ എന്ന വ്യായാമം
യോഗ എന്നത് വെറും ഒരു വ്യായാമ മുറയാണോ? ആണെങ്കിൽ തന്നെ നിത്യ വ്യായാമത്തിലൂടെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കേണ്ട ഒരു സേനയിൽ അത് പരിചയപ്പെടുത്തേണ്ടത് അനിവാര്യമാണെങ്കിൽ അത് നിലവിലുള്ള വ്യായാമ മുറകളേക്കാൾ ഫലപ്രദമാണെന്ന ശാസ്ത്രീയ തെളിവുകളെ അവലംബിച്ച് എങ്കിലും ആകണ്ടെ? അങ്ങനെ എന്ത് തെളിവാണ് സംഘപരിവാർ ഉത്പ്പാദിത ജ്ഞാന ഗ്രന്ഥങ്ങൾക്ക് പുറത്തുനിന്ന് ഇപ്പോൾ പൊന്തിവന്നത്?

പിണറായി വിജയൻ തന്റെ പ്രസംഗത്തിൽ സൂചിപ്പിക്കുന്നതു പോലെ "രാജ്യത്തെ ഒരു പ്രത്യേക രീതിയിൽ വാർത്തെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങ"ളും, "വൈവിധ്യപൂർണ്ണമായ ഇന്ത്യൻ സംസ്കാരത്തെ ഏകമുഖ ഹൈന്ദവ സംസ്കാരമായി രൂപാന്തരപ്പെടുത്താൻ" അവലംബിക്കുന്ന മാർഗ്ഗങ്ങളും വെറും ഊഹങ്ങളല്ല, വസ്തുതകളാണ്. ഖുറാൻ സൂക്തങ്ങളോ ബൈബിൾ വചനങ്ങളോ പശ്ചാത്തലമാക്കാനാവാത്ത യോഗ എന്ന 'വെറും വ്യായാമ'ത്തിന് പിന്നിലെ അജണ്ട അദ്ദേഹം നേതൃത്വം കൊടുക്കുന്ന പോലീസിന് എന്തുകൊണ്ട് മനസിലാകുന്നില്ല? ഇനി അവരാണ് ഭരണകൂടമെങ്കിൽ അതിൽ വെള്ളം ചേർക്കാൻ മാത്രമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ജനാധിപത്യ സർക്കാരിന്റെ ജലസേചന വകുപ്പിന്റെ പക്കൽ അത്രയും ജലസമ്പത്തില്ല എന്നാണോ?

താരതമ്യേനെ ഭദ്രമായ ഒരു ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും കേവലം ഒരു സംസ്ഥാനത്തിന്റെ മാത്രം തലപ്പത്ത് ഇരുന്നുകൊണ്ട് ഇന്നത്തെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി എങ്ങനെ 'മാനേജ്' ചെയ്തു എന്ന് നമുക്കറിയാം. ഈ മാനേജ്മെന്റ് സാധ്യമാണെങ്കിൽ അത് സംസ്ഥാന സർക്കാരുകളുടെ നിലപാടിനനുസരിച്ച് ധനാത്മകമായും ഋണാത്മകമായും പരിണമിക്കാവുന്നവയുമാണ്. ദേശീയ ഗാനത്തെ പ്രതിഷേധങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ല എന്ന് നിയമമുണ്ടായിരിക്കെ തന്നെയാണ് സംവിധായകൻ കമലിന്റെ വീടിന് മുന്നിൽ ദേശീയഗാനം പാടി പ്രതിഷേധിച്ച യുവമോർച്ചകാർക്കെതിരേ പൊലീസ് കേസെടുക്കണ്ട എന്ന് വച്ചത്. തീയേറ്ററിലല്ല, എവിടെയായാലും ദേശീയ ഗാനം പാടുമ്പോൽ അതിനെ മന:പൂർവ്വം അനാദരിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നതാണ് കുറ്റകരം എന്ന നിയമം നിലനിൽക്കെയാണ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ പരിവാറികളുമായി സഹകരിച്ച് അതിസൂക്ഷ്മ പരിശോധന നടത്തി കേരളാ പൊലീസ് ദേശീയഗാനം പാടുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തവരുടെ 'വേട്ട' നടത്തിയത്. ഈ യുക്തിരഹിതങ്ങളായ അത്യുൽസാഹങ്ങളൊക്കെയും വിപ്ളവം നടന്നിട്ടില്ല എന്ന കാരണത്താൽ ജനം സഹിക്കണം എന്നാണോ?ഇതിപ്പൊ കർമ്മമോ, യോഗമോ?
കേരളം ഇപ്പോൾ ആലോചിക്കുന്നത് ഇത് കർമ്മമോ, യോഗമോ എന്നാണ്. ഇത് രണ്ടും ആശയപരമായും രാഷ്ട്രീയമായും സംഘി കല്‍പ്പനകളാണെന്നത് പോട്ടെ. നിലവിലെ പ്രശ്നം അതിന് പ്രതിയാഖ്യാനങ്ങളില്ല, അഥവാ ഉണ്ടായാൽ അത് നിയമവിരുദ്ധമായി വ്യാഖ്യാനിക്കപ്പെടില്ല എന്ന് ഉറപ്പില്ല എന്ന അവസ്ഥയാണ്. ഇത് നമ്മുടെ കർമ്മഫലമാണെങ്കിൽ നമ്മൾ ചെയ്ത കർമ്മം ഒരു ഇടതു സർക്കാരിനെ അധികാരത്തിൽ എത്തിച്ചു എന്നതാണ്. ഇനി യോഗമാണെങ്കിൽ അതിൽ പ്രതിരോധത്തിനിടമില്ല. പരിവാർ രാഷ്ട്രീയത്തെ ആവും വിധം പുണരുകയല്ലാതെ വേറെ വഴിയുമില്ല. അത് നിയോഗമാണ്!

ഇത്തരം ഒരു ശങ്കയിലേക്ക് ഇടത് അനുഭാവികളെ പോലും കൊണ്ടെത്തിക്കുന്നത് സിപിഎം നയിക്കുന്ന ഇടത് രാഷ്ട്രീയത്തിലേയ്ക്കും കടന്നുകയറിക്കഴിഞ്ഞ ഹിന്ദുത്വ ഹെഗമണി അഥവാ സാംസ്കാരിക മേൽക്കോയ്മ ആണെന്ന വാദത്തെ മുഴുവനായി അങ്ങ് തള്ളിക്കളയാനാവില്ല. പക്ഷേ അതിനെ കൂടുതൽ സൂക്ഷ്മമായ, രാഷ്ട്രീയവും സാംസ്കാരികവുമായ പരിശോധനകളിലൂടെ കടത്തിവിടേണ്ടതുണ്ട് എന്ന് മാത്രം.

ഇവിടെ എന്താണ് സംഘിത്വം എന്ന ചോദ്യം ഉയർന്നുവരുന്നു. പിണറായി വിജയൻ ചരിത്ര കോൺഗ്രസിന്റെ സമ്മേളന വേദിയിൽ ഓർത്തെടുത്ത് ആവർത്തിച്ച രീതിശാസ്ത്രബന്ധിയായ ഓർമ്മപ്പെടുത്തലുകളിൽ മാത്രം ഒതുങ്ങുന്നതാണോ അതിന്റെ ഭൗതീക വ്യാപ്തിയുടെ വേരുകൾ? അല്ല എന്ന് തന്നെയാണ് എന്റെ ബോധ്യം. കാരണം സംഘിത്വം പ്രവർത്തിക്കുന്നത് പ്രത്യക്ഷവും ഭൗതീകവുമായ രാഷ്ട്രീയ സഖ്യങ്ങളും അവയുടെ രാഷ്ട്രീയ പ്രതിരോധങ്ങളും വഴി മാത്രമല്ല. അതിന് പരോക്ഷവും സാംസ്കാരികവുമായ ഒരു ഭൗതീക ഉപപാഠം കൂടിയുണ്ട്. ഇവിടെ സാംസ്കാരിക മേൽക്കോയ്മയും (ഹെഗമണി) ഒരു ഭൗതീക യാഥാർത്ഥ്യമാകുന്നു.

അവയെ നേരിടാൻ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ യാന്ത്രികമായ തർക്കയുക്തികൾ പോര; കൂടുതൽ ഉൾകാഴ്ചയുള്ള ഇടപെടലുകൾ വേണം. അതിന് ആദ്യം സംഘിത്വം എന്തെന്ന്, അതിന്റെ ഭൗതികവും സാംസ്കാരികവും സമൂഹ്യവും രാഷ്ട്രീയവുമായ നിലനിൽപ്പിന്റെ വേരുകളിലേയ്ക്ക് അന്വേഷണം വികസിക്കണം.ഇല്ലെങ്കിൽ സംഘിത്വ പ്രതിരോധം വെറും റെട്ടറിക്ക് മാത്രമാകും. ആ ആഢംബരം താങ്ങാവുന്ന നിലയിലല്ല കേരളം ഇപ്പോൾ. പിണറായി വിജയന്റെ ആർഎസ്എസിനെതിരെയുള്ള ആഞ്ഞടിക്കൽ മുഖവിലയ്ക്കെടുക്കാൻ പറ്റാത്തതിന്റെ കാരണവും മറ്റൊന്നല്ല. അത് രാഷ്ട്രീയ സംഘിത്വവും സാംസ്കാരിക സംഘിത്വവും തമ്മിലുള്ള സൂക്ഷ്മമായ വ്യത്യാസത്തിൽ ഊന്നി നിൽക്കുന്നു. സംഘപരിവാർ കൊന്നുതള്ളിയ സഖാക്കളുടെ സംഖ്യയിൽ നിന്നല്ല, ആ സാംസ്കാരിക പരിസരത്തിൽ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു, സംഘി പ്രതിരോധത്തിന്റെ ഇടത് ആഖ്യാനങ്ങൾ.

(തുടരും)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 


Next Story

Related Stories