അഴിമുഖം പ്രതിനിധി
യുഎസിലെ യാപ്ഹാംഗ് ഐലന്‍ഡില്‍ റോഡപകടത്തില്‍ മരിച്ച ഇന്ത്യന്‍ വംശജന് ചന്ദന്റെ മൃതദേഹം സംസ്കരിക്കുന്നതു സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. യുഎസിലെ നിയമമനുസിച്ച് മൃതദേഹം ദഹിപ്പിക്കണമെങ്കില്‍ ഭാര്യയുടെ അനുമതി ലഭിക്കണം. എന്നാല്‍ ചന്ദന്റെ ഭാര്യയായ മനീഷക്ക് അപകടത്തില്‍ പൊള്ളലേല്‍ക്കുകയും കോമയിലാവുകയും ചെയ്ത സാഹചര്യത്തില്‍ ചന്ദന്റെ മൃതദേഹം മറവു ചെയ്യുകയാണ് ബന്ധുക്കളുടെ മുന്നില്‍ അവശേഷിക്കുന്ന മാര്‍ഗ്ഗം.
ചന്ദന്റെ മൃതദദേഹം ദഹിപ്പിക്കുന്നതിനുള്ള അനുമതിക്കായി സഹോദരന് സ്വപ്നില്‍ ന്യൂയോര്‍ക്കില്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. യുഎസില്‍ ഒരു മൃതദേഹം ദഹിപ്പിക്കുന്നതിന് ചെലവ് 4 ലക്ഷം രൂപയാണ്. ഈ ചിലവ് താങ്ങാന്‍ സാധിക്കാത്തതിനാല്‍ സ്വപ്നില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. അതേസമയം ഒരു മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് 13.5 ലക്ഷത്തോളമാണ് ചെലവ്. സഹായത്തിനായി പറ്റുന്നവരോടെല്ലാം അപേക്ഷിച്ചു കഴിഞ്ഞു.
ശവദാഹത്തിന്റെ എല്ലാ ചിലവുകളും ഇന്ത്യന്‍ കോണ്‍സുലേറ്റ് തന്നെ വഹിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഞായറാഴ്ച ട്വീറ്റ് ചെയ്തു. മനീഷയുടെ മാതാപിതാക്കള്‍ അടക്കം യുഎസിലുള്ള കുടംബത്തിലെ എല്ലാവര്ക്കും ഈ നിര്‍ദ്ദേശത്തോട് യോജിപ്പാണെന്നും എത്രയും വേഗം പ്രശ്നം ഉടന്‍ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ചന്ദന്റെ കാര്യത്തില്‍ ഭാര്യയുടെ അനുവാദം വേണമെന്നും കോമയില്‍ നിന്നും സുഖപ്പെട്ടാല്‍ മൃതദേഹം ദഹിപ്പിക്കാന്‍ സാധിക്കുമെന്നും സുഷമ സ്വരാജ് അറിയിച്ചു. മരണ സര്ട്ടിഫിക്കേക്കറ്റും ഇന്‍ഷുറന്‍സ് തുകയും ലഭിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജൂലൈ നാലിന് ഗുസ്തേവ് ഗയര്‍ ഓടിച്ച ട്രക്ക് ചന്ദന്‍ ഓടിച്ചിരുന്ന കാറില്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ചന്ദന്‍ ഗവായ്(38) കൂടാതെ മാതാപിതാക്കളായ കമല്നയന് ഗവായ്(74), അര്‍ച്ചന ഗവായ് (60) എന്നിവരും കൊല്ലപ്പെട്ടിരുന്നു. ചന്ദന്റെ 11 മാസം മാത്രം പ്രായമുള്ള മകന് ഇബാന്‍ അപകടത്തില്‍ കൈകള്‍ ഒടിഞ്ഞെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രക്ക് ഡ്രൈവര്‍ ഗുസ്തേവ് വാഹനം ഓടിച്ച സമയത്ത് മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.