TopTop
Begin typing your search above and press return to search.

ഒരു മുസ്ലീം പെണ്‍കുട്ടിയുടെ വിവാഹം സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്ത വിധം

ഒരു മുസ്ലീം പെണ്‍കുട്ടിയുടെ വിവാഹം സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്ത വിധം
നസ്രീന്‍ ഫസല്‍ എന്ന ഇരുപത്തിനാലുകാരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ വൈറലുകളില്‍ ഒന്ന്. താന്‍ എങ്ങനെയാണ് വിവാഹം കഴിച്ചതെന്ന് വിശദീകരിച്ച് നസ്രീന്‍ ഇട്ട പോസ്റ്റാണ് ജാതിമത ഭേദമന്യേ എല്ലാവരെയും ആകര്‍ഷിച്ചിരിക്കുന്നത്. പ്രണയ വിവാഹം അല്ലെങ്കില്‍ വീട്ടുകാര്‍ തീരുമാനിക്കുന്ന വിവാഹം ഇതാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നിലവിലുള്ള വിവാഹ രീതി. ആദ്യം പറഞ്ഞ രീതിയിലുള്ള വിവാഹം മിക്കവാറും എതിര്‍പ്പുകളിലൂടെയാണ് നടക്കുന്നത്. കുടുംബത്തില്‍ ആരുടെയും പിന്തുണ കിട്ടുകയില്ല. രണ്ടാമത്തെ രീതി ഒന്നോ രണ്ടോ മണിക്കൂര്‍ പരിചപ്പെടുന്നവര്‍ വിവാഹിതരാകുന്ന രീതി. വീട്ടുകാരുടെ പിന്തുണയോടെ അറേഞ്ച്ഡ് മാര്യേജ് രീതികളെ ഒന്നുപൊളിച്ചടുക്കി വിവാഹം കഴിച്ചതാണ് നസ്രീന്‍ സാമൂഹിക മാധ്യമങ്ങളിലെ താരമാകുമാന്‍ കാരണം. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലും പിന്നീട് നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റിയിലും പഠിച്ച കവിയും എഴുത്തുകാരിയുമായ ഈ പെണ്‍കുട്ടി തന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുത്ത രീതി ഇപ്പോള്‍ പലരും പിന്തുടര്‍ന്നു തുടങ്ങി.

നസ്രീന്‍ ഫസലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

'എന്റെ ഭാവിവരനെ ആദ്യമായി പരിചയപ്പെട്ട ശേഷം ഞാന്‍ രണ്ടു പേജില്‍ എന്നെ പറ്റി ഒരു ചെറു വിവരണം ഈ-മെയിലില്‍ അയച്ചു കൊടുത്തു. 'ഞാന്‍ എന്ന വ്യക്തി'യെ പറ്റിയായിരുന്നു ഒരു പേജ്. മറ്റേത് ജീവിതപങ്കാളി എന്നു പറയുമ്പോള്‍ ഞാനെന്താണ് പ്രതീക്ഷിക്കുന്നത് എന്നും. ഇതിനു മറുപടിയായി തന്നെ കുറിച്ചുള്ള മൂന്നു കാര്യങ്ങള്‍ അദ്ദേഹം എനിക്കയച്ചു തന്നു; ഒപ്പം മൂന്നു തുറന്ന ചോദ്യങ്ങളും.
[fb_pe url="https://www.facebook.com/nazreenfazal01/photos/a.112600175805284.1073741828.107489476316354/321691011562865/?type=3&theater" bottom="30"]
പരസ്പരം അറിയാന്‍ ചെലവഴിച്ച ആദ്യ ഒരാഴ്ചയില്‍ ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും 80 മെയിലുകള്‍ അയച്ചു. അതേ, 80 മെയിലുകള്‍! ഞങ്ങള്‍ പഞ്ചാരയടിക്കുകയോ കൊച്ചുവര്‍ത്തമാനം പറയുകയോ ഒന്നുമായിരുന്നില്ല. രണ്ടു പേരും ജീവിതത്തില്‍ പ്രധാനമെന്നു കരുതുന്ന കാര്യങ്ങളെ കുറിച്ചും ഭാവിയിലേയ്ക്കുള്ള പദ്ധതികളെ കുറിച്ചും ജീവിതപങ്കാളിയെ പറ്റിയുള്ള സങ്കല്‍പ്പങ്ങളെ കുറിച്ചുമെല്ലാമുള്ള ഗൌരവമായ ചര്‍ച്ചകളും വിശദീകരണങ്ങളുമായിരുന്നു അവ. എടുത്തു പറയേണ്ടതില്ലല്ലോ, കൂടുതലും ഞാനാണ് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നത്. 'സ്ത്രീകള്‍ ജോലിക്കു പോകുന്നതിനെ കുറിച്ച് എന്താണ് കരുതുന്നത്?', 'അപമര്യാദയായ പെരുമാറ്റം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?' (ഞാന്‍ ശരിക്കും ആ ചോദ്യം ചോദിച്ചു) 'കുട്ടികള്‍ (വേണമെന്നുണ്ടെങ്കില്‍) എപ്പോള്‍ വേണമെന്നാണ് ആഗ്രഹം?'- ഇങ്ങനെ ഒന്നിനു പുറകെ ഒന്നായി ചോദ്യങ്ങള്‍ കൊണ്ട് ഞാന്‍ അദ്ദേഹത്തെ ശ്വാസം മുട്ടിച്ചു. അദ്ദേഹമാകട്ടെ, ക്ഷമയോടെ ഓരോന്നിനും ഉത്തരം പറഞ്ഞു. രണ്ടു മാസം സമയമെടുത്ത്, പല തവണ സ്‌കൈപ്പ് കോളുകള്‍ ചെയ്ത്, ഒരു തവണ നേരിലും കണ്ടതിനു ശേഷമാണ് ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തിയത്. ഇപ്പോള്‍ അദ്ദേഹം പറയുന്നത് ഞാന്‍ ആദ്യമയച്ച രണ്ടു പേജ് 'ഓട്ടോബയോഗ്രഫി' വായിച്ചപ്പോഴേ താന്‍ തേടി നടന്ന പെണ്‍കുട്ടി ഇതാണെന്ന് തീരുമാനിച്ചുവെന്നാണ്.


ആദ്യം പരസ്പരം നല്‍കിയ ആമുഖമാണ് ഞങ്ങളുടെ ബന്ധത്തിന്റെ സ്വഭാവം നിര്‍ണ്ണയിച്ചത്. ഞാനിങ്ങനെ എല്ലായിടത്തും ഓടിപ്പാഞ്ഞു നടക്കുന്ന കിറുക്കിയാണ്, അദ്ദേഹം ഞാനൊഴുകിപ്പോകാതെ പിടിച്ചു നിര്‍ത്തുന്ന പാറയും. ചെയ്തു തീര്‍ക്കേണ്ട ജോലികള്‍, അടച്ചു തീര്‍ക്കേണ്ട ബില്ലുകള്‍ എന്നിങ്ങനെ പോകുന്ന ജീവിതത്തില്‍ എന്തെങ്കിലും രസങ്ങളും തമാശയും ഞാനുണ്ടാക്കാറുണ്ട്. ഞങ്ങള്‍ക്കിടയിലുള്ള ബന്ധം സുദൃഢമാണെന്ന് ഉറപ്പു വരുത്തുന്നയാളെന്ന നിലയില്‍ ദാമ്പത്യത്തിന്റെ മുഖമാണ് ഞാനെന്നും അതുകൊണ്ട് പിആര്‍ഒ ആണെന്നുമൊക്കെ അദ്ദേഹം തമാശയ്ക്കു പറയും. ഞങ്ങളുടെ നന്മകളും കുറവുകളും പരസ്പര പൂരകങ്ങളാണ്. അതിനു പ്രധാന കാരണം ഞങ്ങള്‍ രണ്ടു പേരും മനസിനിണങ്ങിയ പങ്കാളിക്കായി മനമുരുകി അല്ലാഹുവിനോടു ചെയ്ത പ്രാര്‍ത്ഥനകളാണ്. മറ്റൊരു കാരണം വിവാഹത്തിനു മുന്‍പ് വേണ്ട 'ഹോംവര്‍ക്ക്' ചെയ്തതും.


നമ്മുടെ ഈ സ്വദേശി സംസ്‌കാരം രസകരമാണ്. ഒരു റെസ്റ്റോറന്റില്‍ പോയാല്‍ നമ്മള്‍ വളരെയധികം സമയമെടുത്തേ മെനുവില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യാറുള്ളൂ (അവസാനം ബട്ടര്‍ ചിക്കനും ഗാര്‍ലിക് നാനും മാത്രമേ ഓര്‍ഡര്‍ ചെയ്യൂ എന്നത് വേറെ വിഷയം). എന്നാല്‍ എക്കാലവും കൂടെ വേണ്ട ജീവിതപങ്കാളിയെ തെരെഞ്ഞെടുക്കുന്ന കാര്യം വരുമ്പോള്‍ ചെറുക്കനും പെണ്ണും കണ്ട് ഏതാനും മണിക്കൂറുകള്‍ സംസാരിക്കുമ്പോഴേക്കും (പലപ്പോഴും ഒരു മണിക്കൂറില്‍ താഴെ സമയം) ഒരു തീരുമാനമെടുപ്പിക്കാന്‍ തിരക്കായി മറ്റുള്ളവര്‍ക്ക്. അതിലും കഷ്ടമാണ് ചിലപ്പോള്‍ കാര്യങ്ങള്‍. വിവാഹിതരാകേണ്ട സ്ത്രീയും പുരുഷനും കല്യാണത്തിന്റെയന്നാവും ആദ്യമായി പരസ്പരം കാണുന്നത്! അച്ഛനമ്മമാര്‍ ഭാവി മരുമകളെ/ മരുമകനെ കണ്ട് അവര്‍ക്കു വേണ്ടി കാര്യങ്ങള്‍ തീരുമാനിക്കുന്നു. എന്തര്‍ത്ഥമാണ് ഇതിന്? മുതിര്‍ന്നവരല്ലല്ലോ നിങ്ങളല്ലേ ഒരുമിച്ചു ജീവിക്കേണ്ടത്? വിവാഹിതരായി ഒരുമിച്ചു ജീവിക്കുമ്പോഴാണ് നിങ്ങളുടെ പങ്കാളിക്ക് കുട്ടികള്‍ വേണ്ട, അല്ലെങ്കില്‍ ആദ്യ വര്‍ഷം തന്നെ കുട്ടി വേണം എന്ന അഭിപ്രായമാണ് എന്നറിയുന്നതെങ്കിലോ? മതം/സാമ്പത്തികം/ കുട്ടികള്‍/ അവകാശങ്ങള്‍, ചുമതലകള്‍ തുടങ്ങിയ കാര്യങ്ങളില്‍ മറ്റേ വ്യക്തിയും നിങ്ങളും യോജിക്കുന്നുണ്ടോ എന്നറിയാതെ ഒരുമിച്ചൊരു ജീവിതം തുടങ്ങുന്നതെങ്ങനെ?


ഖുറാനിലെ എനിക്കേറ്റവും പ്രിയപ്പെട്ട ഉപമകളിലൊന്ന് ദൈവം നമുക്കായി സൃഷ്ടിച്ച ഉടയാടയാണ് പങ്കാളി എന്നതാണ്. വസ്ത്രം നിങ്ങളെ മറയ്ക്കുന്നു, കുറവുകളെ ഒളിപ്പിക്കുകയും നല്ലതിനെ എടുത്തു കാണിക്കുകയും ചെയ്യുന്നു, ഏറ്റവും പ്രധാനമായി, അത് നിങ്ങളെ ബാഹ്യ ഘടകങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. നമ്മള്‍ ധരിക്കുന്ന ഉടുപ്പാണ് ശരീരത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്നത്. അങ്ങനെയാവണം നിങ്ങളുടെ ഭാര്യ/ ഭര്‍ത്താവും. എന്നാല്‍ മറ്റൊരാള്‍ തെരഞ്ഞെടുക്കുന്ന വസ്ത്രം എങ്ങനെ നിങ്ങളുടെ പ്രിയപ്പെട്ടതാകും? മാത്രമല്ല, അച്ഛനമ്മമാരുടെ ഫാഷന്‍ ഐഡിയകളും തൊണ്ണൂറുകളിലെ പഫ് സ്ലീവും ബെല്‍ബോട്ടം പാന്റുമൊക്കെ നിങ്ങളില്‍ ആരാണ് ഇഷ്ടപ്പെടുന്നത്? മുതിര്‍ന്നവരുടെ അഭിപ്രായം ചോദിക്കൂ, പക്ഷേ അവരുടെ താല്‍പ്പര്യങ്ങള്‍ കണ്ണുംപൂട്ടി സ്വീകരിക്കരുത്.


ഈ സമയം തങ്ങളുടെ പങ്കാളികളെ തിരയുന്നവര്‍ ഞാന്‍ പറയുന്നത് ഗൌരവമായി എടുക്കണം. ആളുകള്‍ പറയുന്ന കാലാവധിയൊക്കെ മറന്നേക്കൂ. നിങ്ങള്‍ ഒറ്റയ്ക്കാണെന്നത് ചൂണ്ടിക്കാട്ടി നിര്‍ബന്ധിക്കുന്നവര്‍ നാളെ വിവാഹജീവിതത്തില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ നിങ്ങളെ കയ്യൊഴിയും. അതുകൊണ്ട് വിവാഹം എന്ന ചടങ്ങിനെ കുറിച്ചല്ല, ദാമ്പത്യത്തെ കുറിച്ച് ചിന്തിക്കൂ. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന പങ്കാളി ജീവിതത്തിലെ വൈകാരികവും ആത്മീയവും ശാരീരികവും തൊഴില്‍പരവുമായ മേഖലകളെയെല്ലാം സ്വാധീനിക്കും. രണ്ടു വ്യക്തികളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഒരിക്കലും പൂര്‍ണ്ണമായി യോജിക്കില്ല. പക്ഷേ സാമ്പത്തികം/ കരിയര്‍/ കുട്ടികള്‍ തുടങ്ങിയ പ്രധാന വിഷയങ്ങളിലെങ്കിലും ഒരേപോലെ ചിന്തിക്കുന്നവരാകണം അവര്‍. ഇത്തരം നിര്‍ണ്ണായക വിവരങ്ങള്‍ ഒരുമിക്കാനുള്ള തീരുമാനമെടുക്കുന്നതിനു മുന്‍പേ അറിയേണ്ടവയാണ്; വിവാഹശേഷം അഭിപ്രായവ്യത്യാസങ്ങളിലൂടെ മനസിലാക്കേണ്ടവയല്ല. നിങ്ങളെ നിര്‍ബന്ധിക്കുന്നവര്‍ കാരണം സ്വയം കഴുത്തില്‍ കുരുക്കിടാന്‍ നില്‍ക്കരുത്.'


Next Story

Related Stories