TopTop

സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷം; മതേതരത്വത്തില്‍ നിന്നും ഇന്ത്യ അസഹിഷ്ണുതയിലേക്ക്

സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷം; മതേതരത്വത്തില്‍ നിന്നും ഇന്ത്യ അസഹിഷ്ണുതയിലേക്ക്
രാജ്യത്തെ സാമ്പത്തിക സ്രോതസുകളും വിദേശബാങ്കുകളിലെ നിക്ഷേപങ്ങളും വെളിപ്പെടുത്തുമെന്നും കള്ളപ്പണക്കാരെയും അഴിമതിക്കാരെയും തുറന്നുകാട്ടുമെന്നും ഒരു നല്ല ഭാവിക്കായി രാഷ്ട്രം കെട്ടിപ്പെടുക്കുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണ് 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വന്‍ വിജയം നേടിയത്. എന്നാല്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഹിന്ദുദേശീയതയ്ക്ക് പിന്നാലെ തന്നെയാണ് മോദിയും യാത്ര ചെയ്യുന്നതെന്ന് ന്യൂയോര്‍ക്ക്‌ ടൈംസ് എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.

മോദിയുടെ ഭരണത്തിന് കീഴില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുകയും തൊഴിലില്ലായ്മ രൂക്ഷമാകുകയും ചെയ്യുകയായിരുന്നു. ഒരു മതേതര രാഷ്ട്രത്തിന്റെ കെട്ടുറപ്പിനെ തകര്‍ത്തെറിയുന്ന ദുഷിച്ച അസഹിഷ്ണുത മാത്രമാണ് ഇക്കാലത്ത് വെളിപ്പെട്ടത്. മോദിയുടെ കാലത്ത് ബീഫ് ഭക്ഷിച്ചതിന്റെയും പശുവിനെ ഉപദ്രവിച്ചതിന്റെയും പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമങ്ങള്‍ അപകടകരമായ വിധത്തില്‍ വര്‍ധിക്കുകയും ചെയ്തു. ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും മുസ്ലിങ്ങളായിരുന്നു. കഴിഞ്ഞമാസം മാത്രമാണ് മോദി ഇത്തരം ആള്‍ക്കൂട്ട ആക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. കശാപ്പിനായുള്ള കന്നുകാലി കച്ചവടത്തില്‍ മോദി സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി അധികം വൈകാതെയായിരുന്നു ഈ പ്രതികരണം. നിയന്ത്രണത്തിനായി പുറപ്പെടുവിച്ച വിജ്ഞാപനം സുപ്രിംകോടതി റദ്ദാക്കിയെങ്കിലും കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം മാംസത്തിന്റെയും ലതറിന്റെയും വിപണിയെ ആശ്രയിച്ച് ജീവിക്കുന്ന ഒരു വലിയ സമൂഹത്തെ സാംസ്‌കാരിക അപമാനത്തിലേക്കാണ് തള്ളിവിട്ടത്. മാംസത്തിന്റെയും ലെതറിന്റെയും വിപണിയെ ആശ്രയിച്ച് കഴിയുന്നത് മുഖ്യമായും മുസ്ലിങ്ങളും കീഴ്ജാതിക്കാരായ ഹിന്ദുക്കളുമാണെന്നതിനാല്‍ ഈ നിരോധനം ലക്ഷ്യമിടുന്നത് ആരെയാണെന്നത് വ്യക്തമാണെന്നും ലേഖനം വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി പരിഗണന നല്‍കിയിരുന്ന തൊഴിലവസരങ്ങള്‍ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും കയറ്റുമതിയുടെ വര്‍ദ്ധനവിനും ഇത് തിരിച്ചടിയാണ്. 16 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ വര്‍ഷം ലക്ഷക്കണക്കിന് തൊഴിലാളികളും നാല് ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയുമാണ് ഉണ്ടായത്.എന്നാല്‍ രാജ്യത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ ഹൈന്ദവ പോരാളിയായി സ്വയം വിശേഷിപ്പിക്കുന്ന സന്യാസി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി നിയമിച്ചാണ് ബിജെപി എല്ലാവരെയും ഏറ്റവുമധികം ഞെട്ടിച്ചത്. ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഇരുകാലി മൃഗങ്ങളാണെന്നും അവരെ തടയണമെന്നും ഉറക്കെ പ്രഖ്യാപിക്കുകയും നാം ഒരു വര്‍ഗീയ സമരത്തിലാണെന്ന് വ്യക്തമാക്കുകയും ചെയ്തയാളാണ് ആദിത്യനാഥ്. 'ഇന്ത്യ വലത്തോട്ടാണ് സഞ്ചരിക്കുന്നത്. എന്നാല്‍ മോദി ഒരു ഇടനിലക്കാരന്റെ സ്ഥാനം വഹിക്കുമ്പോള്‍ തീവ്രവലതുപക്ഷത്തേക്ക് നീങ്ങിയിരിക്കുന്നു. ഇതെല്ലാം ഇനി കാലം തെളിയിക്കും' എന്നാണ് രാഷ്ട്രീയ നിരീക്ഷകയായ നീര്‍ജ ചൗധരിയുടെ നിരീക്ഷണമെന്ന് എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.

ബിജെപിയുടെ വിശ്വസ്തര്‍ ഭരിക്കുന്ന സെന്‍സര്‍ ബോര്‍ഡ് കഴിഞ്ഞദിവസം ഒരു ഡോക്യമെന്ററിക്ക് പ്രദര്‍ശനാനുമതി നിഷേധിക്കുകയുണ്ടായി. ഇന്ത്യയുടെ അഭിമാനവും നോബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാര്‍ട്ടിയെയും സംരക്ഷിക്കാനായി സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശന അനുമതി നിഷേധിച്ചത്. 'പശു', 'ഹിന്ദു ഇന്ത്യ', 'ഇന്ത്യയുടെ ഹിന്ദുത്വ ദര്‍ശനങ്ങള്‍' എന്നീ വാക്കുകള്‍ നീക്കം ചെയ്യാതെ പ്രദര്‍ശാനാനുമതി നല്‍കില്ലെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. കൂടാതെ 2002ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ മുസ്ലിം വിരുദ്ധ കലാപം നടന്ന ഗുജറാത്തിന്റെ പേരും ഡോക്യുമെന്ററിയില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യം ഉയര്‍ന്നു.

മോദിയുടെ ഇന്ത്യയില്‍ നടക്കുന്ന ഇത്തരം അസഹിഷ്ണുതകളെ ഹിന്ദുരാഷ്ട്ര വക്താക്കളുടെ ഏറ്റവും അപഹാസ്യമായ നീക്കമായി മാത്രമാണ് കാണാനാകുക. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഏല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതാകില്ല. അടുത്തമാസം 15ന് രാഷ്ട്രം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുമ്പോഴാണ് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നട്ടെല്ലിന് ക്ഷതമേല്‍പ്പിക്കുന്ന ഇത്തരം നീക്കങ്ങളെന്നു കൂടി ഓര്‍ക്കണമെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

പൂര്‍ണമായും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories