TopTop

സോളോ റൈഡര്‍ പ്രവീണ; ഒറ്റയ്ക്ക് ലോകം കീഴടക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥ

സോളോ റൈഡര്‍ പ്രവീണ; ഒറ്റയ്ക്ക് ലോകം കീഴടക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥ
സോളോ റൈഡര്‍ പ്രവീണ വസന്ത് എന്ന 27-കാരിയെ സാധാരണ മലയാളികള്‍ക്ക് അറിയാന്‍ സാധ്യത കുറവാണ്. എന്നാല്‍ ലോകം മുഴുവനുമുള്ള യാത്രാ ഭ്രാന്തന്മാര്‍ക്കും ബൈക്ക് ട്രാവലേഴ്‌സിനും ഈ പെണ്‍കുട്ടി ആവേശമാണ്. ഒറ്റക്ക് ഈ പെണ്‍കുട്ടി തന്റെ ബുളറ്റുമായി ഇതുവരെ താണ്ടിയത് ഏകദേശം 12,000 കിലോമീറ്ററിന് അടുത്താണ്. ഇന്ത്യയില്‍ തന്നെ സോളോ റൈഡിംഗില്‍ ഇത്ര ദൈര്‍ഘ്യമായ യാത്ര നടത്തിയവര്‍ വളരെ കുറവാണ്. ഈ പ്രവീണ ഏതോ വടക്കേന്ത്യകാരിയായ ഒരു പെണ്‍കുട്ടിയാണ് എന്ന് നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റി. പ്രവീണ മലയാളിയാണ്. കോഴിക്കോട് ചാത്തമംഗലം വെള്ളന്നൂരിലെ ആര്‍ബിഐ ഉദ്യോഗസ്ഥന്‍ വസന്ത കുമാറിന്റെയും സ്‌നേഹപ്രഭയുടെയും മകളാണ് ഈ സോളോ റൈഡര്‍.

മാധ്യമപ്രവര്‍ത്തനം പഠിക്കാനായി വയനാട്ടിലെ പുല്‍പള്ളി പഴശ്ശിരാജ കോളേജില്‍ എത്തിയപ്പോഴായിരുന്നു പ്രവീണയെ ആദ്യം പരിചയപ്പെടുന്നത്. ഒന്‍പത് വര്‍ഷം മുമ്പ്. വിനോദസഞ്ചാരത്തില്‍ ബിരുദം എടുക്കുന്നതിനായിട്ടായിരുന്നു പ്രവീണ എത്തിയത്. ഇന്ന് കാണുന്ന പ്രവീണയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തയായിരുന്നു അവര്‍. ആദ്യമൊക്കെ അത്യാവശ്യം സുഹൃത്തുകളെ സമ്പാദിച്ച പ്രവീണ പിന്നീട് തന്റെ 'സോളോ റൈഡിംഗ്' അന്ന് തന്നെ ആരംഭിച്ചിരുന്നു. ചില സമയങ്ങളില്‍ കലഹിച്ചിരിക്കുന്ന, ചെറിയ കാര്യങ്ങളില്‍ സങ്കടപ്പെടുന്ന പ്രവീണയെക്കുറിച്ച് പിന്നെ അറിയുന്നത് ലോകത്തിലെ എണ്ണം പറഞ്ഞ സോളോ റൈഡറായിട്ടാണ്. തികച്ചും ഞെട്ടിക്കുന്ന ഒരു മാറ്റം തന്നെയായിരുന്നു അത്. നാട്ടിന്‍പുറത്തെ പെണ്‍കുട്ടി എന്ന് ഞങ്ങള്‍ അറിഞ്ഞ പ്രവീണ പല കാര്യങ്ങളിലും ഒരു 'തീ' ആയിരുന്നുവെന്ന അറിവ് അമ്പരിപ്പിക്കുന്നതായിരുന്നു. ഒരുപക്ഷെ അന്നേ ഒരു കനല്‍ അവളുടെ ഉള്ളിലുണ്ടായിരിക്കണം.പഠനത്തിന് ശേഷം പ്രവീണ ടൂറിസം മേഖലയില്‍ ജോലിയുമായി ഗള്‍ഫിലായിരുന്നു. തിരിച്ച് വന്ന ശേഷം ഛണ്ഡിഗഢിലെ ഒരു ബാങ്കില്‍ ഉദ്യോഗസ്ഥയായി. ജോലിക്കായി ഛണ്ഡിഗഢ് തന്നെ തിരഞ്ഞെടുക്കാന്‍ കാരണം ഇന്ത്യയിലെ പ്രധാന ഹില്‍ സ്റ്റേഷനുകള്‍ക്ക് അടുത്തുള്ള മേഖലയായതിനാല്‍ റൈഡിംഗിന് പോകാം എന്നു കരുതി തന്നെയാണെന്നാണ് അവര്‍ പറയുന്നത്. 'ശരിക്കും മൂന്നാലു വര്‍ഷമെ ആയിട്ടുള്ളൂ എനിക്ക് ഇങ്ങനെ യാത്ര ഭ്രാന്ത് തുടങ്ങിയിട്ട്. ട്രക്കിലും ബസിലുമൊക്കെയായി ലഡാക്കിലേക്കായിരുന്നു ആദ്യം പോയത്. പിന്നെയാണ് എന്റെ ആദ്യ കാമുകന്‍ പള്‍സര്‍ 150 എത്തിയത്. കൂടുതല്‍ ദൂരം പോകാന്‍ അവനേക്കാള്‍ നല്ലത് എന്റെ ബുള്ളൂട്ടന്‍ (റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350) ആണെന്ന് മനസ്സിലായി. 2015 മുതല്‍ അവന്റെ കൂടെയാണ് കറക്കം. കഴിഞ്ഞ രണ്ടുമൂന്ന് കൊല്ലം കൊണ്ട് ഏകദേശം 94,000 കിലോമീറ്ററോളം റൈഡ് ചെയ്തിട്ടുണ്ട്.'


പ്രവീണയ്ക്ക് അടങ്ങാത്ത ആവേശമാണ് ബൈക്കിനോടും ബൈക്ക് യാത്രകളോടും. ഫെയ്‌സ്ബുക്കില്‍ പ്രവീണ കുറിച്ചിരിക്കുന്നത്- 'എനിക്ക് ബോയ്‌സിനെക്കാള്‍ ഇഷ്ടം ബൈക്‌സിനോട് ആയോണ്ട് തത്ക്കാലം പ്രേമം അതിനോട് മതിയെന്ന് തീരുമാനിച്ചു' എന്നാണ്. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ആസിഡ് ആക്രമണങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കാനും എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും തന്റെ ആദരവ് ആര്‍പ്പിക്കാനുമാണ് ഇത്തണത്തെ പ്രവീണയുടെ റൈഡിംഗിന്റെ ലക്ഷ്യങ്ങള്‍. മൂന്ന് ഘട്ടങ്ങളായാണ് പ്രവീണയുടെ യാത്ര. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയാണ് യാത്രയിലെ ആദ്യഘട്ടം.

ഡിസംബര്‍ പത്തിനായിരുന്നു തന്റെ ലക്ഷ്യത്തിനായി പ്രവീണ യാത്ര തുടങ്ങിയത്. കശ്മീരിലെ നാഥാടോപ്പിലെ വ്യോമസേന ആസ്ഥാനത്തുനിന്നായിരുന്നു ആരംഭം. ജമ്മു-കശ്മീര്‍, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, കന്യാകുമാരി എന്നിങ്ങനെയാണ് റൂട്ട്. ഡിസംബര്‍ 30-ന് കേരളത്തില്‍ എത്തിയ പ്രവീണ ഇപ്പോള്‍ തൃശ്ശൂരിലെത്തിയിരിക്കുകയാണ്. കേരളത്തിലെ 14 ജില്ലകളിലും സന്ദര്‍ശനം നടത്താനാണ് പദ്ധതി.ഈ ലക്ഷ്യത്തിനായി ഇതുവരെ 12,000 കിലോമീറ്ററിനടുത്ത് റൈഡ് ചെയ്തു പ്രവീണ. ദിവസം 500 മുതല്‍ 600 കിലോമീറ്റര്‍ വരെ ബുള്ളറ്റില്‍ സഞ്ചരിക്കുന്ന പ്രവീണ രാജ്യത്തെ എഴുന്നൂറിലേറെ സൈനികര്‍ക്ക് തന്റെ നന്ദി പത്രിക കൈമാറുകയും ചെയ്തു. ആസിഡ് ആക്രമണത്തിന് ഇരയായവരെയും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പ്രവീണ സന്ദര്‍ശിച്ചു. കൂടാതെ യാത്രയ്ക്കിടയില്‍ അനാഥമന്ദിരങ്ങളും വൃദ്ധസദനങ്ങളും തെരുവുകുട്ടികളെ പഠിപ്പിക്കുന്ന കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തുന്നുണ്ട്.

യാത്രയുടെ രണ്ടാം ഘട്ടം മധ്യ ഇന്ത്യയും വടക്ക് -കിഴക്കെ ഇന്ത്യയുമാണ് ലക്ഷ്യം. ഇന്ത്യയിലെ യാത്ര കഴിഞ്ഞാല്‍ മൂന്നാം ഘട്ടത്തില്‍ അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലുമായി യാത്ര ദീര്‍ഘിപ്പിക്കാന്‍ പ്രവീണ പദ്ധതിയിടുന്നുണ്ട്. ഏകദേശം 30,000 കി.മീ. ദൈര്‍ഘ്യമുള്ള (ഇന്ത്യയിലെയും ഉള്‍പ്പടെ) ഈ യാത്രയും സഫലമാകുമെന്ന പ്രതീക്ഷയിലാണ് പ്രവീണ. മധ്യഇന്ത്യ, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെത്തി, തിരിച്ച് കാര്‍ഗില്‍ വഴി ലഡാക്കിലെ ഖര്‍ദുംഗ്ല ടോപ്പില്‍ യാത്ര പര്യവസാനിപ്പിക്കുകയാണ് പ്രവീണയുടെ ലക്ഷ്യം.

എല്ലാ മുന്‍ കരുതലോടു കൂടിയാണ് പ്രവീണയുടെ യാത്രകള്‍. ബൈക്ക് യാത്ര സുരക്ഷിതമായിരിക്കാന്‍ ഫുള്‍സൈസ് ഹെല്‍മറ്റ്, ഗ്ലൗസ്, കീ ഗാര്‍ഡ്, ജാക്കറ്റ്/ആമര്‍ എന്നിവ ധരിച്ചാണ് ഇവരുടെ യാത്ര. കൂടാതെ കൃത്യമായ കി.മീകള്‍ക്ക് ശേഷം വണ്ടി സര്‍വ്വീസിന് നല്‍കുന്നുണ്ട്. അത്യാവശ്യം വണ്ടിയുടെ പണികള്‍ അറിയാവുന്നതുകൊണ്ട് ഇതുവരെ വലിയ ബുദ്ധിമുട്ട് ബുള്ളൂട്ടന്‍ ഉണ്ടാക്കിയിട്ടില്ലെന്നാണ് പ്രവീണ പറയുന്നത്. വണ്ടി പഞ്ചറാകരുത് എന്നാണ് എപ്പോഴും താന്‍ പ്രാര്‍ത്ഥിക്കുന്നതെന്നും ആ പണി ചെയ്താല്‍ ശരിയാകില്ലെന്നും അവര്‍ പറയുന്നു.

ഈ മുന്‍ കരുതല്‍ ജീവന്‍ രക്ഷിച്ച കഥയും പ്രവീണ പങ്കുവച്ചു. കശ്മീരിലെ യാത്രക്കിടെ കാര്‍ ഇടിച്ചുതെറിപ്പിച്ചത്തിനെ തുടര്‍ന്ന് ഒരു ദിവസം ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. ഹെല്‍മറ്റും ജാക്കറ്റുമൊക്കെയാണ് തുണയായത്. യാത്ര മുടങ്ങുമൊ എന്നുപോലും പേടിച്ചെങ്കിലും. തുടരുകയായിരുന്നു. വിശ്രമം എടുക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അതു വകവയ്ക്കാതെയാണ് പ്രവീണ യാത്ര തുടര്‍ന്നത്. യാത്രക്കിടെ തനിക്ക് കഴിയുന്നതുപോലെ മറ്റുള്ളവരെ സഹായിക്കാനും പ്രവീണ സമയം കണ്ടെത്തുന്നുണ്ട്. തന്റെ ദീര്‍ഘ യാത്രയില്‍ പല രീതിയില്‍ അപകടങ്ങളില്‍പ്പെട്ട 15-ഓളം പേര്‍ക്ക് പ്രവീണ വൈദ്യസഹായം എത്തിച്ചു.തനിക്കു ലഭിച്ച സഹായത്തെക്കുറിച്ചും പ്രവീണ സംസാരിച്ചു. 'കേരളത്തിനേക്കാളും സഹായം ലഭിച്ചത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും റൈഡിംഗ് ഗ്രൂപ്പുകളില്‍ നിന്നുമാണ്. പുറത്തുള്ള പല റൈഡേഴ്‌സ് ക്ലബ്ബുകളും നല്ല പിന്തുണയാണ് നല്‍കുന്നത്. ഇവിടെ നിന്ന് അധികം സഹായം ലഭിക്കാഞ്ഞത് ഞാനൊരു പെണ്‍കുട്ടിയായതുകൊണ്ടായിരിക്കാം (എന്റെ തോന്നലാകാം). എല്ലാ സന്നാഹങ്ങളോടു കൂടി (മെഡിക്കല്‍,മെക്കാനിക്ക്...) കേരളത്തില്‍ നിന്ന് റൈഡിംഗിന് പോകുന്ന പെണ്‍കുട്ടികള്‍ക്കും (അധികമില്ലെങ്കിലും) ആണ്‍കുട്ടികള്‍ക്കും ഇവിടുത്തെ പല ക്ലബുകളും നല്ല രീതിയില്‍ പിന്തുണ കൊടുക്കുന്നുണ്ട്. ഇതൊന്നും എനിക്ക് കിട്ടിയിട്ടില്ല. പക്ഷെ മറ്റിടങ്ങിളില്‍ നിന്ന് ഇവിടുത്തെ ക്ലബുകളെകാള്‍ പേരുകേട്ട ക്ലബുകള്‍ ഇങ്ങോട്ടു വന്ന് സഹായം നല്‍കിയപ്പോള്‍ അമ്പരന്നിട്ടുണ്ട്. എന്നാലും സ്വന്തം നാട്ടില്‍ നിന്ന് കിട്ടുന്ന ഒരു പിന്തുണ (സാമ്പത്തികമായിട്ടല്ലാത്തതാണെങ്കില്‍ പോലും) ഒരു സുഖമുള്ളതാണ്. അവര്‍ നമ്മളെ അംഗീകരിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം ഒന്നു വെറേ തന്നെയാണ്. ഇപ്പോള്‍ പലരും എന്റെ ഫെയ്‌സ്ബുക്കില്‍ വന്ന് വിവരങ്ങള്‍ അന്വേഷിക്കാറുണ്ട്. എന്നാല്‍ ചിലര്‍ വളരെ മോശമായി പ്രതികരിക്കാറുണ്ട്. അത്തരക്കാരെ ഒഴിവാക്കും. പണ്ട് എന്നെ കളിയാക്കിയവരുണ്ട്, പുച്ഛിച്ചവരുണ്ട്, ഇവരൊക്കെ എന്റെ സുഹൃത്തുകളാകുവാന്‍ ഇപ്പോള്‍ തിരക്കുകൂട്ടുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഇപ്പോള്‍ അവരില്‍ ഭൂരിഭാഗം പേരും എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചിലര്‍ അസൂയയോടെ ഞാന്‍ കഞ്ചാവാണെന്നും, ഡ്രഗ് അഡിക്റ്റാണെന്നും പറഞ്ഞു നടക്കുന്നുണ്ട്. അത് ഒന്നും ഞാന്‍ വകവയ്ക്കുന്നില്ല.'
വീട്ടില്‍ നിന്നുള്ള പിന്തുണയെപ്പറ്റി പ്രവീണ പറയുന്നത്- 'അമ്മയാണ് റൈഡിംഗിന് പോകുമ്പോഴുള്ള എന്റെ ശക്തി. ആദ്യമൊന്നും റൈഡിംഗിന് പോകുവാന്‍ അമ്മ സമ്മതിക്കില്ലായിരുന്നു. പെണ്‍കുട്ടിയായതുകൊണ്ടന്നുമല്ല. അപകടം പറ്റുമോ എന്നു പേടിച്ചിട്ടായിരുന്നു. അപ്പോള്‍ പറയാതെ ഒളിച്ച് പോയിട്ടുണ്ട്. പക്ഷെ ഒരിക്കല്‍ പിടിച്ചു. ഒരു റൈഡിംഗിന് പോയപ്പോള്‍ ചില സുഹൃത്തുകളെ കണ്ടു. അവരുടെ കൂടെ ഫോട്ടോ എടുത്തു. അവര്‍ അത് ഫെയ്‌സ്ബുക്കിലിട്ട് എന്നെ ടാഗ് ചെയ്തു. അതോടെ വീട്ടില്‍ എല്ലാവരും അറിഞ്ഞു. പിന്നെ പതിയെ അവര്‍ നല്ല പ്രോത്സാഹനം നല്‍കിത്തുടങ്ങി.


അമ്മ എപ്പോഴും അടുത്തുണ്ടാവണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് എന്റെ ജാക്കറ്റിന്റെ പുറത്ത് 'ഡോട്ടര്‍ ഓഫ് സ്‌നേഹപ്രഭ' എന്നെഴുതിയിരിക്കുന്നത്. അച്ഛന്‍ വസന്ത് കുമാറും എതിര്‍പ്പൊന്നും പറയാറില്ല. ചേച്ചി പ്രവിത ഭര്‍ത്താവ് ബാലാജിയും മകള്‍ ദേവാന്‍ഷിയുമൊത്ത് ദുബൈയിലാണ് താമസമെങ്കിലും എനിക്ക് നല്ല പ്രോത്സാഹനമാണ്. പിന്നെ രാജ്യം മുഴുവന്‍ ഫ്രണ്ട്‌സ് അല്ലേ... എന്തു സഹായത്തിനും ഒരാള്‍ അല്ലെങ്കില്‍ വെറെ ഒരാളുണ്ടാകും. ഫേസ്ബുക്കില്‍ 80,000-ത്തിനടുത്ത് ഫോളോവേഴ്‌സ് ഉണ്ട് പലരും സാമ്പത്തികമായും അല്ലാതെയും പിന്തുണയും സഹായവും തരാന്‍ തയ്യാറാണ്. ഇതൊക്കെ കാണുമ്പോള്‍ ഭയങ്കര ആവേശമാണ് തോന്നുന്നത്.'
പ്രവീണ തന്റെ ഫേസ്ബുക്കില്‍ കൃത്യമായി യാത്രയുടെ വിവരണങ്ങളും ചിത്രങ്ങളും അപ്‌ഡേറ്റ് ചെയ്യാറുണ്ട്. അതിന് വലിയൊരു കൂട്ടം ആരാധകരുമുണ്ട്. പ്രവീണയുടെ അടുത്ത സ്വപ്‌ന യാത്ര തനിക്കിഷ്ടപ്പെട്ട 58 രാജ്യങ്ങളിലൂടെ സോളോ ബൈക്ക് റൈഡ് നടത്തുകയെന്നതാണ്. ഒപ്പം മറ്റൊരു സ്വപ്‌നം കൂടി പ്രവീണ മനസ്സില്‍ തലോലിക്കുന്നുണ്ട്. ഇതൊന്നുമല്ലാതെ മറ്റൊരു സ്വപ്‌നം കൂടി പ്രവീണക്കുണ്ട്. അത് പരസ്യമായി വെളിപ്പെടുത്താന്‍ അവകാശമില്ലാത്തതിനാല്‍ അത് ഒഴുവാക്കുന്നു. അവരുടെ ആ സ്വപ്‌നം പൂര്‍ത്തിയായാല്‍ വരും നാളുകളില്‍ പ്രവീണയുടെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ഒന്നായിരിക്കും.

ഒന്‍പത് വര്‍ഷം മുമ്പ് ചെറിയ കാര്യങ്ങളില്‍പ്പോലും സുഹൃത്തുകളോടും സഹപാഠികളോടും കലഹിച്ചു മുഖം വീര്‍പ്പിച്ച നടന്ന പെണ്‍കുട്ടി, തന്നെ മുമ്പ് ഒഴിവാക്കിയവരെയും കളിയാക്കിയവരെയും അവഗണിച്ചവരെയും ഞെട്ടിച്ച്, രാജ്യം മുഴുവന്‍ സുഹൃത്തുകളെ സൃഷ്ടിച്ച്, ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക് ധൈര്യത്തിന്റെ മാതൃകയായ പ്രവീണ, നീ വെറും മാസല്ല... മരണമാസാണ്; ആശംസകള്‍.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് കൃഷ്ണ ഗോവിന്ദ്)Next Story

Related Stories