TopTop
Begin typing your search above and press return to search.

സിനിമയില്‍ തറവാട്ട് കാരണവരായി എന്നെ കാണാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്- ഇന്ദ്രന്‍സ്/അഭിമുഖം

സിനിമയില്‍ തറവാട്ട് കാരണവരായി എന്നെ കാണാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്- ഇന്ദ്രന്‍സ്/അഭിമുഖം
പ്രേക്ഷകരുടെയും ചലച്ചിത്രപ്രവര്‍ത്തകരുടെയും പൊതുബോധത്തിന്റെ ചില തീര്‍ച്ചപ്പെടുത്തലുകളില്‍ പെട്ടുപോകുന്ന നടന്മാരുണ്ട്. അവരെ വിശ്വാസത്തിലെടുക്കാന്‍ ആരും തയ്യാറാകുന്നില്ല. ഒരേ വഴിയിലൂടെ സഞ്ചരിച്ച് വീണുപോകാനാണ് നിര്‍ഭാഗ്യവാന്മാരായ ഇത്തരം അഭിനേതാക്കളുടെ വിധി. എന്നാല്‍ ചിലരുടെ കാര്യത്തില്‍ ധീരമായ ഇടപെടലുകള്‍ സംഭവിക്കാറുണ്ട്. അവരെ പൊതിഞ്ഞിരിക്കുന്ന പൊതുധാരണയുടെ തോട് പൊട്ടിക്കാന്‍ ഇത്തരം ഇടപെടലുകള്‍ക്ക് സാധിക്കും. ഇന്ദ്രന്‍സിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതുപോലെ... മനു സംവിധാനം ചെയ്ത മണ്‍ട്രോ തുരുത്ത് എന്ന ഒറ്റ ചിത്രം മാത്രം മതി ഈ നടനിലെ അപാരമായ സാധ്യതകള്‍ എത്രത്തോളം ഉണ്ടെന്ന് വ്യക്തമാകാന്‍. അത്ഭുതകരമായ ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്നു തോന്നുമ്പോഴും കോമേഡിയന്‍ എന്ന റോളില്‍ നിന്നും സീരിയസ് ക്യാരക്ടര്‍ വേഷങ്ങളിലേക്ക് മാറുന്നത് ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ലെന്നും നീണ്ടനാളത്തെ കാത്തിരിപ്പിന്റെയും കൂടെക്കൊണ്ടു നടന്ന മോഹങ്ങളുടെയും സാക്ഷാത്കാരമാണിതെന്നും ഇന്ദ്രന്‍സ് പറയുന്നു. ഇന്ദ്രന്‍സുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്. 


രാകേഷ്: നടന്‍ എന്ന നിലയിലെ മാറ്റം?

ഇന്ദ്രന്‍സ്: ഇതു പെട്ടെന്ന് ഉണ്ടായൊരു മാറ്റമല്ല. കുറെ വര്‍ഷങ്ങള്‍ക്കുശേഷം സംഭവിച്ചതാണ്. കോമഡി നടന്‍ എന്നതാണ് എന്റെ ഇമേജ്. എത്രയോ വേഷങ്ങള്‍. കുറെയൊക്കെ വെറും ചളിപ്പ്. അതിന്റെ കൂടെ നില്‍ക്കുമ്പോള്‍ നാണം തോന്നും. സത്യസന്ധത കാണിക്കേണ്ട വേഷങ്ങളുണ്ട്. അതൊക്കെയാണ് നിങ്ങളിപ്പോഴും ഓര്‍ക്കുന്നത്. എന്റെ രൂപം, ശബ്ദം ഇതൊക്കെ ഒരു കോമഡി നടന് യോജിച്ചതാണ്. എന്നെ രക്ഷപെടുത്തിയതും അതൊക്കെ തന്നെയാണ്. എന്റെ മനസിലുള്ള സിനിമകള്‍ക്ക് തടസമായതും ഈ രൂപവും ശബ്ദവുമാണെന്നത് മറ്റൊരു കാര്യം.

രാ: മനസിലുള്ള സിനിമ എന്നു പറഞ്ഞാല്‍...?

ഇ: ഞാന്‍ കണ്ടിട്ടുള്ള, കേട്ടിട്ടുള്ള സിനിമകളുണ്ട്, പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ മനസിലേക്കു വന്നിട്ടുള്ള ചിലതുണ്ട്, അവയിലൂടെ സങ്കല്‍പ്പിക്കുന്ന സിനിമകളുണ്ട്. ഇത്തരം സിനിമകളുടെ ഭാഗമാകണമെന്ന് വലിയ മോഹമുണ്ടായിരുന്നു. പക്ഷേ അപ്പോഴെല്ലാം എന്നെ ആധി കേറ്റിയിരുന്നത് ഈ രൂപം തന്നെയാണ്. ഞാന്‍ സ്വപ്‌നം കാണുന്നതൊന്നും എന്നെക്കൊണ്ട് ഒരിക്കലും ചെയ്യാന്‍ പറ്റില്ലെന്ന തോന്നലുണ്ടാകും അപ്പോള്‍.

ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിച്ചിരുന്നൊരു നടന്‍ നസറുദ്ദീന്‍ ഷായാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കാണുമ്പോള്‍ അതുപോലൊരെണ്ണം എനിക്കും ചെയ്യാന്‍ കഴിയുമോയെന്ന് വെറുതെ മോഹിക്കും. ഇന്ദ്രന്‍സിന്റെ ആഗ്രഹം അത്യാഗ്രഹം ആണെന്നു മറ്റുള്ളവര്‍ക്കു തോന്നും. പക്ഷേ സത്യമായിട്ടും എനിക്ക് അത്തരം ആഗ്രഹമുണ്ടായിരുന്നു. നസുറുദ്ദീന്‍ ഷായെ ഇഷ്ടപ്പെടാന്‍ ഒരു കാരണം കൂടിയുണ്ട്. ബാക്കിയെല്ലാവരും വലിയ തടിമാടന്‍മാരും സുന്ദരന്മാരുമാണ്. ഇത് അത്രത്തോളമില്ലല്ലോ. അതാണ് അങ്ങോട്ടൊരു ചായ്‌വ് വരാന്‍ കാരണം.

എന്നെങ്കിലും എന്റെ രൂപത്തിനൊത്ത നല്ല വേഷം കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. കാലമങ്ങനെ കുറെ പോയി. പത്തു മുപ്പത്തിമൂന്നു കൊല്ലം കഴിഞ്ഞില്ലേ... ഇപ്പോഴാണ് മോഹങ്ങള്‍ ചിലതൊക്കെ നടന്നത്. നിങ്ങള്‍ക്കു തോന്നും ഇന്ദ്രന്‍സ് പെട്ടെന്ന് മാറിയെന്ന്. അല്ല, കുറെ കൊല്ലങ്ങളെടുത്ത് മാറിയതാണ്. സിഐഡി ഉണ്ണികൃഷ്ണന്‍ പോലുള്ള സിനിമകള്‍ ഇന്നലെക്കൂടി നിങ്ങള്‍ ടിവിയില്‍ കണ്ടിട്ടുണ്ടാകും, അതുകൊണ്ടാണ് ഇന്ന് എന്റെ പുതിയൊരു രൂപം കാണുമ്പോള്‍ പെട്ടെന്നുണ്ടായ മാറ്റം എന്നു തോന്നുന്നത്.

രാ: ഇന്നിപ്പോള്‍ സമാന്തര സിനിമകളുടെ മികച്ചൊരു ചോയ്‌സ് ആണ് ഇന്ദ്രന്‍സ്. അതൊരു ട്രാന്‍സ്‌ഫോര്‍മേഷനായി തന്നെ പറയേണ്ടതാണ്. ആ ഒരു മാറ്റം ഇന്ദ്രന്‍സ് എന്ന നടന് ഏതു വിധത്തിലാണ് അനുഭവപ്പെടുന്നത്.?

ഇ: ഒരു ധ്യാനത്തിന്റെ ഭാഗം പോലെയാണത് തോന്നുന്നത്. കുറച്ചൊക്കെ ഏകാഗ്രതയോടു കൂടി ചെയ്യേണ്ടതാണ് അഭിനയം എന്നു മനസിലാക്കി. പക്ഷേ ഇത്രനാളും ചെയ്തത് തെറ്റാണെന്നു ഞാന്‍ പറയില്ല. ഞാന്‍ എന്ന നടന് ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ സാധിച്ചത് കോമഡി പറഞ്ഞാണ്. മറ്റുള്ളവരെ ചിരിപ്പിക്കുക വലിയ കാര്യമാണ്. എന്നെ കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതും അങ്ങനെയാണ്. അത്തരം വേഷങ്ങള്‍ ചെയ്യുമ്പോഴാണ് എനിക്കുമൊരു ഉന്മേഷം. അതേസമയം നടന്‍ എന്ന നിലയില്‍ എന്നെ സംതൃപ്തിപ്പെടുത്തിയത് നിങ്ങള്‍ പറഞ്ഞതുപോലെ സമാന്തര സിനിമകളിലെ വേഷങ്ങളാണ്. ഒന്നു ശരി മറ്റേത് തെറ്റ് എന്നല്ല പറയുന്നത്. ഒന്നു ചെയ്യുമ്പോള്‍ നല്ല ഉന്മേഷം കിട്ടും മറ്റേത് ചെയ്യുമ്പോള്‍ ഒരു സംതൃപ്തി.രാ: ഇനിയിപ്പോള്‍ ഇവയില്‍ ഏതില്‍ കൂടുതല്‍ ശ്രദ്ധിക്കും?

ഇ: അത്തരത്തിലൊന്നും എന്നെപ്പോലൊരാള്‍ക്ക് പറ്റില്ല. തെരഞ്ഞെടുപ്പുകള്‍ അസാധ്യമാണ്. ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്യാന്‍ അധികം കിട്ടില്ല. ചോയ്‌സുകള്‍ കുറവല്ലേ.

രാ: മണ്‍ട്രോ തുരുത്ത് പോലുള്ള സിനിമകള്‍ കാണുമ്പോള്‍ തോന്നുന്നതാണ്, ഇന്ദ്രന്‍സ് എന്ന നടന്‍ തിരിച്ചറിയപ്പെടാന്‍ വൈകി എന്നു തോന്നുന്നുണ്ടോ?

ഇ: ഇതൊരു യാത്രയാണെന്നു കരുതാം. എനിക്കൊപ്പം ആദ്യം കയറിയവരുണ്ട്. അവര്‍ക്ക് എന്നെ അറിയാവുന്നത് ഒരു ഹാസ്യ നടനയാണ്. മെല്ലിച്ച, കഴുത്തില്‍ നിന്നും വലിച്ചു പറിച്ചെടുക്കുന്ന തരത്തിലുള്ള ശബ്ദമുള്ള ഒരാള്‍. അവര്‍ക്ക് എന്നെക്കുറിച്ച് ഒരു കണക്കുക്കൂട്ടലുണ്ട്. അതിനപ്പുറം ഇവന് എന്തെങ്കിലുമൊക്കെ ചെയ്യാമെന്ന് വിശ്വാസമില്ല. ഇതു നിന്നെക്കൊണ്ട് പറ്റത്തില്ലെന്ന് അവര്‍ പറയും. ഇതു നീ ചെയ്യാനോ, ഇതൊക്കെ തിലകന്‍ ചേട്ടനെപ്പോലുള്ളവര്‍ ചെയ്യേണ്ടതാണ്; ഇതാണ് പഴയ ആള്‍ക്കാര്‍ക്ക് എന്റെ മേലുള്ള കാഴ്ചപ്പാട്. വീണുപോയില്ലെങ്കില്‍ ഈ യാത്ര നമ്മള്‍ വീണ്ടും തുടരും. അപ്പോള്‍ പുതിയ കുറച്ച് ആളുകള്‍ കയറും. അവര് നമ്മളിലൊരു മാറ്റം കണ്ടുപിടിക്കും. ഇപ്പോഴാണ് എന്നെ തിരിച്ചറിയുന്നത് എന്നു പറയുന്നതില്‍ കാര്യമില്ല. സിനിമ എപ്പോഴും മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതാണ്. മാറി ചിന്തിക്കുന്നവര്‍ കടന്നു വരുമ്പോളാണ് എന്നെപ്പോലുള്ളവര്‍ രക്ഷപ്പെടുന്നത്.

രാ: രൂപവും ശബ്ദവുമാണല്ലോ ഉപകാരവും ഉപദ്രവും ആയിട്ടുള്ളത്. ഒരു നടന്‍ എന്നാല്‍ നല്ല ശരീരവും മുഖസൗന്ദര്യവും ആണെന്ന് തോന്നുന്നുണ്ടോ?

ഇ: അതങ്ങനെയല്ലേ. നടന്‍ എന്നു പറഞ്ഞാല്‍, കാണാന്‍ നല്ല ഭംഗി, നല്ല ശരീരം എന്നൊക്കെയല്ലേ. ആ ചിന്ത ആരെയും വിട്ടുപോകത്തില്ല. കാണാന്‍ കൊള്ളാവുന്നൊരാളെ കണ്ടാല്‍ നമ്മള്‍ പറയുന്നത് സിനിമ നടനെ പോലെയുണ്ടെന്നല്ലേ. നടന്‍ എന്നു പറഞ്ഞാല്‍ നല്ല ഭംഗി വേണം, ഒത്തശരീരം വേണം. ഇതൊന്നും ഇല്ലാത്തതിന്റെ ആധിയാണ് എന്നെപോലുള്ളവര്‍ക്ക്.

രാ: അപ്പോള്‍ നസുറുദ്ദീന്‍ ഷായും സത്യനുമൊക്കെ?

ഇ: അയ്യോ, അവരെല്ലാം ലോകത്തിലെ തന്നെ മികച്ച നടന്മാരല്ലേ.. ഞാന്‍ പറഞ്ഞത് പൊതുവേ നമ്മുടെയുള്ളിലുള്ള ചിന്തയാണ്. ഒരു കച്ചവടക്കാരനായാലും പത്രക്കാരനായാലും സിനിമ ചിന്തകന്മാരായാലുമൊക്കെ സിനിമ നടനെന്നാല്‍ രൂപഭംഗിയുള്ളൊരാള്‍ എന്ന ധാരണ കൊണ്ടുനടക്കുന്നവരാണ്.

മണ്‍ട്രോ തുരുത്തില്‍ ആ വലിയ തറവാട്ടിലെ കാരണവരായി ഇന്ദ്രന്‍സിനെ സങ്കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് എന്നോട് പലരും പറഞ്ഞു. സിനിമാക്കാരും വലിയ എഴുത്തുകാരായവരൊക്കെയാണ് അങ്ങനെ പറഞ്ഞത്. ഒരു നടനെന്നാല്‍ എന്താണെന്ന് ചിന്തിച്ചു കൂട്ടിവച്ചിരിക്കുന്നതിന്റെ എതിരായി എന്നെ കാണുമ്പോള്‍ ഉണ്ടാകുന്ന പ്രയാസമാണ്. പക്ഷേ ഇത്തരക്കാര്‍ വളരെപ്പെട്ടെന്നു തന്നെ അന്യം നിന്നുപോകുമെന്നതാണ് ആശ്വാസം.രാ: മണ്‍ട്രോ തുരുത്തിലെ കഥാപാത്രത്തിന് അവാര്‍ഡ് കിട്ടേണ്ടതായിരുന്നു...

ഇ: കിട്ടുമെന്നും കിട്ടാന്‍ സാധ്യതയുണ്ടെന്നുമൊക്കെ പറഞ്ഞു കേട്ടിരുന്നു. എന്നെ സംബന്ധിച്ച് എന്റെ സിനിമ അവാര്‍ഡിന് പരിഗണിക്കപ്പെട്ടു എന്നതാണ് വലിയ കാര്യം. എനിക്ക് അവാര്‍ഡ് കിട്ടാത്തതിനു കാരണം കിട്ടിയവര്‍ക്ക് എന്നെക്കാള്‍ മൂല്യം ഉള്ളതുകൊണ്ടാണല്ലോ. മാര്‍ക്കിടുന്നവരും മനുഷ്യരാണ്. അവര്‍ക്ക് അവരുടേതായ ചിന്തകളും കാഴ്ചപ്പാടുകളുമുണ്ട്. ആറേഴുപേര്‍ ചേര്‍ന്നിരുന്ന് ഒരാള്‍ക്ക് കൂടുതല്‍ മാര്‍ക്കിടുമ്പോള്‍ ആ മാര്‍ക്ക് കിട്ടുന്നയാള്‍ക്ക് മൂല്യം കൂടുതലുണ്ട്. ഇനി അങ്ങനെയൊന്നുമല്ലെങ്കില്‍പ്പോലും നമ്മള്‍ അതേക്കുറിച്ചൊന്നും മിണ്ടാന്‍ പാടില്ല. അത് മര്യാദകേടും കിട്ടിയവന് അതിന്റെ തിളക്കം നഷ്ടപ്പെടുത്തുന്നതുമാകും.

രാ: പക്ഷേ ചില പരാതികള്‍ പറഞ്ഞുകേട്ടു?

ഇ: അത് നിങ്ങള്‍ പത്രക്കാരും ടിവിക്കാരും ചേര്‍ന്ന് എന്നെ വെട്ടിലാക്കിയതല്ലേ. നിങ്ങള്‍ വന്ന് കുത്തിക്കുത്തി ഓരോന്നും ചോദിച്ചു. എന്താ ചേട്ടാ അവാര്‍ഡ് കിട്ടാഞ്ഞേ, അതിനു പിന്നില്‍ എന്തോ ഇല്ലേ എന്നൊക്കെ പലതരത്തില്‍ ചോദ്യങ്ങള്‍. കുറെ കേട്ടുകഴിഞ്ഞപ്പോള്‍ ഒരു തമാശക്കായി; ആരെയും കുറ്റം പറയാന്‍ പറ്റില്ല, 'ഒരു നടന്‍ എന്നൊക്കെ പറഞ്ഞാല്‍ അല്‍പം മെനയൊക്കെ വേണ്ടേ...' എന്നു ഞാന്‍ പറഞ്ഞുപോയി. അതു നിങ്ങളു തന്നെ, അവാര്‍ഡ് കിട്ടാത്തതിലുള്ള എന്റെ അമര്‍ഷം, കൊതിക്കെറുവ് എന്ന തരത്തിലാക്കി. അങ്ങനെ പറഞ്ഞുപോയതില്‍ അപ്പോള്‍ നാണം തോന്നി.

കോമാളി കളിച്ചു നടന്ന എന്നെപ്പോലൊരാള്‍ക്ക് നല്ല നടന്മാര്‍ക്ക് മാര്‍ക്കിടുന്ന കൂട്ടത്തില്‍ ചെന്നുപെടാന്‍ പറ്റിയല്ലോ എന്നോര്‍ത്താണ് ഞാനിപ്പോള്‍ സന്തോഷിക്കുന്നത്.

എന്റെയീ ജീവിതം തന്നെ സിനിമ എനിക്കു തന്ന അവാര്‍ഡ് അല്ലേ... എനിക്ക് മാന്യമായൊരു ജീവിതം തന്നില്ലേ. എന്റെ ആള്‍ക്കാര്‍ക്കും നല്ലൊരു ജീവിതം കൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ലേ. ജീവിതത്തില്‍ എത്രയോ കഷ്ടപ്പാടും തിരിച്ചടികളും നേരിട്ടവനാണ്.

രാ: ഇത്തരം ക്യാരക്ടര്‍ വേഷങ്ങള്‍ കിട്ടുമ്പോള്‍ ഉണ്ടാകുന്നൊരു പ്രശ്‌നം അപ്പുറത്ത് കോമഡി റോളുകളിലേക്കുള്ള വിളി കുറയും എന്നതാണ്. അത്തരമൊരു പ്രശ്‌നം ഉണ്ടാകുന്നുണ്ടോ?


ഇ: അങ്ങനൊരു കുഴപ്പമുണ്ട്. ടൈപ്പ് ചെയ്യപ്പെടാന്‍ വളരെ എളുപ്പമാണ്. എന്നെ ഇങ്ങനെ കണ്ടാല്‍ പിന്നെ അതുപോലെ കാണാനേ എല്ലാവരും ശ്രമിക്കൂ. കോമഡി ആണെങ്കില്‍ കോമഡിക്കാരനായി കാണും, സീരിയസ് ആണെങ്കില്‍ അങ്ങനെ. മാറി ചിന്തിക്കാന്‍ മറ്റുള്ളവര്‍ക്കും പാടാണ്, മാറ്റിയെടുക്കാന്‍ നമ്മുക്കും പാടാണ്.

രാ: ഇന്ദ്രന്‍സ് എന്ന നടനെ വിലയിരുത്താമോ?

ഇ: ഞാനൊരു പണിയുപകരണമാണ്. പണ്ട് നാടകത്തില്‍ വൃദ്ധനായിട്ടും സീരിയസ് വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ വന്നപ്പോള്‍ തമാശക്കാരനായി. സിനിമയില്‍ ഒരു കഥാപാത്രത്തെ സംവിധായകനും എഴുത്തുകാരനും കൂടി പ്ലാന്‍ ചെയ്ത് ഉണ്ടാക്കിയെടുക്കുന്നതാണ്. അവരുടെ തീരുമാനത്തിലേക്ക് നമ്മള്‍ മയപ്പെട്ട് കൊടുത്താല്‍ മതി. പണ്ട് തയ്‌ച്ചോണ്ടിരിക്കുമ്പോള്‍ തുണിയുമായി ആളുകള്‍ വരും. ചിലര്‍ക്ക് ഷര്‍ട്ട് തയ്ക്കണം. ചിലര്‍ക്ക് ബ്ലൗസ് തയ്ക്കണം... അവരവരുടെ ആവശ്യംപോലെ തൂണി വെട്ടിത്തയ്ച്ച് ഷര്‍ട്ടും ബ്ലൗസുമൊക്കെ ആക്കുന്നത് തയ്യല്‍ക്കാരന്റെ മിടുക്ക്. നടനും അങ്ങനെയാണ്. ഞാനുമതാണ് ചെയ്യുന്നത്. എല്ലാം നല്ലോണം തയ്‌ച്ചെന്നല്ല, എന്നാലും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതുകൊണ്ടല്ലേ ഇത്രനാളും പിടിച്ചു നിന്നത്.

കഥാപാത്രമാകാന്‍ തയ്യാറെടുപ്പുകളൊക്കെ നടത്താറുണ്ടെന്ന് നടന്മാര്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. എനിക്ക് ജീവിതാനുഭവങ്ങളുണ്ട്. ആ ആനുഭവങ്ങള്‍ നിറച്ച ബാഗാണ് നടനെന്ന നിലയിലുള്ള എന്റെ സാമ്പാദ്യം. എന്റെ ചുറ്റുപാടും ഉണ്ടായിരുന്നവരും അന്നത്തെ ജീവിതവും എപ്പോഴും മനസിലുണ്ട്. ഒരു കഥാപാത്രം കിട്ടുമ്പോള്‍ തന്നെ ഗോപാലണ്ണനും മാധവണ്ണനുമൊക്കെ മുന്നില്‍ വന്നു കൈപൊക്കും. ഞാനവരില്‍ ആരെയെങ്കിലും പിടികൂടും. കൈയീന്ന് കുറച്ചിട്ട് അതിനെയൊന്നു പൊലിപ്പിക്കും. ഇതൊക്കെ പെട്ടെന്ന് നടക്കുന്നതാണ്. അനുഭവങ്ങളാണ് ഒരു നടനെ സംബന്ധിച്ച് ആവശ്യം വേണ്ടത്. അതിനു ജീവിതം അറിയണം, ജീവിതം പഠിക്കണം.രാ: എം പി സുകുമാരന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ടി വി ചന്ദ്രന്‍ എന്നീ സംവിധായകരുടെ സിനിമകളില്‍ അഭിനയിച്ചൊരാള്‍. ഇവരെ കുറിച്ച് പറയാനുള്ളത് എന്താണ്?

ഇ: ഇവരൊക്കെ എന്നെ ഒത്തിരി മോഹിപ്പിച്ചവരാണ്. കോമഡിക്കാരനായി നടന്നപ്പോഴും മനസില്‍ ചില മോഹങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ. എത്രനാളു കഴിഞ്ഞാലും അതെല്ലാം ഒരുദിവസം നടക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അതുപോലെ സംഭവിച്ചതിനു കാരണം ഇവരൊക്കെയാണ്. സത്യം പറഞ്ഞാല്‍ അടൂര്‍ സാറിനെയൊക്കെ അടുത്തു നിന്നൊന്നു കാണാന്‍ ഞാന്‍ ഒത്തിരി മോഹിച്ചിട്ടുണ്ട്. ആ എനിക്ക് സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. വീണ്ടും സാറെന്നെ വിളിച്ചിരിക്കുകയാണ്.

ആദ്യം സാറെന്നെ വിളിക്കുമ്പോള്‍ മനസില്‍ ഒരാന്തലായിരുന്നു. ഉറക്കത്തില്‍പ്പോലും ചിന്തയാണ്. ഇടയ്‌ക്കെങ്ങാനും എഴുന്നേറ്റുപോയാല്‍ പിന്നെ ഉറങ്ങാന്‍ പറ്റില്ല. സാറിന്റെ പടത്തില്‍ അഭിനയിച്ചശേഷവും ഇതേ പേടിയായിരുന്നു. എന്നെ വിളിച്ചത് തെറ്റായിപ്പോയെന്ന് സാറിനു തോന്നിക്കാണുമോ. ഞാന്‍ ചെയ്തത് ശരിയായോ എന്നൊക്കെയായിരുന്നു ഭയം. സാറെന്നെ വീണ്ടും വിളിച്ചത് എന്നെ ഇഷ്ടപ്പെട്ടതു കൊണ്ടായിരിക്കുമല്ലേ...

എം പി സുകുമാരന്‍ നായര്‍ സാറാണ് എന്നെ ഈ വഴിയിലേക്ക് ആദ്യം വിളിക്കുന്നത്. സാറിനോടുള്ള പരിചയം പണ്ടു മുതലേ ഉള്ളതാണ്. ഞാന്‍ കോസ്റ്റ്യൂം ചെയ്യുമ്പോള്‍ തൊട്ടുള്ളത്. പിന്നീടാണ് സാറെന്നെ ശയനത്തിലും ദൃഷ്ടാന്തത്തിലുമൊക്കെ അഭിനയിപ്പിച്ചത്. സാറും അടൂര്‍ സാറുമൊക്കെ വലിയ മനുഷ്യരാണ്. സിനിമയെക്കുറിച്ചൊക്കെ വലിയ പഠിപ്പും വിവരവുമുള്ളവര്‍. അവര്‍ക്കൊക്കെ എന്നെ വിളിക്കാന്‍ തോന്നിയില്ലേ.

സുകുമാരന്‍ നായര്‍ സാറു വഴിയാണ് അടൂര്‍ സാറിലേക്കും ചന്ദ്രന്‍ സാറിലേക്കുമൊക്കെ എത്തുന്നത്. കഥാവശേഷനിലെ കള്ളന്റെ കഥാപാത്രത്തിനുശേഷമാണ് ചിലര്‍ക്കെങ്കിലും എന്നെ വിശ്വാസം തോന്നിത്തുടങ്ങിയത്. ഇവരുടെ സിനിമയില്‍ നമുക്കൊരു ചെറിയ വേഷമാണെങ്കിലും അതിനൊരു സ്ഥാനം കാണും. അടൂര്‍ സാറിന്റെയൊക്കെ സിനിമയില്‍ ഒരു വഴിപോക്കന്‍ പോലും ആവശ്യമില്ലാതെ കടന്നു വരില്ല.

മറ്റൊരു കാര്യമുള്ളത്, കഥാപാത്രത്തെ കുറിച്ച് നമ്മള്‍ കൂടുതലൊന്നും ചിന്തിക്കേണ്ട എന്നതാണ്. അവര്‍ നമുക്ക് കൃത്യമായി പറഞ്ഞു തരും. അതുപോലെ ചെയ്താല്‍ മതി. കുറെ മര്യാദകള്‍ പാലിക്കണം ഇവരുടെ സെറ്റുകളില്‍. നിശബ്ദതയാണ് എന്നെ അകര്‍ഷിച്ചത്. അനാവശ്യ ബഹളങ്ങളില്ല. നമ്മള്‍ നമ്മുടെ ജോലി ഭംഗിയായി ചെയ്യുക. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാതിരിക്കുക.

ഈ ലോകത്തില്‍ നിന്നും വളരെ വ്യത്യാസ്തമാണ് കൊമേഴ്‌സ്യല്‍ സിനിമ. അത് നിറങ്ങളുടെയും ബഹളങ്ങളുടേയും ലോകമാണ്. എന്നാല്‍ രണ്ടിടത്തും കാര്യങ്ങളെല്ലാം നല്ല രീതിയില്‍ തന്നെയാണ് നടക്കുന്നത്. ഒരേതരം ആവശ്യങ്ങള്‍ വേണ്ട രണ്ട് ഷൂട്ടിംഗ് സെറ്റുകള്‍, പക്ഷേ രണ്ടു രീതിയിലാണ് പെരുമാറുന്നത്.രാ: പണ്ട് നമുക്ക് നല്ല കോമഡി കൂട്ടുകെട്ടുകളുണ്ടായിരുന്നു. പുതിയ സിനിമകളില്‍ നോക്കുമ്പോള്‍ അത്തരം കൂട്ടുകെട്ടുകള്‍ കാണാന്‍ കഴിയുന്നില്ല?


ഇ: കൂട്ടുകെട്ടുകള്‍ ഇല്ലെങ്കിലും കോമഡി നന്നായി കൈകാര്യം ചെയ്യുന്നവരുണ്ട്. സൗബിന്‍, അജു വര്‍ഗീസ് എന്നിവരൊക്കെ നന്നായി രസിപ്പിക്കുന്നുണ്ട്. പിന്നെ കാലം മാറുന്നതിനനുസരിച്ച് ഓരോ രീതികളും മാറും. ഇന്നലത്തെ തലമുറയാണ് ഇപ്പോള്‍ നല്ല കോമഡി കൂട്ടുകെട്ടുകളും നടന്മാരും ഇല്ലെന്നു പറയുന്നത്. അവരുടെ മനസില്‍ അവരുടെ കാലത്തെ നടന്മാരാണ് നല്ലത്. നാളെ വരുന്നൊരു തലമുറ ഇപ്പോഴുള്ളവരെ പുകഴ്ത്തും. പ്രേക്ഷകന്റെ കാഴ്ചപ്പാടിന്റെ മാറ്റമാണത്. പക്ഷേ ഒരുകാര്യം സത്യമാണ്, നിലനില്‍പ്പില്ലാത്ത തമാശകളാണ് ഇപ്പോഴുണ്ടാകുന്നത്.

രാ: അതെന്തുകൊണ്ടാണ്?

ഇ: ജീവിതം പറഞ്ഞുപോകുന്നതിനിടയിലുള്ള തമാശകളായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഇപ്പോള്‍ സിനിമ മാറി. ഒരു സംഭവം എടുത്ത് സിനിമയാക്കുകയാണ്. അതില്‍ തമാശ തിരുകി കയറ്റുകയാണ്. ജീവിതവുമായി ബന്ധപ്പെട്ട തമാശകളാണ് ഓര്‍ത്തിരിക്കുന്നത്. പണ്ടത്തെ പല തമാശകളും ഇപ്പോഴും നമ്മുടെ സംസാരത്തില്‍ കടന്നുവരാറുണ്ട്. അത്തരം ചില തമാശകള്‍ പറയാനുള്ള ഭാഗ്യം എനിക്കും കിട്ടിയിട്ടുണ്ട്. ഇന്ന് അതുപോലെ സംഭവിക്കുന്നില്ല. പക്ഷേ ഇപ്പോഴത്തെ സിനിമാക്കാരെ ഞാന്‍ കുറ്റം പറയില്ല. അവര് മിടുക്കരാണ്. ഞാന്‍ ആലോചിക്കാറുണ്ട്, ഇവരില്‍ കുറച്ചുപേരെങ്കിലും പഴയകാലത്ത് ഉണ്ടായിരുന്നെങ്കില്‍ ഗംഭീരസിനിമകള്‍ ചെയ്യുമായിരുന്നു. എന്നെപ്പോലുള്ളവരും രക്ഷപ്പെട്ടേനെ. ഇപ്പോഴവര്‍ക്ക് നല്ല വിഷയങ്ങള്‍ കിട്ടുന്നില്ല എന്നതുമാത്രമാണ് ഒരു കുഴപ്പം.

രാ: പുതുതലമുറയുടെ സിനിമകളില്‍ നിന്നും പഴയ ആളുകളെ ഒഴിവാക്കുകയാണ്

ഇ: അങ്ങനെയൊന്നും ഇല്ലന്നേ... ആരും ആരെയും മനഃപൂര്‍വം ഒഴിവാക്കുന്നതല്ല. നിങ്ങള്‍ ചെറുപ്പക്കാര്‍ ഇരിക്കുന്നിടത്തേക്ക് അച്ഛനോ അമ്മാവാനോ വരുമ്പോള്‍ എന്താ ചെയ്യുക. നിങ്ങള്‍ അവരെ ഒഴിഞ്ഞു മാറിയിരിക്കാന്‍ നോക്കും. അതവരെ നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതു കൊണ്ടല്ല, നിങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്നോര്‍ത്താണ്. അതാണ് സിനിമയിലും നടക്കുന്നത്. ഒരു സീനിയര്‍ നടനെ അഭിനയിപ്പിക്കുമ്പോള്‍ പുതിയ ചെറുപ്പക്കാര്‍ക്ക് ചെറിയൊരു പേടിയുണ്ട്. ഇയാള്‍ കുറെ സിനിമകള്‍ ചെയ്തതാണ്. ഞാനെന്തെങ്കിലും അബദ്ധം കാണിച്ചാല്‍ ഇയാള്‍ ദേഷ്യപ്പെടുമോ, കളിയാക്കുമോ എന്നെല്ലാം ചിന്തിക്കും. തനിക്കൊപ്പമുള്ളൊരാളാണെങ്കില്‍ ആ കുഴപ്പം ഇല്ലല്ലോ എന്നവര്‍ ചിന്തിക്കുന്നു; അത്രമാത്രം.രാ: സിനിമാക്കാര്‍ക്കിടയില്‍ ഇന്ദ്രന്‍സ് ഇപ്പോഴും ഒരു സാധാരണക്കാരനാണ്. നല്ല സമ്പാദ്യശീലമുള്ള, കുടുംബസ്‌നേഹിയായ ഒരാള്‍... മറ്റ് നടന്മാര്‍തന്നെ പറഞ്ഞു കേട്ടിട്ടുള്ളതാണ്. സിനിമ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നാണോ?

ഇ: എന്റെ ശരീരം കുറച്ചു നന്നായി. മോശമല്ലാത്തൊരു വീടും വച്ചു. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ പറ്റി. മൂത്തയാളുടെ കല്യാണം കഴിഞ്ഞു. ഇളയ മോന്റെ കല്യാണം ഈ മാസം നടക്കുകയാണ്. വീട്ടുകാരെയും സ്വന്തക്കാരെയുമൊക്കെ സഹായിക്കാനും അവര്‍ക്ക് നല്ല ജീവിതം ഉണ്ടാക്കാന്‍ കൂടെ നില്‍ക്കാന്‍ കഴിഞ്ഞു. ഇതൊക്കെ സിനിമ വരുത്തിയ മാറ്റങ്ങളാണ്. അതല്ലാതെ ഞാന്‍ ഒട്ടും മാറിയിട്ടില്ല. ഞാനിപ്പോഴും ഒരു സാധരണക്കാരനായ നാട്ടിന്‍പുറത്തുകാരനാണ്. കുറച്ച് കുശുമ്പും അസൂയയും പിശുക്കും സ്‌നേഹവും സൗഹൃദവുമെല്ലാം ഉള്ളൊരു നാട്ടിന്‍പുറത്തുകാരന്‍. അതല്ലാതെ ആയിട്ട് എന്തിനാണ്? സിനിമാക്കാരനായാലും തയ്യല്‍ക്കാരനായാലും ജീവിതം ഒരുപോലെയാണ്. ഒരാളുടെ കൈയില്‍ കോടികള്‍ കാണും, മറ്റേയാള്‍ക്ക് പട്ടിണിയായിരിക്കും. പക്ഷേ എപ്പോള്‍ മരിച്ചുപോകുമെന്ന് രണ്ടുപേര്‍ക്കും അറിയില്ല. സിനിമാക്കാര്‍ മരിച്ചാല്‍ എന്തെങ്കിലും കൂടെ കൊണ്ടുപോകാന്‍ പറ്റുമോ? തയ്യല്‍ക്കാരന്‍ മരിച്ചാലും പറ്റില്ല. പിന്നെ എന്തിനാണ് ആക്രാന്തം. കുറച്ചു ഭക്ഷണം കഴിക്കണം, കേറികിടക്കാന്‍ ഒരു വീടുവേണം, ഇതൊക്കെ പോരെ നമുക്ക്. എനിക്കറിയാവുന്ന ചിലരുണ്ടായിരുന്നു, അവര്‍ക്ക് ജീവിതത്തെ കുറിച്ച് വലിയ ആഗ്രഹങ്ങളായിരുന്നു, ഒരുപാട് മനക്കോട്ടകള്‍ കെട്ടിയവര്‍. പക്ഷേ പലതും ആസ്വദിക്കാന്‍ പോലുമാകാതെ അവരൊക്കെ മരിച്ചുപോയി. എനിക്കതൊക്കെ ഓര്‍ക്കുമ്പോള്‍ ആധിയാണ്. സിനിമാക്കാരനായാല്‍ നമ്മളെ ചുറ്റി കുറേപ്പേര്‍ വരും. പക്ഷേ ആര്‍ക്കും ആത്മാര്‍ത്ഥതയുണ്ടാകില്ല. ഒന്നു വീണുപോകുമ്പോളെ മനസിലാകൂ. അപ്പോള്‍ ഭാര്യയും മക്കളും മാത്രം കാണും.

തിരുവനന്തപുരം കുമാരപുരത്താണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. ഇപ്പോള്‍ താമസിക്കുന്നതും ഇവിടെത്തന്നെ. ഇവിടം വിട്ടുപോകാന്‍ ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല. പോയാല്‍ ഞാന്‍ എല്ലാവരെയും വിട്ടുപോകണം. അതു പറ്റില്ല. കൊച്ചിയില്‍ ഷൂട്ടിംഗ് ഉണ്ടെങ്കിലും ഞാന്‍ രാത്രിയായാല്‍ തിരുവനന്തപുരത്തേക്ക് പോരും, ആദ്യം എനിക്കൊരു മാരുതി 800 വണ്ടിയായിരുന്നു. അതോടിച്ചുപോരും. വീട്ടില്‍ വന്ന് ശാന്തയോടും പിള്ളേരോടും ഒപ്പമിരുന്ന് ഇത്തിരി കഞ്ഞിയും ചക്കക്കൂട്ടാനും കഴിച്ചാലേ തൃപ്തി വരൂ. എനിക്കെന്റെ അമ്മയെ വിളിക്കണം, അനിയന്‍മാരെ കാണണം. ഇതൊന്നും നഷ്ടപ്പെടുത്തി എങ്ങോട്ടും പോകാന്‍ ഞാന്‍ തയ്യാറല്ല... ഇതൊന്നും ഇല്ലാതെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കതകടച്ചിരുന്നിട്ട് എന്ത് സന്തോഷം കിട്ടാനാണ്.

രാ: ഇന്ദ്രന്‍സിന് രാഷ്ട്രീയമുണ്ടോ?

ഇ: പാര്‍ട്ടിയിലൊന്നും ഇല്ല. പക്ഷേ നില്‍ക്കുമ്പോള്‍ അല്‍പ്പം ഇടത്തോട്ടു ചരിഞ്ഞാണ് നില്‍ക്കാറ്. അതു പണ്ടുമുതലേ അങ്ങനെയാണ്.

രാ: സിനിമാക്കാര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് ശരിയല്ലെന്നാണ് കുറേപ്പേര്‍ പറയുന്നത്. എന്താണ് അഭിപ്രായം?

ഇ: അങ്ങനെ ജനങ്ങള്‍ പറയണമെങ്കില്‍ അതിനൊരു കാരണമുണ്ടാകും. ആ കാരണം അവര്‍ക്ക് ഉണ്ടാക്കി കൊടുത്തതു സിനിമാക്കാര്‍ തന്നെയാണ്. ഒരാള്‍ കാണാന്‍ വന്നാല്‍, ഒരുമിച്ച് നിന്നൊരു ഫോട്ടോയെടുക്കാന്‍ കൊതിച്ചാല്‍ ആട്ടിയോടിക്കുന്നവരുണ്ട്. കാരവാനില്‍ കയറിയിരിക്കാനാണ് അവര്‍ക്ക് താത്പര്യം. ജനങ്ങള്‍ക്ക് അപ്പോള്‍ എന്താ തോന്നുക. തങ്ങളുടെ കൂടെയല്ലാത്തൊരാള്‍ എന്നു തോന്നുന്നവരോടാണ് ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടാവുക, അത് സിനിമാക്കാരായാലും ആരായാലും.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍

Next Story

Related Stories