TopTop
Begin typing your search above and press return to search.

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് തൂക്കി വില ഇട്ട്; കോഴിക്കോടിന് കിലോക്ക്-16 ദിര്‍ഹം, കൊച്ചിക്ക്-17, തിരുവനന്തപുരം-18

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് തൂക്കി വില ഇട്ട്; കോഴിക്കോടിന് കിലോക്ക്-16 ദിര്‍ഹം, കൊച്ചിക്ക്-17, തിരുവനന്തപുരം-18

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് തൂക്കി വില ഇട്ടാണെന്ന് ആരോപിച്ച് ഷാഹിദ കമല്‍. മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് തൂക്കി നോക്കിയാണെന്നും കോഴിക്കോടിന് കിലോക്ക്-16 ദിര്‍ഹം, കൊച്ചിക്ക്-17, തിരുവനന്തപുരം 18 എന്നിങ്ങനെയാണെന്നും ഷാഹിദ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും കേരള സര്‍ക്കാര്‍ ഇതിന് മാറ്റം വരുത്തണമെന്നും ഇനി മുതല്‍ കേരളക്കാരുടെ ഡെഡ്‌ബോഡി നാട്ടില്‍ എത്തിക്കാനുള്ള ചെലവ് കേരള സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ട്, രാജ്യത്തിന് മാതൃക കാട്ടികൊടുക്കണമെന്നുമാണ് ഷാഹിദ, മുഖ്യ മന്ത്രി പിണറായി വിജയന് ഫെയ്‌സ്ബുക്കിലൂടെ നല്‍കിയ അപേക്ഷ.

ഷാഹിദ കമലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

'ആദരണീയ മുഖ്യ മന്ത്രി ശ്രീ.പിണറായി വിജയന്‍ അവര്‍കള്‍ക്ക്,

മയ്യിത്ത് (ഡെഡ് ബോഡി) തൂക്കി വില ഇടുന്നതു ഒഴിവാക്കി തരൂ, പ്ലീസ്

കേരളം കേന്ദ്ര സര്‍ക്കാരിന് മാതൃകയാകൂ

വളരെ ഹൃദയ വേദനയോടെ ദുബായില്‍ നിന്നാണ് ഞാന്‍ ഇത് എഴുതുന്നത്. പ്രവാസി പുരസ്‌കാര ജേതാവ് ശ്രീ.അഷ്റഫ് താമരശ്ശേരി ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ ദിവസം സോനാപൂരില്‍ മയ്യിത് (ഡെഡ് ബോഡി) എംപാം ചെയ്യുന്ന സ്ഥലം സന്ദര്‍ശിക്കാന്‍ പോയിരുന്നു. പോകാന്‍ ഒരു കാരണം കൂടി ഉണ്ട്.എന്റെ ഭര്‍ത്താവു മര്‍ഹൂം കമല്‍ 4 വര്‍ഷം മുമ്പ് ദുബായില്‍ വച്ചാണ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ മയ്യിത് എംപാം ചെയ്തത് ഇവിടെയാണ്. അവിടേക്കു കയറി ചെന്നതും എന്റെ നെഞ്ച് പൊട്ടുന്ന വേദനയാണ് ഞാന്‍ അനുഭവിച്ചത്

ദുബായില്‍ കൊല്ലപ്പെട്ട ഒരു സഹോദരന്റെ മയ്യത്തു നാട്ടിലേക്ക് വിടാന്‍ വേണ്ടിയാണു ശ്രീ. അഷ്റഫ് താമരശ്ശേരി അവിടെ ഉണ്ടായിരുന്നത്. കാസര്‍ഗോഡുകാരനായ മറ്റൊരു സഹോദരന്റെ മയ്യിത്തും അവിടെ ഉണ്ടായിരുന്നു. അതും നാട്ടിലേക്ക് വിടാനുള്ള ശ്രമത്തിലാണ് ശ്രീ. അഷ്റഫ്.

ഇനി ഞാന്‍ എഴുതുന്നത് എന്റെ സ്വന്തം അനുഭവം ആണ്. എന്നെ പോലെ ആയിരകണക്കിന് പ്രവാസികള്‍ക്ക് വേണ്ടിയാണു ഞാന്‍ ഇത് എഴുതുന്നത്. നമ്മുടെ നാടിന്റെ സമ്പത്തു വളര്‍ച്ചയുടെ നല്ല പങ്കു വഹിക്കുന്നത് പ്രവാസികളാണ്. എന്നാല്‍ അവരുടെ പ്രശ്‌നങ്ങള്‍ക് പരിഹാരം കാണാന്‍ കാല കാലങ്ങളില്‍ വന്ന കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഇതുവരെയും സാധിച്ചിട്ടില്ല.

മരണം അനിവാര്യമാണ്. പക്ഷെ അത് എവിടെ,എപ്പോള്‍ എന്ന് ആര്‍ക്കും നിശ്ചയമില്ല. അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ പ്രവാസലോകത്തു വച്ച് മരണം വരിക്കുന്ന ഇന്ത്യക്കാരുടെ മയ്യത്തു നാട്ടില്‍ എത്തിക്കാന്‍ മാത്രമാണ് മയ്യത്തു തൂക്കി വില ഇടുന്നത്. എല്ലാ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും മയ്യത്തിന്(ഡെഡ് ബോഡി) ബഹുമാനിക്കാന്‍ ആണ് നമ്മെ പഠിപ്പിച്ചിട്ടുള്ളത്. പല അവികസിത രാജ്യങ്ങള്‍ പോലും അവരുടെ നാട്ടിലെ പൗരന്‍ മരണപ്പെട്ടാല്‍ സര്‍ക്കാര്‍ ചിലവില്‍ ബോഡി വീട്ടില്‍ എത്തിക്കും. പക്ഷെ ലോകം ചുറ്റുന്ന ആദരണീയനായ പ്രധാനമന്ത്രി ഇതൊന്നും അറിയുന്നേ ഇല്ല, എന്നത് ഏറെ വേദനാ ജനകമാണ്. മരണപ്പെട്ട വ്യക്തിയെ തൂക്കി നോക്കി കിലോക്ക് മാര്‍ക്കറ്റിലെ പോലെ വില ഇടുകയാണ്. കോഴിക്കോടിന് എങ്കില്‍ കിലോക്ക്-16 ദിര്‍ഹം, കൊച്ചിക്ക്-17, തിരുവനതപുരം 18 എന്നിങ്ങനെയാണ് നിരക്ക്. ഇതിനു കഴിയാത്ത ഒരു ബംഗാളി സഹോദരന്റെ ഡെഡ്‌ബോഡി മൂന്നു മാസമായി ഇവിടെ സൂക്ഷിച്ചിരിക്കുന്നതും നിസ്സഹായായി ഞാന്‍ നോക്കി കണ്ടു.

നാട്ടില്‍ നിന്ന് ഒരു കിലോ ഫ്രൂട്ട്‌സ് ഇവിടെ എത്തിക്കാന്‍ വെറും മൂന്ന് ദിര്‍ഹം ഉള്ളപ്പോഴാണ് നിശ്ചലമായ മനുഷ്യ ശരീരത്തിന് അതിലും കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നത്. ഈ ചാര്‍ജ് കൊടുക്കേണ്ടി വന്ന ഹതഭാഗ്യയായ വിധവയാണ് ഞാന്‍.

പാവങ്ങളുടെ പടത്തലവനായ പിണറായി സഖാവിനോട് ഒരു അപേക്ഷ. ഇനി മുതല്‍ കേരളക്കാരുടെ ഡെഡ്‌ബോഡി നാട്ടില്‍ എത്തിക്കാനുള്ള ചെലവ് കേരള സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ട്, രാജ്യത്തിന് മാതൃക കാട്ടികൊടുക്കാന്‍ ഏറ്റവും നല്ല മനുഷ്യ സ്‌നേഹിയായ അങ്ങേക്ക് കഴിയും. പ്രവാസ ലോകത്തെ പാവങ്ങള്‍ക്ക് ചെയ്തു കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ സഹായവും പുണ്യവും അതായിരിക്കും. അങ്ങേക്ക് ഏല്ലാ നാന്മകളും നേരുന്നു.

അഭിവാദ്യങ്ങളോടെ,

ഷാഹിദ കമല്‍'


Next Story

Related Stories