TopTop
Begin typing your search above and press return to search.

ചൈനീസ് 'ഭീകരവാദി'ക്ക് വിസ; ഇന്ത്യ-ചൈന ബന്ധത്തിലെ പുതിയ വിള്ളലുകള്‍

ചൈനീസ് ഭീകരവാദിക്ക് വിസ; ഇന്ത്യ-ചൈന ബന്ധത്തിലെ പുതിയ വിള്ളലുകള്‍

ടീം അഴിമുഖം

ഇന്ത്യ-ചൈന ബന്ധത്തെ സസൂക്ഷ്മം നോക്കിക്കൊണ്ടിരിക്കണം. കാരണം യൂറോപ്പിലെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം എങ്ങനെ കഴിഞ്ഞ നൂറ്റാണ്ടിനേ നിര്‍വചിച്ചോ അതേ രീതിയില്‍ ഈ നൂറ്റാണ്ടിനെ നിര്‍ണയിക്കാന്‍ പോന്ന ബന്ധമാണിത്.

ഇരുകൂട്ടര്‍ക്കും തങ്ങളുടെ സങ്കീര്‍ണമായ ഉഭയകക്ഷി ബന്ധത്തെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വലിയ പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു രഹസ്യമല്ല. അതിന്റെ കൂടെ, കഴിഞ്ഞ ദിവസങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ തര്‍ക്കങ്ങളും ഉടലെടുത്തിരിക്കുന്നു.

ചൈനയില്‍ നിന്നും പലായനം ചെയ്തവരും പുറത്താക്കപ്പെട്ടവരുമായ വിമതരുടെ ഒരു വലിയ സമ്മേളനം ഏപ്രില്‍ 28 മുതല്‍ മെയ് 1 വരെ ധര്‍മ്മശാലയില്‍ നടക്കുന്നു. ഇതില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ ജര്‍മ്മനിയില്‍ കഴിയുന്ന ചൈനയിലെ ഉയിഗൂര്‍ വിമതനേതാവ് ദോല്‍കുന്‍ ഇസക്ക് ഇന്ത്യ വിസ അനുവദിച്ചതാണ് പുതിയ തര്‍ക്കത്തിന് കാരണം.

ചൈന ഭരണകൂടം ‘ഭീകരവാദി’ എന്നു മുദ്രകുത്തിയ ദോല്‍കുന്‍ ലോക ഉയിഗൂര്‍ കോണ്‍ഗ്രസിന്റെ നേതാവാണ്. ചൈനയിലെ ക്സിന്‍ജിയാങ് പ്രവിശ്യയുടെ സ്വാതന്ത്ര്യത്തിനായാണ് ഇവര്‍ പോരാടുന്നത്. “ഇന്റെര്‍പോളിന്റെയും ചൈനീസ് പോലീസിന്റെയും റെഡ് നോട്ടീസിലുള്ള ഒരു ഭീകരവാദിയാണ് ദോല്‍കുന്‍ എന്നാണ് ഞാന്‍ ചൂണ്ടിക്കാട്ടാന്‍ ആഗ്രഹിക്കുന്നത്. ഇയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് മറ്റ് രാജ്യങ്ങളുടെ കടമയാണ്,” എന്നാണ് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഒരു ഇന്ത്യന്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞത്.ഉയിഗൂര്‍ പ്രവര്‍ത്തകയായ രേബിയ കഥീറിന് 2009-ല്‍ ഇന്ത്യ സന്ദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ഇസക്ക് ഇലക്ട്രോണിക് വിസ നല്‍കിയെങ്കിലും ധര്‍മ്മശാലയിലേക്ക് വരുന്ന കാര്യത്തില്‍ അയാള്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. “1979 മുതല്‍ ചൈന എന്നെ ഇന്‍റര്‍പോള്‍ പട്ടികയില്‍ പെടുത്തിയിരിക്കുകയാണ്. മിക്ക രാജ്യങ്ങളും ഇതവഗണിച്ചു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അറസ്റ്റ് ചെയ്യപ്പെടും എന്നു ഞാന്‍ കരുതുന്നില്ല,” ഇസ പറഞ്ഞതായി അറിയുന്നു.

വാഷിംഗ്ടണ്‍ ആസ്ഥാനമായ ലോക ഉയിഗൂര്‍ കോണ്‍ഗ്രസിന്റെ ചില പ്രവര്‍ത്തകരും ഇസയും മറ്റ് ചിലരുമാണ് ദലൈലാമ സംഘടിപ്പിക്കുന്ന വംശീയ/വിശ്വാസ സംഭാഷണങ്ങളില്‍ പങ്കെടുക്കാനായി ധര്‍മ്മശാലയില്‍ എത്തുമെന്ന് കരുതുന്നത്. യു എസ് ഇന്‍സ്റ്റിറ്റ്യൂട് ഓഫ് പീസ് പരിപാടിയില്‍ ലോകത്തിലെ 15 രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ പങ്കെടുക്കും.

പാകിസ്ഥാന്‍ താവളമാക്കിയ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ മുഖ്യ സൂത്രധാരന്‍ മൌലാന മസൂദ് അസറിനെ കരിമ്പട്ടികയ്യില്‍ പെടുത്താന്‍ ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ നടത്തുന്ന ശ്രമങ്ങളെ ചൈന സാങ്കേതികമായി തടസപ്പെടുത്തി മൂന്നാഴ്ച്ചക്കുള്ളിലാണ് ഉയിഗൂര്‍ വിമത നേതാവിന് സന്ദര്‍ശനാനുമതി നല്കിയ ഇന്ത്യന്‍ തീരുമാനം. സാങ്കേതികമായ തടസം താത്ക്കാലികമാണെന്ന് ചൈന പറയുന്നുണ്ടെങ്കിലും പാകിസ്ഥാന്‍ താവളമാക്കിയ ഭീകരവാദ ശൃംഖലകള്‍ക്കെതിരെ ഇന്ത്യ നടത്തുന്ന അന്താരാഷ്ട്ര പ്രചാരണത്തെ ചൈന ഫലത്തില്‍ വീറ്റോ ചെയ്തിരിക്കുകയാണെന്ന് ഇന്ത്യ ആശങ്കപ്പെടുന്നുണ്ട്.

ഏപ്രില്‍ 28-നു നടക്കുന്ന സമ്മേളനത്തില്‍ ഉയിഗൂര്‍ വിമതനേതാക്കളും, കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍, ടിബറ്റന്‍ പ്രവര്‍ത്തകരും 1989-ലെ ടിയാനന്മെന്‍ അടിച്ചമര്‍ത്തലിന് ശേഷം പ്രവാസത്തില്‍ കഴിയുന്ന നിരവധി ചൈനീസ് ജനാധിപത്യ പ്രവര്‍ത്തകരും പങ്കെടുക്കും.

വെള്ളിയാഴ്ച്ച പരസ്യമായൊരു നിലപാട് പറയുന്നതില്‍ നിന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഒഴിഞ്ഞുമാരാണ്‍ ശ്രമിച്ചു,“ഞങ്ങള്‍ മാധ്യമവാര്‍ത്തകള്‍ കണ്ടു, വസ്തുതകള്‍ വിലയിരുത്താന്‍ വിദേശകാര്യ മന്ത്രാലയം ശ്രമിക്കുകയാണ്.”


Next Story

Related Stories