UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഇന്ത്യന്‍ സമാധാന സേനയും പര്‍വേസ് മുഷറഫും

Avatar

1987 ഒക്ടോബര്‍ 12
ഐപികെഎഫ് നേരിട്ട വന്‍ദുരന്തം

ഇന്ത്യന്‍ സമാധാന സേന ശ്രീലങ്കയില്‍വച്ച് സാക്ഷിയായ ഏറ്റവും ദാരുണമായ ദുരന്തം നടക്കുന്നത് 1987 ഒക്ടോബര്‍ 12 നാണ്. ജാഫ്‌ന യൂണിവേഴ്‌സിറ്റി കാമ്പസില്‍വച്ചാണ് ഐപികെഎഫിന് കനത്തം പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. ഒപ്പറേഷന്‍ പോണിന്റെ ഭാഗമായി ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം അഥവ എല്‍ടിടിയില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ജാഫ്‌നയെ മോചിപ്പിക്കുകയും ചെയ്തതിനുശേഷം യൂണിവേഴ്‌സിറ്റി കാമ്പസില്‍ വിശ്രമിക്കുകയായിരുന്നു ഇന്ത്യന്‍ സമാധനസേന.

എന്നാല്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് എല്‍ടിടിയുടെ നീക്കങ്ങള്‍ മനസ്സിലാക്കുന്നതില്‍ പിഴവ് സംഭവിച്ചു. വിശ്രമിക്കുകയായിരുന്ന ഇന്ത്യന്‍ സേനയ്ക്കുമേല്‍ തമിഴ് പുലികള്‍ ആക്രമണം നടത്തി. 10 ആം പാരാ ബറ്റാലിയനിലും 13 ആം സിഖ് ലൈറ്റ്കലാള്‍പ്പടയിലുമുള്ള എല്ലാ ഇന്ത്യന്‍ സൈനികരും ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

1999 ഒക്ടോബര്‍ 12
പര്‍വേസ് മുഷറഫ് പാക്കിസ്ഥാനില്‍ അധികാരം പിടിച്ചെടുക്കുന്നു

പാക്കിസ്ഥാന്‍ സൈന്യത്തിന്റെ തലവനായിരുന്ന പര്‍വേസ് മുഷറഫ് രക്തരഹിത അട്ടിമറിയിലൂടെ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം കൈക്കലാക്കി. 1999 ഒക്ടോബര്‍ 12 നാണ് മുഷറഫ് രാജ്യത്തിന്റെ നിയന്ത്രണം തന്റെ കീഴിലാക്കുന്നത്. മുഷറഫ് ശ്രീലങ്കയില്‍ സന്ദര്‍ശനം നടത്തുമ്പോഴാണ് പാക്കിസ്ഥാനില്‍ പട്ടാള അട്ടിമറി നടക്കുന്നത്.

മുഷറഫ് തിരിച്ച് പാക്കിസ്ഥാനിലേക്ക് വന്നപ്പോള്‍ അദ്ദേഹത്തിന്റെ വിമാനം ഇറക്കാന്‍ ആദ്യം അനുമതി നിഷേധിച്ചിരുന്നു. പാക്ക് സേനയുടെ പുതിയ മേധാവി സിയാവുദീന്‍ ബട്ടായിരുന്നു മുഷറഫിന് അനുമതി നിഷേധിച്ചത്. എന്നാല്‍ മുഷറഫിന്റെ പിന്നില്‍ നിലയുറപ്പിച്ച സൈന്യം ബട്ടിന്റെ ആജ്ഞ നിരസിച്ചു. സിയാവുദീന്‍ ബട്ട് അധികാരം ഏറ്റെടുക്കുന്നതിനു മുമ്പേ തന്നെ സൈന്യം തങ്ങളുടെ പിന്തുണ മുഷറഫിന് നല്‍കുകയും എല്ലാ ഗവണ്‍മെന്റ് സംവിധാനങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. തിരിച്ചെത്തി അധികാരം ഏറ്റെടുത്തതിന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മുഷറഫ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നവാസ് ഷെരിഫ്, സിയാവുദീന്‍ ബട്ട് എന്നിവര്‍ അറസ്റ്റിലായി. പിന്നീട് നവാസ് ഷെരീഫ് നാടുകടത്തലിന് വിധേയനായി.

2008 ല്‍ മുഷറഫ് തന്റെ അധികാരം ഒഴിയാന്‍ സന്നദ്ധനായി. പാക്കിസ്ഥാനില്‍ ജനാധിപത്യത്തിന്റെ കാലം തിരിച്ചെത്തുകയായിരുന്നു ആ തീരുമാനത്തിലൂടെ. പാക്കിസ്ഥാന്‍ പിപ്പീള്‍സ് പാര്‍ട്ടിയും പാക്കിസ്ഥാന്‍ മുസ്ലിം ലീഗും പ്രസിഡന്റ് മുഷറഫിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചതോടെ അദ്ദേഹം 2008 ആഗസ്തില്‍ പദവിയില്‍ നിന്ന് ഒഴിഞ്ഞു. അധികാരം നഷ്ടപ്പെട്ട മുഷറഫും വിദേശവാസത്തിന് വിധേയനാക്കപ്പെട്ടു. രണ്ടു വര്‍ഷത്തിനുശേഷം അദ്ദേഹം തിരിച്ചെത്തിയപ്പോള്‍ നിരവധി കേസുകളാണ് അദ്ദേഹത്ത് കാത്ത് രാജ്യത്തുണ്ടായിരുന്നത്. ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകുറ്റമടക്കം അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടു. ഈ കേസില്‍ അദ്ദേഹത്തെ കസ്റ്റഡയില്‍ എടുക്കുകയും ചെയ്തു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍