TopTop
Begin typing your search above and press return to search.

ട്രംപ് ഭരണത്തിലെ ഭാവിയറിയാന്‍ ഇന്ത്യാക്കാര്‍ ജ്യോതിഷികളെ തേടുന്നു

ട്രംപ് ഭരണത്തിലെ ഭാവിയറിയാന്‍ ഇന്ത്യാക്കാര്‍ ജ്യോതിഷികളെ തേടുന്നു

ആനീ ഗോവന്‍

ഒരു കാലത്ത് മഹാരാജാവിന്റെ വാനനിരീക്ഷകര്‍ ആകാശം നോക്കിയിരുന്ന പുരാതന വാനനിരീക്ഷണ കേന്ദ്രത്തിനടുത്താണ് ജ്യോതിഷിയായ വിനോദ് ശാസ്ത്രിയുടെ പ്രവചന വ്യാപാരം. വഴിയരികില്‍ ഒരു മങ്ങിയ ഫലകത്തില്‍ ‘ജ്യോതിഷ സമിതി & ഗവേഷണ കേന്ദ്രം’ എന്നെഴുതിവെച്ചിട്ടുണ്ട്.

സാധാരണയായി വിവാഹ മുഹൂര്‍ത്തം ജോലി സാധ്യതകള്‍ തെരഞ്ഞെടുക്കല്‍, മനഃപ്രയാസം മാറ്റാന്‍ ഒക്കെയാണ് ആളുകള്‍ കൈനിറയെ കാശുമായി പ്രവചന സഹായം തേടി ശാസ്ത്രിയുടെ ചെറിയ സ്ഥാപനത്തില്‍ എത്താറുള്ളത്.

പക്ഷേ കഴിഞ്ഞ ആറ് മാസമായി മറ്റൊരു ഭൂഖണ്ഡത്തില്‍ നിന്നുള്ള വാചക്കസര്‍ത്തുകാരനും ഓറഞ്ചു നിറമുള്ള തലമുടിക്കാരനുമായ ഒരു രാഷ്ട്രീയക്കാരനാണ് ഇവിടുത്തെ അദൃശ്യ സാന്നിധ്യം.

മുംബൈയില്‍ നിന്നുള്ള ഒരു ഹോട്ടല്‍ വ്യാപാരി ഒരു ദിവസം വിമാനം പിടിച്ച് ഒരു ചോദ്യവുമായി വന്നതോടെയാണ് ഇത് തുടങ്ങിയത്: ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ടാകുമോ?

ലോകത്തിന്റെ അനിശ്ചിതമായ, സത്യാനന്തര ഭാവിയെക്കുറിച്ചുള്ള കുറഞ്ഞത് 5 ചോദ്യങ്ങളെങ്കിലും ഇപ്പോള്‍ ഒരു ദിവസം ശാസ്ത്രീയെ തേടിയെത്തുന്നു. പലരും ഭയചകിതരാണെന്ന് ശാസ്ത്രി പറയുന്നു.

“ട്രംപ് ജയിക്കുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍, അമേരിക്ക തകര്‍ക്കപ്പെടുമെന്നും അദ്ദേഹത്തിന് എന്തും ചെയ്യാനാകുമെന്നും ആയിരുന്നു ആളുകളുടെ പ്രതികരണം.”

ഇപ്പോള്‍ ആളുകള്‍ക്ക് അറിയേണ്ടത് ഇന്ത്യന്‍ നേതാക്കളെ ട്രംപുമാമായുള്ള ബന്ധം എങ്ങനെ ബാധിക്കും, ഇന്ത്യക്കെന്തായിരിക്കും ട്രംപ് ചെയ്യുക, യുകെയുമായുള്ള ട്രംപിന്റെ ബന്ധം, ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തില്‍ ട്രംപിന്റെ സ്വാധീനം എന്നിവയൊക്കെയാണ്.

ആകാശഗോളങ്ങളുടെ ഗതിവിഗതികള്‍ അനുസരിച്ച് ഭാവി പ്രവചിക്കുന്ന ജ്യോതിഷത്തില്‍ -പലരും കപടശാസ്ത്രമെന്ന് വിളിക്കുന്നു-ഇന്ത്യക്കാര്‍ കാലങ്ങളായി വിശ്വസിക്കുന്നുണ്ട്. മക്കളുടെ കല്ല്യാണം ഉറപ്പിക്കുന്നത് ഈ നക്ഷത്രഫലങ്ങളെ ആശ്രയിച്ചാണ്. വ്യാപാരങ്ങള്‍ തുടങ്ങുന്ന ദിവസവും സമയവും നിശ്ചയിക്കുന്നതും അതുവെച്ചുതന്നെ.

മന്ത്രിസഭ രൂപവത്കരണത്തിനും വലിയ പ്രസംഗങ്ങള്‍ക്കും മുമ്പായി ജ്യോതിഷിയെ കാണുന്ന തരത്തില്‍ അന്ധവിശ്വാസികളാണ് പല ഇന്ത്യന്‍ രാഷ്ട്രീയനേതാക്കളും.

മൊബൈല്‍ ഫോണുകളില്‍ ജ്യോതിഷ സേവനസംവിധാനം നല്‍കുന്ന വൈഭവ് മഗോണ്‍ പറയുന്നതു കഴിഞ്ഞ ആഴ്ച്ചകളില്‍ അവരുടെ ജ്യോതിഷികളുടെ അടുത്തേക്കായി ട്രംപുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ വന്നു എന്നാണ്. മിക്കവയും നിക്ഷേപകരില്‍ നിന്നും കുടിയേറ്റ സാധ്യതയുള്ളവരുടെ വിസ അപേക്ഷകള്‍ സംബന്ധിച്ചും.

വിനോദ് ശാസ്ത്രി

“ആളുകള്‍ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം നേരിടുന്നു. ഒരു വഴി കാണാനാണ് അവര്‍ ജ്യോതിഷികളെ സമീപിക്കുന്നത്,’ അയാള്‍ പറഞ്ഞു. ഇന്ത്യക്കാര്‍ പ്രതിസന്ധി സമയത്ത് ജ്യോതിഷത്തെ ആശ്രയിക്കുന്നതില്‍ അത്ഭുതമില്ല എന്നയാള്‍ പറയുന്നു. “ജ്യോതിഷം ഞങ്ങളുടെ ഉളിലുണ്ട്. വിവാഹം തീരുമാനിക്കാനായാലും വ്യാപാരം തുടങ്ങാനായാലും.”

ട്രംപിന്റെ ജനനതീയ്യതി ജൂണ്‍ 14, 1946 വെച്ചുള്ള ട്രംപിന്റെ ജാതകം Askmonk-ല്‍ വന്നത് ദശലക്ഷക്കണക്കിന് തവണയാണ് ആളുകള്‍ വായിച്ചത് എന്നും മഗോണ്‍ പറഞ്ഞു.

അതില്‍ ഒരു ഭാവിപ്രവചനക്കാരന്‍ പറയുന്നു-ട്രംപ് നിശ്ചയദാര്‍ഢ്യമുള്ള. ഉള്‍വലിയുന്ന, അധികാരത്തിനുള്ള കടുത്ത ആര്‍ത്തിയുള്ള ഒരാളാണെന്ന്. അയാള്‍ യുദ്ധ മേഖലയില്‍ നിന്നും പിന്‍മാറും, 2019ല്‍ ജനപ്രിയത കുറയും, പ്രസിഡണ്ട് പദവി അയാളുടെ ആരോഗ്യത്തെ ബാധിക്കുമെന്നൊക്കെ പ്രവചനത്തില്‍ പറയുന്നു. നേട്ടമുണ്ടാകാന്‍, പ്രസിഡണ്ട് 6.25 കാരറ്റ് രത്നമോതിരം ധരിക്കണമെന്നും ഓവല്‍ കാര്യാലയത്തില്‍ തെക്കോട്ട് തിരിച്ച് മരച്ചട്ടയില്‍ സ്വന്തം ചിത്രം വെക്കണമെന്നും ജ്യോതിഷി നിര്‍ദ്ദേശിക്കുന്നു.

ചിക്കാഗോയില്‍ ഒരു കെട്ടിട നിര്‍മ്മാണ എഞ്ചിനീയറായ രാജ് അഗര്‍വാള്‍, 25, ട്രംപിനെക്കുറിച്ച് Askmonk-ലും തന്റെ കുടുംബ ജ്യോതിഷിമാരുടെ അടുത്തും സംശയങ്ങള്‍ ചോദിച്ചിരുന്നു.

അഗര്‍വാള്‍ യുഎസില്‍ ഒരു താത്ക്കാലിക H-1B വിസയില്‍ ജോലിചെയ്യുകയാണ്. പുതിയ തൊഴില്‍ പരിഷ്കാരങ്ങളില്‍ അയാള്‍ക്ക് ആശങ്കയുണ്ട്.

“ജോലിയില്‍ ഉയരാന്‍ കഴിയുമോ, എന്താണ് ഭാവി എന്നൊക്കെയാണ് എന്റെ പ്രായക്കാര്‍ക്ക് അറിയേണ്ടത്. എന്റെ ഭാവി കുഴപ്പത്തിലാക്കുന്ന എന്തെങ്കിലും അയാള്‍ ചെയ്യുമോ? അങ്ങനെയെങ്കില്‍ ഞാന്‍ ഇന്ത്യയില്‍ തന്നെ എന്തെങ്കിലും ചെയ്യും.”

യുഎസിലെ അന്താഷ്ട സമൂഹത്തിന്റെ ഭാവി അത്ര ശോഭനമല്ല എന്ന് ജ്യോതിഷികളെല്ലാം സമ്മതിക്കുന്നു. എന്തായാലും അഗര്‍വാള്‍ തിരിച്ച് ചിക്കാഗോയില്‍ പോകാന്‍ തീരുമാനിച്ചു.

ജയ്പൂരില്‍ മഹാരാജ ജയ് സിംഗ് രണ്ടാമന്‍ നിര്‍മ്മിച്ച കൊട്ടാര സമുച്ചയത്തിന് അടുത്താണ് ശാസ്ത്രിയുടെ ജോലി. വാനനിരീക്ഷണത്തില്‍ താത്പര്യമുണ്ടായിരുന്ന ജയ് സിംഗ് തന്റെ നക്ഷത്രഫലം നോക്കാതെ ഒരിയ്ക്കലും കൊട്ടാരം വിട്ടിറങ്ങാറില്ലായിരുന്നു എന്ന് ഇവിടുത്തെ വഴികാട്ടികള്‍ പറയുന്നു.

വേനല്‍ക്കാലത്ത് ശാസ്ത്രീയും ഏതാണ്ട് 30-ഓളം ജ്യോതിഷികളും ഇപ്പൊഴും ജയ്പൂര്‍ ജന്തര്‍ മന്തറില്‍ ഒത്തുചേരും. വരാന്‍ പോകുന്ന കാലവര്‍ഷത്തിന്റെ ശക്തി കാറ്റിന്റെ ഗതിയും കൊടികളുമൊക്കെ വെച്ചു അളക്കാനാണ് ശ്രമം.

ശാസ്ത്രി ഇപ്പോള്‍ രാജസ്ഥാന്‍ സംസ്കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ കൂടിയാണ്. ട്രംപ് കാലത്ത് കാലവര്‍ഷം കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്നാണ് ശാസ്ത്രി പറയുന്നത്. നിലവിലെ ലോകക്രമത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും.

“പല രാജ്യങ്ങളും, അവരുടെ വ്യാപാര രീതികളും, തൊഴില്‍ രീതികളും എല്ലാം വ്യത്യസ്തമായിരിക്കും. അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്ന ആശയം തന്നെ മാറും,” അയാള്‍ പറഞ്ഞു. “വ്യാപാരം വര്‍ദ്ധിക്കും. പക്ഷേ, ബുദ്ധിജീവികള്‍ സന്തുഷ്ടരായിരിക്കില്ല.”


Next Story

Related Stories