അഴിമുഖം പ്രതിനിധി
ഏപ്രില്‍ 14-ന് അംബേദ്കറുടെ ജന്മസ്ഥലമായ മോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ 100 വീതം വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ എഞ്ചിനീയറിംഗ് കോളെജുകള്‍ക്ക് നിര്‍ദ്ദേശം. റാലിയില്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ബിജെപി ഈ നീക്കം നടത്തിയതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ഒരു അധ്യാപകന്റെ നേതൃത്വത്തില്‍ ബസില്‍ വിദ്യാര്‍ത്ഥികളെ റാലി നടക്കുന്നിടത്ത് എത്തിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്‍ഡോറില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് റാലിയുടെ വേദി.
പല കോളെജുകള്‍ക്കും സ്വന്തമായി ബസില്ലാത്തതും പരീക്ഷ കാലമായതും കാരണം കോളെജുകള്‍ ത്രിശങ്കു സ്വര്ഗ്ഗത്തിലാണിപ്പോള്. ഏപ്രില്‍ ഏഴിന് ഇറങ്ങിയ ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത് ട്രൈബല്‍ വെല്‍ഫെയര്‍ അസിസ്റ്റന്റ് കമ്മീഷണറായ മോഹിനി ശ്രീവാസ്തവയാണ്.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഭക്ഷണം വിളമ്പുന്നതിനും വോളന്റിയര്‍മാരായിട്ടാണ് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നത് എന്നാണ് മോഹിനിയുടെ വിശദീകരണം. എന്‍സിസി, എന്‍ എസ് എസ് എന്നിവയില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ മാത്രം വന്നാല്‍ മതിയെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോക്ടര്‍ ആര് എസ് വര്‍മ്മ പറയുന്നത്.
മോദിയുടെ കുറയുന്ന ജനപ്രിയതയുടെ സൂചനയാണ് ഭരണകക്ഷിയായ ബിജെപിയുടെ ഈ ഉത്തരവെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.
മോദിയുടെ റാലിക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ കോളേജുകള്‍ക്ക് നിര്‍ദ്ദേശം
Next Story