TopTop
Begin typing your search above and press return to search.

പാകിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ സിന്ധൂ നദീജല ഉടമ്പടി പൊളിക്കുകയല്ല മാര്‍ഗം

പാകിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ സിന്ധൂ നദീജല ഉടമ്പടി പൊളിക്കുകയല്ല മാര്‍ഗം

ടീം അഴിമുഖം / എഡിറ്റോറിയല്‍

ലോകത്തിലെ ഏറ്റവും ഉദാരമായ നദീജല കരാറുകളിലൊന്നാണ് ഇന്ത്യയും പാകിസ്ഥാനും 1960 സെപ്റ്റംബര്‍ 19-നു ഒപ്പിട്ട സിന്ധു നദീജല ഉടമ്പടി.

അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും പാകിസ്ഥാന്‍ പ്രസിഡണ്ട് അയൂബ് ഖാനും ഒപ്പിട്ട കരാര്‍ അനുസരിച്ച് ആറ് നദികളിലെ വെള്ളം- ബിയാസ്, രവി,സത്ലജ്, സിന്ധു, ചെനാബ്, ഝലം - ഇരുരാഷ്ടങ്ങള്‍ക്കുമിടയില്‍ പങ്കുവെക്കും. ആദ്യത്തെ മൂന്നു നദികളിലെയും വെള്ളത്തില്‍ ഇന്ത്യക്കായിരിക്കും പൂര്‍ണമായ അവകാശം. മറ്റ് മൂന്നെണ്ണത്തിലെ വെള്ളത്തിന്റെ 80 ശതമാനം പാകിസ്ഥാനിലേക്കാണ് ഒഴുകുന്നത്.

ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഉണ്ടായ ഉടമ്പടി ഇരുകൂട്ടരും തമ്മിലുള്ള മൂന്നു യുദ്ധങ്ങളെയും ഉഭയകക്ഷി ബന്ധങ്ങളിലെ നിരന്തരമായ സംഘര്‍ഷങ്ങളേയും അതിജീവിച്ചു.

ഇപ്പോള്‍, ഉറി ആക്രമണത്തിന് ശേഷം, സ്വന്തം മണ്ണ് ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത് തടയാന്‍ തയ്യാറാകാത്ത അയല്‍ക്കാരെ ഒരു പാഠം പഠിപ്പിക്കാന്‍ ഈ ഉടമ്പടി ഉപയോഗിക്കണമെന്ന് മുറവിളി ഉയരാന്‍ തുടങ്ങിയിരിക്കുന്നു.

ഉടമ്പടി വേണ്ടെന്നുവെക്കുന്നത് ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യമാണ് എന്നതാണ് വാസ്തവം. ഈ ഘട്ടത്തില്‍ അതിനെക്കുറിച്ച് യോഗം ചേരുന്നത് അപക്വവുമാണ്. പാകിസ്ഥാനി പൌരന്മാരോട് ദാരിദ്ര്യത്തിനെതിരായ യുദ്ധത്തിനായി തങ്ങളുടെ ശേഷി ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോഴിക്കോട് പ്രസംഗത്തിന്റെ അന്ത:സത്തയെ അത് ആശയക്കുഴപ്പത്തിലാക്കുന്നു എന്നതാണു ഒന്നാമത്തെ പ്രശ്നം. അതിലും പ്രധാനമായ ഒന്ന് ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്ക് ഒഴുകുന്ന സിന്ധുവിന്റെയും അഞ്ചു പോഷക നദികളുടെയും വെള്ളം പങ്കുവെക്കാനുള്ള ഉടമ്പടി ലോക ബാങ്കിന്റെ (അന്ന് IBRD) മധ്യസ്ഥതയില്‍ ഉണ്ടാക്കിയതിന് ശേഷം യുദ്ധങ്ങളെയും നിയന്ത്രണ രേഖയിലെ നിത്യസംഘര്‍ഷങ്ങളെയും അതിജീവിച്ച ഒന്നാണത് എന്നാണ്. അതിനെ പൊളിക്കുന്നത് മേഖലയിലെ ഭദ്രതയെ തന്നെ അസ്ഥിരപ്പെടുത്തുകയും ഇന്ത്യയുടെ ആഗോള വിശ്വാസ്യതയില്‍ ഇടിവുണ്ടാക്കുകയും ചെയ്യും.

ജമ്മു കാശ്മീരിലെ കൃഷിയിടങ്ങളില്‍ കുറെക്കൂട്ടി ജലസേചനം നടത്താമെന്ന പെട്ടെന്നുള്ള ഒരു പദ്ധതിയല്ലാതെ അതിനപ്പുറം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ പടിഞ്ഞാറന്‍ നദികളെ ഇന്ത്യ എന്തു ചെയ്യുമെന്നാണ് ഉദ്ദേശിക്കുന്നത് എന്നു വ്യക്തമല്ല. പാകിസ്ഥാനിലെ നദീജലനിരപ്പുകള്‍ നാടകീയമായി കുറയ്ക്കാന്‍ പോന്ന അണക്കെട്ടുകള്‍ സിന്ധുവിലും പോഷകനദികളിലും കേട്ടണമെങ്കില്‍ ഒരു പതിറ്റാണ്ടിനപ്പുറം സമയമെടുക്കും. അത്തരമൊരു പദ്ധതിയുടെ പാരിസ്ഥിതിക, ഭൌമരാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അതിനൊന്നും അന്താരാഷ്ട്ര ധനസഹായം കിട്ടാനുള്ള ഒരു സാധ്യതയുമില്ല.

പ്രധാനമന്ത്രി ഉടമ്പടി പുന:രവലോകനം ചെയ്യും എന്നു ടെലിവിഷന്‍ ചാനലുകളിലെ വലിയ വാര്‍ത്തയായി. എന്നാല്‍ അടുത്ത നടപടികള്‍ എന്തായിരിക്കണം എന്നതിനെക്കുറിച്ചൊന്നും കേന്ദ്രം ആലോചിച്ചില്ല എന്നത് വ്യക്തമാണ്. എങ്കിലും വാചകമടി കുറച്ചുകൊണ്ട് ഉടമ്പടിയുടെ യുക്തിസഹമായ വിലയിരുത്തല്‍ നടത്തുന്നതിലൂടെ അത് അപകടസാധ്യതയില്‍ കുറവ് വരുത്തി. പാകിസ്ഥാനെക്കുറിച്ച് ഇന്ത്യ ഇനി കൂടുതല്‍ പ്രസ്താവനകള്‍ അല്പം പ്രായോഗിക ജാഗ്രതയോടെ നടത്തുന്നതാണ് ബുദ്ധി. ഉദാഹരണത്തിന് പ്രത്യേക രാഷ്ട്ര പദവി എടുത്തുകളഞ്ഞാലും അത് പാകിസ്ഥാന്റെ സമ്പദ് രംഗത്തെ വലുതായൊന്നും സ്വാധീനിക്കില്ല. കാരണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വളരെ കുറഞ്ഞ തോതിലാണ്.

നദീജലം പങ്കുവെക്കുന്ന കരാറിന്റെ കാര്യത്തില്‍ ഉയര്‍ന്ന നദീതതട രാജ്യം എന്ന നിലയ്ക്ക് എത്ര ഉത്തരവാദിത്തത്തോടെയാണ് തങ്ങള്‍ പെരുമാറുന്നതെന്ന് ഇന്ത്യ എല്ലായ്പ്പോഴും അവകാശപ്പെടാറുണ്ട്. സിന്ധു നദീജല ഉടമ്പടി അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണവുമാണ്.ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശത്തേക്ക് ഒഴുകുന്ന ബ്രഹ്മപുത്ര നദിയുടെ കാര്യത്തില്‍ പാകിസ്ഥാന്റെ എക്കാലത്തെയും നല്ല സുഹൃത്തായ ചൈനയാണ് ഉയര്‍ന്ന നദീതട രാജ്യം. ഒരു ഉയര്‍ന്ന നദീതട രാജ്യം ന്യായമായി പെരുമാറിയില്ലെങ്കില്‍ എന്താണ് സംഭവിക്കുക എന്ന് ബീജിംഗുമായി വെള്ളം പങ്കിടല്‍ വിഷയത്തില്‍ ഇന്ത്യക്ക് ഒത്തുപോകാനാകാത്തത് സൂചിപ്പിക്കുന്നുണ്ട്. എന്തു സംഘര്‍ഷാവസ്ഥയിലും ബീജിംഗ് അവരുടെ അടുത്ത സുഹൃത്തിനൊപ്പം നില്ക്കും എന്നതിലും സംശയമൊന്നുമില്ല.

രണ്ടു അയല്‍രാഷ്ട്രങ്ങളും തമ്മിലുള്ള കാശ്മീര്‍ പ്രശ്നത്തില്‍ വെള്ളം ഒരു കേന്ദ്രപ്രശ്നമായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ നദീജലത്തെ ഒരു ശിക്ഷാമാര്‍ഗമായി ഉപയോഗിക്കാന്‍ തുടങ്ങിയെങ്കിലും വലിയ ഫലമൊന്നും ഉണ്ടാക്കിയില്ല. 1948 ഏപ്രിലില്‍ ഇന്ത്യ ആദ്യം അതു ചെയ്തെങ്കിലും വെള്ളമൊഴുക്ക് വേഗം തന്നെ പുനഃസ്ഥാപിച്ചു. ഇന്ത്യ തങ്ങള്‍ക്ക് വെള്ളം വിട്ടുതരുന്നില്ലെന്ന് 1951-ല്‍ പാകിസ്ഥാന്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ഇരുവിഭാഗവും നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍-1954 മുതല്‍ 1960 വരെ- വെള്ളം പങ്കിടാനുള്ള ഉടമ്പടിയുണ്ടാക്കി.

ആ ഉടമ്പടിയെ ഏതെങ്കിലും വിധത്തില്‍ ലംഘിക്കുന്നത് പാകിസ്ഥാന് കാശ്മീര്‍ വിഷയവുമായി അത് ബന്ധിപ്പിക്കാനും കൂടുതല്‍ പ്രചരണങ്ങള്‍ക്കും സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കാനുമേ ഉപകരിക്കുകയുള്ളൂ. തങ്ങളുടെ പൌരന്‍മാര്‍ക്കിടയില്‍ ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ പാകിസ്ഥാന് നല്‍കുന്ന മറ്റൊരവസരമാകും നദീജലമൊഴുക്കിലെ തടസപ്പെടുത്തലുകള്‍.

ഇന്ത്യയുമായുള്ള മൂന്നു യുദ്ധങ്ങളിലേറ്റ തോല്‍വികളില്‍ നിന്നും ഒരു പാഠവും പഠിക്കാത്ത ഒരു രാഷ്ട്രമാണ് പാകിസ്ഥാന്‍. പകരം ഇന്ത്യയെ ലക്ഷ്യം വെച്ച് തീവ്രവാദവത്കരണവും നിരവധി രാഷ്ട്രേതര ശക്തികളെ കളത്തിലിറക്കുകയുമായിരുന്നു അവര്‍ ചെയ്തത്.

പാകിസ്ഥാനെ യുക്തിസഹമായി ചിന്തിപ്പിക്കാന്‍ ഇതിനപ്പുറമുള്ള വഴികളെക്കുറിച്ചാണ് ഇന്ത്യ ആലോചിക്കേണ്ടത്. സജീവമായ വിപണിയും ശക്തമായ ജനാധിപത്യ സ്ഥാപനങ്ങളുമുള്ള, പക്വതയാര്‍ജിച്ച ഒരു രാജ്യം എന്ന നിലയില്‍ സ്വന്തം നിലപാടറിയിക്കാന്‍ ഇന്ത്യക്ക് മറ്റ് ധാരാളം മാര്‍ഗങ്ങളുണ്ട്.Next Story

Related Stories