TopTop
Begin typing your search above and press return to search.

സെല്‍ഫ് ഗോളുകള്‍ അടിക്കുന്ന ഇന്ത്യന്‍ ഹോക്കി

സെല്‍ഫ് ഗോളുകള്‍ അടിക്കുന്ന ഇന്ത്യന്‍ ഹോക്കി

ടീം അഴിമുഖം

പുറത്താക്കപ്പെട്ട ദേശീയ ഹോക്കി ടീം കോച്ച് പോള്‍ വാനസും ഹോക്കി ഇന്ത്യ പ്രസിഡന്റ് നരീന്ദ്ര ബത്രയും തമ്മിലുള്ള തര്‍ക്കം ഇന്ത്യന്‍ ഹോക്കിക്ക് കാര്യമായി എവിടെയാണ് പിഴച്ചതെന്ന് വെളിപ്പെടുത്തുന്നതാണ്. നാലു മാസം മുമ്പ് മാത്രം ചുമതലയേറ്റ ഡച്ചുകാരന്‍ വാനസ് ഈ മാസാദ്യം ബെല്‍ജിയത്തില്‍ നടന്ന ഹോക്കി വേള്‍ഡ് ലീഗ് ടൂര്‍ണമെന്റിനു ശേഷമാണ് നീരസവുമായി നാട്ടിലേക്കു മടങ്ങിയത്. ദേശീയ ക്യാമ്പിന്റെ ചുമതല വഹിക്കാന്‍ പിന്നീട് അദ്ദേഹം തിരിച്ചു വന്നില്ല. ചുമതലയില്‍ നിന്ന് തന്നെ നീക്കം ചെയ്തതായി നാട്ടുകാരന്‍ കൂടിയായ ഹോക്കി ഇന്ത്യ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍ റോളന്റ് ഒള്‍ട്ട്മാന്‍സ് തന്നെ അറിയിച്ചിരുന്നുവെന്ന് വാനസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഓള്‍മാന്‍സിന് 2016 റിയോ ഒളിംപ്കിസുവരെ കോച്ചിന്റെ ചുമതല നല്‍കുകയും ചെയ്തിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഇന്ത്യ 2016-ല്‍ നടക്കാനിരിക്കുന്ന റിയോ ഒളിംപിക്‌സിന് ഇന്ത്യ യോഗ്യത നേടിയിരുന്നു. എന്നാല്‍ ഹോക്കി വേള്‍ഡ് ലീഗില്‍ ഓസ്‌ട്രേലിയയോടും ശക്തരല്ലാത്ത യൂറോപ്യന്‍ ടീമായ ബെല്‍ജിയത്തോടും ഗ്രേറ്റ് ബ്രിട്ടനോടും പരാജയപ്പെട്ടതും പാക്കിസ്ഥാനോട് സമനലയിലായതും ടീമിന്റെ പ്രകടന പുരോഗതിയെ സംശയത്തിലാക്കി. ഈ മോശം പ്രകടനമാണ് ബത്രയെ ചൊടിപ്പിച്ചത്. കളിക്കാരുടെ കാര്യത്തില്‍ കോച്ചിനെ മറികടന്ന്് ബത്ര അവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുകയായിരുന്നു. ഈ ടൂര്‍ണമെന്റ് വിവിധ പൊസിഷനുകള്‍ പരീക്ഷിക്കാനുള്ള വേദിയായിട്ടാണ് താന്‍ പരിഗണിച്ചിരുന്നതെന്നാണ് വാനസിന്റെ വാദം. എന്നാല്‍ വാനസ് തന്നോട് പരുഷമായി പെരുമാറിയെന്ന് ബത്ര തിരിച്ചടിച്ചു. ബത്രയുമായുള്ള ഉടക്കാണ് വാനസിന്റെ പുറത്താകലിനു പിന്നിലെന്ന് വ്യക്തം.2004 ഏതന്‍സ് ഒളിംപിക്‌സിനു മുന്നോടിയായി ജെറാഡ് റാച് എന്ന ജര്‍മ്മന്‍കാരനെ പ്രഥമ വിദേശ കോച്ചായി കൊണ്ടുവന്നതു മുതല്‍ തുടങ്ങിയതാണ് കോച്ചും ഹോക്കി ഫെഡറേഷനും തമ്മിലുള്ള ഉടക്കുകള്‍. ഒരു ഭ്രാന്താലയമാണ് ഇന്ത്യന്‍ ഹോക്കി എന്നു പറഞ്ഞാണ് റാച് ചുമതല ഒഴിഞ്ഞു പോയത്. പിന്നീടു വന്ന ജോസ് ബ്രാസ, മൈക്കല്‍ നോബ്‌സ്, ടെറി വാല്‍ഷ് എന്നിവരുടെ അനുഭവവും മറിച്ചായിരുന്നില്ല. കൂട്ടത്തില്‍ ഏറ്റവും വലിയ പിന്‍വാങ്ങല്‍ ഓസ്‌ട്രേലിയക്കാരന്‍ റിക് ചാള്‍സ് വര്‍ത്തിന്റേതായിരുന്നു. ചിലിയില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിനൊപ്പം റിക്കിനെ അനുവദിക്കരുതെന്ന് അധികൃതര്‍ സ്‌പോര്‍ട്‌സ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കണ്‍സല്‍ട്ടന്റ് പദവിയില്‍ നിന്നും റിക് രാജിവച്ചത്. യോഗ്യതാ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയും ആദ്യമായി ഒളിമ്പിക്‌സ് ടീമിന് നഷ്ടമാകുകയും ചെയ്തു. വാനസ് ഒരു മോശം കോച്ചായിരുന്നെങ്കില്‍ അദ്ദേഹത്തെ ഈ ചുമതലയ്ക്കായി തെരഞ്ഞെടുത്തതും ബത്രയായായിരുന്നു.

ഇന്ത്യയുടെ കായിക ഭൂപടം മാറിക്കൊണ്ടിരിക്കുകയാണ്. ബാഡ്മിന്റണ്‍, ഷൂട്ടിംഗ്, റസലിംഗ് എന്നിവയിലെല്ലാം മെഡല്‍ നേട്ടങ്ങള്‍ ഉണ്ടായി. ഹോക്കിയില്‍ ഒരു ഒളിംപിക്‌സ് മെഡലിനായി ഇന്ത്യയ്ക്കു പ്രതീക്ഷയില്ല. രാജ്യത്തെ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ എത്രത്തോളം കോച്ചുമാരുടെ പ്രവര്‍ത്തനത്തില്‍ ഇടങ്കോലിടുന്നു എന്നതാണ് ഇത്തരം വിവാദങ്ങള്‍ വ്യക്തമാക്കുന്നത്. കായിക ഭരണകര്‍ത്താക്കള്‍ തങ്ങളുടെ അതിര്‍വരമ്പുകള്‍ തിരിച്ചറിയുകയും പ്രൊഫഷണലുകളെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കുകയും ചെയ്യേണ്ട സമയമായിരിക്കുന്നു. എന്തുതന്നെ ആയാലും ഹോക്കി പ്രഥമമായി ഒരു കായിക ഇനമാണ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories