TopTop
Begin typing your search above and press return to search.

അമേരിക്കന്‍ സ്വപ്‌നത്തില്‍ നിന്ന് നാം ഇന്ത്യാക്കാര്‍ പഠിക്കേണ്ടത്

അമേരിക്കന്‍ സ്വപ്‌നത്തില്‍ നിന്ന് നാം ഇന്ത്യാക്കാര്‍ പഠിക്കേണ്ടത്

വിവേക് വാധ്വ/വാഷിംഗ്ടണ്‍ പോസ്റ്റ്

അവരുടെ സംസാര ശൈലി ചിരി വരുത്തും, അസാധാരണമായ തരം വസ്ത്രങ്ങള്‍ ധരിക്കും, എരിവുള്ള ഭക്ഷണം കഴിക്കും, ചിലര്‍ തലേക്കെട്ടും വെക്കും. അമേരിക്കന്‍ ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ കുറവാണ് ഇന്ത്യന്‍ അമേരിക്കക്കാര്‍. എങ്കിലും പെപ്‌സി കോ, മാസ്റ്റര്‍ കാര്‍ഡ് പോലുള്ള വന്‍ കമ്പനികളുടെ തലപ്പത്ത് അവരെ കാണാം. അമേരിക്കയിലെ പല പ്രസിദ്ധമായ കോളേജുകളിലും അദ്ധ്യക്ഷന്മാരും ഡീന്‍മാരുമായി അവരുണ്ട്. മാധ്യമരംഗത്തെ കേമന്‍മാര്‍. സാങ്കേതിക വിദ്യ, ശാസ്ത്രീയ ഗവേഷണം, വൈദ്യം എന്നീ മേഖലകളിലും അവര്‍ മുന്നിട്ടുനില്‍ക്കുന്നു. ഗതാഗത, ഭൂമികച്ചവടം എന്നിവയിലൊക്കെയും അവര്‍ വളരുന്നു. സര്‍ക്കാരിലും അനിതര സാധാരണമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട് ഇക്കൂട്ടര്‍. അമേരിക്കയിലെ രണ്ടു യാഥാസ്ഥിതിക സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ ഇന്ത്യന്‍ വംശജരാണ്. അതുപോലെ വൈറ്റ് ഹൗസിലെ മുതിര്‍ന്ന പല ഉപദേഷ്ടാക്കളും യു.എസ് സര്‍ജന്‍ ജനറലും ഇന്ത്യന്‍ വംശജരാണ്.

എന്നാല്‍ ഈ അഭിവൃദ്ധി സമാനമായ രീതിയില്‍ വിതരണം ചെയ്യപ്പെട്ട ഒന്നല്ലതാനും. ഇന്ത്യന്‍ സമൂഹത്തിലെ ചില വിഭാഗങ്ങള്‍ കടുത്ത സാമൂഹ്യ, സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അമേരിക്കയിലെ ഒരു ഇന്ത്യന്‍ കുടിയേറ്റക്കാരന്റെ ശരാശരി വാര്‍ഷിക വരുമാനം 1,03,000 ഡോളര്‍ ആണ്. യു.എസ് ശരാശരിയെക്കാള്‍ രണ്ടിരട്ടി.

എങ്ങനെയാണ് താരതമ്യേന പുതിയി ഒരു കുടിയേറ്റ വിഭാഗത്തിന് ഈ നേട്ടങ്ങള്‍ കൈവരിക്കാനായത്. എന്താണ് അതില്‍നിന്നും പഠിക്കാനാവുന്നത്?

അതിന് ആദ്യം, ഈ വിഭാഗത്തിന്റെ സാഹചര്യം എന്താണെന്ന് മനസിലാക്കണം. അവര്‍ ഉന്നത വിദ്യാഭ്യാസമുള്ളവരും സംരംഭ തത്പരരുമാണ്. യു.എസ് സെന്‍സസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ 25-നു മുകളില്‍ പ്രായമുള്ള 76 ശതമാനത്തിനും ബിരുദമോ അതിലും ഉയര്‍ന്നതോ ആയ വിദ്യാഭ്യാസമുണ്ട്. മിക്കവരും നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയുന്നവരാണ്. ചിലര്‍ വരുന്നത് പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നാണെങ്കിലും അമേരിക്കയില്‍ എത്തുന്ന ഇന്ത്യക്കാര്‍ മിക്കവരും മധ്യവര്‍ഗ, ഉപരിവര്‍ഗ കുടുംബങ്ങളില്‍ നിന്നാണ്. യു.എസ് സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ മിക്കവരും വെണ്ണപ്പാളി വിഭാഗമാണ്. യു.എസ് കമ്പനികള്‍ ജോലിക്ക് എടുക്കുന്നവര്‍ ഉയര്‍ന്ന വൈദഗ്ദ്ധ്യമുള്ളവരാണ്. കുടുംബത്തെയും സുഹൃത്തുക്കളേയും വിട്ടു അന്യനാട്ടില്‍ വിജയം നേടാന്‍ പോകുന്നവര്‍ സംരംഭക ശേഷിയുള്ളവരുമാണ്.

ഏത് നാട്ടിലും വിദേശീയര്‍ നേരിടുന്ന വിവേചനം അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാരും നേരിടുന്നുണ്ട്. അമേരിക്കക്കാര്‍ പൊതുവില്‍ സഹിഷ്ണുതയുള്ളവരും തുറന്ന മനസ്സുള്ളവരുമാണ്. പക്ഷേ വര്‍ണവെറി ഒരു വൃത്തികെട്ട രീതിയാണ്. കറുത്ത തൊലിയുള്ളവരും വിദേശ ഭാഷാ ശൈലിയുള്ളവരും അമേരിക്കയില്‍ എപ്പോഴും വിവേചനം നേരിടുന്നുണ്ട്. ഇതിനര്‍ത്ഥം അവര്‍ക്ക് കൂടുതല്‍ കഠിനമായി അദ്ധ്വാനിക്കുകയും കൂടുതല്‍ മിടുക്കോടെ ചിന്തിക്കേണ്ടിയും വരുന്നു എന്നാണ്.

ഇന്ത്യന്‍ കുടിയേറ്റക്കാര്‍ സ്വന്തം നാട്ടില്‍ സാമൂഹ്യശ്രേണിയില്‍ മുകളിലായിരുന്നു എങ്കില്‍ യു.എസില്‍ ഏറെ താഴെയാണ്. ഇതൊരു അസുഖകരമായ അവസ്ഥയാണ്. അതോടൊപ്പം എങ്ങനേയും വിജയിക്കാനുള്ള ത്വരയേയും അത് ഉത്തേജിപ്പിക്കുന്നു. എന്റെ അനുഭവത്തില്‍ നിന്നും എനിക്കത് പറയാനുമാകും.

ഞാനും ഒരു ഇന്ത്യന്‍ കുടിയേറ്റക്കാരനാണ്. ഒരു കുഞ്ഞായിരിക്കെ 1960-കളില്‍ യു.എസിലെത്തിയത് ഞാനോര്‍ക്കുന്നു. ഞാന്‍ പാമ്പാട്ടിയാണോ എന്ന് എന്റെ സഹപാഠികള്‍ ചോദിച്ചു. രക്ഷിതാക്കള്‍ എന്നെ ചൂണ്ടിക്കാട്ടി ഭക്ഷണം പാഴാക്കുന്നതിന് മുമ്പ് വിശക്കുന്ന ഇന്ത്യകാരെ ഓര്‍ക്കണമെന്ന് സ്വന്തം കുട്ടികളെ ഉപദേശിച്ചു. അതൊക്കെ വേദനാജനകമായിരുന്നു. പക്ഷേ ഞാനും മറ്റുള്ളവരെപ്പോലെ മിടുക്കനാണെന്ന് കാണിക്കാന്‍ അതെന്നെ പ്രേരിപ്പിച്ചു. വിദേശവാസത്തിന് ശേഷം വീണ്ടും യു.എസില്‍ തിരിച്ചെത്തിയപ്പോള്‍ മൂലധന മുതലാളിമാരില്‍ നിന്നും ഞാന്‍ ആ വിവേചനം വടക്കന്‍ കരോലിനയില്‍ വീണ്ടും അനുഭവിച്ചു. ഒരാള്‍ എന്റെ കമ്പനിക്കു പണം തരില്ല എന്നതിന് കാരണമായി പറഞ്ഞത്, 'നിങ്ങളുടെ ആള്‍ക്കാര്‍ നല്ല സിഇഒമാരല്ല' എന്നാണ്.അതേക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ ചോര ഇപ്പോഴും തിളയ്ക്കുന്നുണ്ട്. പക്ഷേ അതെന്നെ കൂടുതല്‍ ശക്തനും മികച്ചവനുമാക്കി. അതാനെന്നെ അവഗണിക്കപ്പെടുന്ന മറ്റ് വിഭാഗങ്ങളെ സഹായിക്കാന്‍ പ്രേരിപ്പിച്ചത്. പ്രത്യേകിച്ചും ആഫ്രിക്കന്‍-അമേരിക്കക്കാര്‍, ഹിസ്പാനിക്കുകള്‍, സ്ത്രീകള്‍.

ഇന്ത്യന്‍ കുടിയേറ്റക്കാരുടെ വിജയം ഈ രാജ്യത്തിന്റെ മറ്റൊരു മുഖം കാണിച്ചുതരുന്നു. വിജയിയുടെ വംശമോ, മതമോ, സാഹചര്യമോ ഗണിക്കാതെ അവരെ ആദരിക്കുന്ന വലിപ്പം അമേരിക്കയ്ക്കുണ്ട്. ഇതാണ് അമേരിക്കന്‍ സ്വപ്നം; കഠിന പ്രയത്‌നത്തിലൂടെ വിജയം നേടുന്ന ആര്‍ക്കും അഭിവൃദ്ധിക്കും തുല്യതക്കുമുള്ള അവസരം. സാമൂഹ്യ മുന്നേറ്റത്തില്‍ മാറ്റാനാകാത്ത തടസങ്ങളൊന്നും അമേരിക്കയിലില്ല. അതുകൊണ്ടാണ് കുടിയേറ്റക്കാര്‍ അമേരിക്കയില്‍ വിജയിക്കുന്നതും അമേരിക്ക ലോകത്തെ നയിക്കുന്നതും.

ജനങ്ങള്‍ മത, ജാതി, പ്രദേശ ഭേദങ്ങളാല്‍ വിഭജിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നും അതിനെ പിറകോട്ടു വലിക്കുന്നതും. അവര്‍ ഇന്ത്യയില്‍ ഗുജറാത്തി, പഞ്ചാബി, ബംഗാളി, ഹിന്ദു, മുസ്ലീം, സിഖ് അങ്ങനെ പലതുമാകാം. എന്നാല്‍ അമേരിക്കയിലെത്തുമ്പോള്‍ അവരെല്ലാം ഇന്ത്യക്കാരാകുന്നു. തെക്കനേഷ്യയിലെ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ ആളുകളെപ്പോലെ. അമേരിക്കക്കാര്‍ക്ക് ഇതെല്ലാം ഇന്ത്യക്കാരാണ്.

അപ്പോള്‍ തെക്കനേഷ്യക്കാര്‍ അമേരിക്കയിലെത്തുമ്പോള്‍ വൈജാത്യങ്ങള്‍ മാറ്റിവെക്കാന്‍ വേഗത്തില്‍ ശീലിക്കുന്നു. ഒരു വ്യക്തിയുടെ, സമുദായത്തിന്റെ വിജയത്തിന് ഏറ്റവുമാവശ്യം സാമൂഹ്യബന്ധം, പഠനം, പരസ്പരം സഹായിക്കുക എന്നിവയാണെന്ന് അവര്‍ തിരിച്ചറിയുന്നു. അതുകൊണ്ടാണവര്‍ The Indus Etnrepreneurs, South Asian Journalists Association, South Asian Americans Leading Together, and the South Asian Bar Association എന്നിവയിലൊക്കേ ചേരുന്നത്. പരസ്പരം സഹായിക്കാനും തങ്ങളുടെ സമുദായങ്ങളെ ഉയര്‍ത്താനും. ഇങ്ങനെയാണ് ഇന്ത്യക്കാര്‍ സിലിക്കണ്‍ വാലിയില്‍ കമ്പനി സ്ഥാപിക്കുന്ന ഏറ്റവും ശക്തരായ കുടിയേറ്റ വിഭാഗമായത്. Stanford and Dukeലെ എന്റെ ഗവേഷണ സംഘം കണ്ടെത്തിയത് 2014-ല്‍ സിലിക്കണ്‍ വാലിയിലെ പുത്തന്‍ സംരഭങ്ങളില്‍ 16 ശതമാനത്തിലും സ്ഥാപകനായി ഒരു ഇന്ത്യക്കാരന്‍ ഉണ്ടെന്നാണ്. വാലിയിലെ നടപടിക്രമങ്ങള്‍ കൃത്യമായി മനസിലാക്കി എന്നതാണ് അവരുടെ വിജയരഹസ്യം. മറ്റ് പിന്തള്ളപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ നിന്നും പഠിക്കാനുള്ളതും ഇതാണ്. എല്ലാവര്‍ക്കും തുല്യമായ അവസരം നല്‍കുന്നത് വലിയ സാമ്പത്തിക വളര്‍ച്ചയുണ്ടാക്കുമെന്ന് അമേരിക്ക ലോകത്തിന് കാണിച്ചുതന്നു. ആ വൈവിധ്യം നൂതനത്വവും സാമ്പത്തിക വളര്‍ച്ചയും കൊണ്ടുവരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories