TopTop
Begin typing your search above and press return to search.

ഹിന്ദുത്വത്തെ നിലനിര്‍ത്തുന്നത് അപകര്‍ഷതാ ബോധം: ബി ആര്‍ പി ഭാസ്‌കര്‍

ഹിന്ദുത്വത്തെ നിലനിര്‍ത്തുന്നത് അപകര്‍ഷതാ ബോധം: ബി ആര്‍ പി ഭാസ്‌കര്‍

ഹിന്ദുത്വത്തെ നിലനിര്‍ത്തുന്നത് അപകര്‍ഷതാ ബോധം ആണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍. കേരള സാഹിത്യോത്സവത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുറത്തു നിന്ന് പലരും മാറി മാറി ഭരിച്ചതില്‍ നിന്നും ഇന്ത്യക്കാര്‍ക്ക് ഈ അപകര്‍ഷതാ ബോധം ഉണ്ടായത്. ആര്‍എസ്എസിന്റെ മുദ്രാവാക്യത്തിലും ഈ അപകര്‍ഷത വ്യക്തമാണ്. ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയാനാണ് ആ മുദ്രാവാക്യം ആവശ്യപ്പെടുന്നത്. ഈ അപകര്‍ഷതാ ബോധം ഉള്ളതുകൊണ്ടാണ് വിമര്‍ശിക്കുന്ന എഴുത്തുകാര്‍ക്ക് നേരെ ഇവിടെ ആക്രമണമുണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമര്‍ശനങ്ങള്‍ ഉള്ളില്‍ കിടക്കുന്ന അപകര്‍ഷതാ ബോധത്തെ ഉണര്‍ത്തുക മാത്രമാണ് ചെയ്യുന്നത്. അല്ലാതെ മറ്റൊരു വികാരവും വൃണപ്പെടുന്നതായി തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീതി ബോധമില്ലാത്ത സമൂഹമാണ് ഇന്നത്തേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യാവകാശത്തിന് വേണ്ടിയല്ല സ്വന്തം കാര്യത്തിന് വേണ്ടിയാണ് ഇവിടെ മുന്നേറ്റങ്ങള്‍ നടക്കുന്നത്. എനിക്ക് കിട്ടേണ്ട നീതിയും അവകാശവും മറ്റൊരാള്‍ക്കും അവകാശപ്പെട്ടതാണെന്നും ആരും ചിന്തിക്കുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒട്ടനവധി മിഥ്യാധാരണകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഹിംസയിലൂടെ സ്വാതന്ത്ര്യം നേടിയെന്നതാണ് അതില്‍ ഒന്ന്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്തെ ഭരിക്കാനുള്ള സാമ്പത്തിക ശേഷി ബ്രിട്ടനുണ്ടായിരുന്നില്ല. അത് തിരിച്ചറിഞ്ഞത് ബ്രിട്ടീഷുകാരാണ്. മൗണ്ട് ബാറ്റണിന് മുമ്പ് ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന ലോര്‍ഡ് വേവല്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന് നേരിട്ട് ഴുതിയ കത്തുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ പറയുന്നത് രണ്ടാം ലോകമഹായുദ്ധം തുടങ്ങുമ്പോള്‍ രണ്ട് ലക്ഷം പേരായിരുന്നു ഇന്ത്യന്‍ പട്ടാളമെന്നും ഇപ്പോള്‍ ഇരുപത് ലക്ഷമായി വര്‍ദ്ധിച്ചുവെന്നുമാണ്. യുദ്ധം കഴിഞ്ഞ സാഹചര്യത്തില്‍ ഇവരെ പിരിച്ചുവിടേണ്ടി വരുമെന്നും സൈനിക പരിശീലനം ലഭിച്ച ഇവര്‍ സ്വാതന്ത്ര്യ സമര സേനാനികളുമായി കൈകോര്‍ത്താല്‍ തങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്നും ഈ കത്തില്‍ പറയുന്നു. അതിനാല്‍ മാന്യമായ രീതിയില്‍ ഇന്ത്യ വിടുന്നതിനുള്ള സംവിധാനം ഉണ്ടാക്കിയില്ലെങ്കില്‍ മാന്യമല്ലാത്ത രീതിയില്‍ ഇവിടെ നിന്നും പോകേണ്ടി വരുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജനാധിപത്യമെന്നതാണ് മറ്റൊരു മിത്ത്. അര്‍ദ്ധ ജനാധിപത്യമെന്നല്ലേ യഥാര്‍ത്ഥത്തില്‍ ഇവിടുത്തെ സംവിധാനത്തെ വിളിക്കേണ്ടത്. പട്ടാളക്കാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. അതിന്റെ പേരില്‍ സമരം നടക്കുന്നു. ആളുകള്‍ അപ്രത്യക്ഷരാകുന്നു. ഛത്തീസ്ഗഢിലെ പോലീസ് മേധാവിക്കെതിരെ ബലാത്സംഗക്കേസ് ഉള്‍പ്പെടെയുണ്ടായിട്ട് അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നിട്ടും ഇവിടെ ജനാധിപത്യമാണെന്ന് അതും ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് വിളിക്കുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് വിളിക്കുന്നതെങ്കില്‍ അത് ജനസംഖ്യയുടെ നേട്ടമാണ് അല്ലാതെ രാഷ്ട്രീയക്കാരുടെ നേട്ടമൊന്നുമല്ല.

ചില കാര്യങ്ങളൊക്കെ കൃത്യമായി നടക്കുന്നുവെന്നത് മാത്രമാണ് ഇവിടുത്തെ ജനാധിപത്യത്തിന്റെ തെളിവായിട്ടുള്ളത്. അതിലൊന്ന് തെരഞ്ഞെടുപ്പ് നടക്കുന്നുവെന്നതാണ്. ഒരു സാഹചര്യത്തിലൊഴിച്ച് അഞ്ച് കൊല്ലം നടക്കുമ്പോള്‍ ഇവിടെ കൃത്യമായി തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. പക്ഷെ ജനാധിപത്യമില്ലാത്ത രാജ്യങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാറുണ്ടെന്ന് ഓര്‍ക്കണം. തെരഞ്ഞെടുപ്പിലൂടെ അധികാര മാറ്റമുണ്ടാകുന്നത് മാത്രമല്ല ജനാധിപത്യം. ജനാധിപത്യം എല്ലാ ദിവസവും നിലനില്‍ക്കേണ്ട ഒന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Next Story

Related Stories