TopTop
Begin typing your search above and press return to search.

ഫാഷിസത്തിന്റെ ഈ കാലത്ത് മാധ്യമങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലം-കെ കെ ഷാഹിന സംസാരിക്കുന്നു

ഫാഷിസത്തിന്റെ ഈ കാലത്ത് മാധ്യമങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലം-കെ കെ ഷാഹിന സംസാരിക്കുന്നു

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യന്‍ മാധ്യമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍, മാധ്യമസ്വാതന്ത്ര്യം, ആക്ടിവിസം, ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകളും വ്യക്തിപരമായ അനുഭവങ്ങളും അഴിമുഖവുമായി പങ്ക് വയ്ക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ഓപ്പണ്‍ മാഗസിന്‍ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററുമായ കെകെ ഷാഹിന.

അഴിമുഖം: കോര്‍പ്പറേറ്റ് അഴിമതികള്‍ അടക്കമുള്ളവ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തി കേസുകള്‍ ഫയല്‍ ചെയ്ത് ഭീഷണിപ്പെടുത്തുന്ന പ്രവണത ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുന്നു. ഇത്തരത്തില്‍ ഒരു Self Censorship നടപ്പാക്കപ്പെടുകയല്ലേ?

ഷാഹിന: സെല്‍ഫ് സെന്‍സര്‍ഷിപ്പ് മുമ്പത്തേതിനേക്കാള്‍ വലിയ തോതില്‍ കൂടിയിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. Reporters Without Borders അടക്കമുള്ള സംഘടനകളെല്ലാം ഇത് തന്നെയാണ് പറയുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതിന് എതിരായിട്ടുള്ള എത്ര വാര്‍ത്തകള്‍ വന്നിട്ടുണ്ട് എന്ന് നോക്കിയാല്‍ നമുക്ക് അത് മനസിലാകും. ഒരുപാട് കാലത്തിന് ശേഷം അങ്ങനെ വന്നൊരു വാര്‍ത്തയാണ് thewire.in റിപ്പോര്‍ട്ട് ചെയ്ത അമിത് ഷായുടെ മകനെതിരായ വാര്‍ത്ത. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മിക്കവാറും എല്ലാ ദിവസവും എന്ന തരത്തില്‍ എക്‌സ്‌ക്ലൂസിവ് വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ അടക്കമുള്ളവയില്‍ സര്‍ക്കാരിനെതിരെ വന്നുകൊണ്ടിരുന്നു.

അ: വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്‍റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് സംബന്ധിച്ച് പറയുമ്പോള്‍, താങ്കള്‍ വ്യക്തിപരമായ അനുഭവമുള്ളയാളാണ്. ക്രിമിനല്‍ കേസാണ് നേരിട്ടത്. അബ്ദുള്‍ നാസര്‍ മദനിക്കെതിരെ ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ കള്ളസാക്ഷികളെ കൊണ്ടുവന്നത് സംബന്ധിച്ച വാര്‍ത്ത. ആ വാര്‍ത്തയെ തുടര്‍ന്ന് താങ്കള്‍ നേരിട്ട കേസിന്‍റെ അനുഭവങ്ങള്‍?

ഷാ: മദനിയുടെ കേസുമായി ബന്ധപ്പെട്ട വാര്‍ത്തയെ തുടര്‍ന്ന് എനിക്കെതിരെയെടുത്ത ക്രിമിനല്‍ കേസ് സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ പല തവണ മാധ്യമങ്ങളുമായി പങ്ക് വച്ചതാണ്. കേസിന്റെ വിവരങ്ങളെല്ലാം ഓണ്‍ലൈനിലടക്കം വിശദമായുണ്ട്. കേസ് ഇപ്പോഴും തുടരുന്നു. വീണ്ടും ഇതേക്കുറിച്ച് എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് കരുതുന്നില്ല.

അ: സോഷ്യല്‍ മീഡിയ, മാധ്യമപ്രവര്‍ത്തനത്തില്‍ എന്തു പങ്കാണ് വഹിക്കുന്നത്? അത് സഹായിക്കുകയാണോ അതോ പരിമിതപ്പെടുത്തുകയാണോ?

ഷാ: മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ സോഷ്യല്‍ മീഡിയ സഹായിക്കുന്നുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പല കാര്യങ്ങളും അറിയുന്നത് സോഷ്യല്‍മീഡിയ വഴി തന്നെയാണ്. Traditional Media കൊടുക്കാത്ത പല വാര്‍ത്തകളും വിവരങ്ങളും ഇങ്ങനെ അറിയാന്‍ കഴിയുന്നുണ്ട്. തീര്‍ച്ചയായും ഗുണങ്ങളുണ്ട്. പക്ഷെ ഇതിലെ വിവരങ്ങള്‍ അപ്പടി അങ്ങനെ എടുക്കാറില്ല. ഒരു story lead ആയി മാത്രമേ ഇത്തരം വിവരങ്ങളെ കാണാറുള്ളൂ. അതിനപ്പുറമുള്ള ഒരു വിശ്വാസ്യത ഇതിനുള്ളതായി തോന്നിയിട്ടില്ല. പിന്നെ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ കാര്യമാണെങ്കില്‍ thewire.in, scroll.in പോലുള്ളവയ്‌ക്കെല്ലാം ഈ വിശ്വാസ്യതയുണ്ട്. എന്നാല്‍ മലയാളം വാര്‍ത്താപോര്‍ട്ടലുകളില്‍ ഭൂരിഭാഗത്തിനും ഈ വിശ്വാസ്യതയുണ്ടെന്ന് തോന്നുന്നില്ല. പല മലയാളം പോർട്ടലുകളും പച്ചക്കള്ളങ്ങളാണ് വാർത്ത എന്ന പേരിൽ എഴുതി വിടുന്നത്. അഴിമുഖം ഞാൻ ശ്രദ്ധിച്ചിടത്തോളം അങ്ങനെയൊരു തെറ്റായ പ്രവണത കണ്ടിട്ടില്ല. ഫേസ്ബുക്കിലൊക്കെ വരുന്ന പല കാംപെയിനൊക്കെ ആദ്യം എന്നെ ഇന്‍ഫ്ലൂവന്‍സ് ചെയ്തിരുന്നു. ഇപ്പോള്‍ അങ്ങനെയില്ല. കാരണം പലപ്പോഴും പറ്റിയിട്ടുള്ള അബദ്ധങ്ങള്‍ തന്നെ. സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുന്നു എന്നത് കൊണ്ട് മാത്രം മാത്രം കാര്യങ്ങള്‍ വിശ്വസിക്കാറില്ല. ആധികാരികത ഉറപ്പ് വരുത്തി ബോദ്ധ്യപ്പെടും.

അ: മാധ്യമ പ്രവര്‍ത്തകരുടെ നിലപാടുകള്‍ വാര്‍ത്തയില്‍ കടന്നു വരാറുണ്ടോ? അങ്ങനെ വരാന്‍ പാടുണ്ടോ?

ഷാ: മുമ്പ് മാധ്യമപ്രവര്‍ത്തകര്‍ അവരുടെ നിലപാടുകള്‍ അങ്ങനെ തുറന്നുപറയുന്നുണ്ടായിരുന്നില്ല. വാര്‍ത്തയില്‍ നിലപാടുകള്‍ കടന്നുവരാന്‍ പാടില്ലെന്നുള്ളതാണ് വാര്‍ത്തയെ സംബന്ധിച്ച ക്ലാസിക് സങ്കല്‍പ്പം. അതില്‍ ഇപ്പോഴും മാറ്റമില്ല. എന്നാല്‍ ഇന്നുള്ളത് പോലെ വാര്‍ത്ത എഴുതിക്കഴിഞ്ഞ് തീര്‍ത്തും വ്യക്തിപരമായ കാഴ്ചപ്പാടുകളും നിലപാടുകളും പങ്കുവയ്ക്കാന്‍ കഴിയുന്ന വ്യക്തിപരമായ മറ്റൊരു പ്ലാറ്റ്‌ഫോം ഉണ്ടായിരുന്നില്ല. ഞാന്‍ വാര്‍ത്ത എഴുതുന്നു. അത് പ്രസിദ്ധീകരിക്കുന്നു. അത് കഴിഞ്ഞ് എനിക്ക് പറയാനുള്ളത് ഫേസ്ബുക്കിലോ ട്വിറ്ററിലോ പറയുന്നു. മാധ്യമപ്രവര്‍ത്തകരുടെ പക്ഷങ്ങള്‍ കൂടുതല്‍ വെളിപ്പെട്ട് തുടങ്ങി.

സംഘപരിവാര്‍ അധികാര കാലത്താണ് പണ്ട് നമ്മള്‍ നിഷ്പക്ഷരെന്ന് വിചാരിച്ചിരുന്ന പലരും അങ്ങനെയല്ല എന്ന് നമുക്ക് മനസിലാകുന്നത്. കുറച്ചുകാലം മുമ്പ് വരെ ഒളിച്ചുവയ്‌ക്കേണ്ടി വന്നിരുന്ന, പൊതുസമൂഹം legitimate ആയി കാണാത്ത ചില നിലപാടുകളുണ്ടായിരുന്നു. പുറത്തുപറഞ്ഞാല്‍ നാണക്കേടാകുന്ന ചില പൊസിഷനുകളുണ്ടായിരുന്നു. ഇന്ന് അതെല്ലാം വളരെ explicit ആയി പറയുന്നുണ്ട്. ഞാന്‍ സെക്കുലര്‍ അല്ല എന്ന് മറ്റുള്ളവര്‍ അറിഞ്ഞാല്‍ മോശമല്ലേ എന്ന് വിചാരിച്ച് മറച്ചുവയ്ക്കുന്നവരുണ്ടായിരുന്നു. ഇപ്പോള്‍ ആര്‍എസ്എസ് - സംഘപരിവാര്‍ അജണ്ടകള്‍ക്ക് മേധാവിത്തമുള്ള ഒരു സര്‍ക്കാര്‍ വരുമ്പോളാണ് പലരും മറച്ചുവച്ചിരുന്ന പല കാര്യങ്ങളും, പക്ഷപാതിത്വങ്ങളും പുറത്തുവരുന്നത്.

അപ്പോള്‍ സ്വാഭാവികമായും എതിരായ രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളുമുള്ളവരും അവരുടെ നിലപാടകള്‍ പരസ്യമാക്കും. ഇപ്പോള്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ പലതും ഇതുമായി കൂടി ചേര്‍ത്തു കാണാവുന്നതാണ്.

http://www.azhimukham.com/trending-epw-editor-paranjoy-guha-thakurta-resigns-over-differences-on-adani-issue/

അ: മാധ്യമപ്രവര്‍ത്തനം ആക്ടിവിസത്തിന്റെ സ്വഭാവത്തിലേയ്ക്ക് പലപ്പോഴും പോകുന്നതായി തോന്നിയിട്ടുണ്ടോ? പ്രത്യേകിച്ച് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കിടയിലെ ഇത്തരം പ്രവണതകള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇത് വസ്തുനിഷ്ഠതയെ ബാധിക്കുന്നില്ലേ?

ഷാ: ആക്ടിവിസത്തെ കുറിച്ച് എനിക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. എന്നെ പലരും ആക്ടിവിസ്റ്റ് എന്ന് വിളിക്കാറുണ്ട്. ഞാന്‍ സത്യത്തില്‍ ആക്ടിവിസ്റ്റ് അല്ല. മാധ്യമപ്രവര്‍ത്തകര്‍ സാധാരണ നിലയില്‍ ജനകീയ സമരങ്ങളിലും മറ്റും ഭാഗമാകാന്‍ പാടില്ല എന്നൊക്കെ ഉണ്ടായിരുന്നു. ഇപ്പോ അത് മാറി വരുന്നുണ്ട്. എന്നാല്‍ ദേശീയ മാധ്യങ്ങളെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തനം വേറെ, വ്യക്തിപരമായ നിലപാടുകള്‍ വേറെ എന്ന ഒരു സമീപനം ആണ് പൊതുവേ ഉള്ളത്.

മദനി കേസുമായി ബന്ധപ്പെട്ട് എന്റെ വാര്‍ത്തയെ ആക്ടിവിസമായി കാണുന്നവരുണ്ട്. അബ്ദുള്‍ നാസര്‍ മദനി കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നൊരു തീര്‍പ്പ്‌ കല്പ്പിക്കല്‍ ആ ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല, മറിച്ച് അദ്ദേഹത്തിനെതിരെ രംഗത്ത് വന്ന സാക്ഷികള്‍ പൊലീസിന്റെ കള്ളസാക്ഷികളാണ് എന്ന വസ്തുതയാണ് ആ റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊലീസ് അടക്കം ബന്ധപ്പെട്ടവരുമായെല്ലാം സംസാരിച്ചാണ് ഈ സ്റ്റോറി തയ്യാറാക്കിയത്. ഈ വാര്‍ത്ത ഒരു തരത്തിലും ആക്ടിവിസമായിരുന്നില്ല. നൂറ് ശതമാനം ജേണലിസമായിരുന്നു. അതിനെയാണ് ആക്ടിവിസമായി ആളുകള്‍ തെറ്റിദ്ധരിക്കുന്നത്. മാധ്യമപ്രവര്‍ത്തനം എന്ന് പറഞ്ഞാല്‍ വാര്‍ത്താസമ്മേളനങ്ങള്‍ക്ക് പോവുക, അത് റിപ്പോര്‍ട്ട് ചെയ്യുക, എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള പ്രശ്‌നം, സിപിഎമ്മും ബിജെപിയും തമ്മിലുള്ള പ്രശ്‌നം, സിപിഎമ്മിനകത്തുള്ള ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങള്‍ ഇതൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നത് മാത്രമാണ് എന്നുള്ള തോന്നല്‍ പലര്‍ക്കുമുണ്ട്. കേരളത്തിന്റെ കോണ്‍ടക്‌സ്ടില്‍ അതുകൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ ആക്ടിവിസമായി ചിത്രീകരിക്കപ്പെടുന്നത്.

മാധ്യമപ്രവര്‍ത്തനത്തിലേയ്ക്ക് വരുന്നതിന് മുമ്പ് ഞാന്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകയായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്നു. ആശയപരമായ കാരണങ്ങള്‍ കൊണ്ട് തന്നെ പിന്നീട് അത് വിട്ടു. പല വനിതാ സംഘടനകളുടേയും ഭാഗമായിട്ടുണ്ട്. Rape victims-ന് വേണ്ടിയടക്കം പല കേസുകളിലും ഇടപെട്ടിട്ടുണ്ട്. ഇതിനെയൊന്നും പ്രത്യേക ആക്റ്റിവിസമായൊന്നും കാണുന്നില്ല. It's part of my life. എന്‍റെ വ്യക്തിജീവിതം ഇങ്ങനെയാണ്.

http://www.azhimukham.com/narendra-modi-arnab-gowsami-interview-qustions-azhimukham/

അ: താങ്കളടക്കമുള്ളവരുടെ നേതൃത്വത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണുകയും സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ മാധ്യങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പല മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലടക്കം ഈ നടപടിയെ വിമര്‍ശിക്കുകയും മാധ്യമ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാരിന് കൈകടത്താനുള്ള അവസരം നല്‍കുന്നതാണ് ഇത്തരം കാര്യങ്ങളെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനെ എങ്ങനെ കാണുന്നു?

ഷാ: സര്‍ക്കാരിനോട് പുതിയ നിയമം കൊണ്ടുവന്ന് മാധ്യങ്ങളെ നിയന്ത്രിക്കണം എന്ന ആവശ്യമല്ല ഞങ്ങള്‍ മുന്നോട്ട് വച്ചത്. നിലവില്‍ പ്രസ് കൗണ്‍സിലും എഡിറ്റേഴ്‌സ് ഗില്‍ഡുമെല്ലാം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കപ്പെടണം എന്ന് ആവശ്യം മാത്രമാണ് ഉന്നയിച്ചത്. മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന കാര്യത്തില്‍ എനിക്കും അഭിപ്രായവ്യത്യസമൊന്നുമില്ല. പക്ഷെ എന്താണ് ഈ അവകാശം എന്ന കാര്യം define ചെയ്യപ്പെടണം. പക്ഷെ അതിനെപ്പറ്റിയൊന്നും മാധ്യമപ്രവര്‍ത്തകര്‍ ആലോചിക്കുന്നില്ല. അത് ചെയ്യാതെ വെറുതെ മാധ്യമ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് നടക്കുകയാണ്. ബലാത്സംഗ കേസുകളിലെ ഇരകളെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്ത കൊടുക്കരുത് എന്ന വളരെ specific ആയ ആവശ്യമാണ് ഞങ്ങള്‍ മുന്നോട്ട് വച്ചത്. ആ ആവശ്യത്തെ ശക്തമായി എതിര്‍ക്കുന്നവരുടെ പ്രശ്നം 'ഇക്കിളി വാര്‍ത്തകള്‍' എഴുതാന്‍ പറ്റില്ല എന്നതാണ്. ആ insecurity കൊണ്ടാണ് ഈ എതിര്‍പ്പ് വരുന്നത് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അതിനപ്പുറത്തേക്ക് മാധ്യമ സ്വാതന്ത്ര്യത്തെ പറ്റി എന്തെങ്കിലും ആശങ്കകള്‍ ഉള്ളവരാണ് ഇവരെന്ന് എനിക്ക് തോന്നുന്നില്ല.

കാബിനറ്റ് തീരുമാനങ്ങള്‍ അറിയിക്കുന്നതിലെ വിമുഖതയുള്‍പ്പടെയുള്ള ഈ സര്‍ക്കാരിന്റെ സമീപനത്തോട് വിയോജിപ്പുകളുണ്ട്. ഈ ശൈലി പ്രശ്‌നമാണ്. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. സര്‍ക്കാരിന് തന്നെയാണ് ഇത് ദോഷമുണ്ടാക്കുക എന്നാണ് ഞാന്‍ കരുതുന്നത്. ഇതിനെതിരായി എന്തെങ്കിലും കാര്യമായി ചെയ്യാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ? ഇല്ല എന്നാണ് തോന്നുന്നത്. അപൂര്‍വമായാണ് ആര്‍ടിഐകളൊക്കെ വരുന്നത്. പിന്നെ മറ്റൊരു പ്രശ്‌നമുണ്ട്. We can't demand. മുഖ്യമന്ത്രിയോട് ഇന്ന കാര്യങ്ങള്‍ ചെയ്യണം എന്ന് നമുക്ക് ഡിമാന്‍ഡ് ചെയ്യാനാവില്ല. എല്ലാ പൗരന്മാര്‍ക്കും കൊടുത്തിട്ടുള്ള ആര്‍ട്ടിക്കിള്‍ 19 പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യമേ ഉള്ളൂ. അതിനപ്പുറം എന്തെങ്കിലും ഉണ്ട് എന്ന് നമ്മള്‍ വിചാരിക്കുന്നതും അനുഭവിക്കുന്നതുമായ ബാക്കിയെല്ലാം privilege ആണ്. അല്ലാതെ മാധ്യമ സ്വാതന്ത്ര്യമല്ല.

http://www.azhimukham.com/india-why-a-tribal-party-blamed-for-the-murder-santanu-bhowmik-in-tripura-is-tripura/

Freedom of the Press ഭരണഘടനയില്‍ പ്രത്യേകം ഉള്‍പ്പെടുത്തണം എന്നാണ് പറയുന്നത്. ഫ്രീഡം ഓഫ് ദ പ്രസ് ജര്‍മ്മന്‍ ഭരണഘടനയിലുണ്ട്. നമ്മള്‍ ചില വകുപ്പുകള്‍ ജര്‍മ്മന്‍ ഭരണഘടനയില്‍ നിന്ന് സ്വീകരിച്ചിട്ടുണ്ടെങ്കിലും ഫ്രീഡം ഓഫ് ദ പ്രസ് എടുത്തിട്ടില്ല. ജര്‍മ്മനിയില്‍ മുന്‍ ചാന്‍സലര്‍ ജെറാര്‍ഡ് ഷ്രോഡറിന്റെ കാബിനറ്റില്‍ നീതിന്യായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന വനിതാ മന്ത്രി കേരളത്തില്‍ വന്നപ്പോള്‍ എന്നോട് ചോദിച്ചു - ഭരണഘടനയില്‍ Freedom of the Press ഇല്ലാതെ നിങ്ങള്‍ എങ്ങനെ ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നു എന്ന്. അത്തരത്തില്‍ ഒരു constitutional provision ഉണ്ടായിരുന്നെങ്കില്‍ വാര്‍ത്ത കൊടുത്തതിന്‍റെ പേരില്‍ എന്‍റെ പേരില്‍ കേസ് വരില്ലായിരുന്നു എന്നാണ്. അതൊരു വസ്തുതയാണ്. പക്ഷെ, അപ്പോഴും ആരുടെ സ്വാതന്ത്ര്യം എന്ന ചോദ്യമുണ്ട്. അത് മാധ്യമ മുതലാളിയുടെ സ്വാതന്ത്ര്യമാണോ അതോ മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യമാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട് എന്ന് തോന്നുന്നു. മാധ്യമ മുതലാളിയുടെ സ്വാതന്ത്ര്യമാണ് Freedom of Press എങ്കില്‍ നാട്ടുകാരുടെ കാര്യം കട്ടപ്പൊകയാകും. ഇന്ത്യയില്‍ മാധ്യമ മുതലാളിമാര്‍ക്ക് നിലവില്‍ തന്നെ വലിയ സ്വാധീനവും അധികാരങ്ങളും കിട്ടുന്നുണ്ട്.

ഇതൊരു വ്യവസായമാണ്‌. മാധ്യമ പ്രവര്‍ത്തനത്തെ സംബന്ധിച്ച hallucination അല്ലെങ്കില്‍ അതിനെ ചുറ്റിപ്പറ്റിയുള്ള aura - അത് മാറ്റേണ്ടതാണ്. ഇന്ത്യയിലെ വ്യവസായ നിയമങ്ങളും തൊഴില്‍ നിയമങ്ങളും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന, നൂറ് ശതമാനവും സ്റ്റേറ്റിന് വിധേയമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ്ട്രിയാണ് മീഡിയ. അതിന്‍റെ അപ്പുറത്തേക്ക് എന്തോ ആണ് എന്നൊക്കെ നമ്മള്‍ വെറുതെ പറയുകയാണ്. സത്യത്തില്‍ അങ്ങനെയൊന്നും അല്ല. പലപ്പോഴും നമ്മുടെ ഭാവം anti-state ആണ് എന്നാണ്. ഒരിക്കലും അങ്ങനെ അല്ല. നമ്മള്‍ ചോദ്യം ചെയ്യുന്നത് സര്‍ക്കാരുകളെയാണ്. അല്ലാതെ സ്റ്റേറ്റിനെ അല്ല. സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ നമ്മുടെ വിചാരം നമ്മള്‍ വലിയ വിപ്ലവകാരികള്‍ ആണെന്നാണ്‌.

അ: Freedom of Press എന്നത് മാധ്യമ ഉടമകളുടെ സ്വാതന്ത്ര്യം എന്ന നിലയില്‍ വന്നാല്‍ അതെങ്ങനെയാണ്‌ പൊതുസമൂഹത്തെ ബാധിക്കുക? ഒപ്പം, മാധ്യമങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യവും അതിലെ സ്റ്റേറ്റിന്‍റെ ഇടപെടലുകളും ഒരു പ്രശ്നവും മാധ്യമ ഉടമകളും തൊഴിലാളികളായ മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ബന്ധവും പ്രശ്നങ്ങളും മറ്റൊരു വിഷയവുമല്ലേ?

ഷാ: മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ അവകാശങ്ങളെ അത് ബാധിക്കുമോ എന്നതല്ല പ്രശ്നം. അത് പൊതുസമൂഹത്തെ എങ്ങനെ ബാധിക്കും എന്നതാണ്. മാധ്യമ സ്ഥാപനത്തിന്‍റെ ഉടമയ്ക്ക് ഭരണഘടനാപരമായ പ്രത്യേക അവകാശങ്ങള്‍ ലഭിച്ചാല്‍ അത് പൊതുജന താല്‍പര്യം സംരക്ഷിക്കുന്നത് ആവണമെന്നില്ല. ഇപ്പോള്‍ തന്നെ നമ്മുടെ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പൊതുജന താല്‍പര്യാര്‍ഥമുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടല്ലല്ലോ. ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഭൂരിഭാഗവും ഫാഷിസത്തെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ചിട്ടുള്ളവയാണ്. ഇന്ത്യയിലെ നഗര, മധ്യവര്‍ഗ പുരുഷന്‍റെ ജീവിതമാണ് ഇന്ത്യന്‍ മാധ്യമങ്ങളുടെ വാര്‍ത്ത. സായ് നാഥിനെ പോലുള്ള ചിലര്‍ വ്യത്യസ്തമായി പ്രവര്‍ത്തിച്ച് വാര്‍ത്തകള്‍ ശേഖരിക്കുന്നുണ്ടെങ്കിലും അതിനെ പോലും commodity ആയി മാത്രമാണ് നമ്മള്‍ കാണുന്നത്. മാധ്യമങ്ങള്‍ അടിസ്ഥാനപരമായി വലതുപക്ഷത്താണ്.

http://www.azhimukham.com/vayicho-ravishkumar-writes-openletter-to-primeminister-modi-on-his-intolerant-followers/

അ: മാധ്യമസ്ഥാപനങ്ങളിലെ തൊഴില്‍, ജാതി, ലിംഗ പ്രശ്നങ്ങള്‍ വളരെ ഗൗരവമുള്ളതാണ്. ഇതെങ്ങനെ കാണുന്നു?

ഷാ: മാധ്യമസ്ഥാപനങ്ങളിലെ തൊഴില്‍, ജാതി, ലിംഗ വിവേചനം ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. കേരളത്തിലെ പല മാധ്യമങ്ങളിലും കൂട്ടപ്പിരിച്ചുവിടലുകള്‍ അടക്കമുള്ളവ ഉണ്ടായിട്ടുണ്ട്. അതൊന്നും തന്നെ ഫലപ്രദമായി നേരിടാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.

അ: മോദി സര്‍ക്കാരിന്‍റെ കാലത്ത് ഇന്ത്യന്‍ മാധ്യമങ്ങളുടെ ഭാവിയെ പറ്റി എന്ത് തോന്നുന്നു?

ഷാ: മാധ്യമങ്ങളുടെ ഭാവിയെ പറ്റി ആശങ്കയുണ്ടെങ്കിലും പ്രതീക്ഷകള്‍ തന്നെയാണ് എനിക്കുള്ളത്. ഇതുപോലെ ഫാഷിസ്റ്റ്‌ സ്വഭാവത്തിലുള്ള ഒരു സര്‍ക്കാര്‍ വരുമ്പോള്‍ മാധ്യമങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി, കൂടുതല്‍ കാര്യക്ഷമതയോടെ രംഗത്ത് വരും. ഒരുദാഹരണം പറഞ്ഞാല്‍, ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടൈംസ് നൌ ചെയ്ത ഒരു പ്രൈം ടൈം ഡിബേറ്റ് ശ്രദ്ധിക്കുക. രാഹുല്‍ ഗാന്ധിയെ പപ്പു എന്നു വിളിച്ചു കൊണ്ട് ഗുജറാത്തിലെ ബിജെപിക്കാര്‍ പരസ്യം നല്‍കിയത് ഇലക്ഷന്‍ കമ്മീഷന്‍ തടഞ്ഞതിനെ പറ്റിയാണ്. രാഹുല്‍ ഗാന്ധിയെ പപ്പു എന്നു വിളിക്കുന്നത് തടയാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ആരാണ് എന്നൊക്കെ ചോദിച്ചു കൊണ്ടാണ് ചര്‍ച്ച. സത്യത്തില്‍ അത് ചര്‍ച്ചയല്ല, യാതൊരു ജനാധിപത്യ ബോധവും പ്രകടിപ്പിക്കാതെ മനുഷ്യരെ അപഹസിക്കല്‍ മാത്രമാണ്. ടൈംസ് നൌവും റിപ്പബ്ലിക്കും ഒക്കെ ഇപ്പോള്‍ മോദി ഭരണകൂടത്തിനു വേണ്ടി നടത്തുന്ന ഈ 'മാധ്യമപ്രവര്‍ത്തന'ത്തെ ജേണലിസം എന്നു പോലും വിളിക്കാന്‍ കഴിയില്ല. പക്ഷെ, എന്തുകൊണ്ടാണ് എനിക്ക് പ്രതീക്ഷയുണ്ട് എന്നു പറഞ്ഞത്, ഇതേ സമയത്താണ് വയര്‍ (thewire.in) പോലുള്ള alternativeകള്‍ ഉയര്‍ന്നുവരുന്നത്. ഒരിക്കലും മാധ്യമങ്ങള്‍ പൂര്‍ണമായും സ്റ്റേറ്റിന് കീഴടങ്ങുന്ന അവസ്ഥയുണ്ടാകില്ല എന്നാണ് തോന്നുന്നത്. കാരണം ആ തരത്തില്‍ ആ വ്യവസായത്തിന് നിലനില്‍ക്കാന്‍ കഴിയില്ല. ഇപ്പോള്‍ കേരളത്തിലേക്ക് വന്നാലും സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ക്ക് തന്നെയാണ് എക്കാലത്തെയും പോലെ ഇപ്പോളും ഡിമാന്‍ഡ് ഉള്ളത്. സര്‍ക്കാര്‍ ഇറക്കുന്ന പ്രസ് റിലീസ് വാര്‍ത്തയാക്കിയാല്‍ അത് ആര് വായിക്കാനാണ്?

http://www.azhimukham.com/trending-in-light-of-jay-shahs-decision-to-sue-the-wire-a-look-at-recent-responses-to-investigative-journalism-in-india/


Next Story

Related Stories