TopTop
Begin typing your search above and press return to search.

ശശികുമാര്‍/അഭിമുഖം; വലത്, കോര്‍പറേറ്റ്‌ അജണ്ടകള്‍ പ്രചരിപ്പിക്കലല്ല ജേര്‍ണലിസം, ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു

ശശികുമാര്‍/അഭിമുഖം; വലത്, കോര്‍പറേറ്റ്‌ അജണ്ടകള്‍ പ്രചരിപ്പിക്കലല്ല ജേര്‍ണലിസം, ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു

മാധ്യമരംഗത്ത് പ്രത്യേകിച്ച് വാര്‍ത്താചാനലുകളില്‍ സംഭവിക്കേണ്ട ഗുണപരമായ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് സ്ഥാപകനും ചെന്നൈയിലെ ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം (എസിജെ) ചെയര്‍മാനുമായ ശശികുമാര്‍. മസ്കറ്റില്‍ 'മൈത്രി മസ്‌കറ്റ്' സംഘടിപ്പിച്ച സി.അച്യുതമേനോന്‍ - തോപ്പില്‍ ഭാസി അവാര്‍ഡ് നിശയില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. അഴിമുഖത്തിന് വേണ്ടി സനിത മനോഹര്‍, ശശികുമാറുമായി നടത്തിയ സംഭാഷണം.

ഇന്ത്യന്‍ മാധ്യമപ്രതിസന്ധി - സംവാദം തുടരുന്നു

ധാർമ്മിക മാധ്യമപ്രവർത്തനം എങ്ങനെയായിരിക്കണം?

ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങൾ. ജനങ്ങളുടെ അറിയാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടത് മാധ്യമങ്ങളിലൂടെയാണ്. ജനങ്ങളറിയാതെ ഭരണകൂടം തയ്യാറാക്കുന്ന, ജനങ്ങളെ ബാധിക്കുന്ന പദ്ധതികളെ കുറിച്ച്, ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകളെ കുറിച്ച്, ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളെ കുറിച്ച്, ഒക്കെ അവരെ ബോധവാന്മാരാക്കേണ്ട ഉത്തരവാദിത്വം മാധ്യമങ്ങൾക്കാണ്. ആ ഉത്തരവാദിത്വം കൃത്യമായി ചെയ്യുമ്പോഴേ മാധ്യമപ്രവർത്തനം ധാർമ്മികമാവൂ . ആഗോളവത്കരണത്തിന്‍റെയും സ്വകാര്യവത്കരണത്തിന്റെയും ഫലമായി ജനജീവിതം ദുസ്സഹമാവുകയും ജനാധിപത്യ സങ്കൽപ്പവും സ്ഥാപനങ്ങളും ദുർബലമായിക്കൊണ്ടിരിക്കുമ്പോൾ അതിജീവനത്തിന്റെ പേര് പറഞ്ഞ് ആഗോള സാമ്രാജ്യത്വത്തിന് വേണ്ടി സംസാരിക്കുന്നവരാവുകയാണ് മാധ്യമങ്ങൾ. സ്വന്തം സുരക്ഷിതത്വവും സ്വാതന്ത്ര്യവും അനുവദിച്ചുകിട്ടിയാൽ മതിയെന്ന നിലപാടിലാണ് മാധ്യമങ്ങൾ.

മാധ്യമ പ്രവർത്തകർക്ക് തൊഴിൽ സാമർത്ഥ്യം മാത്രം പോരാ. സാമൂഹ്യ - രാഷ്ട്രീയബോധവും പ്രതിബദ്ധതയും ഉണ്ടാവണം. ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കണം മാധ്യമങ്ങൾ. പെയ്ഡ് വാർത്തകളും മറ്റും കൊടുക്കുന്നതിലൂടെ ജനങ്ങളോട് വിശ്വാസവഞ്ചനയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. മാധ്യമരംഗത്തെ ധാർമ്മികത തിരികെ കൊണ്ടുവരാൻ മാധ്യമങ്ങൾ തയ്യാറാവുന്നില്ലെങ്കിൽ ജനങ്ങൾക്ക് ഇടപെടാം. മാധ്യപ്രവത്തകരെ സർവാധികാരികളായി കാണേണ്ടതില്ല. അവരുടെ ജനദ്രോഹകരമായ നിലപാടുകൾ ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവന്നാൽ മാധ്യമങ്ങൾക്ക് നിലപാടുകൾ മാറ്റേണ്ടി വരും. ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി വാർത്ത ചാനലുകൾക്ക് നിലനിൽക്കാനാവില്ല എന്നതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രതിഷേധം ഫലം ചെയ്യേണ്ടതാണ്.

കേരളത്തിലെ മാധ്യമ രംഗത്ത് വലിയൊരു മാറ്റം വേണമെന്ന് തോന്നിയിട്ടുണ്ടോ?

തീർച്ചയായും. പത്രങ്ങളുടെ കാലത്തിൽ നിന്ന് വ്യത്യസ്തമായി വാർത്താ ചാനലുകൾ വന്നപ്പോൾ അന്വേഷണാത്മകമായി വാർത്തകളെ സമീപിക്കുന്ന രീതിയും ചർച്ചകളും ഉണ്ടായെങ്കിലും ഗുണപരമായ, പുരോഗമനപരമായ രീതിയിൽ പുതിയ മാധ്യമ തരംഗം ഇനിയും ഉണ്ടാവേണ്ടതുണ്ട്. ദേശീയ മാധ്യമങ്ങളിലായാലും കേരള മാധ്യമങ്ങളിലായാലും ഒരു അഴിച്ചുപണി നടക്കേണ്ട വളരെ അനിവാര്യമായ ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. മാധ്യമങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യൻ മാധ്യമ രംഗത്ത് ഏറ്റവും പക്വമായ പ്രവർത്തനം നടക്കുന്നത് കേരളത്തിലാണ്. അതുകൊണ്ട് തന്നെ മാറ്റത്തിന് തുടക്കം കുറിക്കേണ്ടതും ഇവിടെ നിന്നായിരിക്കണം. എന്നാൽ കേരളത്തിൽ അത്തരം മാറ്റത്തിന് ഇനിയും തുടക്ക മായിട്ടില്ലെന്നതാണ് സത്യം. വിവരങ്ങളും അറിവുകളും ലഭിക്കാൻ സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ച കാലത്ത് സമൂഹത്തിന് മാധ്യമങ്ങളുടെ ആവശ്യമില്ലാത്തതുകൊണ്ടു തന്നെ അത്തരം ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറി മാധ്യമപ്രവർത്തനം കൊണ്ട് മാത്രം സാധ്യമാവുന്ന കാര്യങ്ങളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു.

എന്തുകൊണ്ടാണ് ഗുണപരമായ മാറ്റം മാധ്യമ രംഗത്ത് ഉണ്ടാവാത്തത്? കഴിവുള്ള മാധ്യമ പ്രവർത്തകരുടെ അഭാവമാണോ?

നമ്മുടെ പല ചാനലുകളിലും നല്ല കഴിവും അറിവും ഉള്ള മാധ്യമപ്രവർത്തകരാണ് ഉള്ളത്. അവരോടു പുറത്ത് ഒരു ചർച്ചയിൽ ഏർപ്പെടുമ്പോൾ ഉണ്ടാവുന്ന ആഴമുള്ള അഭിപ്രായങ്ങളോ വീക്ഷണങ്ങളോ അല്ല അവർ ചാനലിൽ വരുമ്പോൾ ഉണ്ടാവുന്നത്. റേറ്റിങ് ഉണ്ടെങ്കിലേ പരസ്യം കിട്ടൂ എന്നതിനാൽ റേറ്റിങ് കൂട്ടാൻ ഇതൊക്കെയാണ് വേണ്ടതെന്ന തെറ്റിദ്ധാരണയിൽ അവരും പെട്ടുപോവുന്നതായിട്ടാണ് കാണുന്നത്. യഥാർത്ഥ വീക്ഷണങ്ങൾ ചാനലിലും കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞാൽ തന്നെ വാർത്തകളുടെയും ചർച്ചകളുടെയും നിലവാരം ഉയരും. ഇപ്പോഴുള്ള രീതിയിൽ പോവുമ്പോൾ പരസ്യങ്ങൾ കിട്ടുന്നുണ്ടെങ്കിൽ എന്തിന് വേറൊരു പരീക്ഷണം എന്ന് തോന്നുന്നത് കൊണ്ടാവാം. ചാനലിന്റെ നിലനിൽപ്പ് പ്രധാനമാണല്ലോ.

മുൻകാലങ്ങളിൽ മാധ്യമ സ്ഥാപനങ്ങളുടെ വരുമാന കാര്യങ്ങൾ നോക്കിയിരുന്നത് മാനേജ്മെൻറ് ആയിരുന്നു. അത് നടത്തിക്കൊണ്ടുപോവാനുള്ള വരുമാനമേ നോക്കിയിരുന്നുള്ളൂ. ഇന്ന് സ്ഥിതി മാറി. പത്രങ്ങളായും ചാനലുകളായും മാധ്യമസ്ഥാപനങ്ങളുടെ എണ്ണം കൂടി. മാത്രവുമല്ല വലിയ ലാഭങ്ങൾ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. സ്വാഭാവികമായും പരസ്യം ലഭിക്കാൻ പരസ്യം നൽകുന്നവരുടെ താത്പര്യങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കേണ്ടിവരികയും ബിസിനസ് വിഭാഗത്തിന് എഡിറ്റോറിയൽ വിഭാഗത്തിന് മേൽ സ്വാധീനം ചെലുത്തേണ്ടി വരികയും ചെയ്യേണ്ടി വരുന്നു. അവിടെ ഗുണനിലവാരത്തെക്കാൾ പരസ്യം നൽകുന്നവരുടെ താത്പര്യത്തിനാണ് മുൻ‌തൂക്കം. ചാനലിന്റെ നിലനിൽപ്പിന് വരുമാനം ആവശ്യമാണെങ്കിലും മാധ്യമ ധർമ്മം മറന്ന് വെറും കച്ചവട താത്പര്യം കാണിക്കാൻ തുടങ്ങിയാൽ ഗുണനിലവാരം ഇല്ലാതെയാവും. ആളുകൾ കൂടുതൽ കാണുന്നു, റേറ്റിങ് കൂടുന്നു എന്നത് ഒരു ചാനലിനെ ഗുണനിലവാരമുള്ളതാക്കുന്നില്ല.

വാർത്താ ചാനലുകളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണല്ലോ. അത് വാർത്തകളുടെ നിലവാരത്തിൽ മാറ്റം കൊണ്ടു വരുന്നുവെന്ന് കരുതാനാവുമോ?

ഒരിക്കലും ഇല്ല. ഒരു നിലവാരവും കൂടിയിട്ടില്ല. കുറഞ്ഞിട്ടുണ്ടെങ്കിലേ ഉള്ളൂ. മത്സരം നടക്കുന്നതായി തോന്നിയിട്ടില്ല. മത്സരമാണെങ്കിൽ ഒന്നിൽ നിന്ന് മാറി കുറച്ചൂടെ മികച്ച രീതിയിലോ വ്യത്യസ്തമായോ ആയിരിക്കണം മറ്റൊന്ന് വരേണ്ടത്. പരസ്യം പിടിക്കുന്നതിലേ മത്സരം നടക്കുന്നുള്ളൂ. ഉള്ളടക്കത്തിന്റെ കാര്യത്തിൽ വ്യത്യസ്തതയ്ക്കോ ഗുണനിലവാരമുണ്ടാക്കുന്നതിനോ യാതൊരു മത്സരവും നടക്കുന്നില്ല. വാർത്ത ചാനലുകളിലെ ആദ്യത്തെ നാലോ അഞ്ചോ പരിപാടി ശ്രദ്ധിച്ചാൽ കാണാം, എല്ലാം ഒരേ രീതിയിലുള്ള പരിപാടികൾ, ഒരേ ഓർഡറിൽ ആയിരിക്കും. ഒന്നിച്ചെടുത്ത തീരുമാനം പോലെ ഒരേ വാർത്തകൾ. ചിലപ്പോൾ അതിലും പ്രാധാന്യമുള്ള വേറെ വാർത്തകൾ ഉണ്ടാവും. ഒരു ചാനൽ പോലും അത്തരം വാർത്തകൾ കാണിക്കാറില്ല. പരസ്യം നൽകുന്നവരെ തൃപ്തിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്, അല്ലാതെ കാഴ്ചക്കാർ പരിഗണിക്കപ്പെടുന്നേയില്ല. പുതിയവ വരുന്നുണ്ടെങ്കിലും അവരും പിന്തുടരുന്നത് സൃഷ്ടിക്കപ്പെട്ട വാർത്താ മാതൃക തന്നെയാണ്. അവതാരകർ മാറുന്നുവെന്നല്ലാതെ ഉള്ളടക്കം മാറുന്നില്ല. ഒരാൾ പറയുന്നത് കുറച്ചുകൂടെ ഉച്ചത്തിൽ മറ്റെയാൾ പറയും, മൂന്നാമത്തെയാൾ അതിലും ഉച്ചത്തിൽ പറയും അത്രയേ ഉള്ളൂ. വാർത്തകൾ എങ്ങിനെ രസകരമാക്കാം എന്നാണ് ഇപ്പോൾ നോക്കുന്നത്. അതിന്റെ ഭാഗമായാണ് ചർച്ചകൾ വരുന്നത്.

വാർത്തകൾ ചർച്ചകൾ ആവുന്നതിനെ കുറിച്ചെന്താണ് പറയാനുള്ളത്?

വാർത്തകൾ വാർത്തകളായി തന്നെയാണ് ജനങ്ങളിലേക്ക് എത്തേണ്ടത്. വാർത്തകളെ അന്വേഷണാത്മകമായി സമീപിക്കുമ്പോൾ ആ വിവരങ്ങളും എത്തിക്കാം. അതിനപ്പുറം ചർച്ചയിലേക്ക് എത്തുമ്പോൾ സംഭവിക്കുന്നത് വിരുദ്ധാഭിപ്രായങ്ങളുടെ പരസ്പര ആക്രമണമാണ്. അങ്ങോട്ടും ഇങ്ങോട്ടും തല്ല് പിടിക്കുന്നതല്ലാതെ ചർച്ചയിൽ നിന്ന് ഒരഭിപ്രായ രൂപീകരണം ഉണ്ടാവുന്നില്ല. തങ്ങളുടെ താത്പര്യത്തിലേക്ക് ചർച്ചയെ കൊണ്ടുവരാൻ അതിന് തക്ക ആളുകളെയാണ് ചർച്ചയ്ക്ക് വിളിക്കുന്നത്. വിഷയം എന്ത് തന്നെയായാലും ചില ചാനലുകളിൽ ചർച്ചയിൽ വന്നിരിക്കാൻ സ്ഥിരമായി ആളുകളുണ്ട്. ചർച്ചയ്‌ക്കെത്തുന്നവരെ അവതാരകർ അപമാനിക്കുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. അഭിപ്രായം മുഴുവൻ പറയാൻ അവസരം കൊടുക്കില്ലെന്ന് മാത്രമല്ല പ്രതിഷേധപരമായ രീതിയിലുള്ള അഭിപ്രായങ്ങൾ വരുമ്പോൾ ഇറക്കി വിടുക വരെ ചെയ്യുന്നു. ചർച്ച നടത്തുന്നവരേക്കാൾ ദേഷ്യം തോന്നിയിട്ടുള്ളത് ചർച്ചയ്ക്ക് ചെന്നിരിക്കുന്നവരോടാണ്. അപമാനിക്കപ്പെടാൻ എന്തിനു ചെന്നിരിക്കണം? ദിലീപിന്റെ വിഷയത്തിലും മറ്റും ചർച്ചകളിലൂടെ വിധി പ്രഖ്യാപനം വരെ നടത്തിയ ചാനലുകൾ മാധ്യമധർമ്മം മറന്ന് കോടതികളാവാൻ ശ്രമിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ആരോഗ്യപരമായ ചർച്ചയ്ക്കുള്ള ഇടം ചാനലുകളിൽ ഉണ്ടെങ്കിലും ആരും അത് ഉപയോഗപ്പെടുത്തുന്നില്ല.

സമൂഹത്തില്‍ വിഭാഗീയത രൂക്ഷമാക്കുന്നതിൽ മാധ്യമങ്ങൾക്ക് പങ്കുണ്ടെന്ന് പറയുന്നതിനോട് എന്താണ് അഭിപ്രായം?

കേരളീയസമൂഹത്തെ നവീകരിക്കുന്നതിൽ നവോത്ഥാന പ്രസ്ഥാനങ്ങളോടൊപ്പം നിന്ന മാധ്യമങ്ങൾക്ക് ഇന്ന് സാമൂഹിക ഉത്തരവാദിത്വത്തെ കുറിച്ച് ഓർമ്മ പോലും ഇല്ല. സമൂഹത്തിലെ സെക്കുലർ മനോഭാവത്തെ ഇല്ലായ്മ ചെയ്യുവാനുള്ള വർഗീയ രാഷ്ട്രീയത്തിന്റെ ആസൂത്രിത പദ്ധതികളെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുന്ന രീതിയാണ് ചാനലുകൾ സ്വീകരിയ്ക്കുന്നത്. പരസ്യ വരുമാനം വർധിപ്പിക്കാൻ മതപ്രചാരണത്തിന് ഇടം നൽകുന്നുണ്ട് ഭൂരിഭാഗം ചാനലുകളും. അങ്ങനെ ഇടം നൽകുന്നതിലൂടെ ചാനലുകൾ ചെയ്യുന്നത് അപായകരമാം വിധം വർധിച്ചുവരുന്ന മതപുനരുദ്ധാരണ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. വിഭാഗീയത രൂക്ഷമാവുന്ന ഈ കാലത്ത് വിവിധ മതവിഭാഗക്കാരെ പ്രീണിപ്പിക്കുന്നതിന് പകരം സെക്യൂലർ മനോഭാവത്തെ വളരാൻ സഹായിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ നടത്തണം മാധ്യമങ്ങൾ. സമകാലിക വിഷയങ്ങൾ ജനങ്ങൾ അറിയുന്നത് മാധ്യമങ്ങളിൽ നിന്നാണ്. അങ്ങനെ വരുമ്പോൾ വിഭാഗീയതയ്ക്ക് കാരണമാവുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മാധ്യമങ്ങൾ കുറച്ചുകൂടി ശ്രദ്ധിക്കണം.

ടെലിവിഷൻ ചാനൽ രംഗത്തെ കുത്തകവത്ക്കരണത്തെ കുറിച്ച്?

പത്രമുതലാളിമാർ ചാനൽ തുടങ്ങുമ്പോൾ അത്രയും നാളത്തെ പ്രവൃത്തി പരിചയത്തിൽ നിന്ന് തുടങ്ങുന്നത് കൊണ്ട് തന്നെ ഒരു പ്രൊഫഷണലിസം ഉണ്ടാവും. എന്നാൽ മറ്റു കുത്തക കമ്പനികൾ ചാനൽ രംഗത്തേയ്ക്കു വരുന്നത് ആശങ്കയോടെയേ കാണാനാവൂ. ഏഷ്യാനെറ്റ് തുടങ്ങുന്ന കാലത്ത്‌ ചാനൽ തുടങ്ങാൻ വലിയ ഫണ്ടൊന്നും ആവശ്യമില്ലായിരുന്നു. ലൈസൻസിങ് ഫീ വളരെ കുറവായിരുന്നു. ഇന്ന് ചാനൽ ലൈസൻസിങ് ഫീയൊക്കെ ഒരുപാട് കൂട്ടിയതിലൂടെ വലിയ കുത്തക മുതലാളിമാർക്കേ ചാനൽ തുടങ്ങാനാവൂ എന്ന അവസ്ഥയായി. അവർക്കുള്ള മത്സരം കുറയ്ക്കാൻ കൂടി വേണ്ടിയാവണം ഫീയൊക്കെ കൂട്ടിയതും.

കുത്തകകൾ പിന്തുണയ്ക്കുന്നത് വലതുപക്ഷ ആശയങ്ങളെ ആയതുകൊണ്ട് ഇന്ത്യന്‍ സാഹചര്യത്തിൽ മാധ്യമരംഗത്തെ കുത്തകവത്ക്കരണത്തെ അപകടകരമായേ കാണാനാവൂ. തങ്ങളുടെ താത്പര്യങ്ങൾ ചേർത്ത് ഒരു പ്രത്യേക അജണ്ട രൂപീകരിക്കുകയും അതിനുവേണ്ടി വാർത്തകൾ കണ്ടെത്തുകയും ചർച്ചകൾ നടത്തുകയും ചെയ്യും ഇത്തരം മാധ്യമങ്ങൾ. രാജ്യത്തെയാകെ പുതിയൊരു പരോക്ഷ സാമ്രാജ്യത്വത്തിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്ന ആഗോളവത്കരണ നയങ്ങളെ മാധ്യമങ്ങൾക്ക് പ്രകീർത്തിക്കേണ്ടി വരുന്നത് കുത്തകകളുടെ ഫണ്ട് സ്വീകരിക്കുന്നത് കൊണ്ടാണ്. മാധ്യമ പ്രവർത്തകരെ സംബന്ധിച്ച് വലിയ ശമ്പളത്തിൽ ജോലി ചെയ്യാനാവുമെങ്കിലും മുതലാളിമാരുടെ താത്പര്യങ്ങൾക്ക് മുന്‍തൂക്കം കൊടുക്കേണ്ടി വരുമ്പോൾ സ്വതന്ത്രമായ മാധ്യമ പ്രവർത്തനം അസാധ്യമാകും.

ഏഷ്യാനെറ്റ് യഥാർത്ഥത്തിൽ മാധ്യമ രംഗത്ത് ഒരു നവോത്ഥാനത്തിന് തുടക്കമിടുകയായിരുന്നല്ലോ; എന്നാൽ ഏഷ്യാനെറ്റിനെ പിന്തുടർന്ന് വന്ന ചാനലുകളൊന്നും തന്നെ ആ ഗുണനിലവാരത്തിലേക്ക് എത്തിയതായി തോന്നിയിട്ടില്ല. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്?

ടെലിവിഷൻ ചാനൽ രംഗത്ത് ഒരു നവോത്ഥാനം ലക്ഷ്യമിട്ടു തന്നെയാണ് ഏഷ്യാനെറ്റ് തുടങ്ങിയത്. വ്യത്യസ്തമായ പരിപാടികളിലൂടെയും പരിപാടികളുടെ ഉള്ളടക്കത്തിലൂടെയും ഒരു പരിധിവരെ അത് സാധിച്ചിട്ടുമുണ്ട്. തുടക്ക കാലത്തെ പരിപാടികൾ ശ്രദ്ധിച്ചാൽ അത് മനസ്സിലാവും. 'സ്ത്രീ' സീരിയൽ തുടങ്ങിയതോടെ ചാനൽ സംസ്കാരമേ മാറുകയായിരുന്നു. അത്തരം സീരിയലുകൾ വലിയ വരുമാനം ഉണ്ടാക്കുന്നു എന്ന് മനസിലായതോടെ മറ്റു പരിപാടികൾക്ക് പ്രാധാന്യം കുറയുകയും സീരിയലുകൾ നിറയാനും തുടങ്ങി. നിലവാരമുള്ള പരിപാടികളെക്കാൾ സീരിയലുകളാണ് വരുമാനം എന്ന് മനസിലാക്കിയ, പുതുതായി വന്ന ചാനലുകൾ ആ രീതിയെ അനുകരിക്കാൻ ശ്രമിച്ചു. മൂല്യത്തേക്കാൾ പ്രാധാന്യം കച്ചവടത്തിന് വരുമ്പോൾ സംഭവിക്കുന്നതാണ് ചാനൽ രംഗത്തും സംഭവിച്ചത്.

ചാനലുകളിലെ സീരിയൽ കാഴ്ചകളെ കുറിച്ച് ?

എനിക്ക് തോന്നുന്നു 'സ്ത്രീ' ആണ് അതുവരെയുള്ള സീരിയൽ കാഴ്ചകളെ മാറ്റിമറിച്ചത്. അത് പക്ഷെ വല്ലാത്തൊരു കാഴ്ചയിലേക്കാണ് നമ്മുടെ സീരിയലുകളെ എത്തിച്ചത്. ഇപ്പോഴത്തെ സീരിയലുകൾ ശ്രദ്ധിച്ചാൽ മനസ്സിലാവും. യാതൊരു വിധ സ്വാഭാവികതയും ഇല്ല. അസാധാരണമായ രീതികൾ ആണ് കാണിക്കുന്നത്. വീട്ടിനുള്ളിൽ നിറയെ ആഭരണങ്ങൾ ധരിച്ച് അണിഞ്ഞൊരുങ്ങി അല്ലല്ലോ സാധാരണ നമ്മൾ നിൽക്കുന്നത്. കഥയേക്കാൾ പ്രാധാന്യം അണിഞ്ഞൊരുങ്ങലിനാണ്. കേരളത്തിലാണ് ഈ രീതി കാണുന്നത്. ഉപഭോഗ സംസ്കാരം വളർത്തിയെടുക്കാനാണ് കേരളത്തിലെ സീരിയലുകൾ ശ്രമിക്കുന്നത്. ഞാൻ സീരിയലുകൾ കാണാറുണ്ട്. തമിഴ്‌നാട്ടിലെ സീരിയലുകൾ ശ്രദ്ധിച്ചു നോക്കൂ. യാഥാർത്ഥ്യവുമായി ചേർന്ന് നിൽക്കുന്ന കഥകളും അവതരണവുമാണ്. മലയാളം ചാനലുകൾ ഇപ്പോൾ കാണിക്കുന്ന തരം സീരിയലുകൾക്ക് റേറ്റിങ് ഉണ്ടെന്നും പരസ്യം കിട്ടുന്നുവെന്നും കരുതി കേരളത്തിലെ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത് അതാണെന്ന് ഞാൻ കരുതുന്നില്ല. മുന്നിൽ വരുന്നത് അതായതുകൊണ്ടു കാണുന്നുവെന്നേയുള്ളൂ. നല്ല കഥയുള്ള സീരിയലുകൾ വന്നു നോക്കട്ടെ, അവർ കാണും.

കലാകാരന്മാരും എഴുത്തുകാരും ആക്രമിക്കപ്പെടുമ്പോൾ, വ്യക്തിസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുമ്പോൾ മാധ്യമങ്ങളുടെ ഉത്തരവാദിത്വം എന്തായിരിക്കണം?

ഈ വിഷയങ്ങളിലെല്ലാം തന്നെ മാധ്യമങ്ങളുടെ ഗൗരവതരമായ ഇടപെടലുകൾ ആവശ്യമാണ്. തങ്ങളുടെ സ്വാതന്ത്ര്യം ആക്രമിക്കപ്പെട്ടിട്ടുപോലും വളരെ കാര്യമാത്രപ്രസക്തമായ പ്രതിഷേധങ്ങളോ പ്രതികരണങ്ങളോ മാധ്യമപ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ദിലീപ് വിഷയം ദിവസങ്ങളോളം ചർച്ച നടത്തിയ മാധ്യമങ്ങൾ ഗൗരി ലങ്കേഷ് വിഷയം ഒന്നോ രണ്ടോ ദിവസത്തിൽ ഒതുക്കി. ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നങ്ങളെക്കാൾ ചർച്ചചെയ്യപ്പെടുന്നത് ഒട്ടും പ്രാധാന്യമില്ലാത്ത മറ്റു വിഷയങ്ങളാണ്. ഇത്തരം ആക്രമണങ്ങൾ ജനാധിപത്യ സങ്കൽപ്പത്തെ എത്രത്തോളം ബാധിക്കുന്നുവെന്ന് ജനങ്ങളെ ബോധവാന്മാരാക്കേണ്ടത് മാധ്യമങ്ങളാണ് . മാധ്യമ പ്രവർത്തകർ പോലും ആക്രമിക്കപ്പെടുമ്പോൾ കണിശമായ സാമൂഹിക - രാഷ്ട്രീയ ബോധം ആർജ്ജിച്ചുകൊണ്ടും ജനപക്ഷത്ത് നിലയുറപ്പിച്ചുകൊണ്ടും മാത്രമേ മാധ്യമ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനാവൂ എന്ന് മാധ്യമങ്ങൾ തിരിച്ചറിയണം.

മതപരവും രാഷ്ട്രീയപരവുമായ ആശയങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നതിനെ കുറിച്ച്?

മതപരമായ ആശയങ്ങൾ പ്രചരിപ്പിക്കാൻ മാധ്യമങ്ങളിൽ ഇടം കൊടുക്കുന്നത് പുരോഗമന സമൂഹത്തിന് യോജിച്ചതല്ല. എന്നാൽ രാഷ്ട്രീയ ആശയങ്ങൾ പ്രചരിപ്പിക്കാൻ മാധ്യമങ്ങളെ ഉപയോഗിക്കുന്നതിൽ ജനാധിപത്യ സമൂഹത്തിൽ തെറ്റ് പറയാനാവില്ല. രാഷ്ട്രീയ പാർട്ടി അവരുടെ പ്രവത്തനങ്ങളാണ് മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്. വോട്ടർമാരെ സ്വാധീനിക്കാൻ ഒരു പരിധിവരെ അവർക്ക് അതിലൂടെ സാധിക്കുന്നുമുണ്ട്. മോദി ആ സാധ്യത നന്നായി ഉപയോഗിച്ചിട്ടുണ്ട്, ഇപ്പോഴും ഉപയോഗിക്കുന്നുമുണ്ട്. ഇന്ത്യയിൽ വലതുപക്ഷമാണ് ആ സാധ്യത ഉപയോഗപ്പെടുത്തുന്നത്. ഇടതുപക്ഷം മാധ്യമങ്ങളിൽ നിന്ന് അകന്ന് നിൽക്കാതെ ആ സാധ്യത ഉപയോഗപ്പെടുത്തി മുന്നോട്ട് വരേണ്ടതുണ്ട്.

മാധ്യമരംഗത്തെ സ്ത്രീ സാന്നിധ്യത്തെ കുറിച്ച്?

പഴയ പോലെയല്ല, നിരവധി പെൺകുട്ടികൾ മാധ്യമ പ്രവർത്തനത്തിൽ പരിശീലനം നേടുവാൻ എത്തുന്നുണ്ട്. മാധ്യമ സ്ഥാപനങ്ങളിലെ എല്ലാ രംഗങ്ങളിലും മുന്‍പത്തേക്കാൾ സ്ത്രീ സാന്നിധ്യവുമുണ്ട്. എങ്കിലും വാർത്തകളിലും അപഗ്രഥനങ്ങളിലും കണിശമായ സ്ത്രീ വീക്ഷണമുണ്ടെന്നു പറയുക വയ്യ. മാത്രവുമല്ല, ചില പദവികളിലേക്ക് അവർക്ക് എത്താൻ കഴിയാതെ വരുന്നുണ്ട്. കഴിവില്ലായ്മകൊണ്ടല്ല, മറിച്ച് അവസരം കിട്ടാത്തതാണ്. വാർത്തകളുടെയും വിശകലനങ്ങളുടെയും സ്വഭാവം നിർണയിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെങ്കിലും മാധ്യമങ്ങളുടെ പരമ്പരാഗത പുരുഷമേധാവിത്വ കാഴ്ചപ്പാടുകളെ മറികടക്കാൻ വനിതാ മാധ്യമപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്.

ദൃശ്യമാധ്യമങ്ങളുടെ വരവ് പത്രങ്ങളുടെ പ്രാധാന്യം കുറച്ചിട്ടുണ്ടോ?

അങ്ങിനെ തോന്നിയിട്ടില്ല. പത്രങ്ങൾക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. ഇന്നും വാർത്ത ലഭിക്കാനുള്ള പ്രാഥമിക ഉപാധി പത്രങ്ങൾ തന്നെയാണ്. സത്യത്തിൽ ഇത്രയൊക്കെ ചാനലുകൾ ഉണ്ടെങ്കിലും വാർത്ത ലഭിക്കുന്നത് പത്രങ്ങളിൽ നിന്നാണ്. ഒളി അജണ്ടകളുണ്ടെങ്കിലും ചാനലുകളെ അപേക്ഷിച്ച് പത്രങ്ങളാണ് ധാർമികത കുറച്ചെങ്കിലും നിലനിർത്തുന്നത്. ചാനലുകളുടെ വരവ് പത്രങ്ങളുടെ പരസ്യ വരുമാനത്തെ ബാധിച്ചിട്ടില്ല എന്നതിൽ നിന്ന് തന്നെ മനസിലാക്കാം പത്രങ്ങളുടെ പ്രാധാന്യം.

നവ മാധ്യമങ്ങളെക്കുറിച്ച്?

ഇന്ന് മാധ്യമരംഗത്ത് സാങ്കേതികമായി താത്പര്യമുള്ള എല്ലാവരെയും മോഹിപ്പിക്കുന്ന ഒന്നാണ് നവ മാധ്യമങ്ങൾ. നവ മാധ്യമങ്ങൾ ദിനംപ്രതി മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ അത് എപ്പോഴും നവമാധ്യമമായി തുടരുകയും ചെയ്യുന്നു. അതിവേഗത്തിലാണ് അവിടെ മാറ്റങ്ങൾ സംഭവിക്കുന്നത്. അതിനാൽ നവമാധ്യമങ്ങൾക്ക് നിശ്ചിത ഘടന കൈവരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. നൂതന ആശയമുള്ളവരും സാങ്കേതികമായി ചിന്തിക്കുന്നവരും ചെറു ചെറു സ്ഥാപനങ്ങളുമായി നവമാധ്യമരംഗത്തേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ നേട്ടവും കോട്ടവും ഉണ്ട്. വലിയ ബിസിനസ് ആക്കി മാറ്റാനോ സ്വന്തമായി വ്യക്തിത്വം ഉണ്ടാക്കാനോ കഴിയാത്തത് നവമാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളിയാണ്.

മാധ്യമ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ നവമാധ്യമങ്ങൾക്ക് സാധിച്ചിട്ടുണ്ടോ?

മാധ്യമ സ്വഭാവത്തെ പുതുക്കി പണിതുകൊണ്ടിരിക്കുകയാണ് നവമാധ്യമങ്ങൾ. സ്റ്റോറിയുടെ കർതൃത്വം അല്ലെങ്കിൽ ബൈലൈൻ എന്നൊക്കെ പറയുന്നതിന് ഒരു പരിധിവരെ മാത്രമേ ഇനി പ്രസക്തിയുള്ളൂ; ബ്ലോഗ്, കോളം എന്ന നിലയിലൊക്കെ. ഒരു സ്റ്റോറി വികസിക്കുമ്പോൾ കോൺട്രിബ്യൂട്ടറി എന്ന രീതിയിലാണ് വളരുന്നത്. ഒരാൾ സ്റ്റോറി ഉണ്ടാക്കുന്നു, അടുത്തയാൾ തന്റെ അറിവ് വച്ച് അത് വികസിപ്പിക്കുന്നു. ഗാർഡിയൻ ദിനപത്രത്തിന്റെ എഡിറ്റർ അലർ റസ്ബ്രിഡ്ജർ പറയുന്നത് മുമ്പത്തെപോലെ ആറോ ഏഴോ സയൻസ് ജേണലിസ്റ്റുകളുടെ ആവശ്യം ഇപ്പോൾ ഇല്ല, ഒരാൾ മാത്രം മതിയെന്നാണ്. അയാൾ കോർഡിനേറ്റ് ചെയ്താൽ മതി. അയാൾ സ്റ്റോറി പുറത്തുകൊണ്ടുവന്നാൽ മറ്റൊരാൾ അതിനോട് പ്രതികരിക്കും. ചിലപ്പോൾ അത് നോബൽ സമ്മാന ജേതാവ് വരെ ആയിരിക്കും. അതായത് സ്റ്റോറിയിൽ അതാത് വിഷയത്തിലെ വിദഗ്ദ്ധർ തന്നെ കോൺട്രിബ്യുട്ട് ചെയ്തു കൊണ്ടിരിക്കും. അങ്ങനെ ഒരു വളർച്ചയുണ്ടാവുന്നതിനാൽ ഇന്റർനെറ്റിൽ കാണുമ്പോൾ അത് ആരുടേയും സ്റ്റോറി ആയിരിക്കുകയില്ല. അത് ഒരു കളക്റ്റീവ് സ്റ്റോറി ആവുകയാണ്. അതായത് മികച്ച സ്റ്റോറി എന്ന് പറയുന്നത് ഒരാളുടെ ആയിരിക്കില്ല, ഒരു കൂട്ടം ആളുകളുടെ ആയിരിക്കും. ചിലപ്പോൾ അതിൽ കെട്ടിച്ചമയ്ക്കുന്ന സ്റ്റോറികളൊക്കെ ഉണ്ടായേക്കാം. എങ്കിലും കൂട്ടായ സ്റ്റോറി ആയിരിക്കും.

നവ മാധ്യമങ്ങൾക്ക് മുഖ്യധാരാ മാധ്യമങ്ങളിൽ സ്വാധീനം ചെലുത്താനും സംഭാവനകൾ നൽകാനും സാധിക്കുന്നുണ്ട്. ഉദാഹരണത്തിന് ബ്ലോഗുകൾ മുഖ്യധാരാ മാധ്യമങ്ങളെക്കാൾ വിവരങ്ങൾ നൽകുന്നു. ഇറാഖിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച്, അവിടെയുള്ളവർ ഉണ്ടാക്കുന്ന ബ്ലോഗിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങൾ പോലും വിവരങ്ങൾക്ക് സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ കാണുന്ന വിവരങ്ങളുടെ ആധികാരികത മനസിലാക്കാതെ കൊടുത്താൽ അബദ്ധങ്ങൾ സംഭവിക്കുകയും ചെയ്യും.

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് അജണ്ടകൾ നിശ്ചയിക്കാനാവുന്നുവെന്നത് അപകടകരമല്ലേ?

മുതലാളിത്തത്തിന് അനുകൂലമായ, കമ്മ്യുണിസ്റ്റ് വിരുദ്ധമായ, വികസിത രാജ്യങ്ങൾക്ക് അനുകൂലമായ മൂന്നാം ലോകങ്ങൾക്ക് എതിരായ അജണ്ടകൾ ഒക്കെയുണ്ടാവും. എന്നിരുന്നാലും എതിർക്കുന്നവർക്കും കടന്നുവരാൻ പറ്റുമെന്ന സാധ്യതയുണ്ട്. പ്രിന്റായാലും ടെലിവിഷനായാലും എതിർക്കണമെങ്കിൽ വേറെ കമ്പനി തുടങ്ങണം. ഇവിടെ ഒരേ ഇടത്തിൽ നിന്ന് കൊണ്ട് തന്നെ എതിർക്കാൻ കഴിയുമെന്ന സൗകര്യമുള്ളതിനാൽ ജനാധിപത്യപരമായ സ്ഥിതിയുണ്ട്. ഇന്ത്യയിൽ സോഷ്യൽ മീഡിയ നന്നായി ഉപയോഗിക്കുന്നത് വലതുപക്ഷമാണ്. പരമ്പരാഗത മാധ്യമങ്ങളായ പ്രിൻറ്, ടെലിവിഷൻ രംഗത്ത് അവർക്ക് അത്ര സ്വാധീനമില്ലാത്തതുകൊണ്ട് തന്നെ ഈ ഇടത്തിലേക്ക് അവർ ശക്തമായി വന്നു. മോദി ആ സാധ്യത നന്നായി ഉപയോഗിക്കുന്നുണ്ട്. ഇടതുപക്ഷം സൈബർ ഇടത്തിൽ ഉണ്ടെങ്കിലും ക്രിയാത്മകമായി ഉപയോഗിക്കുന്നില്ല. ഇന്നത്തെ സാഹചര്യത്തിൽ അത്തരം സാധ്യതകൾ ഇടതുപക്ഷം ഉപയോഗപ്പെടുത്തേണ്ടതാണ്.

ഡിജിറ്റൽ മീഡിയയുടെ സാധ്യതയെ കുറിച്ച്?

പ്രിൻറ്, ടെലിവിഷൻ മാധ്യമങ്ങളുടെ പ്രാധാന്യം കുറയാൻ തുടങ്ങിയിട്ടുണ്ട്. വിദേശങ്ങളിൽ ഡിജിറ്റൽ മീഡിയ ശക്തമായി തുടങ്ങി. ഇവിടെ തന്നെ യുവതലമുറ പത്രം വായിക്കുന്നതും ടിവി കാണുന്നതും കുറവാണ്. അവർ വാർത്തകൾക്ക് മൊബൈലിനെ ആണ് ആശ്രയിക്കുന്നത്. അതിൽ നിന്ന് തന്നെ ഡിജിറ്റൽ മീഡിയയ്ക്ക് വളരാനുള്ള സാഹചര്യം ഇവിടെയുണ്ടെന്ന് മനസിലാക്കാം. ഒരേ ഇടത്തിൽ നിന്ന് വായിക്കാനും കാണാനും കേൾക്കാനും സാധിക്കും എന്നത് ഡിജിറ്റൽ മീഡിയയുടെ നേട്ടമാണ്. പത്രങ്ങളുടെ ഭാവി ഇന്ത്യയിൽ കുറച്ചുകാലം കൂടിയേ കാണൂ. പത്രം കയ്യിൽ പിടിച്ച് വായിക്കുന്ന രീതിയൊക്കെ കുറെ വർഷങ്ങൾ കഴിയുമ്പോൾ അപ്രത്യക്ഷമാവും. പ്രിൻറിംഗ് ടെക്നോളജി ഓൺലൈനിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

മാധ്യമപ്രവർത്തകൻ എന്നതിന് പുറമെ ഒരു നടനും കൂടിയാണ് താങ്കൾ ഇപ്പോൾ. സിനിമ ജീവിതത്തെ കുറിച്ച്?

അഭിനയം എനിക്ക് ഒരു ആഗ്രഹമോ ആവേശമോ ആയിരുന്നില്ല ഒരിക്കലും. സുഹൃത്തുക്കൾ നിർബന്ധിച്ചപ്പോൾ അഭിനയിച്ചുവെന്നേയുള്ളൂ. ഒരു നടനായി അറിയപ്പെടാൻ താത്പര്യമേയില്ല. എന്നാൽ സംവിധാനം ആഗ്രഹമുണ്ട്. ഒരു സിനിമ ചെയ്തുവെങ്കിലും പിന്നീട് തിരക്കുകൾ കാരണം നടന്നില്ല. വീണ്ടും സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്.

http://www.azhimukham.com/indianmediacrisis-venkiteshramakrishnan-interview/

http://www.azhimukham.com/mediacrisis-mediastudy-communication-problems-drsubhashkuttan/

http://www.azhimukham.com/india-indianmediacrisis-paranjoyguhathakurta-speaks-about-mediacrisis/

http://www.azhimukham.com/indian-media-crisis-censorship-in-modi-era-prabir-purkayastha/

http://www.azhimukham.com/opinon-on-indian-media-crisis-by-m-suchithra/

http://www.azhimukham.com/kazhchapadu-our-media-desperately-a-regulatory-agency-writing-np-rajendran/

http://www.azhimukham.com/indianmediacrisis-cnarayanan-state-president-kuwj-responds-issues-facedby-media/

http://www.azhimukham.com/indianmediacrisis-media-is-more-alert-at-the-time-fascism-kkshahina/


Next Story

Related Stories