Top

റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കല്‍ തരംതാണ നടപടി; ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയല്‍

റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കല്‍ തരംതാണ നടപടി; ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയല്‍

എഡിറ്റോറിയല്‍
(ഗ്ലോബല്‍ ടൈംസ്)

ചൈനീസ് ന്യൂസ് ഏജന്‍സി സിന്‍ഹുവയുടെ മൂന്ന് റിപ്പോര്‍ട്ടര്‍മാരുടെ വീസ പുതുക്കി നല്‍കാന്‍ ഇന്ത്യ വിസമ്മതിച്ചത് അവരെ രാജ്യം വിടാന്‍ നിര്‍ബന്ധിതരാക്കും. ഡല്‍ഹിയില്‍ സിന്‍ഹുവയുടെ ബ്യൂറോ ചീഫായ വു കിയാങ് ആണ് ഇവരില്‍ ഒരാള്‍. മുംബൈ ബ്യൂറോയിലെ ചീഫ് കറസ്‌പോണ്ടന്റ് ടാങ് ലുവാണ് വീസ ലഭിക്കാത്ത രണ്ടാമത്തെയാള്‍. ഇന്ത്യയുടെ നടപടി റിപ്പോര്‍ട്ടര്‍മാരുടെ പുറത്താക്കല്‍ എന്ന നിലയിലാണ് ചില വിദേശ മാധ്യമങ്ങള്‍ കാണുന്നത്.

വീസ പുതുക്കിനല്‍കാതിരിക്കുന്നതിന് ഔദ്യോഗികവിശദീകരണമൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ ഡല്‍ഹിയിലും മുംബൈയിലും പ്രവേശനമില്ലാത്ത പലയിടത്തും വ്യാജപ്പേരുകളില്‍ കടന്നുകയറിയതാണ് ഇവരുടെ കുറ്റമെന്നു സംശയിക്കുന്നതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുറത്താക്കപ്പെട്ട ടിബറ്റന്‍ ആക്ടിവിസ്റ്റുകളുമായി നടത്തിയ കൂടിക്കാഴ്ചകളും കാരണമായി കരുതപ്പെടുന്നു. ന്യൂക്ലിയര്‍ സപ്ലയേഴ്‌സ് ഗ്രൂപ്പില്‍ (എന്‍ എസ് ജി) അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് തടസമുണ്ടാക്കിയ ചൈനയോടുള്ള പകപോക്കലായും പുറത്താക്കലിനെ കാണുന്നവരുണ്ട്.

ദലൈ ലാമ ഗ്രൂപ്പുമായി റിപ്പോര്‍ട്ടര്‍മാര്‍ അഭിമുഖം നടത്തുക എന്നത് തികച്ചും സാധാരണമാണെന്നും ഇതിനായി ചൈനീസ് റിപ്പോര്‍ട്ടര്‍മാര്‍ വ്യാജപേരുകള്‍ സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും ഗ്ലോബല്‍ ടൈംസ് മുന്‍ ഇന്ത്യ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ലു പെന്‍ഫി പറഞ്ഞു.

എന്‍ എസ് ജി പ്രശ്‌നത്തെത്തുടര്‍ന്നുള്ള പകപോക്കലാണിതെങ്കില്‍ നടപടിക്ക് ഗുരുതരമായ പ്രത്യാഘാതമുണ്ടാകാം. എന്തായാലും ചൈനീസ് റിപ്പോര്‍ട്ടര്‍മാരുടെ വീസ അപേക്ഷ നിരസിച്ചത് നല്ല കാര്യമല്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള മാധ്യമബന്ധം മോശമാകാന്‍ ഇത് ഇടയാക്കും. ഇന്ത്യയുടെ നിലപാട് സംശയകരമാണ്. താല്‍ക്കാലിക ജേണലിസ്റ്റ് വീസയായാലും ദീര്‍ഘകാല വീസയായാലും അപേക്ഷിക്കുന്ന ചൈനീസ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് തടസങ്ങള്‍ പതിവാണ്. ഇന്ത്യയുമായി ഇടപെടുന്ന മറ്റു ചൈനക്കാരും വീസ ലഭിക്കാനുള്ള തടസങ്ങള്‍ അനുഭവിക്കുന്നു. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ചൈനീസ് വീസ ലഭിക്കുക എളുപ്പമാണ്.താരതമ്യേന ശാന്തമായ അതിര്‍ത്തിയും വാണിജ്യരംഗത്തെ കുതിപ്പും മൂലം ഇന്ത്യ ചൈന ബന്ധം ഇപ്പോള്‍ ശക്തമാണ്. രാജ്യാന്തര വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും പരസ്പരം ചേരിചേരാനയം പാലിക്കുന്നു. എന്നാല്‍ ഇരുപക്ഷത്തിനും വ്യത്യസ്ത അഭിപ്രായമുള്ള കാര്യങ്ങളില്‍ കുഴപ്പങ്ങളുണ്ടാകുന്നു. ഇന്ത്യയുടെ എന്‍ എസ് ജി പ്രവേശനത്തെ എതിര്‍ക്കുമ്പോള്‍ ചൈന ഇന്ത്യയോട് അനാദരവ് കാട്ടുന്നില്ല. കാരണം എല്ലാ എന്‍ എസ് ജി അംഗങ്ങളും ആണവ നിര്‍വ്യാപന കരാര്‍ ഒപ്പിട്ടിരിക്കണമെന്ന നിയമം ചൈന പാലിക്കുന്നു.

ഇന്ത്യന്‍ സമൂഹത്തില്‍ അടുത്ത കാലത്തായി ദേശീയതയുടെ കുത്തൊഴുക്കാണു കാണുന്നത്. പടിഞ്ഞാറന്‍ സമൂഹം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്നു വിളിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന് ആത്മാഭിമാനം വളരെയാണ്. ചൈന ഇന്ത്യയോട് സൗഹൃദമനോഭാവത്തോടെ വേണം ഇടപെടാന്‍. ഉഭയകക്ഷിസൗഹൃദം ഇന്ത്യയ്ക്കും ഗുണം ചെയ്യും. വീസ സംഭവത്തില്‍ പ്രതികരിക്കേണ്ടത് നടപടികളിലൂടെയാകണം. ചൈനീസ് വീസ ലഭിക്കുക അത്ര എളുപ്പമല്ലെന്ന് ചില ഇന്ത്യക്കാരെ മനസിലാക്കാനെങ്കിലും നമുക്കാകണം.


Next Story

Related Stories