TopTop
Begin typing your search above and press return to search.

മാധ്യമപ്രവര്‍ത്തകരെ ഭിന്നിപ്പിച്ച് നിര്‍ത്തുന്നതില്‍ അധികാരവര്‍ഗവും മാനേജ്‌മെന്റുകളും ഒറ്റക്കെട്ട്: സി. നാരായണന്‍ സംസാരിക്കുന്നു

മാധ്യമപ്രവര്‍ത്തകരെ ഭിന്നിപ്പിച്ച് നിര്‍ത്തുന്നതില്‍ അധികാരവര്‍ഗവും മാനേജ്‌മെന്റുകളും ഒറ്റക്കെട്ട്: സി. നാരായണന്‍ സംസാരിക്കുന്നു

മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധി വാര്‍ത്തകളുടെ പേരിലും നിലപാടുകളുടെ പേരിലും മാത്രമല്ല. മാധ്യമ മാനേജ്‌മെന്റുകളുടെ തൊഴിലാളി വിരുദ്ധ മനോഭാവവും പ്രതികാര നടപടികളും കൂടിയാണ്. മജീദിയ വേജ്‌ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്ന തരത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ വേതന വ്യവസ്ഥ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര രംഗത്തുണ്ടായിരുന്നതിനാണ് മലപ്പുറം യൂണിറ്റിലെ ചീഫ് സബ് എഡിറ്ററായിരുന്ന സി. നാരായണനെ മാതൃഭൂമി പിരിച്ചുവിട്ടത്. മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍പ്രശ്‌നങ്ങള്‍, തൊഴില്‍ സുരക്ഷിതത്വം, മാധ്യമ തൊഴിലാളി യൂണിയനുകളുടെ പ്രശ്‌നങ്ങള്‍, മാധ്യമ സ്വാതന്ത്ര്യം തുടങ്ങിയവയെക്കുറിച്ച് കെയുഡബ്ല്യുജെ (കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്‌സ്) സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്‍ അഴിമുഖവുമായി സംസാരിക്കുന്നു.

ഒരു മാധ്യമ സ്ഥാപനത്തിന്റെ തൊഴിലാളി വിരുദ്ധ സമീപനത്തിന്റേയും പ്രതികാര നടപടിയുടേയും ഇരയാണ് താങ്കള്‍. മറ്റ് തൊഴില്‍ മേഖലകളിലെ പോലെ വലിയ തൊഴില്‍ ചൂഷണവും പീഡനങ്ങളും നടക്കുന്ന മാധ്യമരംഗത്ത്, തൊഴിലാളികളായ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ കെയുഡബ്ല്യുജെക്ക് (കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്‌സ്) എത്രത്തോളം കഴിയുന്നുണ്ട്?

ഇതര സംഘടിത ട്രേഡ് യൂണിയനുകളെപ്പോലെ പണിമുടക്കുകളും ഉപരോധങ്ങളും ഒക്കെ നടത്തി തൊഴില്‍ ഉടമകളുടെ ധാര്‍ഷ്ട്യത്തെ ചോദ്യംചെയ്യാനും ശക്തമായ സമ്മര്‍ദ്ദം ചെലുത്താനുമുള്ള മാനസികാവസ്ഥയിലുള്ളവരല്ല മാധ്യമപ്രവര്‍ത്തകര്‍. അവശ്യസര്‍വീസ് ആണെന്ന സ്വയം വിശ്വാസത്തില്‍ പ്രവര്‍ത്തിക്കുന്ന നമ്മള്‍ മുന്നില്‍ കാണുന്നത്, നമ്മളെ വിലമതിക്കുകയും ഉറ്റുനോക്കുകയും ചെയ്യുന്ന ജനസാമാന്യത്തെയാണ് എന്നതാണ് വാസ്തവം. പക്ഷേ ഈ അവസ്ഥയെ മനോഹരമായി ചൂഷണം ചെയ്താണ് തൊഴിലുടമകളും കമ്പനികളും മാധ്യമപ്രവര്‍ത്തകരെക്കൊണ്ട് അഹോരാത്രം പണിയെടുപ്പിക്കുന്നത്. അതേസമയം സമൂഹമാവട്ടെ, മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമ, വേതന കാര്യങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്താറില്ല. മാധ്യമപ്രവര്‍ത്തകര്‍ മിക്കപ്പൊഴും സ്വയം കെട്ടിയുയര്‍ത്തിവെച്ച ഇമേജിന്റെ തടവുകാരായിത്തീരാറും ഉണ്ട്. പൊതുസമൂഹത്തില്‍ അറിയപ്പെടുക എന്ന പ്രലോഭനത്തിലും, വെള്ളിവെളിച്ചത്തില്‍ കഴിയുക എന്ന പ്രലോഭനത്തിലും വീണുപോകുന്ന നമ്മള്‍ വേതനം കിട്ടിയില്ലെങ്കിലും മാസങ്ങളോളം ജോലി ചെയ്യാന്‍ തയ്യാറാകുന്നു.

തങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നത് അറിഞ്ഞിട്ടും അതിനെതിരെ പരസ്യമായും സംഘടിതമായും രംഗത്തുവരാന്‍ മാധ്യമപ്രവര്‍ത്തകര്‍ മടികാണിക്കുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഈ അവസരത്തില്‍ പരമാവധി ഫലപ്രദമായി ഇടപെടാന്‍ ശ്രമിക്കാറുണ്ട്. ഇതര ട്രേഡ് യൂണിയനുകളുമായി ചേര്‍ന്നുള്ള സമ്മര്‍ദ്ദങ്ങള്‍, പൊതുസമൂഹത്തിന്റെ മുന്നില്‍ മാധ്യമമാനേജ്മെന്റുകളുടെ ചൂഷണം തുറന്നുകാണിക്കുന്ന തരത്തിലുള്ള പൊതുപ്രതിഷേധങ്ങള്‍, കോടതി വഴി നീതി തേടിയുള്ള നടപടികള്‍ എന്നിവയാണ് യൂണിയന്‍ ചെയ്യാറുള്ളത്. അതേസമയം ഒറ്റക്കെട്ടായി പരസ്യമായി രംഗത്തിറങ്ങിയാല്‍ മാത്രമേ ഇന്നുള്ള വിവിധ ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയൂ. മാനേജ്മെന്റിന്റെ താല്‍പര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച് വിഭാഗീയതയുണ്ടാക്കി നമ്മുടെ ഉത്തമതാല്‍പര്യങ്ങളെ ദുര്‍ബലമാക്കുന്ന അവസ്ഥയും മാറിയേ പറ്റൂ.

അഖിലേന്ത്യാടിസ്ഥാത്തില്‍ എന്തുകൊണ്ട് മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ ഒരു തൊഴിലാളി യൂണിയന്‍ സാധ്യമാകുന്നില്ല? നിലവിലുള്ള ഐ എഫ് ഡബ്ല്യു ജെ പോലുള്ളവയ്ക്ക് ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നുണ്ടോ? മാധ്യമ തൊഴിലാളി യൂണിയനുകള്‍ക്ക് വിഭാഗീയ താല്‍പര്യങ്ങളില്‍ നിന്ന് എത്രത്തോളം രക്ഷപ്പെടാനാകുന്നുണ്ട്?

അഖിലേന്ത്യാതലത്തില്‍ മാധ്യമത്തൊഴിലാളി യൂണിയനുകള്‍ പൊതുവെ ദുര്‍ബലമാണ്‌. അതിന്‌ പ്രധാന കാരണമായി തോന്നുന്നത്‌, അധികാരിവര്‍ഗത്തിന്റെ സുഖിപ്പിക്കലിന്‌ വിധേയമായി നില്‍ക്കാനും, ആനുകൂല്യങ്ങള്‍ പറ്റി അതില്‍ സംതൃപ്‌തരായി കഴിയാനും ശ്രമിക്കുന്ന വരേണ്യവിഭാഗത്തിന്റെ പിടിയില്‍ സംഘടനകള്‍ കുരുങ്ങിക്കിടക്കുന്നു എന്നതാണ്‌. ജേണലിസ്റ്റുകളെ ഭിന്നിപ്പിച്ചു നിര്‍ത്തുന്നതില്‍ അധികാരവര്‍ഗവും മാനേജ്‌മെന്റുകളും പലപ്പൊഴും വിജയിക്കുന്നു. മാനേജ്‌മെന്റുകളുടെ തണലില്‍ നല്ലപിള്ളകളായി ജീവിക്കുന്ന ജേര്‍ണലിസ്റ്റുകള്‍ നമ്മളുടെ ഒറ്റക്കെട്ടായ സ്വഭാവത്തെ ദുര്‍ബലമാക്കുന്ന സ്ഥിതിയാണ്‌.

കോര്‍പ്പറേറ്റ്, മൂലധന താല്‍പര്യങ്ങളും മാനേജ്മെന്റുകളുടെ സങ്കുചിത താല്‍പര്യങ്ങളും അതിജീവിക്കാന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന്റേയും നിലനിര്‍ത്തുന്നതിന്റേയും സാധ്യതകള്‍?

പ്രശസ്‌തരായ മാധ്യമപ്രവര്‍ത്തകര്‍ തനിച്ചോ കൂട്ടായ്‌മയിലോ തുടങ്ങുന്ന സ്ഥാപനങ്ങള്‍ പോലും മൂലധനതാല്‍പര്യത്തിന്റെ നിഴലില്‍ നിന്നും മാറി നടക്കാറില്ല. പദവിയുടെയും സൗകര്യങ്ങളുടെയും വെള്ളിവെളിച്ചത്തില്‍ അവര്‍ ആയിരക്കണക്കിന്‌ ജേണലിസ്റ്റുകളുടെ അവസ്ഥ അവഗണിക്കുകയാണ്‌ പതിവ്‌. ചില അപവാദങ്ങള്‍ ഉണ്ടെങ്കിലും ആദര്‍ശങ്ങള്‍ ദീര്‍ഘകാലം നിലനിര്‍ത്താന്‍ അവയ്‌ക്ക്‌ കഴിയുമോ എന്നതും ചോദ്യമാണ്‌.

മാധ്യമപ്രവര്‍ത്തകരുടെ വേതനം സംബന്ധിച്ച് മജീദിയ വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് എല്ലാ മാധ്യമസ്ഥാപനങ്ങളേയും നിര്‍ബന്ധിതമാക്കുന്നതിന് നിയമപരമായ പ്രശ്‌നങ്ങള്‍ ?

സുപ്രീംകോടതി വിധി നടപ്പിലാക്കിക്കാന്‍, അത്‌ പരിശോധിച്ച്‌ നടപടിയെടുക്കാന്‍ എല്ലാ സര്‍ക്കാരുകള്‍ക്കും ബാധ്യതയുണ്ടെങ്കിലും മാധ്യമ മാനേജ്‌മെന്റുമായി ചങ്ങാത്തം സ്ഥാപിക്കാനല്ലാതെ ശത്രുത സമ്പാദിക്കാന്‍ മടിയുള്ളവരായതിനാല്‍ മിക്ക സംസ്ഥാന സര്‍ക്കാറുകളും ഇക്കാര്യത്തില്‍ ശക്തമായി നീങ്ങുന്നില്ല.

മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാകുന്ന മാധ്യമ സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിഷേധിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച്

വ്യക്തിപരവും ജനാധിപത്യപരവുമായ സ്വാതന്ത്ര്യവും മറ്റ്‌ അഭിപ്രായസ്വാതന്ത്ര്യവും ഒക്കെ ഏറ്റവും കൂടുതല്‍ നിഷേധിക്കപ്പെടുന്നതും, അതെല്ലാം മനോഹരമായി മൂടിവെക്കപ്പെടുന്നതും തൊഴിലാളികള്‍ നിശ്ശബ്ദരാക്കപ്പെടുന്നതും മാധ്യമസ്ഥാപനങ്ങളിലാണ്‌. സമൂഹത്തെയും രാഷ്ട്രീയക്കാരെയും ഭരണക്കാരെയും ഗുണദോഷിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന മാധ്യമമുതലാളിമാര്‍ പക്ഷേ അതൊന്നും സ്വന്തം സ്ഥാപനത്തിലോ ജീവിതത്തിലോ വെച്ചുപുലര്‍ത്താറില്ല മിക്കപ്പോഴും.

അസംഘടിതരായ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരുടേയും (freelance) പ്രാദേശിക സ്ട്രിംഗര്‍മാരുടേയും മാധ്യമപ്രവര്‍ത്തകരായി തന്നെ പരിഗണിക്കാവുന്ന വിവരാവകാശ പ്രവര്‍ത്തകരുടേയും സുരക്ഷ ഉറപ്പാക്കാന്‍ എന്തൊക്കെ ചെയ്യാനാകും?

ശക്തമായ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരുകള്‍ തയ്യാറാവണം. ഇപ്പോള്‍ നമ്മള്‍ വളരെയധികം അരക്ഷിതരാണ്‌.

സ്വയം നിയന്ത്രണത്തിനപ്പുറത്ത് മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനോട് യോജിക്കുന്നുണ്ടോ?

ഇല്ല. ഒരിക്കലും യോജിക്കാനാവില്ല. മാധ്യമങ്ങള്‍ക്ക്‌ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാരിനെ ഉപയോഗിച്ചാല്‍ പിന്നെ അത്‌ സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിന്റെ അന്ത്യമായിരിക്കും.

ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കെയുഡബ്ല്യുജെ അംഗത്വം നല്‍കുന്ന കാര്യം കുറച്ചുകാലമായി ചര്‍ച്ചയിലാണ്. ഇക്കാര്യത്തില്‍ യൂണിയന്‍ അന്തിമ തീരുമാനം എടുത്തിട്ടുണ്ടോ?

പോര്‍ട്ടലിലെ ജേണലിസ്‌റ്റുകള്‍ക്ക്‌ ഇപ്പോള്‍ ഭരണഘടനാഭേദഗതിയിലൂടെ കെ.യു.ഡബ്ല്യു.ജെ. യില്‍ അംഗത്വം ലഭിക്കുന്നുണ്ട്‌. അതേസമയം പോര്‍ട്ടലുകളുടെ ക്രെഡിബിലിറ്റിയും എഡിറ്റോറിയല്‍പരമായ ആധികാരികതയും മാനദണ്ഡമാക്കി ആവശ്യമായ സ്‌ക്രീനിങ്‌ നടത്താറുണ്ട്‌.


Next Story

Related Stories