TopTop
Begin typing your search above and press return to search.

ഇന്ത്യാസ് മിസിംഗ് ഗേള്‍സ്‌: ആന്ധ്രയിലെ ആരതി ഹോമിനെക്കുറിച്ച്

ഇന്ത്യാസ് മിസിംഗ് ഗേള്‍സ്‌: ആന്ധ്രയിലെ ആരതി ഹോമിനെക്കുറിച്ച്

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ പറ്റിയുള്ള വാര്‍ത്തകളെ തുടര്‍ന്ന് ഭ്രൂണഹത്യ, ശിശുഹത്യ തുടങ്ങിയ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ 2007ല്‍ BBCയുടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ വന്നിരുന്നു. ഇവിടെയെത്തിയപ്പോള്‍ ആന്ധ്രപ്രദേശിലെ കടപ്പയിലും സമീപ ജില്ലകളിലും 'ആരതി ഹോം' നടത്തുന്ന പ്രവര്‍ത്തനങ്ങളെ പറ്റി നിര്‍മ്മാതാവും സംവിധായകനുമായ അശോക് പ്രസാദും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ലൂയിസ് നോര്‍മനും കേട്ടറിഞ്ഞു. അങ്ങനെയാണ് 'India's Missing Girls' എന്ന പ്രചോദനാത്മകമായ ഡോക്യുമെന്ററി പിറക്കുന്നത്. പരക്കെ സ്വീകരിക്കപ്പെട്ട ഈ ചിത്രത്തിലൂടെ 'ആരതി' നടത്തുന്ന ശ്രമങ്ങള്‍ ലോകമറിഞ്ഞു.

ഈ മഹത്തായ സംരംഭത്തിന് തുടക്കമിട്ട പുച്ചലപ്പള്ളി സന്ധ്യ ഇവിടെ നിലനില്‍ക്കുന്ന ലിംഗ അസമത്വത്തെ പറ്റി വ്യക്തതയോടെയും സഹതാപത്തോടെയും സംസാരിക്കുന്നു. ഓമനത്തമുള്ള ഒരു രണ്ടു വയസ്സുകാരിയെ തൊട്ടിലാട്ടിക്കൊണ്ട് ആ കുട്ടി എങ്ങനെ അവിടെയെത്തി എന്ന് അവര്‍ വിവരിച്ചു. ജനിച്ചയുടനെ ഒരു കുട്ടയില്‍ പാല്‍ക്കുപ്പിയോടൊപ്പം ആരോ ഉപേക്ഷിച്ചു പോയതാണ് അവളെ. ആ കുഞ്ഞിന് അവര്‍ ഹര്‍ഷിത എന്നു പേരിട്ടു. 'ഇവളുടെ അച്ഛനമ്മമാര്‍ ആരാണെന്നോ പേരെന്താണെന്നോ ജനിച്ച ദിവസമേതാണെന്നോ ഞങ്ങള്‍ക്കറിയില്ല. പക്ഷേ ഇന്നൊരു നല്ല ദിവസമാണല്ലോ, അതുകൊണ്ട് ഇന്ന് ഇവളുടെ ജന്മദിനം ആഘോഷിക്കുകയാണ് ഞങ്ങള്‍,' പുഞ്ചിരിച്ചു കൊണ്ട് സന്ധ്യ പറയുന്നു. ആരതി ഹോമിലുള്ള100 പെണ്‍കുട്ടികളില്‍ ഏതാനും മാസം പ്രായമുള്ളവര്‍ മുതല്‍ 18 വയസ്സിനു മുകളിലുള്ളവര്‍ വരെയുണ്ട്. അധികം പേരും ജനിച്ചപ്പോഴേ ഉപേക്ഷിക്കപ്പെട്ടവരാണ്. ചിലരെ ഏഴും എട്ടും വയസ്സുള്ളപ്പോള്‍ വേശ്യാലയങ്ങളില്‍ നിന്നു രക്ഷിച്ചതാണ്. മുതിര്‍ന്നവരില്‍ ചിലര്‍ ജോലി നേടി പുറത്തു പോയി. ഇടയ്ക്ക് ആരതി ഹോം സന്ദര്‍ശിക്കാനെത്തുമ്പോള്‍ 'അക്കാ' എന്നു വിളിച്ച് ആഹ്‌ളാദപൂര്‍വ്വമാണ് കുട്ടികള്‍ അവരെ വരവേല്‍ക്കുന്നത്.

മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു എന്നവകാശപ്പെട്ട സമ്പദ്വ്യവസ്ഥയ്ക്കു പോലും പ്രതിരോധിക്കാനാകത്തവിധമാണ് ഇന്ത്യയിലെ മോശപ്പെട്ട സ്ത്രീപുരുഷാനുപാതം എന്ന്‍ 2011ലെ സെന്‍സസ് കാണിച്ചു തന്നു. 6 വയസ് വരെയുള്ളവരില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 914 പെണ്‍കുട്ടികള്‍ മാത്രമാണുള്ളത്. കഴിഞ്ഞ ദശകത്തെ അപേക്ഷിച്ച് 13 പോയിന്റ് കുറവാണ് ഇത്. പെണ്‍ ഭ്രൂണഹത്യയും ശിശുഹത്യയും തടയാന്‍ ഉദ്ദേശിച്ചു നടപ്പിലാക്കിയ പദ്ധതികള്‍ ഫലം കണ്ടില്ല എന്ന് അധികാരികള്‍ സമ്മതിക്കുന്നു. പാവപ്പെട്ടവരുടെ ഇടയില്‍ മാത്രമല്ല ഈ പ്രവണതയുള്ളത്. കഴിഞ്ഞ സെന്‍സസ് കണക്കുകള്‍ കാണിക്കുന്നത് നഗരങ്ങളുടെ സ്ഥിതിയും മെച്ചമല്ല എന്നാണ്. ഉദാഹരണത്തിന് ഡല്‍ഹിയില്‍ 1000 ആണ്‍കുട്ടികള്‍ക്ക് ആനുപാതികമായ പെണ്‍കുട്ടികളുടെ എണ്ണം രണ്ടു പോയിന്റ് കുറഞ്ഞ് 866ലെത്തി നില്‍ക്കുന്നു. വീണ്ടും പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ അഞ്ചു മാസമെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെ ഉപേക്ഷിച്ച അഹമ്മദാബാദിലെ ധനികയായ ഒരു യുവതിയെ BBC ഡോക്യുമെന്ററിയില്‍ കാണിക്കുന്നുണ്ട്. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയം നിയമവിരുദ്ധമാക്കിയിട്ടുകൂടെ 2007ല്‍ ഒഡീഷയിലെ ഒരു അള്‍ട്രാസൌണ്ട് സ്‌കാനിങ് സെന്ററിനു സമീപമുള്ള കിണറില്‍ തൊണ്ണൂറിലധികം പെണ്‍ഭ്രൂണങ്ങളെ പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ആരതി ഹോം സ്ഥാപിച്ച സന്ധ്യ പുച്ചലപ്പള്ളി ഒരു ഇംഗ്ലീഷ് ടീച്ചറായിരുന്നു. 1977ല്‍ ഭര്‍ത്താവിനും രണ്ടു പെണ്‍മക്കള്‍ക്കും ഒപ്പം കടപ്പ ജില്ലയില്‍ താമസമാക്കിയതോടെ അവിടങ്ങളില്‍ നിലനിന്നിരുന്ന കടുത്ത പക്ഷാഭേദങ്ങളും അസമത്വവും അവര്‍ മനസ്സിലാക്കി. താന്‍ പഠിപ്പിച്ചിരുന്നവരും ഇടപഴകിയിരുന്നവരുമായ പെണ്‍കുട്ടികളില്‍ മിക്കവരെയും ചെറുപ്രായത്തില്‍ തന്നെ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിച്ചയയ്ക്കുന്നത് ഞെട്ടലോടെയാണ് സന്ധ്യ കണ്ടത്. 67 വയസ്സാകുമ്പോള്‍ തന്നെ വീട്ടുജോലികളില്‍ സഹായിക്കാനായി പെണ്‍കുട്ടികളുടെ പഠിപ്പു നിര്‍ത്തിക്കുന്നു. വിദ്യാഭ്യാസമോ തൊഴിലവസരങ്ങളോ അവര്‍ക്കു ലഭിച്ചിരുന്നില്ല. സെക്കണ്ടറി വിദ്യാഭ്യാസം കഴിഞ്ഞാല്‍ കല്യാണം, അതോടൊപ്പം പ്രതീക്ഷിക്കാവുന്ന ഗാര്‍ഹിക പീഢനങ്ങള്‍: തങ്ങളുടെ വിധി അതാണെന്നു കരുതി മാനസികമായി അതിനു തയ്യാറെടുക്കുന്നവരായിരുന്നു സന്ധ്യയുടെ വിദ്യാര്‍ത്ഥിനികള്‍. സ്‌കൂള്‍ ഫീസ് തുച്ഛമായിരുന്നെങ്കിലും അതു പോലും കൊടുക്കാന്‍ ആ കുട്ടികള്‍ പ്രയാസപ്പെട്ടിരുന്നു. അങ്ങനെയുള്ളവര്‍ക്ക് ഫീസിനു പണം കണ്ടെത്തിയും മറ്റും തങ്ങളാല്‍ ആവുന്ന പോലെ ചെറിയ രീതികളില്‍ സന്ധ്യയും മറ്റു ചില ടീച്ചര്‍മാരും കുട്ടികളെ സഹായിച്ചിരുന്നു. എന്നാല്‍ ആ കുട്ടികളുടെ ഇരുളടഞ്ഞ ഭാവിയെ കുറിച്ചോര്‍ത്തും തനിക്കു ചുറ്റുമുള്ള പെണ്‍കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നേടാന്‍ സാധിക്കുന്നില്ലല്ലോ എന്നു ചിന്തിച്ചും സന്ധ്യ വളരെയധികം വിഷമിച്ചു. സന്ധ്യയും അവരുടെ സഹോദരപുത്രിമാരും സുഹൃത്തുക്കളായ സുനിത, ദുര്‍ഗ്ഗ, വിമല എന്നിവരും ചേര്‍ന്നാണ് ആരും ആശ്രയമില്ലാത്ത ഏതാനും പെണ്‍കുട്ടികള്‍ക്കായി ഒരു സംരക്ഷണകേന്ദ്രം തുടങ്ങാന്‍ തീരുമാനിക്കുന്നത്. ആ സമയത്ത് വലിയ സാമൂഹ്യ മാറ്റങ്ങളൊന്നും അവരുടെ മനസ്സിലുണ്ടായിരുന്നില്ല. ആ കുട്ടികള്‍ക്ക് ഒരു വീട്, അവരുടെ ജീവിതത്തിനും വിലയുണ്ടെന്ന് മനസ്സിലാക്കി കൊടുക്കണം, അവരെ പഠിപ്പിക്കണം എന്നിങ്ങനെയുള്ള ചെറിയ ലക്ഷ്യങ്ങള്‍ മാത്രം. അധികം താമസിയാതെ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ളവര്‍ ഈ ഉദ്യമത്തില്‍ അവരെ സഹായിക്കാനെത്തി. ഇങ്ങനെയായിരുന്നു ആരതി ഹോമിന്റെ എളിയ തുടക്കം.

തീവ്രമായ മുഹൂര്‍ത്തങ്ങള്‍ നിരവധിയുണ്ട് ഈ ഡോക്യുമെന്ററിയില്‍. വൃദ്ധയായ ഒരു സ്ത്രീ ആരതി ഹോമിലെത്തി ഒരു ദിവസം മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ സന്ധ്യയ്ക്കു കൈമാറുന്നു. തന്റെ മകള്‍ പ്രസവിച്ച കുഞ്ഞാണ് അതെന്നും മകളെ കാണാനില്ലെന്നും പറഞ്ഞിട്ട് അവര്‍ നടന്നകലുന്നു. വളര്‍ച്ചയെത്താതെ ജനിച്ച ആ കുഞ്ഞ് 36 മണിക്കൂര്‍ കഴിയുന്നതിനു മുന്‍പ് മരിക്കുന്നു. അതിന്റെ അമ്മ വിഷമുള്ള പച്ചമരുന്നുകള്‍ കഴിച്ച് പ്രാകൃതമായ രീതിയിലുള്ള ഗര്‍ഭച്ഛിദ്രത്തിനു ശ്രമിച്ചതാകാമെന്നാണ് സന്ധ്യ കരുതുന്നത്. ഗര്‍ഭം അലസിയില്ലെങ്കിലും കുഞ്ഞു ജനിച്ച് അധികം താമസിയാതെ മരിച്ചു. ഒരിക്കല്‍ ആരതി ഹോമില്‍ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയുടെ അവസ്ഥ നിങ്ങളുടെ ഹൃദയം തകര്‍ക്കും. ഗര്‍ഭിണിയായ അവള്‍ക്ക് അറിയാം തന്റെ വയറ്റില്‍ ഉള്ളത് ഒരു പെണ്‍കുഞ്ഞാണെന്ന്. ഗര്‍ഭച്ഛിദ്രം നടത്താനാണ് അവളുടെ ആഗ്രഹം. 'എന്റെ ജീവിതം തന്നെ ദുരിതമായിരുന്നു. എന്റെ മോള്‍ക്കും അതേ ഗതി വരരുത് എന്നുണ്ട്,' ആ യുവതി പറയുന്നു. 'അല്ലെങ്കില്‍ ഞാന്‍ അവളെ ആരതി ഹോമില്‍ ഏല്‍പ്പിക്കും.'


Next Story

Related Stories