TopTop
Begin typing your search above and press return to search.

ഉണ്ണുന്നതിനും ഉരിയാടുന്നതിനും മേല്‍ വീഴുന്ന വിലങ്ങുകള്‍

ഉണ്ണുന്നതിനും ഉരിയാടുന്നതിനും മേല്‍ വീഴുന്ന വിലങ്ങുകള്‍

സിയാന ഫസല്‍


വളരെ അടുത്തകാലത്തായി കേട്ട, മുഖ്യധാരാ മാധ്യമങ്ങളില്‍ പരമദയനീയമായി ചര്‍ച്ച ചെയ്യപ്പെട്ട ഒന്നു രണ്ടു വാര്‍ത്തകള്‍ ഓണ്‍ലൈന്‍ ഇടങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനാദികാലങ്ങളായി തിരസ്‌കരണങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും ഇരകളായുള്ള വ്യക്തി/വര്‍ഗ്ഗങ്ങളുടെ പ്രതിഷേധങ്ങള്‍, ചോദ്യങ്ങള്‍ ഒന്നുംതന്നെ തര്‍ക്കവിഷയം പോലുമാവാത്ത സാഹചര്യത്തിലാണ് ഇത്തരം വിഷയങ്ങളെ കൂടുതലായി അപഗ്രഥിക്കേണ്ടി വരുന്നത്. കേവല തിരസ്‌കരണങ്ങള്‍ക്കപ്പുറം ഇത്തരം ഹിംസകള്‍ മറച്ചുപിടിക്കുന്നത് ഏറെ സമര്‍ത്ഥമായ രാഷ്ട്രീയലക്ഷ്യങ്ങളെയാണ്. നാമ്പിടുന്ന പ്രസക്തമായ ഏത് ചോദ്യങ്ങളെയും ആശയങ്ങളെയും ഇല്ലായ്മ ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാതാവുന്നത് അധികാരവ്യവസ്ഥകളെ മാറ്റിമറിയ്ക്കാന്‍ പ്രാപ്തിയുള്ള വിപ്ലവസാധ്യതകളുമാണ്. അല്ലെങ്കില്‍ ഇനി പറയുന്ന കാര്യങ്ങളെ പരിശോധിച്ചു നോക്കുക.പേരാമ്പ്ര ലോവര്‍ പ്രൈമറി സ്‌കൂളില്‍ കഴിഞ്ഞ പത്തു വര്‍ഷമായി ദളിത് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പഠിക്കുന്നത്. മറ്റ് 'ഉയര്‍ന്ന' ജാതികളില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി പോലും ആ സ്‌കൂളില്‍ ഇക്കാലമൊന്നും ഇല്ല; അല്ലെങ്കില്‍ ഉയര്‍ന്ന ജാതികളില്‍ നിന്നുള്ളതും ഇതര മതങ്ങളില്‍ നിന്നുമായുള്ള വിദ്യാര്‍ത്ഥികളെ 'കീഴ്ജാതി' വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിലേക്ക് അയയ്ക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നു. ഇത്തരം ഒരു വാര്‍ത്ത,'സാക്ഷരമലയാളി പൊതുബോധ'ത്തെ പരമമായ ലജ്ജയില്‍ ഹോമിച്ചു കളയേണ്ടതാണ്. വേദങ്ങളിലെയും ഹിന്ദുമത തത്വങ്ങളിലെ സമത്വസങ്കല്പങ്ങളെയും അവ ഉള്‍ക്കൊള്ളുന്ന ജനാധിപത്യവിരുദ്ധ ആശയങ്ങളെയും കുറിച്ച് സംസാരിച്ച കാഞ്ച ഐലയ്യക്കെതിരെ കേസെടുത്തതാണ് മറ്റൊന്ന്. ഏറ്റവും അവസാനമായി, കേരളത്തില്‍ നിന്നുള്ള പതിനഞ്ചു വിദ്യാര്‍ത്ഥികളെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രവേശനം നിഷേധിച്ച് മടക്കി അയച്ച വാര്‍ത്തയും.അങ്ങേയറ്റം ക്ഷോഭജനകമായ അല്ലെങ്കില്‍ ആവേണ്ട ഇത്തരം വാര്‍ത്തകളിലും പരിധിയില്‍ കവിഞ്ഞുള്ള നീരസങ്ങള്‍ ജനിക്കാത്തിടത്തും, സമഗുണമായ വാര്‍ത്തകള്‍ ഹ്രസ്വമായ ഇടവേളകളില്‍ ഉണ്ടാവുന്നിടത്തുമാണ് കേരളീയ പൊതുബോധത്തെയും ആ പൊതുബോധം പേര്‍ന്നുപോരുന്ന അഴുക്കുകളെയും പ്രതിഷ്ഠിക്കേണ്ടത്. ഭാഷാസമ്പന്നതയും അക്ഷരജ്ഞാനവും കൊണ്ടാടുന്ന മലയാളി പൊതുബോധത്തിന്റെ ഉത്കണ്ഠകള്‍ക്ക് അവന്‍ വരച്ചുവെച്ച പരിധികളും അതിരുകളും നിശ്ചയമായും ഉണ്ട്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വിലക്കപ്പെട്ട പൊതുവഴികളും പൊതുസ്ഥാപനങ്ങളുമൊക്കെ ചരിത്രാതീതകാലങ്ങളിലെ സ്മരണകളിലോ കാലഹരണപ്പെട്ട വേദഗ്രന്ഥനിയമങ്ങളിലോ ശാസനകളിലോ മാത്രല്ല എന്ന മൗലികമായ തിരിച്ചറിയലില്‍ നിന്നുതന്നെ വേണം മേല്‍പ്പറഞ്ഞ വിഷയങ്ങളെ വായിച്ചു തുടങ്ങുന്നത്. ശൂദ്രസാമിപ്യത്തില്‍ അറിവ് (വേദശ്ലോകങ്ങള്‍) ഉരുവിടുന്നതിലുള്ള കര്‍ശനമായ വിലക്കകളും ഇനി അപ്രകാരം സംഭവിച്ചാല്‍ തന്നെ പ്രതിവിധിയായി താഴ്ന്ന ജാതിക്കാരന്റെ കാതില്‍ ഈയം ഉരുക്കി ഒഴിക്കാനുള്ള നിര്‍ദ്ദേശങ്ങളുടെയും 'കാലോചിതമായ' പുനരാവിഷ്‌കരണങ്ങളില്‍ ഒന്നുമാത്രമാണ് ഇന്ന് പേരാമ്പ്ര സ്‌കൂളില്‍ കണ്ടത്.

കാഞ്ചാ ഐലയ്യ എന്ന ദളിത് ചിന്തകന്റെ ആശയങ്ങളും വാക്കുകളും ഭദ്രതയില്ലാതാക്കുന്നത് മൂവായിരത്തിലേറെ വര്‍ഷങ്ങള്‍ കൊണ്ട് ചൂഷണവും വിവേചനവും അടിസ്ഥാനപ്പെടുത്തിയുള്ള അങ്ങേയറ്റം വേരിറങ്ങിയ ആശയ, അനുഷ്ഠാന രൂപകല്പനകളെയാണ്. 'ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവല്ല' (Why I am not a Hindu), 'ദൈവം എന്ന രാഷ്ട്രീയ തത്വജ്ഞാനി; ബ്രാഹ്മണിസത്തിനെതിരെയുള്ള ബുദ്ധന്റ വെല്ലുവിളികള്‍' (God as a political philosopher; Buddha's challenge against Brahmanism') എന്നിങ്ങനെയുള്ള ഐലയ്യയുടെ പുസ്തകങ്ങള്‍ തലവാചകങ്ങള്‍ കൊണ്ടുതന്നെ മേല്‍ചൊന്ന അധികാരസംജ്ഞകള്‍ക്ക് ആപല്‍ക്കരമാവുമ്പോഴാണ് ഉരിയാടുന്നതിനുമേല്‍ വിലക്കുകള്‍ വീഴുന്നത്. മതനിരപേക്ഷതയും, ജാതി, മത, വര്‍ഗ, ലിംഗതുല്യതയും ഭേഷാ കൊട്ടിഘോഷിക്കപ്പെടുന്ന ജെ.എന്‍.യു പോലുള്ള കേന്ദ്രസര്‍വ്വകലാശാലകളിലെ ചില ഹോസ്റ്റലുകളില്‍ പോലും ഇന്ന് വെണ്ടയ്ക്ക പോലുള്ള പച്ചക്കറികള്‍ വരെ പുഴുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന സസ്യഭുക്കകളുടെ പ്രബോധനത്തിനു പിറകെ നിഷിദ്ധമാക്കിയിരിക്കയാണ്. ഉണ്ണുന്നതിനും ഉടുക്കുന്നതിനും ഉരിയാടുന്നതിനും മേലെയുള്ള വിലക്കുകള്‍ക്ക് മതാധിഷ്ഠിത സാംസ്‌കാരികഭാവങ്ങള്‍ നല്‍കുന്നതോടു കൂടി അധികാരവര്‍ഗത്തിന്റെ വ്യവസ്ഥാപിത താല്പര്യങ്ങള്‍ തന്ത്രപ്രധാനമായി സ്ഥാപിതമാവുകയുമായി.പേരാമ്പ്ര സ്‌കൂളില്‍ കണ്ടത് കേരളത്തിലെ ഒട്ടുമിക്ക വീടകങ്ങളിലും പൊതുസ്ഥാപനങ്ങളിലും ഭിന്നതയില്ലാതെ അരങ്ങേറുന്ന പൈശാചികതയുടെ പ്രത്യക്ഷമായ ആവിര്‍ഭാവങ്ങളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ മുതല്‍ക്കൂട്ടാക്കി, ഇത്തരം ചൂഷിതവ്യവസ്ഥിതികളെ പുഷ്ടിപ്പെടുത്തുകവഴി അധികാര വര്‍ഗത്തിനു സാധ്യമാവുന്നത്, ദീര്‍ഘകാലാടിസ്ഥാനത്തില്‍ത്തന്നെ ഇത്തരത്തിലുള്ള അധികാരഘടനയെ പരിപാലിച്ചു പോവുക എന്ന യുക്തിയുക്തവും തന്ത്രപ്രധാനവുമായ പദ്ധതികളാണ്. ഡല്‍ഹി യൂണിവേഴ്‌സിറ്റി പോലുള്ള സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ എണ്ണം ഒട്ടും ചെറുതല്ല. അതില്‍ തന്നെ മലബാറില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ അനുപാതവും മുഖ്യമാണ്. അത്തരമൊരു സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി പുതിയ വിലക്കുമായി സര്‍വ്വകലാശാല അധികൃതര്‍ മുന്നോട്ടു വന്നത്. കേരള ബോര്‍ഡിന്റെ മൂല്യനിര്‍ണ്ണയം കൂടുതല്‍ ഉദാരമായതിനാല്‍ പത്തു ശതമാനം കിഴിച്ചുള്ള മാര്‍ക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന നടപടിയാണ് അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഇത്തരം അക്രമണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒട്ടും പുതുമയല്ല. കാവിവല്‍ക്കരിക്കപ്പെട്ട ഓഫീസ് സ്‌പേസില്‍ ഇരിക്കുന്ന ഏമാന്മാര്‍ക്ക് പണ്ടുതൊട്ടേ 'ചില' വിദ്യാര്‍ത്ഥികളെ കണ്ടാല്‍ വിറളി വരും; തല്‍ഫലം അവരുടെ പദസഞ്ചയവും പ്രതികരണരീതിയും മറ്റൊന്നാവും. ഒടുവില്‍ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് പ്രവേശനം നിഷേധിക്കുക വഴി, മൗലികമായ അഭ്യുന്നതിക്കുള്ള സാധ്യതയെ ഭരണാധികാരവര്‍ഗത്തിന്റെ കൂട്ടായ്മയോടെയും സംരക്ഷണത്തോടെയും തീര്‍ത്തും ഇല്ലായ്മ ചെയ്യുകവഴി, സാധ്യമാവുന്നത് മേല്‍ചൊന്ന അധികാരക്രമം പരിപാലിക്കപ്പെടുകയാണ്.ഇത്തരം ചേഷ്ടകളിലൂടെ ശ്രേഷ്ഠവര്‍ഗം കിനാവു കാണുന്നത് അടിച്ചമര്‍ത്തപ്പെട്ടവന്റെ ബൗദ്ധികതയ്ക്കു മേലുള്ള പ്രഹരങ്ങള്‍ വഴി സാധ്യമായേക്കാവുന്ന ദൃഢീകരിക്കപ്പെട്ട ചുഷണാധിഷ്ഠിത അധികാരബന്ധങ്ങള്‍ തന്നെയാവാം. ഉണ്ണുന്നതിനും ഉരിയാടുന്നതിനും മേലെ വീഴുന്ന വിലങ്ങുകള്‍ പറയാതെ പറയുന്നത് മറ്റെന്താണ്?അഴിമുഖം പ്രസിദ്ധീകരിച്ച സിയാനയുടെ മറ്റൊരു ലേഖനം: തുരുമ്പുസൂചിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ജീവിതങ്ങള്‍(ഡല്‍ഹി ജെ.എന്‍.യുവില്‍ എം.എ ഒന്നാം വര്‍ഷ ചരിത്രവിദ്യാര്‍ഥിയാണ് സിയാന)(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Next Story

Related Stories