TopTop
Begin typing your search above and press return to search.

ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ പ്രതീക്ഷിക്കുന്നത്

ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ പ്രതീക്ഷിക്കുന്നത്

ടീം അഴിമുഖം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ ചില സാഹസങ്ങള്‍ എടുക്കാന്‍ തയ്യാറാണെന്നും തങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാമെന്ന് വാഗ്ദാനം നല്‍കുന്ന ഏത് പുതിയ മുന്‍കൈകളെയും വിശ്വസിക്കാന്‍ അവര്‍ തയ്യാറാണെന്നും ഡല്‍ഹിയിലെ നിയമസഭ തിരഞ്ഞെടുപ്പിലുള്ള ആം ആദ്മി പാര്‍ട്ടിയുടെ കൂറ്റന്‍ വിജയം സൂചിപ്പിക്കുന്നു. സൗജന്യ കുടിവെള്ളവും വിലകുറച്ച് വൈദ്യുതിയോടും ഒപ്പം അഴിമതിരഹിത ഭരണം എന്ന മോഹനവാഗ്ദാനത്തോടുള്ള വലിയ പ്രതീക്ഷകളുടെ സൂചനയാണ് മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളായ ബട്‌ല ഹൗസ്, മാതിയ മഹല്‍, സീലാംപൂര്‍, ബാര്‍ബര്‍പൂര്‍, കാരാവാള്‍ നഗര്‍ (മുസ്തഫബാദിലെ മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ ബിജെപി ജയിച്ചതൊഴിച്ചാല്‍) എന്നിവടങ്ങളിലെ എഎപിയുടെ ഗംഭീര വിജയത്തിന് കാരണം. താങ്ങാവുന്ന വിലനിലവാരത്തില്‍ അധിഷ്ടിതമായ ഒരു ആശ്വാസകരമായ ജീവിതത്തിന് വേണ്ടിയുള്ള തങ്ങളുടെ ആവശ്യം നിറവേറ്റുന്നതില്‍ പുതതലമുറയില്‍പ്പെട്ട മുസ്ലീം വോട്ടര്‍മാര്‍ അക്ഷമരായിരിക്കും എന്ന് മാത്രമല്ല, തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കാലതാമസം വരുത്തുകയോ പരാജയപ്പെടുകയോ ചെയ്താല്‍ അവര്‍ ക്ഷമിക്കാന്‍ തയ്യാറാവുകയുമില്ല. അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന പാര്‍ട്ടിക്ക് കൂട്ടത്തോടെ വോട്ട് ചെയ്ത മുസ്ലീങ്ങള്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കാന്‍ എഎപിയുടെ വിജയം ഉപകരിച്ചിട്ടുണ്ട്.

അവരുടെ മനസുകളില്‍ പരമ്പരാഗതമായി ഇടം കണ്ടെത്തിയിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മുസ്ലീം വോട്ടര്‍മാര്‍ക്കുണ്ടായിരിക്കുന്ന ഇച്ഛാഭംഗം വോട്ടിംഗ് രീതിയില്‍ ഉണ്ടായിട്ടുള്ള കൂട്ടായ വ്യതിയാനത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ബിഹാറില്‍ ഈ വര്‍ഷം ഒടുവിലും 2016-ല്‍ പശ്ചിമബംഗാളിലും 2017-ല്‍ ഉത്തര്‍പ്രദേശിലും തുടര്‍ന്ന് വരുന്ന തിരഞ്ഞെടുപ്പുകളില്‍ മുസ്ലീം വോട്ടിംഗ് രീതിയില്‍ ഉണ്ടായിരിക്കുന്ന ഈ വ്യതിയാനം എന്തെങ്കിലും പ്രതിഫലനങ്ങള്‍ ഉണ്ടാക്കുമോ എന്ന വലിയ ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഇപ്പോള്‍ വോട്ടവകാശമുള്ളവരുടെ 50 ശതമാനം വരുന്ന മുസ്ലീം യുവ വോട്ടര്‍മാരുടെ മാനസികാവസ്ഥ വിശകലനം ചെയ്യുന്നതിലൂടെ മാത്രമേ ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കൂ. മുന്നിലുള്ള വെല്ലുവിളികളെ തരണം ചെയ്യാനുള്ള തന്റേടവും ആഗ്രഹവും ഇന്നത്തെ കാലത്തെ മുസ്ലീം യുവജനങ്ങള്‍ക്കുണ്ടെന്ന് മാത്രമല്ല, മാറ്റം വാഗ്ദാനം ചെയ്യുന്ന ആശയങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള തുറന്ന മനസും അവര്‍ക്കുണ്ട്. എന്നാല്‍ ഫലങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ഒരു തിരക്ക് ഈ തലമുറയിലെ മുസ്ലീങ്ങള്‍ക്കുണ്ട് എന്നതാണ് ഇതിന്റെ മറുവശം. ഫലങ്ങള്‍ വരാന്‍ കാലതാമസമെടുക്കുന്നപക്ഷം ആ ആശയം ഉപേക്ഷിക്കാനും മറ്റൊരു പരീക്ഷണത്തിന്റെ പിന്നാലെ പോകാനും പുതിയ തലമുറ സന്നദ്ധരാകുന്നു. വെറും എട്ട് മാസത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിലുള്ള പ്രതീക്ഷ ഡല്‍ഹി മുസ്ലീങ്ങള്‍ക്ക്, പ്രത്യേകിച്ചും വലിയ അളവില്‍ യുവ വോട്ടര്‍മാര്‍ക്ക്, നഷ്ടപ്പെട്ടത് തന്നെ, തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിന് അവര്‍ നല്‍കുന്ന പ്രധാന്യത്തിലേക്കുള്ള ദിശാസൂചികയാണ്.

അച്ചേ ദിന്നിനെ അടിസ്ഥാനമാക്കിയുള്ള മോദിയുടെ വ്യാപക പ്രചാരണങ്ങളും യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ത്തപ്പെട്ട ഭരണ കെടുകാര്യസ്ഥതയ്ക്ക് അറുതി വരുത്തുമെന്ന വാഗ്ദാനവും വലിയ പ്രതീക്ഷകളാണ് ഉയര്‍ത്തി വിട്ടത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തില്‍ മതേതരകക്ഷികള്‍ അടിത്തട്ട് വരെ ചൂഷണം ചെയ്ത, മുസ്ലീം സമുദായത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഒരു ഉറച്ച പദ്ധതിയും ആവിഷ്‌കരിക്കാന്‍ എന്‍ഡിഎ സര്‍ക്കാരിന് ഈ എട്ട് മാസത്തിനുള്ളില്‍ സാധിച്ചില്ല. മാത്രമല്ല, മുറിവില്‍ കൂടുതല്‍ ഉപ്പ് തേയ്ക്കുന്നതിന് സമാനമായി, സംഘപരിവാറിലെ ചില കുത്സിതശക്തികള്‍ ഘര്‍വാപസിയുടെ പേരിലും പ്രത്യേകിച്ചും ഡല്‍ഹിയിലെ ചില മതന്യൂനപക്ഷ സ്ഥാപനങ്ങളെ ആക്രമിച്ചതിലൂടെയും മതഭ്രാന്തന്മാരായ ബിജെപി നേതാക്കള്‍ വീണ്ടും വീണ്ടും പ്രസവിക്കാന്‍ ഹിന്ദു സ്ത്രീകളോട് ആഹ്വാനം ചെയ്തതിലൂടെയും ന്യൂനപക്ഷങ്ങളുടെ ആത്മവിശ്വാസത്തില്‍ കൂടുതല്‍ വിള്ളലുകള്‍ വീഴ്ത്തി. വിഭാഗീയമായി സമൂഹത്തെ വിഭജിക്കാനുള്ള ഇത്തരം അശ്ലീല ശ്രമങ്ങളെല്ലാം ജനങ്ങള്‍ പൂര്‍ണമായും നിരാകരിച്ചു എന്നതിന്റെ തെളിവാണ് എഎപിയ്ക്ക് ലഭിച്ച ഉജ്ജ്വലമായ ഭൂരിപക്ഷവും കോണ്‍ഗ്രസ് പൂര്‍ണമായും തകര്‍ത്തെറിയപ്പെട്ടതും മോദി തരംഗത്തിന്റെ ഫലം എന്ന് ബിജെപി ഉയര്‍ത്തിക്കാട്ടിയ മഹാരാഷ്ട്രയിലേയും ഹരിയാനയിലെയും ജാര്‍ഖണ്ഡിലെയും നിയമസഭ വിജയങ്ങള്‍ക്ക് ശേഷം ബിജെപിക്ക് നേരിടേണ്ടി വന്ന കനത്ത പരാജയവും മുന്നോട്ട് വയ്ക്കുന്നത്.മുസ്ലീങ്ങളുടെ സുരക്ഷ പോലുള്ള നിര്‍ണായക വിഷങ്ങളില്‍ തന്റെ വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പാലിക്കാന്‍ സാധിക്കുകയും ജീവിതത്തിന്റെ എല്ലാ തുറകളിലും അവര്‍ക്ക് വേണ്ട ഇടം ലഭ്യമാക്കുന്നതില്‍ കെജ്രിവാള്‍ വിജയിക്കുകയും ചെയ്താല്‍, എഎപിയ്ക്ക് അനുകൂലമായി അവര്‍ ഇനിയും വോട്ട് ചെയ്യും. അങ്ങനെ വരികയാണെങ്കില്‍ ബിഹാര്‍, യുപി, ആസാം തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലെ മുസ്ലീം വോട്ടര്‍മാരുടെ വിശ്വാസം നേടിയെടുക്കുന്ന പുതിയ ഒരു യുഗത്തിന്റെ വിളംബരമായി അത് മാറും. അങ്ങനെ നിലവിലുള്ള രാഷ്ട്രീയ ചായ്‌വുകള്‍ക്ക് അതീതമായ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ എഎപിയ്ക്ക് അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാവുന്നതെങ്കില്‍, ബിഹാറിലും ബംഗാളിലും അതിന് ശേഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും മുസ്ലീം വോട്ടര്‍മാര്‍ വര്‍ദ്ധിത ഊര്‍ജ്ജത്തോടെ അവരെ തള്ളിക്കളയും.

ഡല്‍ഹിയില്‍ എഎപിയ്ക്ക് വേണ്ടി മുസ്ലീങ്ങള്‍ കൂട്ടമായി വോട്ടു ചെയ്തത് കൊണ്ട് തന്നെ, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്നപക്ഷം അത് ആ സമുദായത്തെ ഒന്നാകെ മോഹഭംഗപ്പെടുത്തും എന്ന് മാത്രമല്ല, അവരുടെ വോട്ടുകള്‍ നേടിയെടുക്കുന്നതിനായി ദേശീയ, പ്രദേശിക തലങ്ങളില്‍ മതേതര പാര്‍ട്ടികള്‍ എന്ന വിളിക്കപ്പെടുന്നവര്‍ നടത്തുന്ന മത്സരാധിഷ്ടിത ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഒരിക്കല്‍ കൂടിയുള്ള ഉദയത്തിന് അത് കാരണമാവുകയും ചെയ്യും. ദേശീയതലത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ഒരു സമാന്തര രാഷ്ട്രീയമായി വളര്‍ന്നുവരാന്‍ എഎപി ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അതിന്റെ പാത വളരെ സൂക്ഷ്മമായി തന്നെ നിര്‍ണയിക്കേണ്ടിയിരിക്കുന്നു. അടിസ്ഥാന മനുഷ്യ ജീവിതവും ഉല്‍പാദനപരമായ വിദ്യാഭ്യാസവും ആരോഗ്യ ശുശ്രൂഷ സംവിധാനവും ഉള്‍പ്പെടെ ഉറപ്പാക്കുന്ന ഒരു സുരക്ഷിതമായ ജീവിത സാഹചര്യത്തിന് വേണ്ടിയുള്ള മുസ്ലീം യുവജനങ്ങളുടെ ആഗ്രഹത്തിന് ഊന്നല്‍ നല്‍കാന്‍ എഎപിയ്ക്ക് സാധിക്കേണ്ടിയിരിക്കുന്നു.


Next Story

Related Stories