Top

ഹിന്ദുത്വ, സോഷ്യല്‍ മീഡിയ, ജാതി, മാധ്യമ സ്വാതന്ത്ര്യം; വെങ്കിടേഷ് രാമകൃഷ്ണന്‍ സംസാരിക്കുന്നു

ഹിന്ദുത്വ, സോഷ്യല്‍ മീഡിയ, ജാതി, മാധ്യമ സ്വാതന്ത്ര്യം; വെങ്കിടേഷ് രാമകൃഷ്ണന്‍ സംസാരിക്കുന്നു
മോദി കാലത്ത് ഇന്ത്യന്‍ മാധ്യമങ്ങള്‍ നേരിടുന്ന രൂക്ഷമായ പ്രതിസന്ധി, മാധ്യമ രംഗത്തെ ജാതി, സോഷ്യല്‍ മീഡിയ ഉണ്ടാക്കിയ മാറ്റങ്ങള്‍, മാധ്യമ സ്വാതന്ത്ര്യത്തോടുള്ള ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനം, ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വളര്‍ച്ചയും ഇന്ത്യന്‍ മാധ്യമങ്ങളും, മാധ്യമങ്ങളുടെ വിശ്വാസ്യത തുടങ്ങിയവ സംബന്ധിച്ച തന്‍റെ കാഴ്ചപ്പാടുകളും മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള തന്‍റെ അനുഭവങ്ങളും പങ്ക് വയ്ക്കുകയാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഫ്രണ്ട് ലൈന്‍ ഡെപ്യൂട്ടി എഡിറ്ററുമായ വെങ്കിടേഷ് രാമകൃഷ്ണന്‍. മോദി കാലത്ത് മാധ്യമങ്ങള്‍ നേരിടുന്ന പ്രതിസന്ധി നേരത്തെ ഉണ്ടായിരുന്നതിന്‍റെ കൂടുതല്‍ അപകടകരമായ തുടര്‍ച്ചയാണ്. ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേയ്ക്ക് നയിച്ച അയോധ്യ-രാമജന്മഭൂമി പ്രശ്‌നമുയര്‍ത്തി സംഘപരിവാറും അതിന്റെ ബ്രാഹ്മിണിക്കല്‍ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയവും ശക്തിപ്പെടുന്ന കാലത്ത് തന്നെ ഇത് തുടങ്ങിയതായും
വെങ്കിടേഷ് രാമകൃഷ്ണന്‍
പറയുന്നു.


ഭീമ കൊറിഗാവ് പ്രശ്‌നത്തെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത പ്രതിലോമകരമായ രീതി ചൂണ്ടിക്കാട്ടി ന്യൂസ് ലോണ്‍ട്രിയില്‍ ലേഖനം വന്നിട്ടുണ്ട്. ദലിതര്‍ക്കെതിരായ അക്രമത്തെ തുടര്‍ന്ന് ഉയര്‍ന്നുവന്ന സംഘര്‍ഷം ഇപ്പോളും മാധ്യമങ്ങള്‍ക്ക് caste war ആണ്. മാതൃഭൂമി പങ്കുവയ്ക്കുന്നത് മഹാരാഷ്ട്രയില്‍ 'ജാതിദേശീയത' ശക്തിപ്പെടുന്നതിന്റെ ആശങ്കയാണ്. മാധ്യമസ്ഥാപനങ്ങളിലെ സവര്‍ണ മേധാവിത്തം തന്നെയല്ലേ ജാതി പ്രശ്‌നത്തെ ഇത്തരം കണ്ണുകളിലൂടെ കാണാന്‍ പ്രേരണയാകുന്നത്?


ഇത് പുതിയൊരു ട്രെന്‍ഡല്ല, നേരത്തെ ഉള്ള ഒന്നാണ്. ബി എസ് പി സ്ഥാപകന്‍ കാന്‍ഷി റാം ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കിടപ്പുമുറിയിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ ഇരച്ചുകയറി പോയ ഒരു സംഭവമുണ്ടായിട്ടുണ്ട്. 1996ലാണ് ഇത്. യുപിയില്‍ ആ സമയത്ത് രാഷ്ട്രീയ പ്രതിസന്ധിയുണ്ടായിരുന്നു. അന്ന് കാന്‍ഷിറാം ഈ പത്രക്കാരെ അവിടെ നിന്ന് അടിച്ചുപുറത്താക്കി ഓടിക്കുകയായിരുന്നു.

കാന്‍ഷി റാം എന്റെ അടുത്ത സുഹൃത്തായിരുന്നു. ഞാന്‍ ഈ സംഭവത്തെക്കുറിച്ച് അറിയാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ചു. കാന്‍ഷിറാം എന്നോട് ചോദിച്ചു: "
നിന്റെ അറിവില്‍ അക്രഡിറ്റായ എത്ര ദലിത് ജേണലിസ്റ്റുകളുണ്ട് ഡല്‍ഹിയില്‍? എന്റെ ബെഡ് റൂമിലേയ്ക്ക് ഇരച്ചുകയറിയത് പോലെ മാധവ് റാവു സിന്ധ്യയുടെ റൂമിലേയ്ക്ക് കയറാന്‍ ഇവര്‍ ധൈര്യപ്പെടുമോ?"


ആ സമയത്ത് അക്രഡിറ്റേഷനുള്ള ഒരൊറ്റ ദലിത് ജേണലിസ്റ്റ് പോലും ഡല്‍ഹിയിലുണ്ടായിരുന്നില്ല. ഇപ്പോഴും ഇത്തരത്തിലുള്ള വിരലില്‍ എണ്ണാവുന്ന ദലിത് ജേണലിസ്റ്റുകളേ ഉണ്ടാകൂ. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍ മാത്രം ഇത്തരത്തിലുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. അപ്പൊ ഈ bias വ്യക്തമാണ്.

കാന്‍ഷിറാം

ഇപ്പോളും caste war എന്നാണ് ഇത്തരം സംഘര്‍ഷങ്ങളെ വിശേഷിപ്പിക്കുന്നത്. അതായത് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്ന നിലയ്ക്ക്. അല്ലാതെ ദലിത് വിഭാഗക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷം എന്ന നിലയ്ക്കല്ല.

എന്റെ ഈ brahminical ആയ പേര്, കരിയറില്‍ റിവേഴ്‌സ് ആയ തരത്തില്‍ എനിക്ക് ഗുണം ചെയ്തിട്ടുണ്ട്. ഈ പേര് എനിക്ക് ചെയ്ത ഗുണത്തെ പറ്റി ഞാന്‍ നേരത്തെ എഴുതിയിട്ടുമുണ്ട്. ഡല്‍ഹിയിലെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ എന്റെ ഈ ബ്രാഹ്മിണ്‍ പേര് മറ്റ് പലര്‍ക്ക് മുന്നിലും തുറക്കാതിരുന്ന വാതിലുകള്‍ തുറന്നുതന്നു. ഡല്‍ഹിയിലെ ബ്യൂറോക്രാറ്റ്, രാഷ്ട്രീയ സമൂഹത്തില്‍ എന്റെ പേരിനോടുണ്ടായിരുന്ന താത്പര്യത്തേക്കാള്‍ എത്രയോ കൂടുതലായിരുന്നു ഉത്തര്‍പ്രദേശിലേയും ബിഹാറിലേയും രാഷ്ട്രീയനേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ പേരിനോടുണ്ടായിരുന്നത്. തീവ്ര വലതുപക്ഷ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നേതാക്കളില്‍ ഒരാളായ ഒരു യുപി ബ്രാഹ്മണനും ഞാനും തമ്മിലുള്ള ബന്ധം ഈ താത്പര്യത്തിന്റെ നല്ല ഉദാഹരണമാണ്. എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളും വിശ്വാസങ്ങളും അദ്ദേഹത്തിന്റേതില്‍ നിന്ന് നേരെ എതിര്‍ദിശയില്‍ പോകുന്നതായിരുന്നു. അത് ബോധ്യമുണ്ടായിട്ടുപോലും മിശ്ര എന്ന ജാതിവാലുള്ള ആ മനുഷ്യന്‍ എന്നെ കാണുകയും നിരന്തരം വാര്‍ത്ത തന്ന് സഹായിക്കുകയും ചെയ്തു. എന്തൊക്കെ പറഞ്ഞാലും നിങ്ങളും ഞാനും ഈ രാജ്യത്തിന്റെ തെക്കും വടക്കുമായി ഒരേ ജാതിധാരയെ പ്രതിനിധാനം ചെയ്യുന്നവരല്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്.

1985ല്‍ പത്രപ്രവര്‍ത്തകനായി ആദ്യം ഡല്‍ഹിയിലെത്തി രണ്ട് ദിവസത്തിനകം തന്നെ ഒരു പുരോഗമന സാഹിത്യകാരന്‍ ജാതി ചോദിച്ച് എന്നെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഈ ജാതി ഷോക്ക് അടിക്കടി കിട്ടിക്കൊണ്ടിരുന്നത് കൊണ്ട് പിന്നീട് ഞാന്‍ തന്നെ മറ്റുള്ളവരോട് യാതൊരു സങ്കോചവുമില്ലാതെ ജാതി ചോദിക്കാനും പറയാനും തുടങ്ങി. സുഹൃത്തുക്കളില്‍ പലരും എന്റെ മാറ്റം കണ്ട് അദ്ഭുതപ്പെടുകയും ചിലര്‍ പച്ചത്തെറി വിളിക്കുകയും ചെയ്തിട്ടുണ്ട്. ബിഹാറില്‍ റിക്ഷാക്കാരനായ ഒരു യുവാവിനോട് ഞാന്‍ ജാതി ചോദിച്ചപ്പോള്‍ അയാള്‍ യാതൊരു അസ്വസ്ഥതയുമില്ലാതെ 'കുര്‍മി എന്ന് പറഞ്ഞു. അപ്പോള്‍ നിങ്ങള്‍ നിതീഷ് കുമാറിനെ പിന്തുണക്കുന്നു അല്ലേ എന്ന് ചോദിക്കാന്‍ എനിക്ക് ഒരു മടിയുമുണ്ടായില്ല.

ഇപ്പോള്‍ പൂനെയിലും മുംബൈയിലുമെല്ലാം ഉണ്ടായിരിക്കുന്ന സംഭവങ്ങളില്‍ ഇത് വളരെ intrinsic ആയി വരുന്നതാണ്. സവര്‍ണ ജേണലിസ്റ്റുകളുടെ ഉള്ളില്‍ നിന്ന് പലപ്പോഴും അവര്‍ തന്നെ അറിയാതെ പുറത്തുചാടുന്നതാണ് ഇതെല്ലാം. സ്ഥാപനത്തിന്റ താല്‍പര്യങ്ങള്‍ ഒരു വശത്തുണ്ടാകും. എന്നാല്‍ അതല്ലാതെ തന്നെ മാധ്യമപ്രവര്‍ത്തകരുടെ ഉള്ളില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ പുറത്തുവരുന്നു. ഇന്ത്യന്‍ മാധ്യമങ്ങളുടെ ഒരു യാഥാര്‍ത്ഥ്യമാണിത്.

ഭീമ കൊറിഗാവില്‍ ദലിതര്‍ക്ക് നേരെയുണ്ടായ അതിക്രമത്തോടുള്ള പ്രതിഷേധം

കോര്‍പ്പറേറ്റ്, രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ താങ്കളുടെ കരിയറിനെയോ പ്രവര്‍ത്തനങ്ങളെയോ ഏതെങ്കിലും തരത്തില്‍ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ ബാധിച്ചിട്ടുണ്ടോ?

നേരിട്ടുള്ള കോര്‍പ്പറേറ്റ് സമ്മര്‍ദ്ദങ്ങളൊന്നും എനിക്ക് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലൊന്നും ഇത്തരത്തിലൊരു കോര്‍പ്പറേറ്റ് കൈകടത്തല്‍ അത്ര സാധ്യമായിരുന്നില്ല. പിന്നെ ഇന്ത്യയിലെ ചില പ്രധാന കോര്‍പ്പറേറ്റുകളെ സംബന്ധിച്ച എന്റെ ചില റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെടാന്‍ മൂന്ന് മാസം, നാല് മാസമൊക്കെ വൈകിയ സാഹചര്യങ്ങളുണ്ടായിട്ടുണ്ട്.

പിന്നെ രാഷ്ട്രീയ സമ്മര്‍ദ്ദമാണ്. അയോധ്യ പ്രശ്‌നത്തിന്റെ സമയത്ത് ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ ഭാഗത്ത് നിന്ന് ഭീഷണികളും മറ്റും - ശാരീരികാക്രമണ ഭീഷണികള്‍ തന്നെ വന്നിട്ടുണ്ട്. എന്റെ രണ്ട്, മൂന്ന് സ്റ്റോറികള്‍ ഇത്തരത്തില്‍ അവരെ പ്രകോപിപ്പിച്ചിരുന്നു. 1991 ഏപ്രില്‍ - മേയ് സമയത്ത് ഫ്രണ്ട് ലൈനില്‍ ഞാന്‍ ഇതുമായി ബന്ധപെട്ട്  കവര്‍ സ്റ്റോറി ചെയ്തിരുന്നു. 90ലെ കര്‍സേവയില്‍ 75 പേര്‍ അവിടെ 'രക്തസാക്ഷി'കളായി എന്നാണ് വിശ്വഹിന്ദു പരിഷത്ത് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ആ സമയത്ത് യുപി മുഖ്യമന്ത്രിയായിരുന്ന മുലായം സിംഗ് യാദവ് ഇത് തള്ളിക്കളഞ്ഞു. അവിടെ ആകെ മരിച്ചത് 26 പേരാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ യുപി സര്‍ക്കാരിന്റെ ഈ വെളിപ്പെടുത്തലിനെ എതിര്‍ത്ത് 90 നവംബറിലോ ഡിസംബറിലോ മറ്റോ വിഎച്ച്പി ഡല്‍ഹിയില്‍ വലിയൊരു റാലി സംഘടിപ്പിച്ചു. കൊല്ലപ്പെട്ട 75 പേര്‍ എന്ന് പറഞ്ഞ് അവര്‍ ഒരു ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഇത് ആദ്യ പട്ടിക മാത്രമാണെന്നും കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിലും വളരെ കൂടുതലാണെന്നും വിഎച്ച്പിക്കാര്‍ അവകാശപ്പെട്ടു.

ആ ലിസ്റ്റിലെ 26 പേരും യുപി സ്വദേശികളായിരുന്നു. ഞാന്‍ ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി നേതാവും അന്നത്തെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ ശീതള്‍ സിംഗിനൊപ്പം ഈ ലിസ്റ്റ് പരിശോധിച്ചു. നാല് പേര്‍ ജീവിച്ചിരിക്കുന്നവരായിരുന്നു. ലോകത്തില്ലാത്ത ഒരാളെ സൃഷ്ടിച്ച് അയാളെ കൊന്നിട്ടുമുണ്ട്. ബിജെപിയുടെ സഹരണ്‍പൂര്‍ ഓഫീസില്‍ നിന്ന് ഉണ്ടാക്കിയെടുത്ത കഥാപാത്രമായിരുന്നു അയാള്‍. പിന്നെ അയോധ്യയില്‍  പോയിട്ടില്ലാത്തവരും കാര്‍ അപകടത്തില്‍ മരിച്ചവരുമായവരൊക്കെ ഈ ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു. ആ സമയത്ത് ആ സ്‌റ്റോറി കുറച്ച് പ്രശ്‌നമുണ്ടാക്കിയിരുന്നു. ഞാനന്ന് ടൂ വീലര്‍ ഓടിക്കുന്ന സമയമാണ്. എവിടെ പോവുമ്പോഴും കാവിക്കൊടി കെട്ടിയിരുന്ന ഒരു ജീപ്പ് എന്നെ ഫോളോ ചെയ്തിരുന്നു. ബാബറി മസ്ജിദ് തകര്‍ത്ത സമയത്തും എന്നെ ആക്രമിക്കാന്‍ ശ്രമമുണ്ടായിരുന്നു. എന്നാല്‍ അത് നടന്നില്ല.

അദ്വാനിയുടെ രഥയാത്ര (1990)

മോദി സര്‍ക്കാരിന്റെ കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ നേരിടേണ്ടി വരുന്ന ഭീഷണികള്‍ കൂടിയിട്ടുണ്ട്. ഇതിനെ എങ്ങനെ കാണുന്നു?

തീര്‍ച്ചയായും. അതൊരു വസ്തുതയാണ്. ദി ട്രിബ്യൂണിന്റെ ആധാര്‍ സ്റ്റോറിക്കെതിരെ ഉണ്ടായ ഭീഷണി, ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇതൊക്കെ ഈ political contextമായി നേരിട്ട് ബന്ധമുള്ള കാര്യങ്ങളാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയായി വരുന്നതാണ് ഇത്. 1990ല്‍ വിപി സിംഗ് ഗവണ്‍മെന്റ് താഴെ വീണ ശേഷം, അദ്ദേഹം മറ്റ് പ്രതിപക്ഷ നേതാക്കളായ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്, ശരദ് യാദവ് തുടങ്ങിയവരോടൊപ്പം ഗോരഖ്പൂര്‍ അടക്കമുള്ള കിഴക്കന്‍ യുപിയിലെ മേഖലകളില്‍ ഒരു യാത്ര നടത്തിയിരുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങേണ്ടി വന്നതിന് ശേഷമുള്ള വിപി സിംഗിന്റെ ആദ്യ പൊതുപരിപാടിയായിരുന്നു അത്. ഞാനന്ന് ദേശാഭിമാനിയിലാണ്. ടെലിപ്രിന്റര്‍ ഉപയോഗിച്ചാണ് വാര്‍ത്തകള്‍ അയയ്ക്കുന്നത്. വിപി സിംഗിന്റെ റാലിക്ക് നേരെ കല്ലേറുണ്ടായി. ശരദ് യാദവിനൊക്കെ പരിക്കേറ്റു.

ഈ വാര്‍ത്ത കൊടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന പിടിഐ റിപ്പോര്‍ട്ടറെ ഭീഷണിപ്പെടുത്തി വിഎച്ച്പി പ്രവര്‍ത്തകര്‍ വാര്‍ത്തയുടെ ഇന്‍ട്രോ മാറ്റിയെഴുതിച്ചു. വിശ്വനാഥ് പ്രതാപ് സിംഗിന്റെ റാലി ആക്രമിക്കപ്പെട്ടു എന്നാണ് ഇദ്ദേഹം ഇന്‍ട്രോ എഴുതാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് മാറ്റി വിപി സിംഗിന്റെ റാലി പരാജയമായിരുന്നു എന്ന് ആ ലേഖകനെക്കൊണ്ട് വിഎച്ച്പിക്കാര്‍ എഴുതിച്ചു. ഇത്തരത്തിലുള്ള വാര്‍ത്ത അയാള്‍ക്ക് അയച്ചുകൊടുക്കേണ്ടി വന്നു. വിശ്വാസ്യതയുള്ള ഒരു മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം. പക്ഷെ ഇത്രയും പേരുടെ ഭാഗത്ത് നിന്നുള്ള ആക്രമണ ഭീഷണിക്ക് മുന്നില്‍ അയാള്‍ക്ക് വഴങ്ങേണ്ടി വന്നു. ഈയൊരു രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയായാണ് ഞാന്‍ ഇപ്പോഴത്തെ അവസ്ഥയെ കാണുന്നത്.വിപി സിംഗ് പ്രസംഗിക്കുന്നു

സോഷ്യല്‍ മീഡിയ സജീവമായതോടെ മാധ്യമപ്രവര്‍ത്തകര്‍ കൂടുതലായി നിലപാടുകള്‍ പരസ്യമാക്കി തുടങ്ങി. വാര്‍ത്തകളുടെ പേരിലുള്ള ആക്രമണങ്ങള്‍ക്കൊപ്പം നിലപാടുകളുടേയും അഭിപ്രായങ്ങളുടേയും പേരിലുള്ള ആക്രമണങ്ങളും സജീവമാണ്?

സോഷ്യല്‍ മീഡിയയ്ക്ക് മൂന്ന് ഘടകങ്ങളുണ്ട്. പ്രധാനമായും disruption. നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന രീതിയില്‍ നിന്നും മാധ്യമങ്ങളുടെ സ്വഭാവം മാറി ഒരു തരം digital disruption ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത് വളരെ ജനാധിപത്യപരവും പോസിറ്റീവായതും ആണ് എന്നാണ് theoretical ആയ വശം. പങ്കാളിത്ത മാധ്യമ പ്രവര്‍ത്തനത്തിലേക്ക് ലോകം പോകുമെന്നാണ് ഒരു സങ്കല്‍പ്പം. പൊതുജനങ്ങള്‍ പങ്കാളികളാകുന്ന തരത്തിലുള്ള മാധ്യമ സംസ്‌കാരം വികസിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ വളരെ സംഘടിതമായി സോഷ്യല്‍ മീഡിയ ഉപയോഗിച്ച് യാഥാര്‍ത്ഥ്യം നിര്‍മ്മിച്ചെടുക്കാനാകും എന്ന ഒരു അവസ്ഥയുണ്ടാകുന്നു. Wikiality എന്നാണ് ഈ യാഥാര്‍ത്ഥ്യ നിര്‍മ്മാണം അറിയപ്പെടുന്നത്. നാലോ അഞ്ചോ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ തീരുമാനിച്ച് ഒരു alternative reality നിര്‍മ്മിച്ചെടുക്കുന്നു. പൂനെ, മുംബയ് സംഭവങ്ങളിലെല്ലാം ഇത് കാണാം. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലേയ്ക്ക് പോകുന്ന ഘട്ടത്തില്‍ മോദിക്ക് വേണ്ടി ഇത്തരമൊരു alternative reality നിര്‍മ്മിക്കപ്പെട്ടിരുന്നു. ദാഹോദില്‍ മൂന്ന് ഷിഫ്റ്റില്‍ ജോലിയുള്ള ബിജെപിയുടെ സോഷ്യല്‍ മീഡിയ ഫാക്ടറിയില്‍ നിന്ന് ഉത്പ്പാദിപ്പിച്ച ഒന്നായിരുന്നു ഇത്. സംഭവിക്കുന്നത് എന്താണെന്ന് വച്ചാല്‍ disruption കൊണ്ട് democracy ഉണ്ടാകുന്നതിന് പകരം disruption കൊണ്ട് deception (വഞ്ചന) ആണ് ഉണ്ടാകുന്നത് എന്നതാണ് വിരോധാഭാസം.

റൂസോ സ്വാതന്ത്ര്യത്തെ പറ്റി പറഞ്ഞ പോലെ Man is born free, but everywhere he is in chain എന്ന പ്രശ്‌നമുണ്ട്. എങ്ങനെ ഇത്തരം കാര്യങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും എന്ന ചോദ്യമുണ്ട്. കോര്‍പ്പറേറ്റ് മേധാവിത്തമുള്ള, majoritarian political dominance ഉള്ള സാഹചര്യത്തില്‍ ഇത് എത്ര മാത്രം സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ വികാസത്തെ സഹായിക്കും എന്ന കാര്യത്തില്‍ സംശയമുണ്ട്. എനിക്ക് അത്ര വലിയ ആത്മവിശ്വാസം സോഷ്യല്‍മീഡിയയെ സംബന്ധിച്ചില്ല. Digital Disruption സംബന്ധിച്ച് തുടക്കത്തിലുണ്ടായിരുന്ന പ്രതീക്ഷകള്‍ അസ്ഥാനത്താവുകയാണ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ പൂര്‍ണമായും തള്ളിക്കളയുന്നില്ല. എന്നാല്‍ വ്യക്തിഗതമായ ശ്രമങ്ങള്‍ക്ക് അപ്പുറം സംഘടിതമായി തന്നെ ജനപക്ഷ മാധ്യമങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവയുടെ ഇടപെടലുകള്‍ ആവശ്യമുള്ള ഒരു കാലത്തിലേക്കാണ് നമ്മള്‍ നീങ്ങുന്നത്.

ദി വയര്‍ (thewire.in) പോലുള്ളവ സംഭാവനകളിലൂടെ പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കുന്ന ബദല്‍ മാതൃകകളുമായി മുന്നോട്ട് പോകുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് വിലങ്ങുതടിയാകുന്ന മൂലധന താല്‍പര്യങ്ങള്‍ക്കെതിരായി പ്രതിരോധമുയര്‍ത്തുന്നതില്‍ ഇതിന് എത്രത്തോളം സാധ്യതകളുണ്ട്?

ഇത് വലിയൊരളവ് വരെ ഫലപ്രദമാണ്. ഇംഗ്ലീഷ് വയര്‍ സര്‍വീസുകളുടെ കോണ്‍ടക്സ്റ്റില്‍ വയറും സ്‌ക്രോളും (scroll.in) ഒക്കെ ചെയ്തിട്ടുള്ള ഇടപെടലുകള്‍ കാരണം 2018ല്‍ നാലോ, അഞ്ചോ വലതുപക്ഷ വാര്‍ത്താ പോര്‍ട്ടലുകള്‍ സര്‍ക്കാരിന്റേയും ബിജെപിയുടേയും ശക്തമായ ഫണ്ടിംഗോട് കൂടി പുറത്തുവരാന്‍ പോകുന്നു എന്നാണ് ഏറ്റവും ഒടുവില്‍ ഞാന്‍ കേട്ടത്. വലിയ തോതില്‍ അവര്‍ ഇതിനായി നിക്ഷേപം നടത്താന്‍ പോകുന്നു. ഇതിനിടയില്‍ എത്രമാത്രം ക്രിയേറ്റീവ് ആയി പിടിച്ചുനില്‍ക്കാന്‍ കഴിയും എന്നതാണ് മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളി. ഇന്ത്യയില്‍ ഇംഗ്ലീഷ് മാധ്യമലോകത്ത് നിന്നെങ്കിലും ഇത്തരമൊരു ചെറുത്തുനില്‍പ്പ് വളര്‍ന്നുവന്നിരിക്കുന്നു എന്ന കാര്യം വ്യക്തമാണ്. വയര്‍ മാത്രമല്ല, ആള്‍ട്ട് ന്യൂസ് പോലെയുള്ള പോര്‍ട്ടലുകളുണ്ട്. ഇവയ്‌ക്കെല്ലാം സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ട്. വളരെ ആക്രമണോത്സുകമായി മുന്നേറിയിരുന്ന majoritarian - ഹിന്ദുത്വ രാഷ്ട്രീയത്തെ ചോദ്യം ചെയ്യാനുള്ള കരുത്ത് അത് കാണിക്കുന്നുണ്ട്. ഇത് എത്രമാത്രം ക്രിയാത്മകമായി മുന്നോട്ട് കൊണ്ടുപോകാനാവും എന്നാണ് നോക്കേണ്ടത്.Freedom of the Press അഥവാ മാധ്യമ സ്വാതന്ത്ര്യം പ്രത്യേകമായി ഭരണഘടനയില്‍ ഉള്‍പ്പെടുത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ച് എത്രത്തോളം ആവശ്യമാണ്. ഇത് മാധ്യമ പ്രവര്‍ത്തന സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ എത്ര മാത്രം സഹായകമാകും?

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇതൊരു വലിയ പ്രശ്‌നമാണ്. കാരണം മാധ്യമ സ്വാതന്ത്ര്യത്തോട് പ്രതിബദ്ധത കാണിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി പോലും ഇന്ത്യയിലുണ്ട് എന്ന് തോന്നുന്നില്ല. ഭരണപക്ഷത്തോ പ്രതിപക്ഷത്തോ അത്തരമൊരു പാര്‍ട്ടിയില്ല. മാധ്യമ സ്വാതന്ത്ര്യത്തോടുള്ള വിവിധ പാര്‍ട്ടികളുടെ നിലപാടില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം എന്ന് മാത്രം. അതുകൊണ്ട് ഭരണഘടനയിലും ഭരണവ്യവസ്ഥയിലും മാധ്യമ സ്വാതന്ത്ര്യം വരിക എന്നത് കടലാസില്‍ മാത്രമാകും. ബദല്‍ രാഷ്ട്രീയത്തിന്റെ പ്രതിനിധികള്‍ എന്നവകാശപ്പെട്ട് ഏറ്റവുമൊടുവില്‍ 21ാം നൂറ്റാണ്ടില്‍ രൂപപ്പെട്ട ആം ആദ്മി പാര്‍ട്ടിക്ക് പോലും മാധ്യമ സ്വാതന്ത്ര്യത്തോട് പൂര്‍ണമായ പ്രതിബദ്ധതയില്ല. ഏറെക്കാലമായി പ്രവര്‍ത്തന രംഗത്തുള്ള ഇടത്, മധ്യ സ്വഭാവമുള്ള പാര്‍ട്ടികളുടെ നിലപാടിലും ഏറ്റക്കുറച്ചിലുകള്‍ കാണാമെന്ന് മാത്രമേയുള്ളൂ. അതിനപ്പുറത്തേയ്ക്ക് മാധ്യമസ്വാതന്ത്ര്യത്തെ അവര്‍ പരിഗണിക്കുന്നില്ല. വിശാലമായ രാഷ്ട്രീയ വ്യവഹാരത്തിലെ സ്ഥാപിത താല്‍പര്യങ്ങള്‍ - അതിനെ എങ്ങനെ manipulate ചെയ്യാം എന്നതിനെ അടിസ്ഥാനമാക്കിയാണ് മാധ്യമ സ്വാതന്ത്ര്യത്തിന്റെ നിലനില്‍പ്പ്. രാഷ്ട്രീയ തന്ത്രങ്ങളുടേയും ഭരണ തന്ത്രങ്ങളുടെയുമെല്ലാം സ്വാധീനം ഇതിലുണ്ടാകും.

മാധ്യമങ്ങളെ അഭിസംബോധന ചെയ്യാനുള്ള രാഷ്ട്രീയ നേതാക്കളുടെ വിമുഖത?

അത് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. social media context തന്നെ കാണിച്ചുതരുന്നത് പരമ്പരാഗത മാധ്യമങ്ങളുമായി നേരിട്ടുള്ള സംവദിക്കല്‍ ആവശ്യമില്ല എന്ന് ധാരണയുണ്ടാക്കലാണ്. രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് ഇത്തരം interaction ഇല്ലാതെ തന്നെ സമൂഹത്തിന് സന്ദേശങ്ങള്‍ നല്‍കാനാകും എന്നാണല്ലോ പറയുന്നത്. മാധ്യമങ്ങളുമായുള്ള ഒരു ജനാധിപത്യ സംവാദവും മാധ്യമങ്ങളെ അഭിമുഖീകരിക്കലും ആവശ്യമില്ല എന്ന് വന്നിരിക്കുന്ന ഒരു രാഷ്ട്രീയ സാഹര്യത്തിലാണ് ഇപ്പോള്‍ എല്ലാവരും. നേരത്തെ പറഞ്ഞ പോലെ മാധ്യമസ്വാതന്ത്ര്യത്തോട് പ്രതിബദ്ധതയുള്ള രാഷ്ട്രീയ സംഘടനകള്‍ ഇല്ല എന്ന പ്രശ്‌നം ഇതിലുണ്ട്.

ഒരു കമ്മ്യൂണിക്കേഷന്‍ ചാനല്‍ എന്ന നിലയില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പരാജയപ്പെടുന്നുണ്ടോ? വലിയ തോതിലുള്ള വിശ്വാസ്യതാ നഷ്ടമാണോ പൊതുസമൂഹത്തില്‍ അവ നേരിടുന്നത്?

തീര്‍ച്ചയായും. അത് വളരെ വ്യക്തമാണ്. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വിദേശത്തുള്ള പോലെ credibility test-കളോ ഗവേഷണ പദ്ധതികളോ ഒന്നുമില്ല. വിശ്വാസ്യതാ നഷ്ടം വലിയ പ്രശ്‌നം തന്നെയാണ്. പ്രസ് കൗണ്‍സില്‍ പോലുള്ള സംവിധാനങ്ങള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും എന്ന് ആലോചിക്കേണ്ടതുണ്ട്.

http://www.azhimukham.com/update-altnews-editor-pratiksinha-gets-deaththreat/

http://www.azhimukham.com/mediacrisis-mediastudy-communication-problems-drsubhashkuttan/

http://www.azhimukham.com/india-indianmediacrisis-paranjoyguhathakurta-speaks-about-mediacrisis/

http://www.azhimukham.com/indian-media-crisis-censorship-in-modi-era-prabir-purkayastha/

http://www.azhimukham.com/vayicho-ravishkumar-writes-openletter-to-primeminister-modi-on-his-intolerant-followers/

http://www.azhimukham.com/opinon-on-indian-media-crisis-by-m-suchithra/

http://www.azhimukham.com/indianmediacrisis-media-is-more-alert-at-the-time-fascism-kkshahina/

http://www.azhimukham.com/india-aljazeera-story-on-crawling-indian-mainstream-media-before-modi-govt/

Next Story

Related Stories